UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രോഹിത് വെമൂലയുടെ ആത്മഹത്യ; പ്രക്ഷുബ്ദമായി കാമ്പസുകള്‍, നീതിക്കു വേണ്ടി പൊതുസമൂഹം

Avatar

അഴിമുഖം പ്രതിനിധി

ഹൈദരാബാദ് സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ ദളിത് ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമൂലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമാകുന്നു. കേരളത്തിലടക്കം വിവിധ സംസ്ഥാനങ്ങളിലെ കാമ്പസുകളിലും പൊതുയിടങ്ങളിലും പ്രതിഷേധങ്ങളും പഠിപ്പുമുടക്കുമായി വിദ്യാര്‍ത്ഥി സംഘടനകളും സാമൂഹികപ്രവര്‍ത്തകരും രംഗത്തെത്തിയിരിക്കുകയാണ്.

‘കുറ്റവാളികളെ ശിക്ഷിക്കുക, രോഹിത്തിന്റേത് ഇന്‍സ്റ്റിറ്റിയൂഷണല്‍ കൊലപാതകമാണ്’ എന്ന മുദ്രാവാക്യമുയര്‍ത്തി വിവിധ സംഘടനകളുടെ വിദ്യാര്‍ത്ഥി കൂട്ടായ്മകള്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് മുന്നില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. ജെന്‍യു കാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ ഹൈദരാബാദ് സര്‍വകലാശാല വി സി യുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു. മുംബൈ ടാറ്റ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ വിദ്യാര്‍ത്ഥികള്‍ പഠനം ബഹിഷ്‌കരിക്കുകയും ഡൈംനിംഗ് ഹാളില്‍ ഒത്തുകൂടി പ്രതിഷേധിക്കുകയും ചെയ്തു. ഹൈദരാബാദ് സര്‍വകാലാശലയിലും വിദ്യാര്‍ത്ഥികള്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോവുകയാണ്. രോഹിതിന്റെ മൃതദേഹവുമായി അവര്‍ ഇന്നലെ രാത്രി മുഴുവന്‍ സര്‍വകലാശാല ഉപരോധിച്ചിരുന്നു. രാവിലെ പൊലീസ് എത്തി വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തിയശേഷമാണ് മൃതദേഹം വിട്ടുകൊടുക്കാന്‍ തയ്യാറായത്.രോഹിതിന്റെ മരണത്തില്‍ നീതി കിട്ടിയില്ലെങ്കില്‍ നിരാഹാര സമരത്തിലേക്ക് കടക്കുമെന്നാണ് വിദ്യാര്‍ത്ഥികളുടെ മുന്നറിയിപ്പ്.

കേരളത്തിലും ശക്തമായ പ്രതിഷേധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. കോഴിക്കോട് ഫറൂഖ് കോളേജില്‍ വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ ആഭിമുഖ്യത്തില്‍ പഠിപ്പു മുടക്കിന് ആഹ്വാനം ചെയ്തിരുന്നു. എറണാകുളം ഫോര്‍ട്ട് കൊച്ചിയില്‍ നിന്നു ഹൈക്കോടതി ജംഗ്ഷന്‍ വരെ പ്രതിഷേധ പ്രകടനം നടത്തും. മീന കന്ദസ്വാമി ഉള്‍പ്പെടെയുള്ള സാമൂഹ്യപ്രവര്‍ത്തകര്‍ പങ്കെടുക്കും. തിരുവനന്തപുരത്ത് ഗാന്ധി പ്രതിമയ്ക്കു മുന്നിലും, കോഴിക്കോട് മാനാഞ്ചിറ സ്‌ക്വയറിലും ഇന്നു വൈകുന്നേരം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍