UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹൈദരാബാദില്‍ ഒരാള്‍ തൂങ്ങിമരിച്ചതിനു കേരളത്തില്‍ സമരം ചെയ്യുന്നതെന്തിന് എന്നു ചോദിക്കുന്നവരോട്

Avatar

പി സി ജിബിന്‍

ഹൈദരാബാദ് സര്‍വകലാശാലയിലെ ദളിത് വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ചു ഫേസ്ബുക്ക് പ്രതികരണം നടത്തിയവരെ മലയാളി സംഘപരിവാര്‍ വിശ്വാസികളും സവര്‍ണ മനസ്സുകളും കടുത്ത ഭാഷയിലാണ് ആക്ഷേപിച്ചത്. ഇടത് ആക്റ്റിവിസ്റ്റ് അരുന്ധതി തനിക്കെതിരെ ഈ വിഷയത്തില്‍ വന്ന പ്രതികരണങ്ങള്‍ക്ക് അത്യന്തം വേദനയോടെ മറുപടി കൊടുക്കുന്നതും ഫെയ്‌സ്ബുക്കില്‍ കാണേണ്ടിവന്നു. പലരും ചോദിക്കുന്നത് ഒരു സവര്‍ണ വിദ്യാര്‍ഥി ആത്മഹത്യ ചെയ്താല്‍ ഇങ്ങനെ പ്രതികരിക്കുമോ, പ്രൊഫൈല്‍ മാറ്റുമോ എന്നൊക്കെയാണ്. ദളിത് എന്ന് വിളിച്ച് ആക്ഷേപിക്കാനും പുറത്ത് നിര്‍ത്താനും വിദ്യാഭ്യാസം നിഷേധിക്കാനും നിങ്ങള്‍ക്ക് അര്‍ഹതയുണ്ടെങ്കില്‍ ദളിത് ആയതിന്റെ പേരില്‍ മരിക്കേണ്ടി വരുന്ന ഒരാളിന് വേണ്ടി ആ പദം ഉപയോഗിച്ച് പ്രതിഷേധിക്കുന്നതില്‍ എന്താണ് തെറ്റ്? സവര്‍ണന്‍ ആയി എന്ന കാരണം കൊണ്ട് ഇവിടെ ഒരു വ്യക്തിയും ആത്മഹത്യ ചെയ്യുകയോ, കൊല ചെയ്യപ്പെടുകയോ, ബാലാത്സംഘം ചെയ്യപ്പെടുകയോ ഉണ്ടായിട്ടില്ല. പിറവി കൊണ്ട് മാത്രം അതെല്ലാം അനുഭവിക്കേണ്ടി വരുന്ന ഒരു ജനവിഭാഗം പ്രതിഷേധിക്കുമ്പോള്‍ എന്തേ നിങ്ങള്‍ക്ക് ഈ അസഹിഷ്ണുത?

മലയാളിയുടെ പൊതുബോധം തന്നെ സവര്‍ണ മനോഭാവമാണ്. സാമൂഹ്യ പരിഷ്‌കരണത്തിന്റെ ഫലമായി ഉണ്ടായ ഉന്നതിയെ സവര്‍ണ സംസ്‌കാരത്തോട് കൂട്ടിക്കെട്ടാന്‍ ഉള്ള ത്വര മലയാളിക്ക് ഉള്ളില്‍ ഉണ്ട്. അത് ഒരു വെള്ളാപ്പള്ളി നടേശന്‍ വ്യക്തിലാഭത്തിനു വേണ്ടി സംഘപരിവാറിനു ഒപ്പം പോകുന്ന ഉദാഹരണം മാത്രമല്ല. ഏതു ജാതിയിലും മതത്തിലും പെടുന്ന ആളുകള്‍ ആണെങ്കിലും മലയാളിയുടെ വ്യക്തിബോധത്തില്‍ സവര്‍ണതയുടെ, സവര്‍ണതയോട് കൂട്ടിക്കെട്ടുന്ന ഒരു സംഗതി ഉണ്ടാവും. ജാതി, തറവാട്, കുലം, ഗോത്രം ഇവയുടെയെല്ലാം ‘മഹിമ’ പറയുന്ന ഒരു സംഗതി. അതെല്ലാം എത്രത്തോളം നാണം കെട്ട വാചകങ്ങള്‍ ആണെന്ന് ഇവരൊക്കെ എപ്പോഴാണ് പഠിക്കുക? നായര്‍ ഗൃഹങ്ങളില്‍ കയറി വ്യഭിചരിക്കുന്ന നമ്പൂതിരി മഹിമയും, പണ്ട് എപ്പോഴോ നമ്പൂതിരിമാര്‍ ‘സംബന്ധത്തിനു’ കയറി ഇറങ്ങിയ തറവാട് ആയതുകൊണ്ട് സ്വശരീരത്തില്‍ ബ്രാഹ്മണ രക്തം ഒഴുകുന്നുണ്ടെന്ന് ഊറ്റം കൊള്ളുന്ന നായര്‍ പ്രമാണിത്വവും, നമ്പൂതിരിയോടും നായരോടും നട്ടെല്ല് വളച്ച് വണങ്ങി നിന്ന ഭൂതകാല സ്മരണയിലും പണ്ട് പുലയരെ തങ്ങളുടെ വീട്ടില്‍ കയറ്റില്ലായിരുന്നു എന്ന് പറയുന്ന ഈഴവ മഹത്വവും. ഇതിലാണ് മലയാളി ഊറ്റം കണ്ടെത്തുന്നത്. ഈ മലയാളി ബോധമാണ് ദളിത് എന്ന വാക്കിനു നേരെ വാളോങ്ങാന്‍ പ്രേരിപ്പിക്കുന്നതും സംഘപരിവാര്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നതും.

സമരങ്ങള്‍, കുറ്റകൃത്യം, ദുരന്തങ്ങള്‍ തുടങ്ങി എന്തിനോടും പ്രതികരിക്കുമ്പോള്‍ മലയാളിയുടെ ഈ പൊള്ളയായ സവര്‍ണ മനോഭാവം ഉണ്ടാവും. അട്ടപ്പാടിയോടും മുന്നാറിലെ തമിഴ് വംശജരായ തൊഴിലാളി സമരത്തോടും നമ്മള്‍ പ്രതികരിക്കുന്നത് ഇതേ ബോധത്തില്‍ ആണ്. വഴിയരികില്‍ ഉറങ്ങിക്കിടന്ന തമിഴ് നാടോടി കുടുംബത്തിലെ കൊച്ചുകുഞ്ഞുങ്ങളെ എടുത്തു കൊണ്ട് പോയി പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്ത അനേകം മലയാളി കുറ്റവാളികള്‍ ഇവിടെ ഉള്ളപ്പോഴും, മലയാളി പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊന്ന ഒറ്റക്കയ്യനും തമിഴനും ആയ വ്യക്തിയെ മാത്രം തൂക്കിക്കൊല്ലണം എന്ന് പറയുന്നതിന്റെ നീതി ബോധവും അതുതന്നെ. 

ഓണം എന്ന സവര്‍ണ ആഘോഷത്തെ മലയാളിയുടെ പൊതു ബോധം ആക്കി മാറ്റുകയും, ഓണത്തെ കുറിച്ചുള്ള, ഗതകാല സ്മരണകളില്‍ സവര്‍ണ ജന്മിത്ത സ്മരണകള്‍ മാത്രം നിറക്കുകയും ചെയ്യുന്നത് ഒരു കീഴ് വഴക്കമായി മാറിയിരിക്കുന്നു. ഓണം പിറന്നാലും ഉണ്ണിപിറന്നാലും കുമ്പിളില്‍ കഞ്ഞി കുടിക്കുന്ന ചരിത്രം ആരും പറയുന്നില്ല. നിറഞ്ഞ പറയും പൂക്കളവും കഥകളിത്തലയും ഉള്‍ക്കൊള്ളുന്ന ‘മേല്‍ജാതി ഫ്രെയിമിലേക്ക്’ ഓണത്തെ പറിച്ചു നടുകയും അത് സ്‌കൂളുകളില്‍ പോലും പഠിപ്പിക്കുകയും ചെയ്യുന്നു.

സവര്‍ണ മാടമ്പി ചലച്ചിത്രങ്ങളില്‍ പോലും ആഘോഷിക്കപ്പെടുന്നു. കീഴാള സിനിമകള്‍ സമാന്തര സിനിമകള്‍ ആയി ആരും കാണാതെ മൂടിവെക്കപ്പെടുന്നു. നസ്രാണി പശ്ചാത്തലമുള്ള സിനിമകളില്‍ പോലും ‘പണ്ട് തോമാശ്ലീഹ നേരിട്ട് മതം മാറ്റിയ നമ്പൂതിരിമാരാ ഞങ്ങള്‍’ എന്ന് നായകനെ കൊണ്ട് പറയിച്ച് സവര്‍ണ ഐഡന്റി ആഘോഷിക്കുന്നു. കഥകളി അടയാള ചിഹ്നം ആകുമ്പോള്‍ തുടിയും പുള്ളുവന്‍ വീണയും തെയ്യവും എല്ലാം അരികു ചേര്‍ന്ന് ഇല്ലാതാവുന്നു.

മലയാളിയുടെ ഇത്തരം വീക്ഷണങ്ങളെ മാറ്റിയെടുക്കാന്‍ ഇടതു പുരോഗമന പ്രസ്ഥാനങ്ങള്‍ ഒരു ആധുനിക നവോഥാന സമരത്തിന് രൂപം നല്‍കേണ്ടിയിരിക്കുന്നു. അത് സാധ്യമായില്ലെങ്കില്‍ ഈ മനോഭാവത്തെ ഉപയോഗപ്പെടുത്തി മലയാളിയുടെ കാവിവത്കരണം സംഘപരിവാര്‍ നടപ്പില്‍ വരുത്തുന്ന കാലം ഏറെ വിദൂരമല്ല.

ഹൈദരാബാദില്‍ ഒരു ആള്‍ തൂങ്ങി മരിച്ചതിനു കേരളത്തില്‍ എന്തിനു സമരം ചെയ്യുന്നു എന്ന് ചോദിച്ചവര്‍ക്ക് ഒരു ഉത്തരം മാത്രമേ തരാനുള്ളൂ. മേല്പ്പറഞ്ഞ മലയാളിയുടെ സവര്‍ണ ബോധത്തിന് എതിരെയുള്ള പോരാട്ടം കൂടിയാണ് ഇത്. ‘ഈ ലോകത്ത് ഏതൊരുവന്റെ പുറത്ത് അടി വീണാലും എന്റെ പുറത്താണ് അടി വീഴുന്നത്’ എന്ന് പഠിപ്പിച്ച വിപ്ലവ കവികളുടെ നാടാണ് കേരളം, അല്ലാതെ അനേകായിരം പേര്‍ പോരാടി നേടിയെടുത്ത നവോഥാന മൂല്യങ്ങളെ സംഘപരിവാര്‍ ഗണഗീതത്തോട് ചേര്‍ത്ത് പാടുന്ന അപസ്വരക്കാരുടെ നാടല്ല.

(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക



 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍