UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രോഹിതിലൂടെ തുടരുന്ന സെന്തിലിന്റെ ‘ആത്മഹത്യ’

Avatar

ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്യുന്ന ആദ്യ ദളിത് വിദ്യാര്‍ത്ഥിയല്ല രോഹിത് വെര്‍മുല. 2008 ആദ്യം ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ നടന്ന സെന്തില്‍കുമാര്‍ എന്ന ദളിത ഗവേഷക വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ജാതിവിവേചനം നടമാടുന്നതെങ്ങിനെ എന്നതിലേക്ക് വെളിച്ചം വീശുന്നു. ഇനിയും ഒന്നും മാറിയിട്ടില്ലെന്നും. സെന്തില്‍കുമാര്‍ ഐക്യദാദാര്‍ഢ്യ സമിതി (ഹൈദരാബാദ് കേന്ദ്രമായ ഒരു സംഘം ബുദ്ധിജീവികളും സാമൂഹ്യപ്രവര്‍ത്തകരും) തയ്യാറാക്കി  ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയില്‍ 2008 ആഗസ്റ്റ് 16-22 ലക്കത്തില്‍  പ്രസിദ്ധീകരിച്ചത്. 

ഹൈദരാബാദ് സര്‍വകലാശാലയിലെ ഒരു ദളിത ഗവേഷക വിദ്യാര്‍ത്ഥി (PhD) സെന്തില്‍കുമാറിന്റെ ആത്മഹത്യ, നമ്മുടെ സര്‍വകലാശാലകളിലെ ജാതിവിവേചനത്തിന്റെ ഇരുണ്ട യാഥാര്‍ത്ഥ്യങ്ങളെയാണ് വെളിവാക്കുന്നത്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണത്തെക്കുറിച്ചുള്ള ചര്‍ച്ച മുഴുവന്‍ കേന്ദ്രീകരിക്കുന്നത് ആര്‍ക്കാണ് സംവരണത്തിന് അര്‍ഹത എന്നതിലാണ്. ആ സ്ഥാപനങ്ങളിലെ ബ്രാഹ്മണ്യ മേധാവിത്തം കാണാതെ പോകുന്നു. സംവരണത്തിന്റെ യുക്തിയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന അധീശ അക്കാദമിക സംസ്കാരത്തെയാണ് സെന്തിലിന്റെ ആത്മഹത്യ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നത്.

2008 ഫെബ്രുവരി 24-നാണ് സെന്തില്‍കുമാറിന്റെ മൃതദേഹം ഹോസ്റ്റല്‍ മുറിയില്‍ കണ്ടെത്തിയത്. അതിനുശേഷം സംഭവം മൂടിവെയ്ക്കാനുള്ള തത്രപ്പാടിലായിരുന്നു സര്‍വകലാശാല അധികൃതര്‍. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആദ്യം പറഞ്ഞ സര്‍വ്വകലാശാല അധികൃതര്‍ വിഷം അകത്തു ചെന്നതാണ് മരണകാരണമെന്ന ഫെബ്രുവരി 28-ലെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഏപ്രില്‍ വരെയും പുറത്തുവിട്ടില്ല. അന്വേഷണവും കുടുംബത്തിന് നഷ്ടപരിഹാരവും ആവശ്യപ്പെട്ടപ്പോള്‍ അതിനു സര്‍വകലാശാല മാര്‍ഗരേഖയില്‍ വകുപ്പില്ലെന്നായിരുന്നു രജിസ്ട്രാറുടെ മറുപടി.

സ്കോളര്‍ഷിപ്പ് വ്യവസ്ഥകളിലും PhD വിദ്യാര്‍ത്ഥികള്‍ക്ക് ഗൈഡുകളെ അനുവദിക്കുന്നതിലുമൊക്കെ മാറ്റവും സുതാര്യതയും ആവശ്യപ്പെട്ടുകൊണ്ട് എസ് സി/എസ് ടി സംയുക്ത സമര സമിതി വൈസ് ചാന്‍സലര്‍ക്ക് തുറന്ന കത്ത് നല്കിയിരുന്നു. ജുഡീഷ്യല്‍ അന്വേഷണവും ആവശ്യപ്പെട്ടു. എന്നാല്‍ സര്‍വകലാശാലയിലെ അദ്ധ്യാപകര്‍ മാത്രം ഉള്‍പ്പെട്ട ഒരു സമിതിയെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. വിവരാവകാശ നിയമം അനുസരിച്ചു ലഭിച്ച റിപ്പോര്‍ട്ടും മറ്റ് വിവരങ്ങളും വ്യക്തമാക്കുന്നത് സര്‍വകലാശാലയിലെ അക്കാദമിക ഇടങ്ങളിലെ ജാതി വിവേചനത്തിന്റെയും രീതികളുടെയും മറ്റൊരു ഇരയാണ് സെന്തില്‍ എന്നാണ്.


സെന്തിലിന്റെ മാതാപിതാക്കള്‍ വീടിന് മുന്‍പില്‍

സെന്തില്‍
അയാളുടെ വീട്ടില്‍നിന്ന് മാത്രമല്ല, പണിയാണ്ടി സമുദായത്തില്‍നിന്നുതന്നെ ഉന്നതവിദ്യാഭ്യാസത്തിനായി ചേര്‍ന്ന ആദ്യത്തെയാളായിരുന്നു സെന്തില്‍കുമാര്‍. തമിഴ്നാട്ടിലെ സേലം ജില്ലയില്‍ പന്നിവളര്‍ത്തല്‍ ഉപജീവന മാര്‍ഗമാക്കിയവരായിരുന്നു അയാളുടെ മാതാപിതാക്കള്‍. സാമ്പത്തിക പ്രശ്നങ്ങള്‍മൂലം പഠനം ഇടക്ക് നിര്‍ത്തുന്നതിന് മുമ്പ് അയാള്‍ പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്നും ഭൌതികശാസ്ത്രത്തില്‍ MPhil പൂര്‍ത്തിയാക്കിയിരുന്നു. 2007-ലാണ് ഹൈദരാബാദ് സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ഫിസിക്സില്‍ ചേരുന്നത്. അസാധാരണമായ കഴിവും നിശ്ചയദാര്‍ഢ്യവുമുള്ള ഒരാള്‍ക്കെ ഈ കടുത്ത യാത്ര സാധ്യമാകൂ.

2007-ലെ ബാച്ചില്‍ സെന്തിലിന് മാത്രമായിരുന്നു ഒരു സൂപ്പര്‍വൈസറെ കിട്ടാനുണ്ടായിരുന്നത്. നാല് പേപ്പറില്‍ ഒന്നിലും ഒരു ആദ്യ സപ്ലിമെന്‍ററിയിലും അയാള്‍ തോറ്റു. മാര്‍ച്ചില്‍ വീണ്ടുമെഴുതാനുള്ള അവസരമുണ്ടായിരുന്നു.

NET ഇതര ഫെല്ലോഷിപ്പായിരുന്നു വിദ്യാര്‍ത്ഥിയെന്ന നിലയില്‍ അയാള്‍ക്കുള്ള ഏക ആശ്രയം. കുടുംബത്തിനും. പുതിയ സര്‍വകലാശാല നിര്‍ദേശപ്രകാരം PhD വിദ്യാര്‍ത്ഥികളുടെ പ്രകടനം ഫെല്ലോഷിപ്പുമായി ബന്ധപ്പെടുത്തേണ്ടതില്ല. എന്നാല്‍ സ്കൂള്‍ ഓഫ് ഫിസിക്സ് ഈ നിര്‍ദേശം ലംഘിക്കുകയും ഫെല്ലൊഷിപ്പ് നിര്‍ത്തലാക്കി പരീക്ഷ തോറ്റെന്നു കാണിച്ചു അയാളുടെ പേര് നോട്ടീസ് ബോര്‍ഡില്‍ പതിക്കുകയും ചെയ്തു. ഫെല്ലോഷിപ്പും പ്രകടനവുമായി ബന്ധപ്പെടുത്തുന്നത് വെറും ശിക്ഷാരീതി മാത്രമാണ്. അത് വിദ്യാഭ്യാസത്തെ സഹായിക്കുന്നതിനേക്കാളേറെ അധികാരികളുടെ കയ്യില്‍ ഒരു ശിക്ഷാമാര്‍ഗമാണ്. ഉന്നത വിദ്യാഭ്യാസത്തിന് ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് ഫെല്ലൊഷിപ്പ് കൂടിയേതീരൂ. അത് നിഷേധിക്കുന്നത് തന്നെ അന്യായമാണ്. സെന്തിലിന്റെ കാര്യത്തിലെന്നപോലെ അതിനു ഗുരുതരമായ പ്രത്യാഘാതങ്ങളാണുണ്ടാവുക.

വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഈ ചട്ടം മാറ്റി. സെന്തിലിന്റെ മരണത്തിന് ഒരാഴ്ച്ച മുമ്പായിരുന്നു അത്. അയാളെ ആ വിവരം അറിയിച്ചതുമില്ല. ഫെല്ലൊഷിപ്പ് മുടങ്ങിയത് സെന്തിലിന് കടുത്ത ആധി സൃഷ്ടിച്ചിരുന്നു. അയാളെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളിലൊന്ന് അതാണെന്ന് തീര്‍ച്ച.

ജാതിവിവേചനത്തിന്റെ ആധുനിക മാര്‍ഗരേഖയാണ് സ്കൂള്‍ ഓഫ് ഫിസിക്സിനെ കുറിച്ചുള്ള റിപ്പോര്‍ട്ടിലെ വിവരങ്ങള്‍. സയന്‍സ് ഫാകല്‍റ്റിയില്‍ 2006-ല്‍ കോഴ്സ് വര്‍ക്ക് കൊണ്ടുവന്ന ഏക സ്കൂള്‍ അതായിരുന്നു. എസ് സി/എസ് ടി വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് രാജീവ് ഗാന്ധി ഫെല്ലോഷിപ്പ് ഏര്‍പ്പെടുത്തിയതും ആ വര്‍ഷമായിരുന്നു. ഓരോ ഘട്ടത്തിലും ‘ആവശ്യമില്ലാത്ത’ വിദ്യാര്‍ത്ഥികളെ ഒഴിവാക്കുന്നതിന് പയറ്റാവുന്ന എല്ലാ വിദ്യകളും സ്കൂള്‍ നോക്കി. വിജയിക്കാനാവശ്യമായ മാനദണ്ഡങ്ങള്‍ മുന്‍കൂട്ടി പറയാതെ മാറ്റി. “ചില വിദ്യാര്‍ത്ഥികള്‍ക്ക് ഫാക്കല്‍റ്റി ഉപദേശകരുടെ ലാബുകളില്‍ അനുവാദം നല്കി മുഴുവന്‍ സമയ ഗവേഷകരെപ്പോലെ പരിഗണിച്ചത് മറ്റുള്ളവരില്‍ ആശയക്കുഴപ്പമുണ്ടാക്കി.”

എന്നാല്‍ ഇത്തരം ചട്ടപ്രശ്നങ്ങള്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ബാധകമായിരുന്നില്ല. “ഇത്തരം അവ്യക്തതകളും അസ്ഥിരതകളും ഏറെ ബാധിച്ചിരുന്നത് എസ് സി/എസ് ടി വിദ്യാര്‍ത്ഥികളെയായിരുന്നു എന്നത് ഒരു വസ്തുതയാണ്.” കൂടുതല്‍ ഗൌരവമായി കാണേണ്ട കാര്യം,”ഈ സമിതി കണ്ട എല്ലാ ഫിസിക്സ് വിദ്യാര്‍ത്ഥികളും പറഞ്ഞത് സ്കൂള്‍ എസ് സി/എസ് ടി വിദ്യാര്‍ത്ഥികളുടെ താത്പര്യങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നു എന്ന തോന്നലാണ്.” ആ ബാച്ചിലെ നാല് എസ് സി/എസ് ടി വിദ്യാര്‍ത്ഥികളില്‍ രണ്ടുപേര്‍ സൂപ്പര്‍വൈസര്‍മാരെ കിട്ടാത്തതുമൂലം നിര്‍ത്തിപ്പോയി. ഒരാള്‍ ആത്മഹത്യ ചെയ്തു.

“സ്കൂളിലെ എസ് സി/ എസ് ടി വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങളെപ്പറ്റി സെന്തിലിന് നല്ല ധാരണയുണ്ടായിരുന്നു. സ്കൂളില്‍ എസ് സി/എസ് ടി വിദ്യാര്‍ത്ഥികളെ ലക്ഷ്യം വെക്കുന്നു എന്ന് അയാള്‍ വിശ്വസിച്ചിരുന്നു എന്ന് മാത്രമല്ല അതിനെക്കുറിച്ച് ആശങ്കാകുലനാകാനും തുടങ്ങിയിരുന്നു. CSIR ഫെല്ലോഷിപ്പുണ്ടായിരുന്ന, നാല് പരീക്ഷയും ഒറ്റത്തവണയില്‍ വിജയിക്കുകയും ചെയ്തിട്ടും വൈവ പരീക്ഷയില്‍ തോറ്റ തന്റെ സുഹൃത്തുക്കളിലൊരാളെക്കുറിച്ച്  അയാള്‍ മറ്റുള്ളവരോടു പറഞ്ഞിരുന്നു. ഫിസിക്സില്‍ PhD ആഗ്രഹിക്കുന്നവര്‍ക്കായി സ്കൂളില്‍ ഒരുപാട് തടസങ്ങള്‍ കരുതിവെച്ചിട്ടുണ്ടെന്ന് ഇത്തരം സന്ദര്‍ഭങ്ങള്‍ അയാളെ ചിന്തിപ്പിച്ചു.”

ജാതീയതയുടെ മുദ്രയായിരുന്നു റിപ്പോര്‍ട്ട് വന്നപ്പോള്‍ സ്കൂളിന് ചാര്‍ത്തിക്കിട്ടിയത്. കടമ്പകള്‍ക്ക് ശേഷവും കടന്നുകൂടിയ ദളിത വിദ്യാര്‍ത്ഥികളെ ഒഴിവാക്കാന്‍ വ്യവസ്ഥാപിതമായ പ്രക്രിയകള്‍ ഉണ്ടായിരുന്നു. കടുത്ത വിവേചനങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും നിശ്ചയദാര്‍ഢ്യവും ശേഷിയും കൊണ്ട് മറികടന്നെത്തുന്ന വിദ്യാര്‍ത്ഥികളായിരുന്നു അവര്‍. ഉന്നതവിദ്യാഭ്യാസത്തെ, ഫിസിക്സിനെ, രാജ്യത്തെതന്നെ ചെറുതാക്കിക്കൊണ്ടാണ് സ്കൂള്‍ ഓഫ് ഫിസിക്സ് ജാതി ഘടനയുടെ ജീര്‍ണശ്രേണികളെ കാത്തുസൂക്ഷിച്ചത്.

ഉപരിവര്‍ഗ സ്ഥാപനങ്ങള്‍
ജാതി വിവേചനങ്ങള്‍ ഹൈദരാബാദ് സര്‍വകലാശാലയില്‍ പുതിയ കാര്യമല്ല. നിരവധി രാഷ്ട്രീയ സമരങ്ങളും ഇവിടെ നടന്നു. ഒരന്വേഷണവും കൂടാതെ 10 ദളിത് വിദ്യാര്‍ത്ഥികളോടാണ് പഠനം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടത്.

മണ്ഡല്‍ സമരാനന്തര വര്‍ഷങ്ങള്‍ ആധുനിക സ്ഥാപനങ്ങളിലെ പുതിയ രൂപത്തിലുള്ള ജാതിവിവേചനത്തെക്കുറിച്ച് സംസാരിക്കാന്‍ നമുക്കൊരു പുതിയ ഭാഷ തന്നു. സാമൂഹ്യശാസ്ത്ര വിഷയങ്ങളിലും ഭാഷ, സാഹിത്യവിഷയങ്ങളിലും  ഈ പുതിയ ഭാഷ ഒരു പരിധിവരെ ചര്‍ച്ചകളെ മാറ്റിത്തീര്‍ത്തെങ്കിലും വസ്തുനിഷ്ഠതയുടെയും ദേശീയ പുരോഗതിയുടെയും പേരില്‍ ശുദ്ധശാസ്ത്രം അപ്പോഴും ഈ സാമൂഹ്യകണക്കെടുപ്പിനെതിരെ വേലികെട്ടിനിന്നു. ഇതിന്റെ പുതിയ രൂപമാണ് മെഡിക്കല്‍, എഞ്ചിനീയറിംഗ്, ഐ ഐ ടി വിദ്യാര്‍ത്ഥികള്‍ സംവരണത്തിനെതിരെ നടത്തിയ സമരങ്ങള്‍. ഈ മേഖലയിലാണ് ‘മികവ്’‘രാഷ്ട്രീയത്തെ’ എതിര്‍ക്കുന്നത്. ഒന്ന് സത്യം, വസ്തുനിഷ്ഠം. മറ്റേത്, രാഷ്ട്രീയക്കാരന്റെ തോന്ന്യവാസം. ഇതാണ് വ്യാഖ്യാനം. അവയുടെ വേര്‍തിരിഞ്ഞ നില്‍പ്പുമായി ബന്ധപ്പെട്ട ഗരിമയാണ് ഈ ശാഖകളുടെ നിലനില്‍പ്പുമായി ബന്ധപ്പെട്ടതെന്ന് വരുത്തുന്നു. ഇതുപ്രകാരം, ബഹുജനങ്ങളില്‍ നിന്നും എത്ര അകന്നുനില്‍ക്കുന്നുവോ ശാസ്ത്രം അത്രയും മികച്ചതാകുന്നു-അതൊരു സവിശേഷ ശാഖയാണ്, അങ്ങനെ സൂക്ഷിക്കുകയും വേണം. ഈ കടുത്ത കടമ്പ താണ്ടി വാങ്ങി വരുന്നവര്‍ അതിന്റെ ഭവിഷ്യത്തും നേരിടണം.

2007-ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട് ഓഫ് സയന്‍സ്, ബാംഗളൂരുവില്‍ ഒരു ദളിത് ഗവേഷക വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ഒരു അന്വേഷണവും നടന്നില്ല. AIIMS-നെക്കുറിച്ചുള്ള തൊറാട് സമിതി റിപ്പോര്‍ടില്‍ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്യുന്നത് മുതല്‍ ഹോസ്റ്റല്‍  താമസത്തിലും പാഠ്യേതര പരിപാടികളിലും, ഗ്രേയ്ഡ് നല്‍കുന്നതിലും ക്ലാസ് മുറിയിലെ രീതികളുമടക്കം ജീവിതത്തിന്റെ എല്ലാ മേഖലകളിലും അവിടെ ജാതിമുദ്ര പതിഞ്ഞിരിക്കുന്നു എന്നും ജാതീയമായ മുന്‍വിധി വ്യാപകമാണെന്നും പറയുന്നുണ്ട്. ഈ സ്ഥാപനങ്ങളെ ഉത്തരവാദികളായി കാണാനും കുറ്റക്കാരെ ശിക്ഷിക്കാനും ഇനിയെത്ര പേര്‍ നിന്ദിക്കപ്പെടണം, അപമാനിക്കപ്പെടണം, ജീവനൊടുക്കണം?

ശുദ്ധ ശാസ്ത്രത്തിന്റെ ആഢ്യത്വം, സര്‍വകലാശാല പരിസരങ്ങളിലെ പരിഷ്കരിച്ച അയിത്തം, നിലവിലെ സ്ഥിതിക്ക് സംവരണം ഉയര്‍ത്തുന്ന ഭീഷണി എന്നിവയുടെയെല്ലാം പരിച്ഛേദമാണ് സെന്തില്‍കുമാറിന്റെ മരണം. ഉന്നതവിദ്യാഭ്യാസത്തിലേക്ക് കഷ്ടപ്പെട്ടു പ്രവേശനം നേടിയെത്തുമ്പോള്‍ അവഗണനയും ശത്രുതയും അപമാനവും സഹിക്കേണ്ടിവരുന്ന നൂറുകണക്കിനു വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസം വെറുമൊരു എത്തിപ്പെടല്‍ മാത്രമല്ലാതെ യഥാര്‍ത്ഥത്തില്‍ അനുഭവപ്പെടണമെങ്കില്‍ ഇതിലോരോ ചോദ്യത്തെയും അഭിമുഖീകരിച്ചെ പറ്റൂ. സംവരണം പലയിടത്തും കയറിച്ചെല്ലാന്‍ സഹായിച്ചിട്ടുണ്ടാകും. പക്ഷേ സെന്തില്‍കുമാറിന്റെ മരണം കാണിക്കുന്നതുപോലെ നമ്മുടെ സ്ഥാപനങ്ങളെ ജനാധിപത്യവത്കരിക്കുന്നതിനുള്ള പോരാട്ടം വിഭിന്നമായൊരു ഘടനയിലും രൂപത്തിലും തുടര്‍ന്നെ മതിയാകൂ.


(Economic and Political Weekly , VOL 43 No. 33 August 16 – August 22, 2008, pp 10-12)


അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍