UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റോജി റോയിയുടെ മരണം; കേരളത്തില്‍ ഒരു തുടര്‍ക്കഥ

Avatar

സന്തോഷ് പവിത്രമംഗലം

ദൈവത്തിന്റെ സ്വന്തം നാടെന്നു മലയാളികള്‍ ഊറ്റംകൊള്ളുമ്പോള്‍, ആരെങ്കിലുംചിന്തിക്കുന്നുണ്ടോ മാംസഭോജികളായ വന്യമ്യഗങ്ങള്‍പോലും അതിന്റെവര്‍ഗത്തില്‍പ്പെട്ട ജന്തുക്കളോട് മാന്യത പുലര്‍ത്താറുണ്ട് എന്നുള്ള വസ്തുത. എന്നാല്‍ കേരളത്തിലെ ചിലരില്‍ നിന്നും മാന്യതയും സദാചാരവും എന്നേ നഷ്ടപ്പെട്ടു. വിദ്യാഭ്യാസം ഉണ്ടെങ്കിലും വിവേകമില്ലാത്ത വന്യജീവി ആയിമാറുന്നൂ നമ്മളില്‍ പലരും. കാമാസക്തി തീര്‍ക്കുവാന്‍ പിഞ്ചുകുഞ്ഞുങ്ങളെപ്പോലും പിച്ചിചീന്തുന്നവര്‍.

റോജിറോയിയുടെ മരണം ഇവിടുത്തെ ഒരു വിഭാഗം മനുഷ്യസ്‌നേഹികളുടെ മനഃസാക്ഷിയെ വേദനിപ്പിച്ച ഒരു സംഭവമാണ്. പോലീസിന്റെ കേസ് ഡയറിയില്‍ ഒരു അധ്യായംകൂടി എഴുതിചേര്‍ക്കപ്പെട്ടു.

സമാനമായ സംഭവങ്ങള്‍ മുമ്പും ഇവിടെ ധാരാളമായി നടന്നിട്ടുണ്ട്. കുറച്ചുദിവസത്തേക്ക് ചില മാധ്യമങ്ങള്‍ അത് ഏറ്റെടുക്കുകയും സ്ഥാപനങ്ങളുടെ സ്വാധീനം അനുസരിച്ച് നാമമാത്രമായ ഒരു അന്വേഷണം നടത്തി കേസ് അവസാനിപ്പിക്കുന്ന സ്ഥിതിയാണ് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇങ്ങനെയുള്ള സംഭവങ്ങള്‍ എന്തുകൊണ്ടു വീണ്ടും ആവര്‍ത്തിക്കുന്നൂ, എങ്ങനെ ഇതിനെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണം എന്നതിനെക്കുറിച്ചൊന്നും ചിന്തിക്കുവാന്‍ അധികാര കേന്ദ്രങ്ങള്‍ക്കോ, തൊട്ടതിനൊക്കെയും വിദ്യാര്‍ത്ഥിസമരം നടത്തി പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കോ കഴിയുന്നില്ല. കോളേജില്‍ അപമര്യാദയായി പെരുമാറുന്ന പണക്കാരുടെ മക്കളെ പുറത്താക്കിയാല്‍ അതിനെ ചോദ്യം ചെയ്യാന്‍ വിദ്യാര്‍ഥി സംഘടനകള്‍ കാട്ടുന്ന ഉത്സാഹം പാവപ്പെട്ട കുടുംബങ്ങളിലെ മാതാപിതാക്കളുടെ പ്രതീക്ഷയായി പഠിച്ചുവരുന്ന കുഞ്ഞുങ്ങളുടെ ജീവന്‍ പൊലിഞ്ഞാലും ലഭ്യമാകുന്നില്ല.

സദാചാര പോലീസിന്റെ ഗുണ്ടായിസത്തിനെതിരെ കൊച്ചിയിലെ യുവതിയുവാക്കള്‍ സംഘടിച്ചപ്പോള്‍ കെ. എസ്. യു പോലുള്ളസംഘടനകള്‍ ശക്തമായി അതിനെ എതിര്‍ത്തുകൊണ്ട് രംഗത്തുവന്നത് ജനങ്ങള്‍ കണ്ടതാണ്. ചുംബന സമരത്തോട് പൂര്‍ണ്ണമായി യോജിയ്ക്കുന്നില്ലെങ്കിലും സമൂഹത്തോട് നീതി പുലര്‍ത്തേണ്ട ഉത്തരവാദിത്വം ഇവിടുത്തെ എല്ലാരാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമുണ്ട്.

റോജി റോയിയുടെ മരണം ഇവിടുത്തെ രാഷ്ട്രീയ സഘടനകളും പ്രമുഖ മാധ്യമങ്ങളും ശരിയായവിധം ഏറ്റെടുത്തിട്ടില്ല. ഇവരുടെ താത്പര്യങ്ങള്‍ മറ്റുപലതിലുമാണ്. പാവപ്പെട്ടവനെ സംരക്ഷിക്കുവാനും അവന്റെ അവകാശങ്ങള്‍ക്കുവേണ്ടി വാദിക്കുവാനും നിര്‍ഭാഗ്യവശാല്‍ ഇവിടെആരുംതന്നെയില്ല. നേഴ്‌സിങ് തൊഴില്‍ പഠിച്ച്, ഏതെങ്കിലും സ്വകാര്യസ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ചാലും ഈക്കൂട്ടരുടെ അവസ്ഥ പരിതാപകരമാണ്. അമിതജോലിഭാരവും, ശരിയായവേതനം ലഭിയ്ക്കാതെയും പീഡനങ്ങള്‍ അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങളുടെ ദുരഃവസ്ഥയ്ക്ക് ശരിയായവിധം പരിഹാരം കാണുവാന്‍ ഒരുസര്‍ക്കാരിനും കഴിയുന്നില്ല. സ്വകാര്യമേഖലയില്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ നടത്തുന്ന സ്ഥാപനങ്ങളിലെ മേലധികാരികളുടെ പീഡനത്തിന് ഇരയായി ജീവന്‍ പൊലിഞ്ഞിട്ടുള്ള നമ്മുടെ സഹോദരീസഹോദരങ്ങള്‍ അനേകമാണ്. അതിനെക്കാള്‍ എത്രയോ അധികമായിരിക്കും അവിടുത്തെ പീഡനങ്ങള്‍ സഹിക്കവയ്യാതെ പഠിപ്പ് ഉപേക്ഷിച്ചവരും മാനസികനില തകര്‍ന്നവരും. ആത്മഹത്യയുടെ കണക്കുകള്‍ മാത്രമെ ഇന്ന് പുറംലോകം അറിയുന്നുള്ളൂ.

ഇതുപോലെയുള്ള സംഭവങ്ങള്‍ ശരിയായവിധം ജനങ്ങളില്‍ എത്തിക്കുവാന്‍ ഇവിടുത്തെ മുന്‍നിര മാധ്യമങ്ങള്‍ക്ക് കഴിയുന്നതുമില്ല. അഥവാ ഈ വിഷയം ചൂടേറിയ ഒരു ചര്‍ച്ചയാകുമ്പോള്‍, ഇത് പ്രസ്ഥാനത്തെ തകര്‍ക്കുവാന്‍ ഉള്ള ഗൂഡശ്രമത്തിന്റെ ഭാഗമാണ് എന്ന് പറയുവാന്‍ ഒരു വാര്‍ത്താസമ്മേളനം നടത്തി സ്ഥാപനത്തിന്റെ ഉത്തരവാദിത്വപ്പെട്ടവര്‍ തലയൂരുന്നു. അതോടുകൂടി എല്ലാ പ്രതിഷേധങ്ങളും അവസാനിക്കുന്നു. ഇതുപോലെയുള്ള സംഭവങ്ങളില്‍ ഏതെങ്കിലും കേസുകളില്‍ കുറ്റവാളികള്‍ മാത്യകാപരമായി ശിക്ഷിക്കപ്പെട്ടിരുന്നെങ്കില്‍ വീണ്ടും ഇവിടെ റോജിമാരുടെ ജീവന്‍ പൊലിയുകയില്ലായിരുന്നു. ആര്‍ക്കും ഇവിടെ പഠിപ്പ് അവസാനിപ്പിക്കേണ്ടിവരില്ലായിരുന്നു. പണക്കൊഴുപ്പില്‍ എന്തും ആകാമെന്ന് ഒരു സ്വകാര്യസ്ഥാപകനും അഹങ്കരിക്കില്ലായിരുന്നു.

കിംസ് ആശുപത്രി ലോകത്തിന്റെ നാനാഭാഗത്തുള്ള രോഗികള്‍ക്ക് നല്‍കുന്ന സേവനത്തെ വിസ്മരിക്കുന്നില്ല. അവരുടെസേവനങ്ങള്‍ പ്രശംസനീയമാണ്. എന്നാല്‍ ഇതുപോലെയുള്ള സ്ഥാപനങ്ങള്‍ക്ക് കളങ്കം ചാര്‍ത്താന്‍ അധികാരസ്ഥാനത്ത് നുഴഞ്ഞുകയറുന്ന ഇത്തിള്‍കണ്ണികളെ മാനേജ്‌മെന്റുകള്‍ തരിച്ചറിയണം. ഇവര്‍ നിങ്ങളുടെയും സമൂഹത്തിന്റെയും അഭ്യൂദയകാംക്ഷികളല്ല. ഇങ്ങനെയുള്ളവര്‍ സമൂഹത്തിന്റെ വിപത്താണ്. അവരെ നിയമത്തിന്റെ മുമ്പില്‍ എത്തിച്ചാല്‍ ഒരിക്കലും ആ സ്ഥാപനത്തിന്റെ മൂല്യം ഇടിയുകയില്ല, പകരം സമൂഹത്തില്‍ അവരുടെ മാന്യത വര്‍ദ്ധിക്കുകയേയുള്ളൂ. എന്നാല്‍ ഒരു നിരപരാധിയും ശിക്ഷിയ്ക്കപ്പെടാനും ഇടയാകരുത്. സ്വകാര്യസ്ഥാപനത്തില്‍ പഠിച്ചതിന്റെയും ജോലിചെയ്യുന്നതിന്റെയും പേരില്‍ ഒരു മനുഷ്യ ജീവന്‍പോലും അകാലത്തില്‍ പൊലിയരുതേ എന്ന് ആശിക്കാം.

 

(കായംകുളം സ്വദേശിയായ ലേഖകന്‍ അബുദാബിയില്‍ ജോലി ചെയ്യുന്നു)

 

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍