UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാധിക വെമുല ദളിത് തന്നെയെന്ന് വളര്‍ത്തമ്മയുടെ വെളിപ്പെടുത്തല്‍

അഴിമുഖം പ്രതിനിധി

ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ അമ്മ രാധിക വെമുല പട്ടിക ജാതിക്കാരിയല്ല എന്ന ഏകാംഗ കമ്മീഷന്റെ കണ്ടെത്തലിനെതിരെ വളര്‍ത്തമ്മ അഞ്ജനി ദേവി. ഇന്ത്യന്‍ എക്സ്പ്രസ്സ് ദിനപത്രത്തിന് ഫെബ്രുവരിയില്‍ നല്‍കിയ അഭിമുഖത്തിലാണ് ദളിതാണെന്ന കാര്യം രാധികയ്ക്ക് അറിയാമായിരുന്നെന്ന് അഞ്ജനി ദേവി പറഞ്ഞത്. 

രാധികയുടെ യഥാര്‍ത്ഥ മാതാപിതാക്കള്‍ പട്ടികജാതി വിഭാഗമായ മാല സമുദായത്തില്‍ പെട്ടവരാണ് എന്നാണ് അഞ്ജനി ദേവി ദി സണ്‍ഡേ എക്സ്പ്രസ്സിനോട് പറഞ്ഞത്. പിന്നോക്ക വിഭാഗമായ വദേര സമുദായാംഗമാണ് അഞ്ജനി ദേവി. 

കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം അലഹാബാദ് ഹൈക്കോടതിയെ ജഡ്ജി എ കെ രൂപന്‍വാലിനെ രോഹിത് വെമൂലയുടെ ആത്മഹത്യ അന്വേഷിക്കുന്ന ഏകാംഗകമ്മീഷനായി നിയോഗിച്ചതിന് 26 ദിവസങ്ങള്‍ക്ക് ശേഷം, ഫെബ്രുവരി 23നു, റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രെസ്സ് ആയിരുന്ന  അഞ്ജനി ദേവി മരണപ്പെട്ടു. 

ഫെബ്രുവരി 14നു ദി സണ്‍ഡേ എക്സ്പ്രസ്സ് പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ അഞ്ജനി ദേവി ഇങ്ങനെ പറയുന്നു; “റെയില്‍വേ തൊഴിലാളികളായി ജോലി നോക്കിയിരുന്ന മാല സമുദായാംഗങ്ങളായ ദമ്പതികളുടെ രണ്ടാമത്തെ മകളാണ് രാധിക. അവര്‍ എന്റെ വീട്ടിനടുത്തായിരുന്നു ജോലി ചെയ്തിരുന്നത്. അവിടം വിട്ടു പോകാന്‍ അവര്‍ തീരുമാനിച്ചപ്പോള്‍ ഞാന്‍ രാധികയെ എന്റെ കൂടെ നിര്‍ത്തുകയും പിന്നീട് ദത്തെടുകുകയും ആയിരുന്നു. 45 വര്‍ഷം മുന്‍പാണ് ഈ സംഭവം. ബോധുമ്മ എന്നായിരുന്നു രാധികയുടെ പേര്. ഞാന്‍ ദത്തെടുക്കുമ്പോള്‍ അവള്‍ക്ക് ഒരു വയസായിരുന്നു. അവള്‍ സുന്ദരിയും നല്ല ചുറുചുറുക്കുള്ള കുട്ടിയുമായിരുന്നു. വളരെ ദരിദ്രമായ പശ്ചാത്തലമായിരുന്നു ആ ദമ്പതികളുടേത്. ആ സമയം എന്റെ ഒരു പെണ്‍കുഞ്ഞ് മരണപ്പെട്ട ദുഃഖത്തില്‍ ഇരിക്കുകയായിരുന്നു ഞാന്‍. ആ വേദനയില്‍ കഴിയുമ്പോഴാണ് ഈ ദമ്പതികളുടെ അടുത്ത് ചെന്നതും കുഞ്ഞിനെ ദത്തെടുത്തതും. അവര്‍ മാല സമുദായത്തില്‍ പെട്ടവരാണ് എന്നു എനിക്കു അറിയാമായിരുന്നു. പിന്നീട് ഞാന്‍ ഇത് അന്വേഷിച്ച് ഉറപ്പിക്കുകയും ചെയ്തു.” 

അവളുടെ വിവാഹം കഴിഞ്ഞു 5 വര്‍ഷങ്ങള്‍ക്ക് ശേഷം രാധികയുമായുള്ള തന്റെ ബന്ധം മോശമായി എന്നു അഞ്ജനി ദേവി പറയുന്നു. താന്‍ ജനിച്ചുവീണ ജാതിയായ മാല സമുദായത്തിലേക്ക് മാറാനുള്ള രാധികയുടെ തീരുമാനമാണ് ബന്ധം വഷളാകാനുള്ള പ്രധാന കാരണമെന്നും ഇവര്‍ വെളിപ്പെടുത്തുന്നുണ്ട്. 

അതേ സമയം കമ്മീഷന്റെ കണ്ടെത്തലുകളോട് വളരെ രൂക്ഷമായ ഭാഷയിലാണ് രാധിക വെമുല പ്രതികരിച്ചത്. പ്രശ്നത്തെ ജാതി ഏതാണെന്ന വിഷയത്തിലേക്ക് ചുരുക്കാനാണ് കമ്മീഷന്‍ ശ്രമിക്കുന്നതെന്നും രോഹിതിന്റെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളല്ല അന്വേഷിക്കുന്നതെന്നും രാധിക പറഞ്ഞു. 

“ഞാന്‍ എന്തിന് ജനിച്ചു വീണ ജാതിയെ കുറിച്ച് കള്ളം പറയണം? മാല സമുദായത്തിലാണ് ഞാന്‍ ജനിച്ചത്. ഞങ്ങള്‍ ദളിതുകളാണ്. ഒരാള്‍ക്കുപോലും അത് ഞങ്ങളില്‍ നിന്നു എടുത്തുമാറ്റന്‍ കഴിയില്ല. ഗവണ്‍മെന്‍റ് നല്കിയ ജാതി സര്‍ട്ടിഫിക്കറ്റ് എന്റെ കയ്യിലുണ്ട്. എന്തിനാണ് ജാതി തെളിയിക്കല്‍ ഒരു പ്രധാന കാര്യമായി ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. എന്റെ മകന്റെ മരണത്തിലേക്ക് നയിച്ച സര്‍വ്വകലാശാലയിലെ സംഭവ വികാസങ്ങളാണ് കമ്മീഷന്‍ അന്വേഷിക്കേണ്ടത്.” രാധിക വെമൂല പറഞ്ഞു. 

സംവരണാനുകൂല്യങ്ങള്‍ പറ്റുന്നതിനായി രോഹിത് വെമുലയുടെ അമ്മ ദളിതാണെന്ന് സ്വയം പ്രഖ്യാപിച്ചു; രോഹിതിനെ ഹോസ്റ്റലില്‍ നിന്നു പുറത്താക്കിയത് സര്‍വ്വകലാശാലയ്ക്ക് എടുക്കാവുന്ന ഏറ്റവും ന്യായയുക്തമായ തീരുമാനം; ജാതി വിവേചനമല്ല മറിച്ച് വ്യക്തിപരമായ പ്രശ്നങ്ങളാണ് 26കാരനായ പിഎച്ച് ഡി വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയ്ക്ക് കാരണം; കേന്ദ്ര മന്ത്രി ബന്ദാരു ദത്താത്രേയയും സ്മൃതി ഇറാനിയും അവരുടെ കര്‍ത്തവ്യം നിര്‍വ്വഹിക്കുക മാത്രമാണ് ചെയ്തത്; ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയ്ക്ക് മേല്‍ യാതൊരു സമ്മര്‍ദവും ഉണ്ടായിരുന്നില്ല എന്നൊക്കയായിരുന്നു മാനവ വിഭവശേഷി മന്ത്രാലയം രൂപീകരിച്ച ഏകാംഗ ജൂഡീഷ്യല്‍ കമ്മീഷന്റെ പ്രധാന കണ്ടെത്തലുകള്‍. 

രോഹിത് വെമൂല ആത്മഹത്യ ചെയ്തതിന് 11 ദിവസങ്ങള്‍ക്ക് ശേഷം രൂപീകരിക്കപ്പെട്ട ഏകാംഗ കമ്മീഷന്‍ 41 പേജ് റിപ്പോര്‍ട്ടാണ് ഗവണ്‍മെന്റിന് സമര്‍പ്പിച്ചത്.  ഏകദേശം അന്‍പതോളം ആളുകളില്‍ നിന്നു മൊഴി ശേഖരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതില്‍ ഭൂരിപക്ഷം പേരും സര്‍വ്വകലാശാല അദ്ധ്യാപകരും അനാധ്യാപക ജീവനക്കാരുമാണ്. അഞ്ചു വിദ്യാര്‍ത്ഥികളില്‍ നിന്നു മാത്രമാണ് കമ്മീഷന്‍ വിവരങ്ങള്‍ ശേഖരിച്ചത്. ഇതില്‍ രോഹിത് വെമൂലയുടെ ആത്മഹത്യയെ തുടര്‍ന്ന് സമരത്തിന് നേതൃത്വം നല്‍കിയ ജോയിന്‍റ് ആക്ഷന്‍ കൌണ്‍സില്‍ അംഗങ്ങളും ഉള്‍പ്പെടും. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍