UPDATES

റോണി നായര്‍

കാഴ്ചപ്പാട്

റോണി നായര്‍

യാത്ര

തലവെട്ടലുകള്‍, കൂട്ടക്കൊലകള്‍, കുഴിബോംബുകള്‍, എങ്ങും മരണം-റോണി നായരുടെ ഇറാക്ക് യാത്ര-ഭാഗം 3

വിശുദ്ധ മുസ്ലീം മാസമായ മുഹറം. വിശുദ്ധിയുടെയും തീവ്രഭക്തിയുടെയും മാസം. ആത്മസമര്‍പ്പണത്തിന്റെ  മാസം. ശാരീരിക ത്യാഗത്തിന്റെ മാസം. ശാരീരിക പീഡയുടെ പ്രകടനങ്ങള്‍. ഇന്നേക്ക് ഒരു വര്‍ഷം മുമ്പ് തലവെട്ടലുകള്‍ക്ക്  മുന്നോടിയായി, തെക്കന്‍ ഇറാക്കിലൂടെ റോണി നായര്‍ നടത്തിയ യാത്ര. 

(യാത്രയുടെ ആദ്യഭാഗങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക- വിശുദ്ധമാസമാണ്; ഇപ്പോള്‍ കലാപങ്ങളുടെയും: റോണി നായര്‍ ഇറാക്കിലൂടെ -ഭാഗം 1, ഓരോ ചുവടിലും അവിശ്വാസം, അസ്വസ്ഥത: റോണി നായര്‍ ഇറാക്കിലൂടെ- ഭാഗം 2)

 

നവംബര്‍ 10, 2013
ആര്‍കെ ഒരു ഇറാക് വിദഗ്ദ്ധനായിരുന്നു, 2000 മുതല്‍ സകലതും കണ്ടയാള്‍; എന്നാല്‍ വന്ന കാലത്തെപ്പോലെ തന്നെ തികച്ചും ഇന്ത്യാക്കാരന്‍. പലതവണ സുരക്ഷാ മേഖലയ്ക്ക് പുറത്തു തലനാരിഴക്ക് രക്ഷപ്പെട്ടു. പല പടിഞ്ഞാറന്‍ കമ്പനികളിലും പ്രവര്‍ത്തിച്ചു. ഇത്തരം കാര്യങ്ങളിലെ വൈദഗ്ദ്ധ്യം കൊണ്ട് ഇറാക്കില്‍ ഏറെ ആവശ്യക്കാരുള്ള വിദഗ്ധന്‍. നല്ല സുഹൃത്ത്. ഞാന്‍ ബഹുമാനിച്ചിരുന്ന ഒരാള്‍.

 

നവംബര്‍ 10-നു ജോലി തീരാന്‍ നേരം ആര്‍ കെ എന്നെ വിളിച്ചു. പ്രശ്നങ്ങള്‍ ഒതുങ്ങുന്നു എന്ന് അയാള്‍ സൂചിപ്പിച്ചു. ബി എച്ചിലെ ജോലിക്കാര്‍ തങ്ങളുടെ സുരക്ഷിത നാടുകളിലേക്ക് മടങ്ങുന്നു.

എന്തായാലും 16-ആം തിയതി അഷൂറ വരികയാണ്. എല്ലാവരും ഉണര്‍ന്നിരിക്കുന്നു. 14 മണിക്കൂര്‍ നീണ്ട ജോലിക്ക് ശേഷം അത്താഴത്തിനിടെ നടത്തിയ വര്‍ത്തമാനം ഞങ്ങള്‍ വേഗം അവസാനിപ്പിച്ചു. ഉച്ചക്ക് ഒരു മണിയോടെ ആര്‍ കെ എന്നെ വിളിച്ചു. 

വളരെ ചുരുക്കിപ്പറഞ്ഞൊരു വിളി. പ്രാദേശിക സുരക്ഷാ രഹസ്യ ഏജന്‍സിയില്‍ നിന്നും കിട്ടിയ വിവരം. ഒരു ദേശീയാധിക്ഷേപമെന്ന് പറഞ്ഞ സംഭവത്തില്‍ പകരം വീട്ടാന്‍ ആയിരക്കണക്കിന് പ്രദേശവാസികള്‍ ബി എച്ചിന് അടുത്തുള്ള ഒരു കമ്പനി കയ്യേറിയിരിക്കുന്നു.

അയാളാകെ വിമ്മിട്ടത്തിലായിരുന്നു. വിദേശികളെ ആളുകള്‍ കൂട്ടമായി തല്ലുന്നു, കൊല്ലുന്നു, ചിലരെ അംഗച്ഛേദം നടത്തുന്നു എന്നൊക്കെയുള്ള കേട്ടുകേള്‍വികളില്‍ അയാളാകെ ആശങ്കയിലാണ്. അത്തരം വാര്‍ത്തകള്‍ പടരാന്‍ അയാള്‍ ആഗ്രഹിക്കുന്നില്ല, പ്രത്യേകിച്ചും സ്ഥിരീകരിക്കാതെ.

പക്ഷേ ഇവിടെ, കേട്ടുകേള്‍വികള്‍ ചിറകുകളുള്ള കുതിരകളാണ്.

ഞങ്ങളുടെ സംഭാഷണം കാര്യമാത്രപ്രസക്തമായിരുന്നു. എല്ലാ പടിഞ്ഞാറന്‍ ജോലിക്കാരെയും സുരക്ഷിതമായി എത്തിക്കുക, താവളം പൂര്‍ണമായും അടക്കുക.

ആ പരിപാടി തുടങ്ങി. സുരക്ഷാ ഭടന്മാര്‍ പരിസരത്ത് റോന്തുചുറ്റി. കവാടങ്ങള്‍ മുഴുവന്‍ സമയവും നിരീക്ഷണത്തിലായി. വാഹനങ്ങള്‍ സദാ തയ്യാറാക്കി നിര്‍ത്തി.

ഒരു മണിക്കൂറിനുള്ളില്‍ പുതിയ വാര്‍ത്തയെത്തി. മറ്റൊരു സമാന സംഭവം. താവളത്തിന് ചുറ്റും ഉയര്‍ത്തിയ കൊടികള്‍ അഴിക്കാന്‍ ഇറാക്ക് ജോലിക്കാരോട് ഒരു സുരക്ഷാ ‘വിദഗ്ധന്‍’ ആവശ്യപ്പെട്ടു. അവര്‍ വിസമ്മതിച്ചപ്പോള്‍ അയാള്‍ മതിലില്‍ കയറി ചിലതൊക്കെ അഴിച്ചു എന്നാണ് പറയുന്നത്. അതിനിടയില്‍ ചിലതൊക്കെ കേടുവരുത്തുകയും (കളങ്കപ്പെടുത്തുകയും) ചെയ്തു.

അയാളെ നീല ടീ-ഷര്‍ട് ധരിച്ച, നീളന്‍ വടികളും, കൈക്കോട്ടുകളും കയ്യിലേന്തിയ ആള്‍ക്കൂട്ടം ഭീകരമായി മര്‍ദ്ദിച്ച് മരിക്കാനായി ഇട്ടുപോയെന്ന് പിറ്റേന്നത്തെ ഇന്‍ഡിപെന്‍ഡന്‍റ് പത്രം പറഞ്ഞു.

ഒരു മണിക്കൂറിനുള്ളില്‍ സായുധധാരികള്‍ പടിക്കലെത്തി. മരിക്കാന്‍ വിട്ട വിശ്വാസനിന്ദ നടത്തിയവനെ അയാളുടെ കൂട്ടത്തിലാരോ ആശുപത്രിയിലെത്തിച്ചു. ആശുപത്രിക്ക് പുറത്ത് ആയിരങ്ങള്‍ അയാളുടെ രക്തത്തിനായി ആര്‍ത്തുവിളിച്ചു. വൈകുന്നേരമായതോടെ അണപൊട്ടിയ പ്രതിഷേധപ്രകടനങ്ങള്‍ നഗരത്തിലെ തെരുവുകളില്‍ നിറഞ്ഞു. ആയിരങ്ങള്‍, പതിനായിരങ്ങളായി തെരുവിലെത്തി. ഒരൊറ്റ തെറ്റായ വാക്കോ വാചകമോ, ഒരൊറ്റ പാളിപ്പോയ വികാരപ്രകടനമോ നഗരത്തിലെ മുഴുവന്‍ – ആയിരങ്ങള്‍ വരുന്ന- വിദേശീയരുടെയും ജീവന്‍ അപകടത്തിലാക്കും. കൊല്ലപ്പെടാം. അംഗച്ഛേദം നടത്താം, ജീവനോടെ.

കമ്പനിയുടെ വാതില്‍ക്കല്‍ നിന്നു അന്തരാഷ്ട്ര എണ്ണ,വാതക സുരക്ഷാ വിദഗ്ധന്‍, ആര്‍ എസ് സ്ഥിതിഗതികള്‍ നിരീക്ഷിച്ചു. അതൊരു പതിവായിരുന്നു. കുഴപ്പങ്ങള്‍ ഉരുണ്ടുകൂടും മുമ്പേ അയാള്‍ അത് തിരിച്ചറിയും. അയാള്‍ പിന്നീട് പറഞ്ഞ പോലെ,“ആള്‍ക്കൂട്ടം അലഞ്ഞുതിരിയുകയായിരുന്നില്ല. അവര്‍ ചിട്ടയോടെയായിരുന്നു. അവര്‍ ആരെയെങ്കിലും തേടി നടക്കുകയായിരുന്നില്ല. അവര്‍ ഒരു പ്രത്യേക വ്യക്തിയെ അന്വേഷിക്കുകയായിരുന്നു.”

ഒന്നും രണ്ടുമായി ആള്‍ക്കൂട്ടം പെരുകുകയായിരുന്നു. എവിടെനിന്നെല്ലാതെ. ആ ‘ഒരൊറ്റയാളെ’ തിരഞ്ഞ്.

ഒടുവില്‍ അയാളെ കിട്ടി. അതോടെ ലക്ഷ്യം നേടി. അതാണ് യഥാര്‍ത്ഥ മുഹറം സമ്മാനം. അതോടെ ഒരുപാടുപേര്‍ക്കുവേണ്ടിയുള്ള ഓട്ടം നിന്നു.

തുടര്‍ന്നുള്ള കുറച്ചു ദിവസങ്ങള്‍  വിദേശീയരുടെ ഒഴിഞ്ഞുപോക്കും, ഊഹാപോഹങ്ങളുമായി നീങ്ങി. വിദേശീയരുടെ കയ്യും കാലും വെട്ടിയ കഥകള്‍, വിദേശീയരുടെ കാറുകളെ പിന്തുടരുന്നു, തട്ടിക്കൊണ്ടുപോകുന്നു അങ്ങനെ പലതും.

എന്തായാലും പ്രധാന എണ്ണ കമ്പനി തങ്ങളുടെ സാന്നിധ്യം ചുരുക്കാന്‍ തീരുമാനിച്ചു. ജോലിക്കാര്‍ തിരികെ പറന്നു. ഇറാക്കി സേന താവളങ്ങള്‍ക്ക് കാവല്‍ നിന്നു.

എണ്ണയും, സാമ്പത്തിക താത്പര്യങ്ങളും ആയതുകൊണ്ട് ഔദ്യോഗിക വാര്‍ത്തകള്‍, അങ്ങനെയൊന്ന് ഉണ്ടായിരുന്നെങ്കില്‍, നിരങ്ങിയാണ് നീങ്ങിയത്.

ആളുകള്‍ താവളങ്ങള്‍ക്കുള്ളില്‍ത്തന്നെ കഴിഞ്ഞു. പടിഞ്ഞാറന്‍മാര്‍ അത്യാഹിതഘട്ടത്തില്‍ ഒഴിഞ്ഞുപോകാനുള്ള പരിശീലനം തുടര്‍ന്നു. കുവൈത്തിലും,ഇറാനിലൂടെയുമുള്ളതടക്കം ബദല്‍ കരമാര്‍ഗങ്ങള്‍ കണ്ടുവെച്ചു. നഗരത്തിലെങ്ങും വിശ്വാസത്തിന്റെ കൊടിയടയാളങ്ങള്‍. ഭക്തി നിറഞ്ഞുനില്‍ക്കുന്നു.

ആശങ്കയുടെ മാസമായിരുന്നു അത്. ഭയത്തിന്റെ. വിലാപത്തിന്റെ. മുഹറത്തിന് പറ്റിയ അന്തരീക്ഷം.

എങ്ങനെയാണ് സംഗതികള്‍ ശരിയായത്? ആ വ്യവസായത്തിലെ മറ്റെല്ലാ സംഗതികളെയും പോലെ സാമ്പത്തിക ശാസ്ത്രം സംസാരിച്ചു. സര്‍ക്കാരുകള്‍ ഇടപെട്ടു. കാണേണ്ടവരെ കണ്ടു. പ്രാദേശിക ജനതക്ക് കൂടുതല്‍ പണവും തൊഴിലും വാഗ്ദാനം ചെയ്തു. ക്ഷമാപണങ്ങള്‍ പുഴപോലെ ഒഴുകി. പശ്ചാത്താപം ആത്മീയവും ഭൌതികവുമായി വേറെയും.

സംഘര്‍ഷം അന്തരീക്ഷത്തില്‍ പിന്നേയും കനംതൂങ്ങി നിന്നു. പക്ഷേ ജീവഹാനി ഉണ്ടായില്ല. എണ്ണയൊഴുക്ക് നിലച്ചില്ല. മോസൂലിലെ ഒരു സന്നദ്ധ പ്രവര്‍ത്തകന്റെ ഒറ്റ തിരിഞ്ഞ കൊലയായിരുന്നില്ല ഞങ്ങളെ തുറിച്ചു നോക്കിയത്. ആയിരക്കണക്കിന് വിദേശീയര്‍, ഉത്പാദനത്തിന്റെ വിവിധ ഘട്ടങ്ങളിലായി നിരവധി എണ്ണപ്പാടങ്ങള്‍. ഒരു കൂട്ടക്കൊലയാകുമായിരുന്നു അത്. ഒരു ഗള്‍ഫ് യുദ്ധം കൂടി വന്നിരുന്നപോലെ. ഞങ്ങള്‍ ജീവനോടെ ഇരുന്നെങ്കില്‍.

ജീവിതം പതുക്കെ സാധാരണ നിലയിലായിത്തുടങ്ങി. ഒഴിഞ്ഞുപോയ ആയിരക്കണക്കിനാളുകള്‍ തിരികെ വന്നു. പോകാതിരുന്ന ആര്‍ കെ, ജി സി, ആര്‍ എസ് എന്നിവരൊക്കെ ജീവനോടെ അവശേഷിച്ചു.

കരമാര്‍ഗം ഒഴിപ്പിക്കേണ്ടി വന്നില്ല. ഭാഗ്യം.

2014-ല്‍ വീണ്ടുമൊരു മുഹറം
ഇറാക്കില്‍ 2014 മരണത്തിന്റെയും അംഗഭംഗത്തിന്റെയും വര്‍ഷമാണ്. നിരവധി പേര്‍. ആഭ്യന്തരയുദ്ധം. മൊസൂലിന്റെ പതനം. അന്‍ബറും ബാഗ്ദാദും പിടിച്ചെടുക്കല്‍ ഭീഷണിയില്‍. സുന്നി മുന്നേറ്റം വിപുലമാകുന്നു. വടക്കുള്ള കുര്‍ദുകള്‍ ഏറ്റുമുട്ടലിലേക്ക് വലിച്ചിഴക്കപ്പെടുന്നു. ഐ എസ് ഐ എസ്, വടക്കും പടിഞ്ഞാറും കലാപം. സിറിയന്‍ കുഴപ്പങ്ങള്‍ ഇറാക്കിലേക്ക് പടരുന്നു. അമേരിക്ക വീണ്ടും ഇടപെടുന്നു.

സദ്ദാമിന്റെ വീഴ്ചക്കു ശേഷമുള്ള കരിദിനങ്ങള്‍ക്ക് ശേഷം ഏറ്റവും മോശം കാലം. തലവെട്ടലുകള്‍, കൂട്ടക്കൊലകള്‍, കുഴിബോംബുകള്‍, എങ്ങും മരണം. സ്ഥാപനങ്ങളും കമ്പനികളും പിന്‍വലിയുന്നു.

തെക്കന്‍ ഇറാക്ക് ഇപ്പൊഴും പിടിച്ച് നില്ക്കുന്നു. കമ്പനികള്‍ സാന്നിധ്യം കുറച്ചെങ്കിലും പ്രവര്‍ത്തനം തടസമില്ലാതെ തുടരുന്നു. ഇറാന്‍ അതിര്‍ത്തിയിലെ സമ്പന്നമായ എണ്ണ ഞരമ്പുകളില്‍ ഇപ്പൊഴും എണ്ണ ഉത്പാദിപ്പിക്കുന്നു. വടക്കോട്ടുള്ള സുന്നി കടന്നുകയറ്റത്തെ ഷിയാ ഗോത്രങ്ങളുടെ ഉരുക്കുകോട്ടകള്‍ തടയുന്നു.

മുഹറം ഏതാണ്ട് 12 ദിവസം മുമ്പാണ് വന്നത്. അഷൂറ പതിവുപോലെ വേദനയും, വിക്ഷുബ്ധതയും കൂടിക്കലര്‍ന്നു തന്നെ. കഴിഞ്ഞ വര്‍ഷത്തെ ഓര്‍മ്മകള്‍ അത് നേരിട്ടവരില്‍ ഇപ്പൊഴും മങ്ങിയിട്ടില്ല.

ആര്‍ കെ ഇപ്പൊഴും തന്റെ സുരക്ഷാ സന്നാഹങ്ങള്‍ ആഗോളനിലവാരത്തില്‍ കൊണ്ടുനടക്കുന്നു. തെക്കന്‍ ഇറാക്കിലെ പ്രധാന സുരക്ഷാ വിദഗ്ധന്‍. വാഹനവ്യൂഹത്തിന് നേരെ വെടിയേറ്റതടക്കമുള്ള ചില അപകടങ്ങള്‍. പക്ഷേ അതൊന്നും കഴിഞ്ഞ മുഹറത്തിന്‍റെയത്ര വരില്ല.

ജി സി അന്നത്തെ സംഭവങ്ങള്‍ കഴിഞ്ഞ് ഏറെ താമസിയാതെ പണി നിര്‍ത്തി പോയി. ഇപ്പോള്‍ തായ്ലാണ്ടില്‍. പുതിയ ഭാര്യ. പുതിയ ജീവിതം. കടല്‍തീരത്ത് നിറയെ മണല്‍.

ആര്‍ എസ് സുരക്ഷാ ശ്രേണിയില്‍ ഏറെ മുകളിലായി. ഇറാക്കി സര്‍ക്കാരുമായി ഏറെ അടുത്ത് പ്രവര്‍ത്തിക്കുന്നു അദ്ദേഹത്തിന്റെ സ്ഥാപനം.

വലിയ എണ്ണ കമ്പനികള്‍ എല്ലാം അവിടെയുണ്ട്. എന്നത്തേക്കാളും ശക്തരായി. കൂടുതല്‍ തിരക്ക്. പുതിയ പദ്ധതികള്‍. പുതിയ പാതകള്‍, പാളങ്ങള്‍, ദേശീയ പാതകള്‍ എല്ലാം പതുക്കെ വരുന്നു. എന്നാലും വേനലില്‍ വൈദ്യുതി കമ്മി. വായുവില്‍ ദുര്‍ഗന്ധം. ഓര്‍മ്മകള്‍ നീണ്ടുനില്‍ക്കുന്നു.

ഞാനോ? ഞാനിപ്പോഴും ജീവനോടെയുണ്ട്. എല്ലാ മാസവും പോകുന്നു. ഈ കഥ പറയാന്‍ ബാക്കിയായി, ജീവനോടെ !

 

(അവസാനിച്ചു)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍