UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദളിതനായ രോഹിതിനെ പേടിക്കുന്നവരോട്

Avatar

ടീം അഴിമുഖം

ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുലയുടെ ആത്മഹത്യ ഒരു വ്യക്തിയുടെ മരണം എന്നതില്‍ നിന്ന് വളരെ മുന്നോട്ടു പോയിരിക്കുന്നു. ‘എന്റെ ജനനം മാരകമായ അപകടമായിരുന്നു. കുട്ടിക്കാലത്തെ എന്റെ ഏകാന്തതയില്‍നിന്ന് എനിക്ക് ഒരിക്കലും വിട്ടുമാറാനായില്ല…’ മരണത്തിനു മുന്‍പ് രോഹിത് കുറിച്ചത് ഇങ്ങനെയായിരുന്നു. നിരന്തരമുള്ള ജാതിവിവേചനം, ദുര്‍ബലരെ മറ്റുള്ളവരെക്കാളേറെ അടിച്ചമര്‍ത്തുന്ന അസഹിഷ്ണുതയുടെ സംസ്‌കാരം, പ്രതിഷേധങ്ങളെല്ലാം ദേശവിരുദ്ധമെന്നു പ്രഖ്യാപിക്കുക എന്ന തന്ത്രം തുടങ്ങി രോഹിതിന്റെ ആത്മഹത്യ ജനങ്ങള്‍ക്കു മുന്നിലേക്കു വലിച്ചിട്ട യാഥാര്‍ത്ഥ്യങ്ങള്‍ ദേശമെങ്ങും പ്രതിധ്വനിയുണ്ടാക്കി. ഹൈദരാബാദ് മുതല്‍ ഉന വരെയുള്ള, പരക്കെ വ്യാപിച്ചുകൊണ്ടിരിക്കുന്ന ദളിത് പ്രതിരോധത്തില്‍ രോഹിതിന്റെ കഥ ശക്തമായ ദൃഷ്ടാന്തമായി. ഭരണഘടന എല്ലാവര്‍ക്കും ഉറപ്പുനല്‍കുന്ന മൗലിക അവകാശങ്ങളും സ്വാതന്ത്ര്യവും പോലും നിഷേധിക്കുന്നതിനെതിരെയുള്ള പ്രതിഷേധത്തിനു കരുത്തായി. ഈ സാഹചര്യത്തിലാണ് രോഹിത് വെമൂല ദളിതനായിരുന്നില്ല എന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ഏകാംഗ ജുഡീഷ്യല്‍ കമ്മിഷന്റെ കണ്ടെത്തല്‍ താളപ്പിഴയുണ്ടാക്കുന്നത്.

രോഹിത് വെമൂല ദളിതാണെന്ന് വളരെ മുന്‍പുതന്നെ ഗുണ്ടൂര്‍ ജില്ലാ കലക്ടര്‍ പട്ടികജാതി, പട്ടികവര്‍ഗ ദേശീയ കമ്മിഷനെ അറിയിച്ചിരുന്നതാണ്. ഇതിനെ ഖണ്ഡിച്ചാണ് ഇപ്പോള്‍ മന്ത്രാലയത്തിന്റെ കണ്ടെത്തല്‍. എന്നാല്‍ ശ്രദ്ധിക്കപ്പെടേണ്ട കാര്യം ഇതല്ല. രോഹിതിന്റെ വാക്കുകളില്‍, ആത്മഹത്യാ കുറിപ്പില്‍, രോഹിതിന്റെ അമ്മയുടെയും സഹോദരന്റെയും വാക്കുകളില്‍ രോഹിതിന്റെ ദളിത് ജീവിതം നാം കണ്ടറിഞ്ഞതാണ്. ഈ വിഷമാവസ്ഥ മനസിലാക്കപ്പെടുന്നതുകൊണ്ടാണ് രോഹിത്, ദളിത് പ്രസ്ഥാനത്തിന്റെ സൂചകമാകുന്നത്. ജനുവരി മുതല്‍ കെട്ടിപ്പടുക്കപ്പെട്ട ശക്തവും വ്യാപ്തവുമായ ഈ ഐക്യദാര്‍ഢ്യത്തെ ഇല്ലാതാക്കാനുള്ള സര്‍ക്കാര്‍ പാനലിന്റെ ശ്രമം വിഫലവും സ്വയം പരാജയം സമ്മതിക്കുന്നതിനു തുല്യവുമാണ്. പട്ടികജാതി/വര്‍ഗ നിയമപ്രകാരം രോഹിതിന്റെ മരണത്തിനു കാരണക്കാരെന്ന് ആരോപിതരായിട്ടും അധികാരസ്ഥാനങ്ങളില്‍ തുടരുന്നവരെ സഹായിക്കാനുള്ള ഒരു കുത്സിതശ്രമം മാത്രമാണിത്.

സമാനമായൊരു സാഹചര്യം മറ്റൊരു കുറ്റകൃത്യത്തിനു ശേഷവും ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാക്കിന്റെ കൊലപാതകത്തിനുശേഷം അവിടെനിന്നു കണ്ടെടുത്ത മാംസം ഏതാണെന്നു കണ്ടെത്തലായിരുന്നു പ്രധാനം. ഗോമാംസമോ മറ്റെന്തെങ്കിലുമോ? ജനക്കൂട്ടം ഒരാളെ മര്‍ദിച്ചു കൊല്ലുക എന്ന ഗുരുതരമായ സംഭവത്തില്‍നിന്നു ശ്രദ്ധ തിരിക്കാന്‍ വന്നതായിരുന്നു ഈ ചോദ്യം. 

70 വര്‍ഷത്തെ സ്വാതന്ത്ര്യം ആഘോഷിക്കുന്ന ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ ഇന്നും നടമാടുന്ന ജാതിവേര്‍തിരിവിനെ ഇതേ മട്ടില്‍ മറയ്ക്കാനുള്ള ആയുധമാണ് രോഹിതിന്റെ ജാതി ഏത് എന്ന അന്വേഷണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍