UPDATES

റോജി റോയിയെ മറന്നോ? ആ കേസില്‍ വാദം പൂര്‍ത്തിയായി

കിംസ് കോളേജ് ഓഫ് നേഴ്‌സിംഗിലെ രണ്ടാം വര്‍ഷ ബിഎസ്‌സി നേഴ്‌സിങ് വിദ്യാര്‍ത്ഥി ആയിരുന്ന റോജി റോയ് എന്ന 19-കാരി 2014 നവംബര്‍ ആറിന് ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടി മരിക്കുകയായിരുന്നു.

വിവാദമായ റോജി റോയി കേസിൽ ഹൈക്കോടതിയില്‍ ഇന്ന്‍ വാദം പൂർത്തിയായി. പത്തു വര്‍ഷം മുന്‍പാണ് റോജി റോയിയുടെ മരണം സംഭവിച്ചിരുന്നതെങ്കില്‍ പുറത്തു വരാന്‍ സാധ്യതയുള്ള ഏക വാര്‍ത്ത ‘നേഴ്‌സിങ് വിദ്യാര്‍ത്ഥി ആശുപത്രി കെട്ടിടത്തില്‍ നിന്നു ചാടി ജീവനൊടുക്കി’ എന്നതായിരിക്കും. തിരുവനന്തപുരം കിംസ് വന്‍കിട ആശുപത്രി ആയതിനാല്‍ സ്വകാര്യ ആശുപത്രി കെട്ടിടം എന്നതിലൊതുങ്ങും ആശുപത്രിയെക്കുറിച്ചുള്ള വിവരം.

കിംസ് കോളേജ് ഓഫ് നേഴ്‌സിംഗിലെ രണ്ടാം വര്‍ഷ ബിഎസ്‌സി നേഴ്‌സിങ് വിദ്യാര്‍ത്ഥി ആയിരുന്ന റോജി റോയ് എന്ന 19-കാരി 2014 നവംബര്‍ ആറിന് ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടി മരിക്കുകയായിരുന്നു. സംഭവമറിഞ്ഞു ചാനലുകള്‍ എത്തി ഷൂട്ട് ചെയ്‌തെങ്കിലും ഒരു ദൃശ്യം പോലും പുറത്തു വന്നില്ല. ഏറെ പ്രേക്ഷകരുള്ള രാത്രി പരിപാടിയായ  എഫ്. ഐ. ആര്‍, കുറ്റപത്രം തുടങ്ങിയവയിലും കാണാതായതോടെ ചാനലുകളുടെ മൗനം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വാചാലമായി.  മുക്കിവച്ച വാര്‍ത്തയെ തുറന്നു വിടുന്നതിനായി റോജിയുടെ കൂട്ടുകാര്‍ സോഷ്യല്‍ മീഡിയ ആയുധമാക്കി. റോജി റോയിക്കായി നീതിയുടെ നിലവിളി കേട്ടവര്‍ കേട്ടവര്‍ ഏറ്റെടുത്തു. അതുവരെ അവളെ അറിയാത്തവര്‍ റോജിയുടെ മുഖം പ്രൊഫൈല്‍ പിക്ച്ചര്‍ ആക്കി. പുഞ്ചിരി തൂകുന്ന ആ ചിത്രം, രാജ്യാതിര്‍ത്തികള്‍ ഭേദിച്ചും പ്രതിഷേധ ജ്വാലകളുയര്‍ത്തി.

ബധിര മൂകരായ മാതാപിതാക്കളുടെ കേള്‍വിയും ശബ്ദവുമായിരുന്ന റോജി കേരളത്തില്‍ കൊടുംകാറ്റായി. സോഷ്യല്‍ മീഡിയയുടെ ശക്തി എന്താണെന്നു മാധ്യമങ്ങള്‍ക്കും പോലീസിനും ബോധ്യപ്പെടുത്തികൊടുത്ത സമരമായി ഈ കാമ്പയിന്‍ മാറി. തുടര്‍ന്ന്‍ തിരുവനന്തപുരം ക്രൈം ഡിറ്റാച്‌മെന്റ് അസി. കമീഷണര്‍ കെ. ഇ ബൈജുവിന്റെ നേതൃത്വത്തില്‍ അന്വഷണം ആരംഭിച്ചു.

സഹപാഠിയെ റോജി റാഗിംഗ് നടത്തിയത് പ്രിന്‍സിപ്പല്‍ ചോദ്യം ചെയ്തതും വിശദീകരണം എഴുതി ആവശ്യപ്പെട്ടതില്‍ മനംനൊന്ത് പത്തുനില കെട്ടിടത്തില്‍ നിന്നും ചാടി മരിക്കുകയായിരുന്നു എന്ന കോളേജ് അധികൃതരുടെ ഭാഷ്യം തൊണ്ടതൊടാതെ വിഴുങ്ങാന്‍ അന്വഷണ ഉദ്യോഗസ്ഥനായ കെ ഇ ബൈജു തയാറായില്ല. സംസ്ഥാന മനുഷ്യാവകാശ കമീഷനില്‍ സമര്‍പ്പിച്ച അന്വഷണ റിപ്പോര്‍ട്ടില്‍ ഇക്കാര്യം അക്കമിട്ടു നിരത്തുന്നുണ്ട്. ജൂനിയര്‍ കുട്ടിയുമായുള്ള പ്രശ്‌നം കുട്ടികളുടെ സാന്നിധ്യത്തില്‍ ഹോസ്റ്റലില്‍ സോറി പറഞ്ഞു അവസാനിപ്പിച്ചിരുന്നു. എന്നാല്‍ ഹോസ്റ്റലിലെ കുട്ടികളോട് ചോദിച്ചു കാര്യങ്ങള്‍ മനസിലാക്കാതെ 11 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് റോജിയെ വിളിച്ചു വരുത്തി അകാരണമായി ശാസിക്കുകയും ഭയപ്പെടുത്തുകയും ചെയ്ത പ്രിന്‍സിപ്പല്‍ സൂസന്‍ ജോസിന്റെ നടപടിയെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്.  സോഷ്യല്‍ മീഡിയയിലെ ഇടപെടല്‍ തണുത്തതോടെ അന്വഷണവും വഴിമാറി. പിന്നാലെ അന്വഷണ ഉദ്യോഗസ്ഥനായ ബൈജു സ്ഥലം മാറ്റപ്പെട്ടു. ഹര്‍ട് ആന്‍ഡ് ഹോമിസൈഡ് വിംഗിലെ ഡിവൈഎസ്എസ്പി ഷഫീക് അടുത്തഘട്ടം അന്വേണം ആരംഭിച്ചു. അദ്ദേഹവും മാറ്റപ്പെട്ടു.

roy-1

സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വഷിക്കുന്നതില്‍ വിദഗ്ധനായ എക്കണോമിക് ആന്‍ഡ് ഒഫെന്‍സ് വിങ് ഡിവൈഎസ് പി സുരേഷ്‌കുമാര്‍ അന്വേഷണം ഏറ്റെടുത്തു. (ഈ കേസ് അന്വേഷിക്കുന്നതില്‍ അദ്ദേഹത്തിന്റെ പ്രാഗത്ഭ്യത്തിന് എന്താണ് ബന്ധമെന്ന് ആരും ചോദിച്ചില്ല) അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട് സമര്‍പ്പിച്ചപ്പോള്‍ വെറുതെ ജീവനൊടുക്കുന്ന ആളുകളുടെ പട്ടികയില്‍ റോജിയുടെ പേരും എഴുതിച്ചേര്‍ക്കപ്പെട്ടു. ഫേസ്ബുക്കില്‍ വിപ്ലവം സൃഷ്ടിച്ചവര്‍ ഇതൊന്നും അറിഞ്ഞില്ല, മാധ്യമങ്ങള്‍ അറിയിച്ചില്ല. അഭിഭാഷക – ജേര്‍ണലിസ്റ്റ് യുദ്ധം അന്ന് ഉണ്ടായിട്ടില്ല. മരണത്തില്‍ സംശയമുണ്ടെന്ന്‍ റോജിയുടെ വല്യച്ഛന്‍ ഫിലിപ്പിന്റെ പരാതിയിലെ കഴമ്പും ചോദ്യം ചെയ്യപ്പെട്ടു.

ഒരേ റാങ്കിലുള്ള രണ്ടു പോലീസ് ഉദ്യോഗസ്ഥരാണ് പരസ്പര വിരുദ്ധമായ കണ്ടെത്തല്‍ നടത്തിയത് എന്നും ഇവിടെ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തില്‍ ഒരേ റാങ്കിലുള്ള രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ വ്യത്യസ്തമായ കണ്ടെത്തല്‍ നടത്തിയിരിക്കുന്ന സാഹചര്യത്തില്‍ കേസ് സിബിഐയെക്കൊണ്ട് അന്‍വേശിപ്പിക്കണമെന്നാണ് റോജി റോയിയുടെ കുടുംബത്തിന് വേണ്ടി ഹാജരായ അഡ്വ. മനു വില്‍സണ്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ജസ്റ്റിസ് സുനിൽ തോമസിന്റെ ബഞ്ചാണ് കേസ് പരിഗണിച്ചത്.

(മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍