UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രോഹിത് അവസാനിക്കുകയല്ല, തുടങ്ങുകയാണ് ചെയ്തത്

Avatar

രാകേഷ് സനല്‍

കര്‍ണ്ണന്റെ സാരഥിയായിരുന്നുകൊണ്ട് അവനെ തേജോവധം ചെയ്യാന്‍ യുധിഷ്ഠിരന്‍ ശല്യരോട് അപേക്ഷിക്കുന്നുണ്ട് മഹാഭാരത കഥയില്‍. രാജ്യധര്‍മത്തിന്റെ മകുടോദാഹരണമായി വാഴ്ത്തപ്പെടുന്ന ധര്‍മപുത്രരുടെ ഏറ്റവും നീചമായ പ്രവര്‍ത്തി. യുദ്ധം ജയിക്കണമെന്നും തങ്ങള്‍ക്കു ഭൂമിപാലനത്തിന് അവസരം കിട്ടണമെന്നും മോഹിച്ച ഒരു രാജാവിനെ ബാധിച്ച ഇതേ ച്യുതിയാണ് നവഭാരതത്തിലെ രാജാക്കന്മാരും പിന്തുടരുന്നത്.  സൂതപുത്രന്റെ പരാക്രമം വരേണ്യതയുടെ പരാജയം ഉറപ്പിക്കുമെന്ന് അറിയാവുന്ന യുധിഷ്ഠരാധിശ്രേഷ്ഠരെല്ലാം കര്‍ണ്ണനെ വീഴ്ത്താന്‍ ശ്രമിച്ചു. ധര്‍മസംസ്ഥാപനാര്‍ത്ഥം മണ്ണില്‍ അവതരിച്ച ഈശ്വരനും ആ ചതിയില്‍ മുഖ്യപങ്കുവഹിച്ചു. ധീരതയും സത്യസന്ധതയും ആത്മാര്‍ത്ഥതയും കര്‍ണ്ണന്റെ കാര്യത്തില്‍ എല്ലാവരാലും അംഗീകരിക്കപ്പെട്ടിരുന്നപ്പോഴും അയാളൊരു താഴ്ന്ന ജാതിക്കാരനായിപ്പോയി എന്നതുകൊണ്ട് അപമാനിക്കപ്പെട്ടുകയും ഒടുവില്‍ കൊല്ലപ്പെടുകയും ചെയ്തു. 

കര്‍ണന്മാര്‍ ഭാരതകഥാകാലം തൊട്ട് മണ്ണില്‍ പിറന്ന് ചതിയില്‍ കൊല്ലപ്പെട്ടു കൊണ്ടേയിരിക്കുന്നു. രോഹിത് വെമൂലയില്‍വരെ അതെത്തി. രോഹിത് പോരാട്ടത്തിലായിരുന്നു. ആ പോരാട്ടമാണ് ഒരു കൊടിക്കൂറയുടെ കുരുക്കില്‍ അയാള്‍ പാതിയില്‍ നിര്‍ത്തിയത്. പക്ഷേ രോഹിത് അയാളുടെ ജീവിതം കൊണ്ടു നയിച്ചതിനേക്കാള്‍ വലിയ പ്രക്ഷോഭമാണ് മരണത്തിലൂടെ നടത്തുന്നത്. സ്വയമൊരു മുദ്രാവാക്യമായി മാറിയിരിക്കുന്നു. ഈ രോഹിത്, അയാളുടെ പ്രതിയോഗികള്‍ക്ക് കൂടുതല്‍ ഭീഷണിയാണ്.

മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഇത്ര ശക്തമായിരുന്നെങ്കില്‍ രോഹിത് വെമൂലയ്ക്കു മുമ്പ് തന്നെ ഹൈദരാബാദ് സര്‍വകലാശാലയിലെ ദളിത് പീഡനങ്ങളുടെ മറ്റു കഥകളെക്കുറിച്ച് നമ്മള്‍ ചര്‍ച്ചകള്‍ നടത്തുകയും പ്രതിഷേധങ്ങള്‍ ഉയര്‍ത്തുകയുമുണ്ടാവുമായിരുന്നു. മാതാരി വെങ്കിടേഷിന്റെ ആത്മഹത്യയ്ക്കും നമ്മള്‍ തെരുവില്‍ ഇറങ്ങുമായിരുന്നു. അതുണ്ടായില്ല.

അന്നൊന്നും ഉയരാത്തയത്ര വലിപ്പത്തില്‍ രോഹിന്റെ ചിതയണയാതെ എരിയുന്നുണ്ടെങ്കില്‍ അത് അയാള്‍ പ്രതിനിധീകരിച്ച വിഭാഗത്തിനെ കാല്‍ചുവട്ടില്‍ അടക്കി നിര്‍ത്തിയവരെ ഒട്ടൊന്നുമല്ല ഭയപ്പെടുത്തുന്നത്. ഇനിയെന്തു ചെയ്യാം എന്ന ഭയമാണ് ഇപ്പോള്‍ രോഹിതിന്റെ ജാതി ചര്‍ച്ചകളിലേക്ക് അവരെ കൊണ്ടെത്തിച്ചിരിക്കുന്നത്. രോഹിത് ദളിതന്‍ അല്ലെന്നാണ് സ്ഥാപിക്കുന്നത്. സ്വന്തം പിതാവ് തന്നെ പറയുന്നു രോഹിത് ദളിത് അല്ലെന്നും ഒബിസി വിഭാഗമാണെന്നുമുള്ള വാര്‍ത്ത പൊക്കിപ്പിടിച്ചാണ് മറുചേരിക്കാരുടെ ആഘോഷം. രോഹിതിന്റെ അച്ഛന്‍ വെഡര വിഭാഗത്തില്‍പ്പെട്ടതാണ്. ഒബിസിയിലാണ് ഈ ജാതി. എന്നാല്‍ രോഹിതിന്റെ അമ്മ ജനിച്ചത് ദളിത് വിഭാഗമായ മാലയിലാണ്. പക്ഷേ ഇവര്‍ പിന്നീട് വളര്‍ന്നത് വെഡര സമുദായക്കാര്‍ക്കൊപ്പമാണ്. അങ്ങനെയാണ് അതേ സമുദായംഗമായ രോഹിതിന്റെ അച്ഛനെ വിവാഹം കഴിക്കുന്നത്. രോഹിതിന് ഒരു വയസുള്ളപ്പോള്‍ അച്ഛന്‍ ഇവരെ ഉപേക്ഷിച്ചു പോവുകയായിരുന്നു. പിന്നീട് വീണ്ടും മാലസമുദായത്തിനൊപ്പം ജീവിച്ച രോഹിന്റെ അമ്മ അതേ സമുദായത്തില്‍പ്പെട്ട മറ്റൊരാളെ വിവാഹം കഴിക്കുകയുമുണ്ടായി.

തന്റെ മക്കളെയും ആ ജാതിയുടെ പ്രതിനിധികളായി വളര്‍ത്തി. രോഹിതിന്റെ അച്ഛന്‍ വാദങ്ങളുയര്‍ത്തുന്നു എന്നുള്ള വാര്‍ത്തകള്‍പോലും സൃഷ്ടിക്കപ്പെട്ടതാണ്. ആ പിതാവ് ഇതുവരെ തന്റെ മകന്റെ ജാതി ദളിതല്ല, ഒബിസിയാണെന്നു സ്ഥാപിക്കാന്‍ മനപൂര്‍വം ശ്രമങ്ങള്‍ നടത്തിയിട്ടില്ല. ചില മാധ്യമങ്ങള്‍ അവരുടെ താത്പര്യാര്‍ത്ഥം അയാളെക്കൊണ്ട് ആ വിധത്തില്‍ പറയിപ്പിച്ചെടുക്കുകയാണ്. നിങ്ങളുടെ ജാതി എന്താണെന്ന ചോദ്യത്തോട് താനൊരു ഓബിസിയാണെന്നു പറയുകയാമാത്രമാണ് അയാള്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ ആ ചോദ്യത്തിനു പിന്നിലുള്ള രാഷ്ട്രീയലക്ഷ്യങ്ങളെക്കുറിച്ച് ആ പിതാവ് അത്രകണ്ട് ബോധവാനല്ല എന്നതാണ് സത്യം. രോഹിതിന്റെ അമ്മ മാല എന്ന ദളിത് വിഭാഗത്തില്‍പ്പെട്ടതാണെന്നും രോഹിതും അതേ സമുദയാംഗമാണെന്നുമുള്ള യാഥാര്‍ത്ഥ്യം മൂടിവയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഏതായും ആ പിതാവിനെ കുറച്ചെങ്കിലും ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

രോഹിത് സര്‍വകലാശാലയില്‍ പ്രവേശനം നേടുമ്പോള്‍ സമര്‍പ്പിച്ച ജാതി സര്‍ട്ടിഫിക്കറ്റിലും ദളിത് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തഹസില്‍ദാര്‍ ഒപ്പുവച്ചു നല്‍കിയതാണ് സര്‍ട്ടിഫിക്കറ്റ്. രോഹിതിന്റെ മരണംവരെ ഇല്ലാതിരുന്ന സംശയം അതിനുശേഷം ഉയര്‍ന്നാല്‍, അവിടെ ഗൂഡാലോചന നടത്തിയിരിക്കുന്നത് രോഹിതിന് ഒപ്പം നില്‍ക്കുന്നവരോ എതിര്‍ക്കുന്നവരോ. രോഹിതിന്റെ മൃതദേഹം സംസ്കരിക്കുന്ന സമയത്ത് ഏതോ ബന്ധുവില്‍ നിന്നാണ് പൊലീസിന് രോഹിതിന്റെ അച്ഛനെക്കുറിച്ചും അയാളുടെ ജാതിയെക്കുറിച്ചും വിവരം കിട്ടുന്നത്. അതുവരെ പ്രതിരോധത്തിന് മാര്‍ഗമില്ലാതിരുന്നവര്‍ക്ക് ആ വിവരങ്ങള്‍ വിലപ്പെട്ടതായിരുന്നു.

ഇവിടെ രോഹിതിന്റെ ജാതിവച്ച് തര്‍ക്കിക്കുന്നവര്‍ അയാള്‍ ഇല്ലാതായിരിക്കുന്നു എന്ന സത്യത്തെ എങ്ങനെ മറച്ചുവയ്ക്കാന്‍ സാധിക്കും? രോഹിത് ദളിതനോ- ദളിത് ഇതരനോ ആവട്ടെ. പക്ഷേ അയാള്‍ പോരാടിയതും ശിക്ഷണനടപടികള്‍ ഏറ്റുവാങ്ങിയതും അതേ സ്വത്വപ്രശ്‌നത്തിന്റെ പേരിലായിരുന്നു. രോഹിതിനൊപ്പം സസ്‌പെന്‍ഷനിലായ മറ്റു നാലുപേരും ദളിതരാണെന്ന കാര്യത്തില്‍ ഇതുവരെ സംശയമൊന്നും ഇല്ലാത്ത സ്ഥിതിക്ക് രോഹിത് നേരിട്ടതും ദളിതനോടുള്ള ഈര്‍ഷ്യയാണ്.

രോഹിത് ഒരു കലാപകാരിയാണെന്നു വരുത്തി തീര്‍ക്കുകയാണ് അടുത്തതായി അവര്‍ പയറ്റുന്ന തന്ത്രം. മുസാഫര്‍നഗര്‍ കലാപത്തില്‍ ബിജെപി നേതാക്കളുടെ പങ്ക് വെളിപ്പെടുത്തുന്ന മുസാഫര്‍ നഗര്‍ ബാക്കി ഹേ(സംവിധാനം നകുല്‍ സിംഗ്) എന്ന ഡോക്യുമെന്ററി ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ പ്രദര്‍ശിപ്പിച്ചത് എബിവിപി പ്രവര്‍ത്തകര്‍ തടസപ്പെടുത്തിയതിനെതിരെ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍(എഎസ്എ) പ്രവര്‍ത്തകര്‍ പ്രതിഷേധ കുറിപ്പ് ഇറക്കുകയും പ്രസ്തുത ഡോക്യുമെന്ററി സര്‍വകലാശാലയില്‍ പ്രദര്‍ശിപ്പിച്ചതുമാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ തുടക്കം. യാക്കൂബ് മേമന്റെ വധശിക്ഷയില്‍ പ്രതിഷേധിച്ച് എഎസ്എ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയതും എബിവിപി-ബിജെപിക്കാരെ വല്ലാതെ പ്രകോപിച്ചു. അവരാണ് രോഹിതിനും സംഘത്തിനുമെതിരെ കള്ളക്കേസുകള്‍ നല്‍കുകയും വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ പ്രയത്‌നിക്കുകയും ചെയ്തത്. സര്‍വകലാശാല-ഹോസ്റ്റല്‍ അധികൃതര്‍ സംഘരാഷ്ട്രീയത്തിന്റെ അനുകൂലികളായി നിന്നുകൊണ്ട് ആ വേട്ടയ്ക്ക് സഹായം ചെയ്തു.

രോഹിതും സംഘവും ആക്രമിച്ചു എന്നുപറയുന്ന സുശില്‍ കുമാര്‍ (ഇയാള്‍ സര്‍വകലാശാലയിലെ എബിവിപി ഘടകത്തിന്റെ പ്രസിഡന്റാണ്) രോഹിതിനെയും കൂട്ടരെയും ദളിത് തീവ്രവാദികളാക്കി ചീത്രീകരിച്ച് തന്റെ ഫേസ്ബുക്കില്‍ ഇട്ട കുറിപ്പ് പിന്നീട് പിന്‍വലിക്കുകയും സെക്യൂരിറ്റി ഓഫിസറുടെ മുന്‍പാകെ മാപ്പ് എഴുതി നല്‍കിയതും നടന്നകാര്യങ്ങളാണ്. എന്നാല്‍ ഈ പ്രശ്‌നത്തിന്റെ പേരില്‍ താന്‍ ആക്രമിക്കപ്പെട്ടു എന്നയാരോപണവുമായി സുശീല്‍ കുമാര്‍ ആശുപത്രിയില്‍ ചികിത്സ തേടുന്നു. സുശീല്‍ കുമാര്‍ നിസാരനല്ല. അയാളുടെ കുടുംബത്തില്‍ ശക്തരായ ബിജെപി രാഷ്ട്രീയക്കാരുണ്ട്. സര്‍വകലാശാല സ്ഥിതി ചെയ്യുന്ന രംഗറെഡ്ഡി എന്ന പ്രദേശത്ത് ബിജെപിയുടെ വൈസ്പ്രസിഡന്റാണ് അയാളുടെ ജ്യേഷ്ഠസഹോദരന്‍. സുശീലിന്റെ അമ്മ അടുത്തസമയത്തായി അവിടെ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയാണ്. യു ഒ എച്ചില്‍ നടത്തിയ ചുംബനസമരപ്രതിഷേധത്തിനിടയിലേക്ക് കയറിവന്ന സംഘരാഷ്ട്രീയക്കാരുടെ മുന്‍നിരയില്‍ ഉണ്ടായിരുന്നതും സുശീലിന്റെ അമ്മയാണ്. അന്നവര്‍ പ്രതിഷേധസമത്തില്‍ പങ്കാളികളായ പെണ്‍കുട്ടികളെ മര്‍ദ്ദിക്കാന്‍ തയ്യാറായതുമാണ്. ഇത്തരത്തില്‍ ശക്തമായ രാഷ്ട്രീയ പിന്തുണയുള്ള സുശീലിന്റെ ശത്രുതയാണ് രോഹിതിനും കൂട്ടര്‍ക്കുമെതിരെ ഉണ്ടായിരുന്നത്.

സുശീലിന്റെ സഹോദരനാണ് സെക്കന്ദരാബാദ് എംപിയും ബിജെപി കേന്ദ്രമന്ത്രിയുമായ ബന്ദാരു ദത്താത്രേയയോട് രോഹിതിന്റെയും കൂട്ടാളികളുടെയും ശല്യം സര്‍വകലാശാലയില്‍ നിന്നും ഒഴിവാക്കണമെന്ന് പലതവണ കത്തെഴുതി ആവശ്യപ്പെടുന്നത്. ഇത്തരമൊരു ആവശ്യത്തില്‍ വേണ്ടത്ര അന്വേഷണങ്ങളൊന്നും നടത്താതെ തന്റെ പാര്‍ട്ടിയുടെ പ്രവര്‍ത്തകന്റെ വാക്കുകള്‍ മാത്രം പരിഗണിച്ച് കേന്ദ്രമന്ത്രി സര്‍വകലാശാലയിലേക്ക് നാലു കത്തുകളെഴുതുന്നു. അന്വേഷണം വേണമെന്നല്ല രോഹിതിനെയും സംഘത്തെയും പുറത്താക്കണമെന്ന പിടിവാദമായിരുന്നു മന്ത്രിയുടെ കത്തിലെ ആവശ്യം. ഈ അവശ്യം കൃത്യമായി നടപ്പാക്കാന്‍ സര്‍വകലാശാല അധികൃതര്‍ തയ്യാറായി. 

രോഹിത് തന്നെ ആക്രമിച്ചിട്ടില്ലെന്നും ഭീഷണിപ്പെടുത്തുക മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും സുശീല്‍ കുമാര്‍ തന്നെ പിന്നീട് മൊഴി നല്‍കുന്നുണ്ട്. അയാള്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്നുവെന്ന വാദവും പന്നീട് പൊളിഞ്ഞു. ചികിത്സ തേടിയ അര്‍ച്ചന ആശുപത്രിയില്‍ നിന്നും അറിയിക്കുന്നത്, അയാള്‍ക്ക് വളരെ നിസാരമായ പ്രശ്‌നങ്ങളെ ഉണ്ടായിരുന്നുള്ളൂവെന്നാണ്. ഈ വസ്തുതകളെയെല്ലാം മറച്ചുവച്ചുകൊണ്ടാണ് രോഹിതിന്റെ പശ്ചാത്തലം ദളിത് എക്‌സ്ട്രീമിസ്റ്റിന്റെതായിരുന്നുവെന്നും അയാള്‍ ഒരു അക്രമിയായിരുന്നുവെന്നും പറഞ്ഞു നടക്കുന്നത്.

അസത്യങ്ങളുടെ കാലുകള്‍ കുറുകിയതായതുകൊണ്ട് അവയ്ക്ക് അധികദൂരം ഓടാന്‍ കഴിയില്ല. ഒരു വിഭാഗം മാധ്യമങ്ങളെയും പൊലീസിനെയും ഒപ്പം നിര്‍ത്തി ഭരണകൂടം നടത്തിയ ഈ ഓട്ടം അവരെ സ്വയം വീഴ്ത്തിക്കൊണ്ടിരിക്കുകയാണ്. അവിടെയാണ് രോഹിതിന്റെ ആത്മഹത്യ ദളിത് പ്രശ്‌നമാക്കി പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണെന്ന് അവര്‍ വാദിക്കാന്‍ തുടങ്ങുന്നത്. രോഹിതിന്റെ എസ്എഫ് ഐ വിരോധമാണ് ഇപ്പോഴത്തെ ആയുധം. രോഹിത് സര്‍വകലാശാലയില്‍ എത്തിയ സമയത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്നു. അയാള്‍ കമ്യൂണിസ്റ്റ് ആശയങ്ങളുടെ സജീവപ്രചാരകനായിരുന്നു. പിന്നീട് എസ്എഫ്‌ഐയുമായി ആശയപരമായി വിയോജിപ്പുകള്‍ ഉണ്ടാവുകയും, തന്റെതായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു. ആ സംഘടന വിട്ട് അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷനിലേക്ക് വന്നു. അംബേദ്കറിസ്റ്റ് ആയ രോഹിത് അപ്പോഴും നല്ലൊരു ദളിത് മാര്‍കിസ്റ്റ് ആയിരുന്നു. അയാള്‍ ആശയങ്ങളെയല്ല ചില പ്രവര്‍ത്തനങ്ങളെയാണ് എതിര്‍ത്തിരുന്നത്, അത് അന്ധമായിട്ടുള്ളതുമായിരുന്നില്ല. എഎസ്എയുടെ വൈസ് പ്രസിഡന്റ് എന്ന നിലയില്‍പ്പോലും ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ സ്വന്തം സംഘടനയിലും ഉയര്‍ത്തിയ നേതാവാണ് രോഹിത്. ഇതേ നിലപാടായിരുന്നു എസ്എഫ്‌ഐയിലും അയാള്‍ കൈകൊണ്ടിരുന്നത്. ഉള്ളില്‍ നിന്നുകൊണ്ട് വിമര്‍ശിക്കുക, ആ വിമര്‍ശനം തനിക്കുകൂടി ബാധകമാകുന്നതാണെന്ന വിശ്വാസത്തില്‍. രോഹിതിലെ നേതാവിന്റെ ക്വാളിറ്റി അതായിരുന്നു. ഇപ്പോള്‍ പറയുന്നതുപോലെ ഒന്നിനെ കുറ്റം പറഞ്ഞ് മറ്റൊന്നിലെത്തി, അവിടെയും കുറ്റങ്ങള്‍ മാത്രം കണ്ട് സ്വയം മടുത്ത് ജീവനൊടുക്കിയ ഭീരുവല്ല രോഹിത്. വിമര്‍ശിക്കാനും വിമര്‍ശനങ്ങളെ സ്വീകരിക്കാനും അയാള്‍ തെല്ലും ഭയം കാണിച്ചിരുന്നില്ല.

പക്ഷേ, രോഹിതിന്റെ മരണം, അയാളെ അറിയാവുന്നവര്‍ക്കെല്ലാം ഉണ്ടാക്കിയത് വലിയ ഷോക്ക് ആയിരുന്നു. പലരും ആ വാര്‍ത്ത രണ്ടുവട്ടം കേട്ടശേഷമാണ് വിശ്വസിക്കാന്‍ തയ്യാറായത്. അത്തരമൊരു പിന്‍വാങ്ങല്‍ (അതോ മുന്നൊരുക്കമോ) രോഹിതില്‍ നിന്നും ഉണ്ടാവുമെന്ന് കരുതാത്തവരായിരുന്നു അവര്‍. ആ കത്ത്, അത് മറ്റൊരു രോഹിതിനെയാണ് അവര്‍ക്ക് കാണിച്ചു തന്നത്. ആത്മഹത്യക്കുറിപ്പിലെ വരികള്‍ കാണുന്ന തരത്തില്‍ രോഹിത് ഒരു ഫിലോസഫര്‍ ആയിട്ടോ നിരാശനായിട്ടോ ഒരിക്കലും തന്റെ സഹപാഠികള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ചെലവഴിച്ചിരുന്നില്ല. സജീവമായി രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന, നായകത്വം വഹിക്കുന്ന ഒരു ചെറുപ്പക്കാരന് മറ്റൊരു വൈകാരികഭാവം ഉണ്ടെന്നു എല്ലാവരും മനസിലാക്കുന്നത് അയാള്‍ എല്ലാം അവസാനിപ്പിച്ച് പോയശേഷമാണ്. രോഹിത് നല്ലൊരു സുഹൃത്തായിരുന്നു, പക്ഷേ അവന്റെ സ്വകാര്യപ്രശ്‌നങ്ങള്‍ക്കൊപ്പം ചേരാന്‍ കഴിയാതെ പോയി. അതെല്ലാം സമര്‍ത്ഥമായി അവന്‍ മറച്ചുവച്ചിരുന്നു, രോഹിതിന്റെ സുഹൃത്തുക്കള്‍ ആ നഷ്ടത്തിന്റെ വേദന ഇപ്പോഴുമുണ്ട്.

രോഹിത് എന്തിന് ഇത് ചെയ്തു എന്നതിന്, അയാള്‍ സ്വയം തോല്‍വി സമ്മതിച്ചതുകൊണ്ട് എന്ന് ഉത്തരം പറയേണ്ടതില്ല. രോഹിത് തോറ്റിട്ടില്ല. പക്ഷേ അയാള്‍ നിരാശനായിരുന്നിരിക്കാം. അയാള്‍ തന്നെ പറയുന്നതുപോലെ, ജന്മം കൊണ്ടു തന്നെ ഉണ്ടായ അപകടത്തില്‍ നിന്നും മോചിതനാകാന്‍ കഴിയാതെ പോയതിന്റൈ നിരാശ. തന്റെ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം അകലെ തന്നെ നില്‍ക്കുന്നതിലെ നിരാശ. താനൊരിക്കലും കാള്‍ സാഗനാകാന്‍ അനുവദിക്കപ്പെടില്ലെന്ന തിരിച്ചറിവില്‍ നിന്നുള്ള നിരാശ…

രോഹിത് അവസാനിക്കുന്നില്ല…അയാള്‍ തുടങ്ങിയിരിക്കുകയാണ്… ഹൈദരാബാദില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും പൂനെയില്‍ നിന്നും കേരളത്തില്‍ നിന്നുമെല്ലാം അയാളിലൂടെ തുടങ്ങിയിരിക്കുന്ന പ്രതിരോധം കൂടുതല്‍ ശക്തമാകേണ്ടതുണ്ട്. ഓര്‍ക്കുക ശത്രു ഇപ്പോഴും വളരെ ശക്തനാണ്. ഇളക്കം തട്ടിയിട്ടില്ല.

അംബേദ്കര്‍ സര്‍വകലാശാലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിനിടയില്‍ മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയ വാര്‍ത്തയില്‍ എന്തെങ്കിലും പ്രത്യേകത ശ്രദ്ധിച്ചോ! രാജ്യം ഇത്രമേല്‍ പ്രക്ഷുബ്ദമായി നില്‍ക്കുമ്പോഴും അതെന്തിന്റെ പേരിലുണ്ടായതാണോ ആ കാരണങ്ങള്‍ വീണ്ടും ആവര്‍ത്തിക്കാന്‍ മടിയുണ്ടാകുന്നില്ല എന്നതല്ലേ ആ വാര്‍ത്തയുടെ പ്രത്യേകത….

(ഹൈദരാബാദ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികളുമായി സംസാരിച്ച് തയ്യാറാക്കിയത്)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍