UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രോഹിത് തുറന്ന പണ്ടോറയുടെ പേടകം

Avatar

വി കെ അജിത്‌ കുമാര്‍

പണ്ടോറയുടെ പേടകം തുറക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. തളച്ചിടപ്പെട്ട മൃഗതൃഷ്ണകള്‍ പുറന്തള്ളപ്പെടുകയും പൊതുധാരയെന്ന കല്‍പിതഭൂമിയുടെ വശംപറ്റി ജീവിക്കുന്ന അരികുജീവിതങ്ങള്‍ക്കുനേരെ സദാചാരവാദികള്‍ എന്നപേരില്‍ അത് പാഞ്ഞടുക്കുകയും ചെയ്യുന്നു. തലങ്ങും വിലങ്ങും പായുന്ന അവരുടെ കൈകളില്‍ കടുത്തതും മൂര്‍ച്ചയുള്ളതുമായ ആയുധങ്ങള്‍ തിളങ്ങുകയും പിന്നെ ചിതറിവീഴുന്ന ശവശരീരങ്ങള്‍ക്കും ഉയര്‍ന്നു കേള്‍ക്കുന്ന നിലവിളികള്‍ക്കും നേരെ  കൊലച്ചിരികൊണ്ട് പ്രതികരണം നടത്തി ശക്തമായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന അവസ്ഥയിലാകണം ഒരാത്മഹത്യക്കുറിപ്പിന്‍റെ പിന്‍ബലത്തില്‍ ജിവിതമെന്ന കറുത്ത നിഴലിനെ രോഹിത് വെമുലയെന്ന ചെറുപ്പക്കാരന്‍ മായ്ച്ചുകളഞ്ഞത്.

അതുവരെ അത്രയാരും അറിയാതിരുന്ന ചിലര്‍ മരണത്തിലൂടെ പ്രശസ്തരാകുന്നു. ചില ആത്മഹത്യകള്‍ ചില ചിന്തകള്‍ക്കും തിരുത്തലുകള്‍ക്കും കാരണമാകുന്നു. ദളിതന്‍റെ ആത്മഹത്യാപരമായ ജീവിതത്തിന് മരണത്തിലൂടെ ഒരു ഫുള്‍സ്റ്റോപ്പിടുക മാത്രമായിരുന്നു രോഹിത് എന്ന ചെറുപ്പക്കാരന്‍ യഥാര്‍ത്ഥത്തില്‍ ചെയ്തത്. ആരോടും പരാതിയില്ലെന്നും ആരെയും ഇതിന്‍റെ പേരില്‍ ശിക്ഷിക്കരുതെന്നും ലഭിക്കാനുള്ള സ്കോളര്‍ഷിപ്പ്‌ തുകയില്‍ ഒരു വിഹിതം കൊടുത്തു തീര്‍ക്കാനുള്ള കടം വീട്ടുവാന്‍ ഉപയോഗിക്കണമെന്നുമെല്ലാമുള്ള തികച്ചും മാനവികമായ, തികച്ചും സാധാരണമായ ഒരെഴുത്ത് സുചിപ്പിക്കുന്നത് അയാളുടെ മരണം സൃഷ്ടിച്ചേക്കാവുന്ന സാമൂഹികപ്രത്യാഘതത്തെപ്പറ്റി രോഹിതിനു വ്യക്തമായ മന്സിലാക്കലുണ്ടായിരുന്നുവെന്നാണ്. 

രാഷ്ട്രിയം സംസാരിക്കുന്നില്ല. ഇന്ത്യയില്‍ ദളിതന്റെയും സവര്‍ണന്റെയും രാഷ്ട്രീയം ഇപ്പോള്‍ പച്ചയ്ക്ക് പച്ചയായി പുറത്തു വരികയാണ്. ഇവിടെ ബദലുകള്‍ സൃഷ്ടിക്കാന്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കു പോലും സാധിക്കുന്നില്ല. ന്യൂനപക്ഷ വര്‍ഗ്ഗീയതെയെന്ന പഴയ പിഞ്ചിത്തുടങ്ങിയ തുണിയില്‍ തൂങ്ങി ഇന്ത്യന്‍ മുസ്ലിങ്ങളുടെ പിന്നിലായി ദളിതിനെ കൂട്ടിക്കെട്ടുവാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഇന്ത്യന്‍ കമ്മ്യുണിസ്റ്റുകള്‍ ദളിത്‌ രാഷ്ട്രിയത്തെ തെറ്റായ രീതിയില്‍ മനസിലാക്കുകയായിരുന്നു. ഇന്ത്യന്‍ ദളിതും മറ്റ് പിന്നാക്ക ന്യൂനപക്ഷങ്ങളും വ്യത്യസ്തങ്ങളായ അസ്തിത്വത്തില്‍ ജിവിക്കുന്നവരാണ്. അതു മനസിലാക്കാത്ത കാലത്തോളം എസ് എഫ് ഐ എന്ന സംഘടനയെ പിന്താങ്ങി നില്ക്കാന്‍ ദളിത്‌ കുട്ടികള്‍ക്കാവില്ല. അതിന്‍റെ പ്രത്യഘാതമാണ്  ദളിത്‌-അംബേദ്‌കര്‍ മുവ്മെന്റുകള്‍. അംബേദ്‌കര്‍ എന്ന ചാലക ശക്തിയെ അവര്‍ അറിയാതെ ആവാഹിക്കും.

ക്യാമ്പസുകളില്‍ പൊതുവേ പ്രതികരണത്തിന്റെ തോത് എന്നും വളരെ വലുതാണ്. വിപ്ലവപരമായ പല തീരുമാനങ്ങളും ലോകത്തെ മാറ്റിമറിയ്കപ്പെട്ട  ചിന്താഗതികളും ഉയിര്‍കൊണ്ടത് പലപ്പോഴും ക്ലാസ് മുറികളില്‍ നിന്നായിരുന്നു; രോഹിത് എന്ന വിദ്യാര്‍ത്ഥിയും കലാലയം അടിച്ചേല്പിക്കുന്ന പുതിയ അച്ചടക്ക വ്യാഖ്യാനങ്ങള്‍ക്ക് എതിര്‍ ദിശയില്‍ പോകാന്‍ താല്പര്യപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെയാണ് അയാള്‍ സ്കെച് ചെയ്യപ്പെടുന്നത്. രോഹിതിന്റെ മരണം സൃഷ്ടിക്കുന്ന ആഘാതം വിരല്‍ ചൂണ്ടിയത് സവര്‍ണ മനസുള്ള ഇന്ത്യന്‍ ഭരണകൂടത്തിനെതിരെയാകുമ്പോഴാണ് പുതിയരീതിയിലുള്ള വ്യാഖ്യാനങ്ങളും രക്ഷപ്പെടല്‍ തന്ത്രങ്ങളുമായി ഒരു വിഭാഗം രംഗത്തേക്ക് വരുന്നത്. ചത്ത കുഞ്ഞിന്‍റെ ജാതകം ചികയുന്നതുപോലെ  പലരും രോഹിതിന്‍റെ ഭൂതകാലം ചികഞ്ഞ് ഗവേഷണം നടത്തുകയാണ്. അയാള്‍ ഒരു കൊടും  ഭീകരനായിരുന്നുവെന്നും, മേമന് വധശിക്ഷ നല്‍കിയപ്പോള്‍ അതിനെതിരെ ഇയാള്‍ പ്രതികരിച്ചെന്നും അവര്‍ കണ്ടെത്തുന്നു.(പ്രതികരിക്കാന്‍ ഇയാളാര്… അതിനു സീതാറാം യെച്ചൂരിയും പ്രകാശ്‌ കാരാട്ടും ഉള്‍പ്പെടുന്ന ആളുകള്‍ ഉണ്ടല്ലോ! പിന്നെയെന്തിന് സ്കോളര്‍ഷിപ്പും സ്റ്റൈപ്പന്റും വാങ്ങി പഠിക്കാന്‍ വിധിക്കപ്പെട്ട ഇയളെപോലെ ഒരാള്‍ സംസാരിക്കണം.)

ഇവിടെ നിന്നായിരിക്കണം രോഹിത് എന്ന ദളിത്‌ യുവാവിനെ പുതിയ സവര്‍ണ്ണ മനസുകള്‍ വായിച്ചുതുടങ്ങുന്നത്. അടിവരയിട്ടുപറയാം. ഇതും ഒരു ജനാധിപത്യ രാഷ്ട്രമാണ്.  ഇവിടെ ഇപ്പോള്‍ ഹൈജാക്ക് ചെയ്തുകൊണ്ട് നിങ്ങള്‍ ആചരിക്കുന്നത് അംബേദ്‌കര്‍ എന്ന മനുഷ്യന്‍റെ നൂറ്റിയിരുപത്തിയഞ്ചാമത് ജന്മവാര്‍ഷികമാണെങ്കില്‍ ദളിതരെ ചോദ്യം ചെയ്യാന്‍ പഠിപ്പിച്ചതിന്‍റെ അറുപത്തിയേഴാമത് വാര്‍ഷികം കൂടിയാണ്. ഇവിടെ രോഹിതിനും യച്ചൂരിക്കും നരേന്ദ്ര മോദിക്കും സ്മൃതി ഇറാനിക്കും ആമിര്‍ ഖാനും ഒരേ പ്ലാറ്റ്ഫോം ആയിരിക്കണം. അത് അരാജകത്വമല്ല. അഭിപ്രായസ്വാതന്ത്ര്യത്തെയോ പ്രകടനപരതയെയോ അരാജകത്വമെന്നു വ്യാഖ്യാനിക്കപ്പെടുന്നത് തെറ്റായ മനസിലാക്കല്‍ കൊണ്ടാണ്. ഭയമെന്ന വികാരം ഭരണകൂടത്തെ കീഴ്പെടുത്തുമ്പോഴാണ്‌, അതുകൊണ്ടുമാത്രമാണ് രോഹിത് വെമുലയും സംഘവും ഉയര്‍ത്തിയ പ്രതിഷേധം ഇപ്രകാരം വ്യാഖ്യാനിക്കപ്പെടുന്നത്.

മേമന്‍ ഇന്ത്യന്‍ സമാധാനത്തെയും സഹിഷ്ണുതയെയും വെല്ലുവിളിച്ചയാള്‍ തന്നെയാണ്. അയാള്‍ നിയമപരമായി ശിക്ഷിക്കപ്പെടേണ്ടയാളും. എന്നാല്‍ കൊലയെ കൊലകൊണ്ട് നേരിടുന്ന നിയമവ്യവസ്ഥയെയാണ് ഇവിടെ  ചോദ്യം ചെയ്യപ്പെട്ടത്. അതിനെ പങ്കുപറ്റാന്‍ ദളിതന് അവകാശമില്ലെന്ന ഓര്‍മ്മപ്പെടുത്തലാണ് രോഹിതിന്റെ മരണത്തില്‍ എത്തിച്ചേര്‍ന്നത്‌. അയാള്‍  ഉയര്‍ത്തിപ്പിടിച്ചുവെന്നാരോപിക്കുന്ന പ്രതിഷേധ കാര്‍ഡുകളില്‍ മേമന്‍ അനുകൂല എഴുത്തുകള്‍ക്കുപരി അവിടെ ഒളിഞ്ഞുകിടന്ന ഹൈന്ദവതയുടെ മൊത്തവ്യാപാരം നടത്തുന്ന ബി ജെ പിക്ക് എതിരായുള്ള പ്രസ്താവനകളായി അതിനെ വ്യാഖ്യാനിക്കുമ്പോഴാണ് അയാള്‍ രാഷ്ട്ര വിരുദ്ധനും ഹിന്ദുവിരുദ്ധനുമായി മാറ്റിയെഴുതപ്പെട്ടത്. ഇവിടെ മറന്നുപോകുന്നത് നിങ്ങള്‍ കൈക്കലാക്കിയത് ഏറ്റവും വലിയ ഹിന്ദുവിരുദ്ധനെയാണെന്നതാണ്. ബുദ്ധമതത്തിലേക്ക് പലായനം ചെയ്ത അംബേദ്‌കറെ ആദരിക്കുകയും അംബേദ്‌കര്‍  അനുയായികളെ ഹിന്ദുമതത്തിനെതിരായുള്ളവര്‍ എന്ന് വിളിക്കുകയും കാണുകയും ചെയ്യുന്നത് എന്ത് ദളിത്‌ അനുനയമാണ്. 

ആത്മഹത്യയുടെ കാരണങ്ങള്‍ തിരയുമ്പോള്‍ എത്തിച്ചേരാറുള്ള ഡിപ്രഷന്‍ തിയറി ഇവിടെയും ആരോപിക്കപ്പെടുന്നു. ഡിപ്രഷനുപരി ഒപ്രഷന്‍ തന്നെയായിരുന്നു അത്. രോഹിതിനെ ഇങ്ങനെയൊരു തീരുമാനത്തില്‍ എത്തിക്കുന്നതിന്‍റെ ശക്തമായ തെളിവാണ് അയാള്‍ വൈസ് ചാന്‍സലര്‍ക്കയച്ച കത്ത്. അഡ്മിഷന്‍ സമയത്ത് ഒരു കുപ്പി വിഷവും ഒരു കയറും ദളിത്‌ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കണമെന്ന് അയാള്‍ അപേക്ഷിക്കുന്നു. സ്റ്റൈപ്പന്‍റും ധനസഹായങ്ങളും മാത്രം ജിവിതോപാധിയാക്കി പഠിക്കുന്ന രോഹിതിനെപ്പോലുള്ള ദളിത്‌ വിദ്യാര്‍ഥികള്‍ പട്ടിണിയകറ്റാനും പാഠപുസ്തകം വാങ്ങാനും അതിനെത്തന്നെയാണ് ആശ്രയിക്കുന്നത്. അവന്‍റെ പിറന്നാളിന് കൂട്ടുകാര്‍ക്ക് മധുരം വാങ്ങിക്കൊടുക്കാനും അതിനെത്തന്നെ ആശ്രയിക്കുമ്പോഴും തെരുവില്‍ കുടില്‍കെട്ടി കൊടുംതണുപ്പില്‍ മറ്റ് മാര്‍ഗ്ഗമില്ലാതെ താമസിക്കുമ്പോഴും കൂടെ പഠിക്കുന്നവര്‍ സിനിമാ കണ്ടും ജീവിത സുഖങ്ങളില്‍ മുഴുകിയും സായന്തനങ്ങള്‍ കഴിച്ചുകൂട്ടുമ്പോള്‍ ദളിതനെന്ന ഐഡന്‍റിറ്റി തന്നെയാണ് രോഹിത് ഉള്‍പ്പെടുന്ന അഞ്ചംഗ സംഘം  തഴയപ്പെടാന്‍ കാരണം. 

നന്ദന്‍ സുശീല്‍കുമാര്‍ എന്ന എ ബി വി പി വിദ്യാര്‍ഥി രോഹിത് ഉള്‍പ്പെടുന്ന സംഘത്തിന്‍റെ ആക്രമണത്തിനു വിധേയനായെന്ന ആരോപണം ഉയരുമ്പോള്‍ അസഹിഷ്ണുതയുടെ സവര്‍ണ്ണ മുഖം കൂടുതല്‍ അനാവരണം ചെയുകയായിരുന്നു. മുസ്ലിം യുവാക്കളെ തീവ്രവാദത്തിന്‍റെ പേരില്‍ ബ്രാന്‍ഡ്‌ ചെയ്യപ്പെടും പോലെ അവകാശത്തിനും ജിവിതോപാധിക്കും വേണ്ടി സംസാരിക്കുന്ന ദളിത്‌ യൌവനങ്ങളെക്കൊണ്ടു ഇന്ത്യന്‍ ജയിലുകള്‍ സമിപ ഭാവിയില്‍ നിറയുമെന്നും ഭയപ്പെടേണ്ടതുണ്ട്. കാവിവല്‍ക്കരണത്തിന്‍റെ പുതിയ വ്യാഖ്യാനങ്ങള്‍. പ്രതികരണത്തിന്‍റെ ഇരട്ടത്താപ്പുകള്‍ തെളിയുന്നത് ഇങ്ങനെയൊക്കെയാണ്. മറ്റൊരു തരത്തിലാണ് ദളിതന്‍റെ സ്ഥാനം; അതെപ്പൊഴും താഴെയാണ്. മരണക്കുറിപ്പെഴുതുമ്പോള്‍ ഒരു കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് കോപ്പികൂടി വയ്ക്കണം എന്ന തോന്നലില്‍ പോലും ഇതുകൊണ്ടെത്തിക്കുന്നു.

സംഘികള്‍ക്ക് മറുപടി പറയും പോലെ അര്‍ത്ഥമില്ലാത്ത മറ്റൊരു പ്രവര്‍ത്തിയില്ല. എങ്കിലും കേരളത്തില്‍ ജിവിക്കുന്ന ഒരാള്‍ എന്ന നിലയില്‍  ചിലചോദ്യങ്ങള്‍ നിരന്തരം ഉയര്‍ന്നു വരുന്നു. ഇവിടെ പട്ടികജാതിയില്‍ പെട്ട പെണ്‍കുട്ടികള്‍, ആളുകള്‍ നിരന്തരം പിഡിപ്പിക്കപ്പെട്ടിട്ടും വായനക്കാത്തവന്‍ സംസ്ഥാനത്തിനുവെളിയില്‍ നടക്കുന്ന സംഭവങ്ങള്‍ വളച്ചൊടിച്ച് ഇവിടെ ചര്‍ച്ചയ്ക് കൊണ്ടുവരുന്നുവെന്നുള്ള ആരോപണം. എവിടെയും പിഡിപ്പിക്കപ്പെടുന്നത് ദളിതരും അരികുജിവിതത്തില്‍പ്പെടുന്നവരുമാണ്. മറുപക്ഷത്ത് അധികാരവും ജാതി പിന്‍ബലമുള്ളവരും. ബിജെപിയെന്ന രാഷ്ട്രീയപാര്‍ട്ടിയുടെ വളര്‍ച്ച കേരളത്തിനു വെളിയിലായാതിനാലാണ് അതെല്ലാം ഇങ്ങനെ വലിച്ചിഴച്ചുകൊണ്ടുവരുന്നതെന്ന് കരുതരുത്. നിങ്ങള്‍ അങ്ങനെ ശഠിക്കുമ്പോള്‍ തന്നെ ഒരുതരത്തില്‍ അതിലെ പങ്കുപറ്റല്‍ സമ്മതിക്കുകയാണ്. ആര്‍ട്ടിക്കിള്‍ പതിനഞ്ചും പതിനേഴും നിലവിലുണ്ട്. അതിനുപരി ജാഗരൂകരായ ഒരു സമൂഹത്തിലാണു ഞങ്ങള്‍ ജീവിക്കുന്നത്. അതുകൊണ്ട് എഴുതും പറയും പ്രതികരിക്കും. നിങ്ങള്‍ എങ്ങനെയൊക്കെ ചിന്തിച്ചാലും. എന്ത് വിചാരിച്ചാലും. കാരണം ഈ നവമാധ്യമങ്ങള്‍ മാത്രമാണ് ഇന്ന് ഇത്തരം വാര്‍ത്തകള്‍ ലോകത്തിനു മുന്പില്‍ അവതരിപ്പിക്കുന്നത്‌. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ നാവുകള്‍ എങ്ങനെ കുത്തക മുതലാളിമാരുടെ പത്രങ്ങളും വിഷ്വല്‍ മീഡിയയും അവഗണിക്കുന്നുവെന്ന് പരിശോധിക്കുമ്പോള്‍ ദളിത്‌ വിഭാഗങ്ങള്‍ പൂര്‍ണമായും മാറ്റിനിര്‍ത്തപ്പെടുന്ന ഒരു മേഖലയായി ന്യൂസ്‌ റൂമുകള്‍ മാറുന്നുവെന്നു കണ്ടെത്തുന്നത്.

പ്രൊഫസര്‍ റോബിന്‍ ജെഫ്രിയാണ്, കുറച്ചുവര്‍ഷങ്ങള്‍ക്കു മുന്‍പുള്ള കണക്കാണെങ്കിലും ഏതാണ്ട് മുന്നുറോളം മാധ്യമ വിധികര്‍ത്താക്കളെ പരിചയപ്പെടുമ്പോള്‍ അതില്‍ ഒരാള്‍ പോലും പട്ടിക വിഭാഗങ്ങളില്‍പ്പെടുന്നവരായി ഇല്ലായിരുന്നുവെന്ന്  പറയുന്നത്. നമ്മളെ ഒരുകാലത്ത് അടക്കി ഭരിച്ചിരുന്നവരെന്നു ചരിത്രം വിളമ്പുന്ന ബ്രിട്ടണ്‍ വംശീയമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് വേണ്ടി പ്രത്യേകം ആനുകുല്യങ്ങളോടെ നടപ്പാക്കിയ മാധ്യമ പഠനസാധ്യതകളും എഴുപതുകളില്‍ യുണൈറ്റഡ് സ്റ്റേറ്റ്സില്‍ സിവില്‍ റൈറ്റ് പ്രക്ഷോഭ സമയത്ത് കറുത്ത വര്‍ഗ്ഗക്കാരെ മാത്രം അവരെ സംബന്ധിച്ച യഥാര്‍ത്ഥ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിയുക്തരാക്കിയതും ചിന്തിക്കുമ്പോള്‍ ഇന്ത്യന്‍ ‘ജനാധിപത്യത്തില്‍’ ഇങ്ങനെയൊരു കാലം വരാത്തിടത്തോളം നവമാധ്യമങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ രോഹിതിന്‍റെ സ്വയംഹത്യപോലും ചരമക്കോളത്തിലെ വാര്‍ത്ത മാത്രമെ ആകുമായിരുന്നുള്ളൂ എന്നുകൂടി സൂചിപ്പിക്കുന്നു.

(സാമൂഹ്യ നിരീക്ഷകനാണ് ലേഖകന്‍)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍