UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റോജി റോയിയുടെ മരണം; നീതി നേടിക്കൊടുക്കേണ്ടത് ഈ സമൂഹമാണ്

Avatar

റോജി റോയി എന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മരണം ബാക്കി നിര്‍ത്തുന്നത് വലിയൊരു ദുരുഹതയാണ്. എവിടെയോ എന്തോ മറയ്ക്കപ്പെടുന്നു, ആര്‍ക്കെല്ലാമോ പലതും മൂടിവയ്‌ക്കേണ്ടതായി വരുന്നു. ആ ഇരുള്‍ മാറിയേ തീരൂ. സത്യം; അതെന്തായാലും പുറത്തുവരണം. താഴെ വീണു ചിതറിയ ഒരു കൊച്ചുജീവിതവും കുറെ സ്വപ്‌നങ്ങളും, പറഞ്ഞു മറക്കാനുള്ള ഒരു കഥയായി മാറരുത്.

റോജിയുടെ മരണം ആത്മഹത്യയാണെന്ന് വിശ്വസിക്കാന്‍ പ്രയാസമുള്ള ഒരുപാട് പേര്‍ ഇന്നുണ്ട്. അവരെല്ലാം റോജിക്ക് നീതികിട്ടാനുള്ള പോരാട്ടത്തിലാണ്. സംശയങ്ങളുടെ ചൂണ്ടുവിരലുകള്‍ പലരൂപത്തില്‍ ഉയര്‍ന്നു നില്‍ക്കുമ്പോള്‍ അതിനെല്ലാമുള്ള ഉത്തരങ്ങള്‍, ബാധ്യതപ്പെട്ടവര്‍ പറഞ്ഞേ മതിയാകൂ-റോജി റോയിയുടെ മരണത്തിനു പിന്നിലുള്ള ദുരൂഹതയെക്കുറിച്ചും അതുയര്‍ത്തുന്ന സംശയങ്ങളെക്കുറിച്ചും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍(യുഎന്‍എ) സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷാ സംസാരിക്കുന്നു.

മുഖ്യധാര മാധ്യമങ്ങളും നിശബ്ദരാക്കപ്പെട്ട അധികാരികളും കൂടി തേച്ചുമാച്ചുകളയാന്‍ ശ്രമിച്ച ഈ സംഭവം സോഷ്യല്‍ മീഡിയയുടെ പ്ലാറ്റ്‌ഫോമില്‍ വലിയ ചര്‍ച്ചയാകുകയും പൊതുവേദിയിലേക്ക് ഈ പ്രതിഷേധം വ്യാപിക്കുന്നതുമാണ് ഇപ്പോള്‍ കാണുന്നത്. മിണ്ടാപ്രാണികളായ മാതാപിതാക്കളുടെ ഏകാശ്രയമായിരുന്നു ഒരു പാവം പെണ്‍കുട്ടിയുടെ ജീവിതം അവസാനിക്കാന്‍ കാരണമായതെന്തോ, അത് പുറത്തുവരാന്‍ ഈ പ്രതിഷേധത്തിന് കഴിയുമെന്നു തന്നെയാണ് എന്റെയും വിശ്വാസം. റാഗിംങ്ങ് ആരോപണം തലയില്‍ ചുമത്തി റോജിയുടെ മരണം ആത്മഹത്യയാക്കി മാറ്റാനുള്ള നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. മാനേജ്‌മെന്റിന്റെ പീഡനംകൊണ്ട് സെന്റ് ജോണ്‍സ് ആശുപത്രിയില്‍ ഒരു നഴ്‌സ് ആത്മഹത്യചെയ്തിരുന്നു. ആ സംഭവം ബുദ്ധിപൂര്‍വം മുക്കിക്കളയാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞു. എന്നാല്‍ റോജിയുടെ കാര്യത്തില്‍ അത്തരമൊരു വീഴ്ച്ച സംഭവിക്കാന്‍ പാടില്ല. യാഥാര്‍ത്ഥ്യം കണ്ടെത്താന്‍ കുറ്റമറ്റ അന്വേഷണം കൂടിയെ തീരു. അതിനുവേണ്ടിയുള്ള നിയമപോരാട്ടത്തിന് യുഎന്‍എ തയ്യാറെടുക്കുകയാണ്.

എന്തുകൊണ്ടും ആ പെണ്‍കുട്ടി ആത്മഹത്യ ചെയ്യതാണെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. ഒന്നാമതായി ഈ ദുരന്തത്തിന് വേദിയായ കിംസ് ആശുപത്രി തന്നെ പലപ്പോഴായി വിമര്‍ശന വിധേയമായിട്ടുള്ളതാണ്. തൊഴില്‍ ലംഘനങ്ങള്‍ നടക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഈ ആശുപത്രിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുണ്ട്. സുപ്രിം കോടതി നിരോധിച്ചിട്ടുള്ള ബോണ്ട് വ്യവസ്ഥ ഇന്നും നിലനില്‍ക്കുന്ന ആശുപത്രികളില്‍ ഒന്നാണിത്. ജോലി ലഭിക്കണമെങ്കില്‍ 35000 രൂപ കെട്ടിവക്കണം എന്ന വ്യവസ്ഥയും ഇവിടെയുണ്ട്. എന്നാല്‍ ഒന്നിനും രേഖകള്‍ ഇല്ലാത്തതിനാല്‍ ഈ കരിനിയമങ്ങള്‍ ഇവിടെ നിര്‍ബാധം തുടരുകയുമാണ്. ജോലി ചെയ്തുപോയ നഴ്‌സുമാര്‍ക്ക് എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കെറ്റ്‌പോലും നല്‍കാത്ത ക്രൂരതയും ഇവിടെ നടക്കുന്നുണ്ട്. ഈ കളങ്കങ്ങളെല്ലാം പേറുന്നൊരു സ്ഥാപനം റോജിയുടെ മരണത്തിനു നിരത്തുന്ന ന്യായങ്ങള്‍ എങ്ങിനെയാണ് വിശ്വസിക്കുക?

ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍
റോജിയുടെ മരണം നടന്ന് എട്ടുമണിക്കൂര്‍ കഴിഞ്ഞാണ് വിവരം ബന്ധുക്കളെ അറിയിക്കുന്നത്. എന്തുകൊണ്ട്?
മാനജ്‌മെന്റിന്റെ ഭാഗത്തുനിന്ന് ആരും റോജിയുടെ വീട്ടില്‍ വരാതിരുന്നതെന്തുകൊണ്ട്?
ഒന്നര വര്‍ഷം കൂടെയുണ്ടായിരുന്ന സഹപാഠിയുടെ ജീവനറ്റ ദേഹം അവസാനമായി ഒരുനോക്കു കാണാന്‍ എന്തുകൊണ്ട് ഒരു വിദ്യാര്‍ത്ഥിപോലും റോജിയുടെ വീട്ടിലേക്ക് അയക്കാന്‍ കോളേജ് അധികൃതര്‍ തയ്യാറായില്ല?
ജൂനിയേഴ്‌സിനെ റാഗ് ചെയ്തു എന്ന് റോജിക്കുമേല്‍ കുറ്റം ആരോപിക്കുമ്പോഴും റാഗിംഗ് എന്ന കുറ്റത്തിനുമേല്‍ സ്വീകരിക്കേണ്ട ഒരു നടപടിയും മാനേജ്‌മെന്റ് പൂര്‍ത്തിയാക്കാതിരുന്നതിന്റെ കാരണം?

ഈ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാന്‍ ഇതുവരെ മാനേജ്‌മെന്റിന് കഴിഞ്ഞിട്ടില്ല. പറയാന്‍ അവര്‍ക്ക് ന്യായങ്ങളില്ലെന്നതു തന്നെ കാരണം. ഈ ഒളിച്ചുകളിയില്‍ നിന്നുതന്നെ റോജിയുടെത് അസ്വഭാവിക അന്ത്യമാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. രാവിലെയാണ് റോജി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴെക്ക് പതിക്കുന്നത്. പത്തുനില ഉയരത്തില്‍ നിന്ന് താഴെ കോണ്‍ക്രീറ്റ് പതിച്ചിരിക്കുന്ന തറയിലേക്കാണ് റോജി വീഴുന്നത്. വീഴ്ച്ചയില്‍ തന്നെ മരണം സംഭവിക്കാവുന്നതാണ്. എന്നിട്ടും വൈകിട്ട് ആറുമണിക്കാണ് ബന്ധുകള്‍ക്ക് റോജി മരിച്ചു എന്ന വിവരം നല്‍കുന്നത്. ഈ കാലതാമസം എന്തിനുവേണ്ടിയായിരുന്നുവെന്ന് കിംസ് അധികൃതര്‍ പറായത്തതെന്താണ്? അതിലും വലിയ ക്രൂരതയല്ലേ റോജിയുടെ മൃതദേഹത്തോട് കാണിച്ചത്. മനഃസാക്ഷിയുള്ള ആരെങ്കിലും കാണിക്കുന്ന അവഗണനയാണോ കിംസ് അധികൃതരും അവരുടെ ഭീഷണിക്കു മുന്നില്‍ ഭയന്നു വിറച്ച വിദ്യാര്‍ത്ഥികളും കാണിച്ചത്.എത്രവലിയ ശത്രുവാണെങ്കില്‍പ്പോലും അവസാനമായി ഒരു നോക്കുകാണുക എന്ന ദയ റോജിക്ക് മാത്രം അനുവദിച്ചു കിട്ടാഞ്ഞതെന്താണ്? ആ കുട്ടിയോട് വിരോധമുള്ളവര്‍ ഉണ്ടായിരിക്കാം, അവര്‍ വരണ്ട, എന്നാലും അവളെ പഠിപ്പിച്ച അധ്യാപകര്‍ക്കും അവളോടൊപ്പം ഒരുമിച്ചിരുന്ന പഠിച്ച, ഒരുമുറി പങ്കിട്ട കൂട്ടുകാരികള്‍ക്കും അവളെയൊന്നു വന്നു കാണാമായിരുന്നില്ലേ? അത്രയ്ക്ക് വല്യ അപരാധം എന്താണ് റോജി ചെയ്തത്?

അവള്‍ തന്റെ ജൂനിയേഴ്‌സിനെ റാഗ് ചെയ്തു എന്നാണ് ആരോപണം. ഇങ്ങിനെയൊരു ആരോപണം വന്നതുതന്നെ റോജിയുടെ മരണത്തിലെ ദുരൂഹുതയെക്കുറിച്ച് പ്രതിഷേധങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞശേഷമാണെന്ന് മനസ്സിലാക്കണം. ജൂനിയേഴ്‌സിനോടു പേരു ചോദിച്ചു- അതാണത്രെ റോജി നടത്തിയ റാഗിംഗ്. അല്‍പ്പം കടുപ്പിച്ചാണെങ്കില്‍പ്പോലും പേരു ചോദിക്കുന്നത് റാഗിംഗിന്റെ പരിധിയില്‍ വരുമോ? അതും കോളേജിനുള്ളില്‍ വച്ചാണ് ഈ പറഞ്ഞ റാഗിംഗ് നടന്നിരിക്കുന്നത്. ഒന്നരവര്‍ഷമായി ആ നഴ്‌സിംഗ് കോളേജിലെ ചിട്ടകളും നിയന്ത്രണങ്ങളും അറിയാവുന്ന റോജി ഒരിക്കലും പരസ്യമായൊരു റാഗിംഗിന് തയ്യാറെടുക്കുമെന്ന് വിശ്വസിക്കുക പ്രയാസം. റാഗ് ചെയ്യണമെങ്കില്‍ തന്നെ ഈ കുട്ടികളെല്ലാം ഹോസ്റ്റലില്‍ എത്തുമ്പോള്‍ ആയിക്കൂടെ. അതല്ല, എന്തുംകാണിക്കാന്‍ ധൈര്യമുള്ള കുട്ടിയായിരുന്നു റോജിയെങ്കില്‍ ഇതിനുമുമ്പ് റോജിക്കെതിരായി ഉണ്ടായിട്ടുള്ള കംപ്ലെയിന്റുകള്‍ കാണിക്കൂ. റോജി ഒരു കുഴപ്പക്കാരിയായിട്ടല്ല, ആ നഴ്‌സിംഗ് കോളേജിന്റെ പ്രതീക്ഷയായിട്ടാണ് അറിയപ്പെട്ടിരുന്നത്. പഠിക്കാന്‍ മിടുക്കി,ആത്മവിശ്വസത്തോടെ ജീവിതം നയിക്കുന്നവള്‍, കഷ്ടപ്പാടുകള്‍ക്കിടയില്‍ നിന്നും പഠിച്ച് നല്ലൊരു നിലയിലെത്തി തന്റെ മാതാപിതാക്കളെ സംരക്ഷിക്കണമെന്ന് തീരുമാനിച്ചിരുന്നവള്‍, യുക്തിപൂര്‍വം കാര്യങ്ങളെ സമീപിച്ചിരുന്നവള്‍- ഈ വിശേഷണളൊക്കെ മരണശേഷം ചാര്‍ത്തിക്കിട്ടിയ പട്ടങ്ങളല്ല. ജീവിച്ചിരുന്നപ്പോള്‍ തന്നെ ഈ വിശേഷണങ്ങള്‍ അവള്‍ ഏറ്റുവാങ്ങിയിരുന്നു. അങ്ങനെയല്ല റോജിയെന്ന് കോളേജ് അധികൃതര്‍ക്കും പറയാന്‍ കഴിയില്ല.

റാഗിംഗിന്റെ പേരില്‍ രക്ഷകര്‍ത്താക്കളെ വിളിച്ചുകൊണ്ടുവരാന്‍ പറഞ്ഞതിന്റെ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്തു എന്നാണ് കോളേജ് അധികൃതര്‍ നല്‍കിയ വിശദീകരണം. റോജി ചെയ്തത് അത്ര വലിയ റാഗിംഗ് ആണെങ്കില്‍ ചില ഫോര്‍മാലിറ്റികള്‍ കൂടി മാനേജ്‌മെന്റ് ചെയ്യേണ്ടതായിരുന്നു. ഒന്ന്, ഈ കാര്യം 24 മണിക്കൂറിനുള്ളില്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം,രണ്ട്, സര്‍വകലാശാലയ്ക്ക് ഇതു സംബന്ധിച്ച് പരാതി നല്‍കണം, ആരോപണവിധേയയ കുട്ടിയോട് വിശദീകരണം ചോദിക്കണം, പ്രഥമദൃഷ്ട്യ തെളിവുണ്ടെങ്കില്‍ റാഗിംഗ് നടത്തിയ കുട്ടിയെ സസ്‌പെന്‍ഡ് ചെയ്യാവുന്നതുമാണ്. ഇതിലൊന്നുപോലും നടന്നിട്ടില്ല. അപ്പോള്‍ പിന്നെ റോജി ചെയ്ത തെറ്റ് എന്തായിരുന്നു? റാംഗിംഗ് നടന്നെന്നു പറയുന്ന ദിവസത്തിന് രണ്ടു നാള്‍ കഴിഞ്ഞാണ് രക്ഷകര്‍ത്താക്കളെ വിളിച്ചുകൊണ്ടുവരാന്‍ പറയുന്നത് തന്നെ. ഇവിടെ നടക്കാനിടയുള്ള കാര്യങ്ങള്‍ ഇവയാകാം- മാതാപിതാക്കളെ വിളിച്ചുകൊണ്ടുവരാന്‍ പറഞ്ഞപ്രകാരം റോജി തന്റെ രക്ഷകര്‍ത്താക്കളെ വിവരം അറിയിക്കുന്നു. വളരെ കൂളായി, ഒട്ടും ഭയപ്പാടില്ലാതെ റോജി മാതാപിതാക്കളെ വിളിച്ചു പറഞ്ഞത് മാനേജ്‌മെന്റിനെ ഞെട്ടിച്ചിട്ടുണ്ടാവണം. സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ കരഞ്ഞുകാലുപിടിക്കാറും മറ്റുമാണല്ലോ ചെയ്യുന്നത്. റോജി അതിനൊന്നും ശ്രമിച്ചില്ല. തുടര്‍ന്ന് തങ്ങളെ ഭയക്കാത്തവളെ അതിക്രൂരമായി ഹരാസ് ചെയ്തിരിക്കാം.പരീക്ഷ എഴുതിപ്പിക്കില്ലെന്നും ഇന്റേണല്‍ മാര്‍ക്ക് തരാതെ( അതാണല്ലോ മാനേജ്‌മെന്റുകളുടെ ഏറ്റവും ശക്തമായ ആയുധം) തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കാം. ഇതൊരുപക്ഷേ റോജിയില്‍ വലിയ മാനസികാഘാതം സൃഷ്ടിക്കുകയും തന്റെ ഭാവി തകര്‍ന്നെന്നു വിചാരിച്ച് ജീവിതം അവസാനിപ്പിച്ചതുമാകാം. എന്നാല്‍ ഈ സാധ്യതയെ തള്ളിക്കളയുന്ന ഒന്നു രണ്ടുകാര്യങ്ങളുണ്ട്. തന്റെ ചുറ്റുപാടുകളെക്കുറിച്ച് തികഞ്ഞബോധവതിയായിരുന്നു റോജി. മിണ്ടാനും കേള്‍ക്കാനും വയ്യാത്ത മാതാപിതാക്കള്‍, ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാട്, അവളെ പഠിപ്പിക്കുന്നത് ഒരു പള്ളി വികാരിയാണ്. ഇവരോടെല്ലാമുള്ള കടപ്പാട് അവളെ ഒരിക്കലും സ്വന്തം ഇഷ്ടപ്രകാരം ജീവിതം അവസാനിപ്പിക്കാന്‍ പ്രേരിപ്പിക്കില്ല. ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചാല്‍ തന്നെ അതിന്റെ എന്തെങ്കിലുമൊക്കെ സൂചനകള്‍ റോജി കാണിക്കുമായിരുന്നു. ഒരു കത്തെങ്കിലും എഴുതിവയ്ക്കുമായിരുന്നു. മാത്രമല്ല, കോളേജിലേക്ക് വരുന്ന വഴി ബന്ധുക്കള്‍ റോജിയെ വിളിച്ചപ്പോള്‍ വളരെ സ്വാഭാവികമായാണ് റോജി സംസാരിച്ചത്. താന്‍ പഠിക്കുകയാണെന്നാണ് ബന്ധുക്കളോട് പറഞ്ഞത്. ഏറ്റവും നന്നായി പഠിക്കുന്ന കുട്ടിയാണ് റോജിയെന്ന് എല്ലാവരും സാക്ഷ്യപ്പെടുത്തുന്നുണ്ട്. പരീക്ഷയടുത്ത സമയത്താണ് റോജി റാഗ് ചെയ്യാന്‍ പോയതെന്നു കൂടി ഇതിനോട് ചേര്‍ത്തൊന്നു ആലോചിച്ചുനോക്കിയേ!

ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ മനസ്സിലാകുന്നത് റാഗ് ചെയ്തതിന്റെ പേരില്‍ താന്‍ ശിക്ഷിക്കപ്പെടുമെന്ന ഭയത്താല്‍ റോജി ആത്മഹത്യ ചെയ്തല്ലെന്നു തന്നെയാണ്. പിന്നെയെന്താകാം കാരണം? ക്രൂരമായ മാനസിക പീഡനം നടന്നിട്ടോ? പ്രിന്‍സിപ്പാളിനെതിരെ അത്തരമൊരു വിമര്‍ശനം ഉയര്‍ന്നിട്ടും തന്റെ ഭാഗം ന്യായീകരിക്കാന്‍ നില്‍ക്കാതെ വിദേശത്തേക്കു പറന്ന നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പാളിന്റെ നടപടിയെ എങ്ങിനെയാണ് കാണേണ്ടത്? അതേപോലെ, നഴ്‌സിംഗ് കോളേജിലെ മറ്റുവിദ്യാര്‍ത്ഥികളെ വായ തുറക്കാന്‍ സമ്മതിക്കാതെ ഭയപ്പെടുത്തി നിര്‍ത്തിയിരിക്കുന്നത് എന്ത് മറച്ചുവയ്ക്കാനാണ്? തങ്ങള്‍ക്കഹിതമായി എന്തെങ്കിലും പ്രവര്‍ത്തിച്ചാല്‍ തോല്‍പ്പിച്ചുകളയുമെന്ന ഭീഷണി തന്നെയാണ് ഇവിടെയും പ്രയോഗിച്ചിരിക്കുന്നതെന്ന് വ്യക്തം. സ്വന്തം ഭാവി തകര്‍ത്തുകൊണ്ട് ആരെങ്കിലും മരിച്ചുപോയവള്‍ക്കുവേണ്ടി നില്‍ക്കുമോ? പക്ഷേ, ഇന്നു ഭയന്നിരിക്കുന്നവരൊക്കെ ഒന്നു ചിന്തിച്ചാല്‍ നന്ന്: ഒരു റോജിയില്‍ അവസാനിക്കണമെന്നില്ല ഈ ക്രൂരത, അതു നാളെ നിങ്ങളിലാര്‍ക്കുനേരെവേണമെങ്കിലും നീളാം.

കിംസിലെ നഴ്‌സിംഗ് കോളേജില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിയെപ്പോലും ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നു പറയുമ്പോള്‍ അവര്‍ക്കുമേലുള്ള നിയന്ത്രണം എത്രഭീകരമാണെന്ന് ആലോചിക്കണം. അതേസമയം അവിടെ പഠിച്ചിറങ്ങിപ്പോയവരോട് കാര്യങ്ങള്‍ തിരക്കിയാല്‍ പറഞ്ഞുതരും; അവര്‍ അനുഭവിച്ച ദുരിതങ്ങള്‍. കിംസിലെന്നല്ല ഒരു നഴ്‌സിംഗ് കോളേജില്‍പ്പോലും വിദ്യാര്‍ത്ഥികള്‍ക്ക് സ്വാതന്ത്ര്യമില്ല, പ്രത്യേകിച്ച് പെണ്‍കുട്ടുകള്‍ക്ക്.കടുത്ത നിയന്ത്രണവും നിരീക്ഷണവുമുള്ള ഇത്തരം കോളേജുകളില്‍ ഒരു കുട്ടി റാഗിംഗ് നടത്തിയെന്നൊക്കെ പറഞ്ഞാല്‍ ആരു വിശ്വസിക്കാനാണ്. ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറകള്‍ കോളേജില്‍ ഉണ്ടാകുമല്ലോ, ഇവ പരിശോധിച്ചാല്‍ തന്നെ റോജി റാഗിംഗ് നടത്തിയോന്ന് തെളിയി്ക്കാല്ലോ. പ്രിന്‍സിപ്പാളിന്റെ മുറിയില്‍ എന്തായാലും സിസിടിവി കാണും.അവര്‍ റോജിയെ ഒരു തരത്തിലു അപമാനിച്ചിട്ടില്ലെങ്കില്‍ അതു തെളിയിക്കാനും സിസിടിവി ദൃശ്യങ്ങള്‍ സഹായിക്കില്ലേ. എന്തുകൊണ്ട് ആ വഴിയുള്ള ശ്രമങ്ങളൊന്നും നടത്തുന്നില്ല. അപ്പോള്‍ പലതും അവര്‍ക്ക് ഒളിക്കാനുണ്ടെന്ന് അര്‍ത്ഥം.

എത്രയൊക്കെ കൂട്ടിയും കിഴിച്ചും ചിന്തിച്ചാലും ഈ മരണത്തില്‍ നിരവധി സംശയങ്ങളുണ്ട്. അവ കണ്ടെത്തേണ്ടതുമാണ്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുള്ളതായി അറിഞ്ഞു. യുഎന്‍എ ജുഡീഷ്യല്‍ അന്വേഷണമാണ് ഇക്കാര്യത്തില്‍ ആവശ്യപ്പെടുന്നത്. അതിനായുള്ള നടപടികളുമായി അസോസിയേഷന്‍ മുന്നോട്ടുപോകും. ആ പാവം പെണ്‍കുട്ടിയുടെ ആത്മാവിനെങ്കിലും നീതി നേടിക്കൊടുക്കേണ്ടത് നമ്മളിലൊരോരുത്തരുടെയും ബാധ്യതയാണ്. സ്വന്തം മകളുടെ പേരുവിളിച്ചു കരയാന്‍പോലും ഭാഗ്യമില്ലാത്ത ആ അച്ഛനുമമ്മയ്ക്കും വേണ്ടിയെങ്കിലും നമുക്ക് എന്തെങ്കിലുമൊക്കെ ചെയ്തല്ലേ പറ്റൂ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍