UPDATES

രോഹിതിന്റെ മരണം ഐക്യദാര്‍ഢ്യം സൃഷ്ടിച്ചു; പക്ഷേ, നീതി ഇന്നും ഏറെയകലെയാണ്

ജാതി വിവേചനവും മറ്റ് മുന്‍വിധികളും വിവേചനങ്ങളും കണക്കിലെടുക്കുകയും അവ ജനാധിപത്യപരമായ സ്ഥാപന സംവിധാനങ്ങളിലൂടെ പരിഹരിക്കപ്പെടുന്നു എന്നു ഉറപ്പുവരുത്തുകയും വേണം

ഹൈദരാബാദ് സര്‍വകലാശാലയില്‍ രോഹിത് വെമുലയുടെ മരണത്തിന് ഒരു വര്‍ഷത്തിന് ശേഷവും സ്വപ്നങ്ങളും ആഗ്രഹങ്ങളും നഷ്ടപ്പെട്ട ഒരു ചെറുപ്പക്കാരന്റെ തടയാമായിരുന്ന മരണത്തെക്കുറിച്ചുള്ള ആകുലതകള്‍ അവസാനിക്കുന്നില്ല. മരണത്തിലൂടെ, രാജ്യത്തെ ചെറുപ്പക്കാരെ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തെരുവിലിറങ്ങാന്‍ രോഹിത് പ്രചോദിപ്പിച്ചു. രോഹിതിന് നീതിക്കായി നടത്തിയ പോരാട്ടത്തില്‍ അയാളുടെ അമ്മ രാധിക വെമുലയും സാമൂഹ്യ നീതിക്കായുള്ള വിദ്യാര്‍ത്ഥി സംയുക്ത സമര സമിതിയും ജാതി,സമുദായ വിവേചനത്തിനും മുന്‍വിധികള്‍ക്കും എതിരായ പോരാട്ടത്തിനുള്ള പിന്തുണക്കായി രാജ്യമാകെ സഞ്ചരിച്ചു. വിശാലമായ രാഷ്ട്രീയ ഐക്യദാര്‍ഢ്യങ്ങള്‍ സാധ്യമാണ് എന്നു കഴിഞ്ഞ ഒരു വര്‍ഷം തെളിയിച്ചു. രോഹിതിന്റെ ഓര്‍മ്മകള്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ജാതികളുടെ, ന്യൂനപക്ഷങ്ങളുടെ, പിന്നെ ഇന്ത്യന്‍ ഭരണകൂടം അവകാശങ്ങളും അന്തസും നിഷേധിച്ച എല്ലാവരുടെയും ഭരണകൂട അടിച്ചമര്‍ത്തലിനെതിരെയുള്ള ആഹ്വാനത്തിന്റെ കാഹളമാവുകയായി.

രോഹിതിന്റെ മരണത്തിനെ തുടര്‍ന്ന് വൈസ് ചാന്‍സലര്‍ അപ്പ റാവു, കേന്ദ്ര തൊഴില്‍ സഹമന്ത്രി ബന്ദാരു ദത്താത്രേയ തുടങ്ങിയവര്‍ക്കെതിരെ പട്ടിക ജാതി/പട്ടിക വര്‍ഗ അതിക്രമ നിരോധന നിയമം അനുസരിച്ചു കേസെടുത്തെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. അഭിഭാഷകരും, സാമൂഹ്യ പ്രവര്‍ത്തകരും, വിദ്യാഭ്യാസ വിചക്ഷണരും, എന്തിന് ശാസ്ത്രജ്ഞര്‍ വരെയുള്ള വസ്തുതാ പഠന സംഘങ്ങള്‍ അപ്പ റാവു കുറ്റക്കാരനാണെന്ന് കാണുകയും പഠന ഘടനകളിലും ഭരണ പ്രക്രിയകളിലും മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

ജനുവരി 17-നു അനുസ്മരണ ചടങ്ങുകള്‍ നടത്താന്‍ ഹൈദരാബാദ് സര്‍വകലാശാല അധികൃതരും സംസ്ഥാന സര്‍ക്കാരും അനുവദിച്ചില്ല. സര്‍വകലാശാലയില്‍ ക്രമസമാധാനം തിരിച്ചുകൊണ്ടുവരുന്നത് സംബന്ധിച്ച ഒരു ഇടക്കാല കോടതി ഉത്തരവാണ് അവരിതിന് കാരണമായി കാണിച്ചത്; അവരത് തങ്ങളുടെ താത്പര്യത്തിനൊത്താണ് നടപ്പാക്കുന്നതും. രാധിക വെമുലയ്ക്കും പശുവിറച്ചി തിന്നു എന്നാരോപിച്ച് ഹിന്ദു വര്‍ഗീയവാദികള്‍ തല്ലിക്കൊന്ന മൊഹമ്മദ് അഖ്ലാഖിന്റെ സഹോദരന്‍ ജാന്‍ മൊഹമ്മദ്, ജെ എന്‍ യൂവില്‍ നിന്നും കാണാതായ നജീബിന്റെ സഹോദരന്‍ ഹസീബ് അഹമ്മദ്, ഗുജറാത്തിലെ ഉനയിലെ ദളിതര്‍ക്കെതിരായ പീഡനത്തിനിരകളായവര്‍, ജെ എന്‍ യുവില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥി സോന്‍പിംപില്‍
തുടങ്ങിയവര്‍ക്കും അവിടെ കടക്കാന്‍ അനുമതി ലഭിച്ചില്ല. ആവശ്യമുള്ള അനുമതി നേടിയതിന് ശേഷം അവിടെ കടന്ന ഒരു മാധ്യമപ്രവര്‍ത്തകനെ പിന്നീട് പിടികൂടി കേസെടുക്കുകയും ചെയ്തു. എന്നാല്‍ രാധിക വെമുലയുടെ വേര്‍പിരിഞ്ഞ ഭര്‍ത്താവ് വെമൂല മണി കുമാറിനെ അകത്തുകടക്കാന്‍ അനുവദിക്കുകയും വിദ്യാര്‍ത്ഥികള്‍ സ്ഥാപിച്ച രോഹിതിന്റെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്താന്‍ അനുവദിക്കുകയും ചെയ്തു എന്നത് കാണേണ്ടതുണ്ട്.

രോഹിത് അയാളുടെ അച്ഛന്‍ മണികുമാറിന്റെ മറ്റ് പിന്നാക്ക വിഭാഗത്തില്‍പെട്ട (ഒ ബി സി) ആളാണെന്ന ഭരണകൂട വാദത്തില്‍ നിര്‍ണായക സ്ഥാനമുള്ളയാളാണ് മണികുമാര്‍. എന്നാല്‍ ഇതിന് നിയമത്തിലോ രോഹിതിന്റെ കടുത്ത ജീവിതാനുഭവങ്ങളോ വെച്ചോ യാതൊരു അടിസ്ഥാനവുമില്ല. ദേശീയ പട്ടിക ജാതി കമ്മീഷന്‍ രോഹിത് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളാണെന്ന് പ്രഖ്യാപിച്ചപ്പോള്‍ രോഹിത് ഒബിസി വിഭാഗക്കാരനാണെന്ന് രൂപന്‍വാള്‍ കമ്മീഷന്‍ റിപ്പോര്‍ട് പറയുന്നു. മുഹമ്മദ് അക്ലാഖിന്റെ വീട്ടിലുണ്ടായിരുന്നത് പശുവിറച്ചിയാണോ എന്ന അന്വേഷണത്തിന് സമാനമാണ് രോഹിതിന്റെ ജാതിയെക്കുറിച്ചുള്ള അന്വേഷണം. അഖ്ലാഖും കുടുംബവും പശുവിറച്ചി തിന്നു എന്നു പറഞ്ഞാണ് ഭരണകൂടം അഖ്ലാഖിന്റെ കൊലയെ ന്യായീകരിച്ചത്. അതുപോലെ രോഹിത് എസ് സി വിഭാഗക്കാരനല്ല എന്നു തെളിയിച്ചാല്‍ ജാതി വിവേചനങ്ങള്‍ കാണിച്ചവരെ കുറ്റവിമുക്തരാക്കാം എന്നാണവര്‍ ആഗ്രഹിക്കുന്നത്. ജാത്യാടിസ്ഥാനത്തിലുള്ള വിവേചനം അവസാനിപ്പിക്കുകയും വ്യവസ്ഥാപിതമായ വലിയ പ്രശ്നങ്ങളെ തിരിച്ചറിയുകയും ചെയ്യുന്നതിന് പകരം, സര്‍ക്കാര്‍ അതിന്റെ മനുഷ്യത്വവിരുദ്ധത കാണിച്ചുകൊണ്ട് കടുത്ത മര്‍ദ്ദകരായാണ് പ്രവര്‍ത്തിക്കുന്നത്.

അടിക്കടി ഉണ്ടാകുന്ന ദളിത് വിദ്യാര്‍ത്ഥികളുടെ ആത്മഹത്യകളും വ്യവസ്ഥാപിതമായ ജാതി വിവേചനവും കണ്ടില്ലെന്നു നടിക്കുകയാണ് സര്‍ക്കാരും അതിന്റെ സംവിധാനങ്ങളും സര്‍വകലാശാലയും ചെയ്തത്. 2016 ഏപ്രില്‍ 12-നു ലിംഗ വിവേചനത്തിനും ലൈംഗിക പീഡനത്തിനുമെതിരായ സമിതി (Gender Sensitisation Committee Against Sexual Harassment -GSCASH)പോലെ മുന്‍വിധികള്‍ക്കും വിവേചനത്തിനുമെതിരായ സമിതി (Committee Against Prejudice and Discrimination-CAPD) വേണമെന്ന് ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ ഏകകണ്ഠമായി ഒരു പ്രമേയം അംഗീകരിച്ചിരുന്നു (EPW 2016 ഏപ്രില്‍ 16). ഇതിനോടുള്ള പ്രതികരണമായി സര്‍വകലാശാല അധികൃതര്‍ യു ജി സി നിര്‍ദേശങ്ങള്‍ അനുസരിച്ച് ഒരു വിവേചന വിരുദ്ധ ഉദ്യോഗസ്ഥനെ നിയമിച്ചു, തുല്യ അവസര കേന്ദ്രവും ഉണ്ടാക്കി. മാധ്യമ വാര്‍ത്തകള്‍ അനുസരിച്ച് ഇരു സമിതികളിലും ഇതുവരെ ഒരു പരാതിയും കിട്ടിയിട്ടില്ല.

ഇത്തരം സമിതികളുടെ കാര്യക്ഷമത എന്നത് അവ നേരിടാന്‍ ലക്ഷ്യമിടുന്ന പ്രശ്നങ്ങളോടുള്ള അവയുടെ സംവേദനാത്മകതയാണ്. ഹൈദരാബാദ് സര്‍വകലാശാല പ്രമേയം പറയുന്നതു പോലെ; “CAPD വ്യാപകമായ പ്രാതിനിധ്യമുള്ളതാകണം. സ്ത്രീകള്‍, ഒബി‌സി വിഭാഗക്കാര്‍, മത, ലിംഗ, വംശ, ഗോത്ര ന്യൂനപക്ഷങ്ങള്‍ അംഗങ്ങളായിരിക്കണം. പകുതി അംഗങ്ങളെങ്കിലും എസ് സി/എസ് ടി വിഭാഗത്തില്‍ നിന്നുമാകണം. എസ് സി/ എസ് ടി പശ്ചാത്തലമുള്ള ഒരാളായിരിക്കണം അതിനെ നയിക്കേണ്ടത്.” GS-CASH-ന്റെ അനുഭവത്തില്‍ നിന്നും വിശ്വാസ്യതയുടെ അന്തരീക്ഷം, വനിതാ പരാതിക്കാരുടെ സുരക്ഷയും രഹസ്യാത്മകതയും എന്നിവയാണ് പ്രവര്‍ത്തിക്കാവുന്ന ഒരന്തരീക്ഷം ഉണ്ടാക്കിയെടുത്തത്. നിലവിലെ നിയമ ധാരണകള്‍ വെച്ചുകൊണ്ടു എങ്ങനെയാണ് മുന്‍വിധിയും വിവേചനവുമുള്ള പ്രവര്‍ത്തിയെന്ന് ഒന്നിനെ നിശ്ചയിക്കുക എന്നത് സംബന്ധിച്ചും തര്‍ക്കം നടന്നു. എന്താണ് ലൈംഗിക പീഡനമായി കണക്കാക്കേണ്ടതെന്നും അത്തരം പരാതികള്‍ കൈകാര്യം ചെയ്യേണ്ട മികച്ച രീതി എന്താണെന്നും GS-CASH വിഷയത്തില്‍ പൊതുസംവാദം നടന്നിരുന്നു. വിദ്യാര്‍ത്ഥികളെ മുന്‍വിധി, വിവേചനം, വ്യതിരിക്തത എന്നിവ സംബന്ധിച്ച് മനസിലാക്കിക്കാന്‍ CAPD ഉത്തരവാദിത്തം കാണിക്കണം. CAPD സംബന്ധിച്ച വിദ്യാര്‍ത്ഥി നിര്‍ദേശം യു ജി സിയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗൌരവമായി എടുക്കുകയും ജാതി വിവേചനവും മറ്റ് മുന്‍വിധികളും വിവേചനങ്ങളും കണക്കിലെടുക്കുന്നു എന്നു മാത്രമല്ല, അവ ജനാധിപത്യപരമായ സ്ഥാപന സംവിധാനങ്ങളിലൂടെ പരിഹരിക്കപ്പെടുന്നു എന്നും ഉറപ്പുവരുത്തണം. നമ്മുടെ സ്ഥാപനങ്ങളെ മാറ്റേണ്ടത് നാം തന്നെയാണ്.

(ഏകണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയുടെ അനുമതിയോടെ പ്രസിദ്ധപ്പെടുത്തുന്നത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍