UPDATES

റോണി നായര്‍

കാഴ്ചപ്പാട്

റോണി നായര്‍

യാത്ര

ഓരോ ചുവടിലും അവിശ്വാസം, അസ്വസ്ഥത: റോണി നായര്‍ ഇറാക്കിലൂടെ- ഭാഗം 2

ഒക്ടോബര്‍ 2014. ഇത് വിശുദ്ധ മുസ്ലീം മാസമായ മുഹറം. വിശുദ്ധിയുടെയും തീവ്രഭക്തിയുടെയും മാസം. ആത്മസമര്‍പ്പണത്തിന്റെ  മാസം. ശാരീരിക ത്യാഗത്തിന്റെ മാസം. ശാരീരിക പീഡയുടെ പ്രകടനങ്ങള്‍. ഇന്നേക്ക് ഒരു വര്‍ഷം മുമ്പ് തലവെട്ടലുകള്‍ക്ക്  മുന്നോടിയായി, തെക്കന്‍ ഇറാക്കിലൂടെ റോണി നായര്‍ നടത്തിയ യാത്ര. 

(യാത്രയുടെ ഒന്നും മൂന്നും ഭാഗങ്ങള്‍ വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക- വിശുദ്ധമാസമാണ്; ഇപ്പോള്‍ കലാപങ്ങളുടെയും: റോണി നായര്‍ ഇറാക്കിലൂടെ -ഭാഗം 1തലവെട്ടലുകള്‍, കൂട്ടക്കൊലകള്‍, കുഴിബോംബുകള്‍, എങ്ങും മരണം-റോണി നായരുടെ ഇറാക്ക് യാത്ര-ഭാഗം 3)

 

ദക്ഷിണ ഇറാക്കിലെ ആദ്യത്തെ പടിഞ്ഞാറന്‍ എണ്ണ കമ്പനി 2010-ല്‍ വന്നു. സേവന കമ്പനികള്‍ പിന്നാലെ എത്തി. എണ്ണപ്പാടങ്ങള്‍ക്കടുത്തുള്ള സ്ഥലങ്ങളിലായിരുന്നു എല്ലാവരും. പ്രാദേശിക ജനത കഴിഞ്ഞിരുന്ന ഇറാക്കിലെ നഗരങ്ങളില്‍ നിന്നുമകലെ. നാട്ടുകാരും, ആ പ്രദേശവുമായുള്ള ഇടപപെടലുകള്‍ പരമാവധി ഒഴിവാക്കിയിരുന്നു. തകര്‍ന്ന അടിസ്ഥാന സൌകര്യങ്ങള്‍, നിലംപൊത്തിയ വീടുകള്‍, അപ്രത്യക്ഷമായ ശുചിത്വ സംവിധാനങ്ങള്‍, 16 മണിക്കൂര്‍ നീളുന്ന വൈദ്യുതിയില്ലായ്മ, ദുര്‍ബ്ബലമായ ആരോഗ്യ സുരക്ഷയും, ക്ഷേമ പരിപാടികളും; ഇറാക്കികള്‍ ജീവിക്കാനായി കഷ്ടപ്പെടുകയായിരുന്നു. വിദേശ തൊഴിലാളികള്‍ വന്നത് ഒരു യുദ്ധ മേഖലയിലേക്കാണ്. പരമാവധി ഒതുങ്ങി, ജീവന്‍ നിലനിര്‍ത്തലാണ് ലക്ഷ്യം.  പണിതീര്‍ത്തു വീട്ടിലെത്തണം. ഒരു ‘യുദ്ധ’ക്കൂലി കീശയില്‍ വീഴണം. 

ഞാന്‍ അകത്തുകടന്നപ്പോള്‍ ജി.സി ഒരു സിഗരറ്റും പുകച്ച് തട്ടില്‍ നോക്കി കിടക്കുകയായിരുന്നു. അയാളാകെ അസ്വസ്ഥനായിരുന്നു. വിസ്ക്കി പുറത്തെടുത്തു. കൂടാരത്തില്‍ അനുവദനീയമല്ല. പക്ഷേ ഇത് 2013-ലെ തെക്കന്‍ ഇറാക്കാണ്. അപ്പോഴും ആ താവളം നിറഞ്ഞിട്ടില്ല. ഏകാന്തത നിറഞ്ഞ 45 ദിവസം. ജി സി അവിടെ 60-ആം ദിവസമാണ്.

ജി സി ഒരു ബ്രിട്ടീഷുകാരനാണ്. തായ്ലണ്ടില്‍ കഴിയുന്നു. ഒരു ഖത്തര്‍ എണ്ണ കമ്പനിക്കായി ബാങ്കോക്കില്‍ നിന്നും ഇടക്കിടെ വരുന്നു. ഒരു ആഗോള മൂല്യമുള്ള നീലക്കോളര്‍ മാനേജരുടെ മറ്റൊരു ബയോഡാറ്റ. അയാളെവിടെയുമുണ്ട്, എല്ലാം ചെയ്യുന്നു, ബാക്കി കഥകള്‍ പറയാനായി അവശേഷിക്കുന്നു. എണ്ണ വ്യവസായത്തില്‍ ഇക്കൂട്ടര്‍ നിറയേയുണ്ട്. ചടുലതയുള്ള കാര്യനടത്തിപ്പുകാര്‍. വിദൂരമായ കൂടാരങ്ങളില്‍ അവിശ്വാസവുമായി അസ്വസ്ഥരാകുന്നവര്‍. എന്നാലും അതിനായി ആര്‍ത്തിപ്പിടിക്കുന്നവര്‍.  ചുരുക്കിപ്പറഞ്ഞാല്‍ ആഗോള അനുഭവമുള്ള തലമുതിര്‍ന്ന ഓയില്‍, ഗ്യാസ് പ്രൊഫഷണല്‍.

വിസ്കി ഒരു പ്ലാസ്റ്റിക് കപ്പിലേക്ക് പകര്‍ന്നു. പേരിനിത്തിരി വെള്ളമൊഴിച്ചു. മൂന്നുവലിയില്‍ കപ്പ് കാലി. ഒരാചാരം പോലെ ആ പ്രക്രിയ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. മൂന്നാം വട്ടമൊഴിക്കുമ്പോഴാണ് ഞാന്‍ വന്ന് വാതിലിനരികെ നില്‍ക്കുന്നത് അയാള്‍ ഓര്‍ക്കുന്നത്. എനിക്കുമൊരുകപ്പ് നീട്ടി. കഷ്ടം, ഞാന്‍ നാലു കൊല്ലമായി നിര്‍ത്തിയിട്ട്. ഈ പ്രലോഭനത്തെ മറികടക്കണം. ഞാനാ മര്യാദ നിരസിച്ചു.

ലോകത്തിന്റെ അക്ഷാംശ രേഖാംശങ്ങള്‍ കീറിമുറിച്ച് ഉപജീവനം തേടിയ ബ്രിട്ടീഷുകാരന്റെ വരണ്ട നര്‍മ്മത്തോടെ അയാള്‍ ആവര്‍ത്തിച്ചു; “ദുശ്ശീലമില്ലാത്ത മനുഷ്യനെ വിശ്വസിക്കരുതെന്ന് എന്റെ മുത്തച്ഛന്‍ പറഞ്ഞിട്ടുണ്ട്. മദ്യപിക്കാത്ത ഒരുത്തനെ ഒട്ടും വിശ്വസിക്കരുത്.”

താന്‍ തമാശ പറഞ്ഞതാണെന്ന അര്‍ത്ഥത്തില്‍ അയാള്‍ കണ്ണടച്ചു. “നിങ്ങളെന്നെ അക്കാലത്ത് കണ്ടിരുന്നെങ്കില്‍ ജീവന് തുല്യം വിശ്വസിച്ചേനെ,” ഞാന്‍ പറഞ്ഞു. വര്‍ത്തമാനം അങ്ങനെ തുടര്‍ന്നു.

വലിയ എണ്ണ കമ്പനികള്‍ നിത്യേന വന്നുകൊണ്ടിരുന്നു. 8 മാസം മുമ്പ് സ്ഥിതി തീര്‍ത്തും വിഭിന്നമായിരുന്നു. തിരിച്ചുവരുമോ എന്നറിയാതെ ജി സിയും ഞാനും മറ്റ് ചിലരും കൂടി പോയിക്കൊണ്ടിരുന്ന ദിനങ്ങള്‍. ഞങ്ങളുടെ കമ്പനികള്‍ക്ക് പ്രവര്‍ത്തനം തുടങ്ങാനുള്ള വഴിയൊരുക്കാന്‍. അടുത്ത വെടി പൊട്ടുന്നതെപ്പോഴെന്ന്, അവസാന സ്ഫോടനം എവിടെയെന്ന് അറിയാതെ പോകുന്ന ദിവസങ്ങള്‍.

സമയം മാറിയിരിക്കുന്നു. ചുരുങ്ങിയത് ഞങ്ങളെ സംബന്ധിച്ചെങ്കിലും. കുഴപ്പങ്ങള്‍ അകലെയല്ല. പക്ഷേ തത്കാലം അകലെയാണ്.

എന്നിട്ടും ആ വൈകുന്നേരം, തൊട്ടുള്ള എണ്ണപ്പാടത്തെ അടുത്ത 14 മണിക്കൂര്‍ ജോലിക്കായി  കാത്തിരിക്കുമ്പോള്‍ ജി സി അസ്വസ്ഥനായിരുന്നു. അത് ഗൃഹാതുരത്വമോ, ജോലിയിലെ സാങ്കേതികാകാംക്ഷകളോ ആയിരുന്നില്ല. നല്ല ജോലിക്കാരനായിരുന്ന ഒരു ഇറാക്കി ഇവിടം വിട്ടു തൊട്ടപ്പുറത്തുള്ള മറ്റൊരു കമ്പനിയില്‍ ജോലിക്കു ചേര്‍ന്നതിന്റെ വിഷമവുമായിരുന്നില്ല. അസ്സലായി ജോലി ചെയ്തിരുന്ന ഇറാക്കി സുന്ദരി പെണ്‍കുട്ടി വീട്ടുകാരുടെ സമ്മര്‍ദം മൂലം ജോലിക്കു വരാത്തതിനെക്കുറിച്ചുമായിരുന്നില്ല. 

ഇത്തരം ദൈനംദിന കാര്യങ്ങളൊന്നുമായിരുന്നില്ല. മറ്റ് പണിസ്ഥലങ്ങളില്‍ നിന്നും വന്നിരുന്ന ചില ഊഹാപോഹങ്ങളാണ് അയാളെ അസ്വസ്ഥനാക്കിയത്. ജനങ്ങളുടെ മുറുമുറുപ്പുകള്‍. പടിഞ്ഞാറന്‍ മേലുദ്യോഗസ്ഥരുടെ ധാര്‍ഷ്ട്യം നിറഞ്ഞ ഭരണത്തില്‍ ഇറാക്കി തൊഴിലാളികള്‍ക്കിടയില്‍ അസംതൃപ്തി പടരുന്നു. കഴിഞ്ഞ ആഴ്ച മറ്റൊരു എണ്ണകമ്പനി ഇത്തരം ഒരവസ്ഥ നേരിടാനായി തങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു എന്ന തരത്തിലുള്ള വാര്‍ത്തകള്‍.

പുറത്തുള്ള അജ്ഞാതനായ ശത്രുവുമായി യുദ്ധം ചെയ്യുന്ന, വളരെ അടുത്ത ഈ കൂട്ടത്തില്‍ വാര്‍ത്തകള്‍ എളുപ്പം പരക്കുന്നു. ഔദ്യോഗികപത്രമൊന്നും അവിടെയടുത്തൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ മൊബൈല്‍ ഫോണും സ്കൈപ്പും വാര്‍ത്തകള്‍ ടെലിഗ്രാഫിനെക്കാള്‍ എത്രയോ മടങ്ങ് വേഗത്തില്‍ പരത്തുന്നു. അനിശ്ചിതാവസ്ഥകളില്‍ എല്ലാ സ്ഥാപനങ്ങള്‍ക്കും ഒരു വാര്‍ത്താവിനിമയ ‘പുതപ്പ്’ ഉണ്ട്. ഊഹാപോഹവും, കേട്ടുകേള്‍വിയും പ്രചരിപ്പിക്കുന്നവരെ പിരിച്ചുവിടും. എന്നാലും ഈ വാര്‍ത്തകള്‍ പരക്കുന്നു. ഭാഗ്യത്തിനുള്ള രക്ഷപ്പെടലുകള്‍, മോചനദ്രവ്യത്തിന് വേണ്ടിയുള്ള രക്ഷപ്പെടലുകള്‍, കുഴിബോംബുകളില്‍ തട്ടി സുരക്ഷാസംഘം കുടുങ്ങിയത്, സ്ഫോടനങ്ങളില്‍ ചിതറിയ അങ്ങാടികള്‍, ഒരു അക്രമം താറുമാറാക്കിയ, നിവര്‍ന്നുനില്‍ക്കാന്‍ ശ്രമിക്കുന്ന, ജനതയുടെ നിശ്ചയദാര്‍ഡ്യത്തെ മാനിക്കുന്ന ഒരു പ്രദേശത്തെ സാധാരണ സംഭവങ്ങള്‍.


ബുള്ളറ്റ് പ്രൂഫ് വെസ്റ്റും ആന്റി ഇംപാക്ട് ഹെല്‍മെറ്റും 
ധരിച്ച് ലേഖകന്‍

അഷൂറയോട് അടുത്ത ദിവസങ്ങളില്‍ എല്ലാ പണികളും നിലയ്ക്കും. സകല ഗോത്രങ്ങളും നൂറുകണക്കിനു കിലോമീറ്റര്‍ അകലെനിന്നും രാവിലെ മുതല്‍ സന്ധ്യ വരെ കര്‍ബലയിലേക്കുള്ള യാത്രയിലാണ്. ‘രക്തസാക്ഷി’ ദിനത്തില്‍, അഷൂറയില്‍, കര്‍ബലയിലെത്താന്‍ പാകത്തിലാണ് യാത്രകള്‍.

വിദേശ എണ്ണ വിദഗ്ധന്‍  ഈ തിരക്കിനിടയില്‍ മയങ്ങിക്കിടക്കുന്നൊരു ദിനോസറിനെപ്പോലെയാണ്. ചുറ്റും നടക്കുന്നതറിയാതൊരു മയക്കം. രാഷ്ട്രീയമായി വലതന്‍, ലോകം തനിക്കുള്ളതാണെന്ന വിശ്വാസം. എണ്ണ കുഴിക്കല്‍ സുഗമമാക്കുന്ന സൈനികരുടെ പിറകില്‍ തികഞ്ഞ ധീരന്‍.

താന്‍ കണ്ടപോലെ ലോകത്തെ എടുക്കുന്ന ഒരു നിരാശാവാദിയായിരുന്നു ജി സി. എന്നാലും കുഴപ്പം അടുക്കുമ്പോള്‍ ജാഗ്രത്താവുന്നൊരു ആറാം ഇന്ദ്രിയമുണ്ടായിരുന്നു അയാള്‍ക്ക്. അന്ന് ആ സന്ദര്‍ഭത്തില്‍ പ്രശ്നങ്ങള്‍ എളുപ്പം തീരാന്‍ പോകുന്നില്ലെന്ന് അയാള്‍ക്ക് തോന്നി.

“ബി എച്ചില്‍ ആരോ ഒരു കൊടി വലിച്ചുകീറിയത്രേ. ഇറാക്കികള്‍ക്ക് അത് ഒട്ടും ഇഷ്ടമാകില്ല. പ്രശ്നമാകും.”

അതുകേട്ട് ഞാനും അസ്വസ്ഥനായി. ബി എച്ച് എനിക്കറിയുന്ന സ്ഥാപനമാണ്. കുറച്ചു വര്‍ഷം മുമ്പ് ആ താവളത്തില്‍ എത്തിയ ചുരുക്കം ചിലരിലൊരാളാണ് ഞാന്‍. ഇതിലും അപകടകരമായ സമയത്ത്. ഒരേ സ്ഥലത്തു പോകുന്ന രണ്ടുപേര്‍ രണ്ടു വഴിക്കു പോയിരുന്ന കാലം. കാരണം ആര്‍ക്കാണ് എത്താന്‍ കഴിയുക എന്നറിയില്ല.

“ബി എച്ച്? അവിടെ നൂറുകണക്കിനാളുകള്‍ ജോലി ചെയ്യുന്നില്ലെ.?”

ഉവ്വ്, അയാള്‍ പറഞ്ഞു.

അതിനിടക്ക്  ഷിയാ വിശ്വാസത്തെ നിന്ദിച്ച വാസ്തവവും അല്ലാത്തതുമായ നിരവധി കഥകള്‍ പരന്നുകൊണ്ടിരുന്നു.  മുക്കാല്‍ മണിക്കൂര്‍ യാത്രയുടെ ദൂരം മാത്രമുള്ള നഗരങ്ങളിലേക്ക് കഥകള്‍ കാട്ടുതീ പോലെ പടര്‍ന്നു. ഷിയാ കേന്ദ്രങ്ങളായ നഗരങ്ങള്‍. ചെറുപ്പക്കാര്‍, നിരാശര്‍, ക്ഷുഭിതര്‍, തൊഴില്‍രഹിതര്‍…

തങ്ങളുടെ ഒരു കാവല്‍ക്കാരന്‍ ഉണ്ടാക്കിയ പ്രശ്നം പരിഹരിക്കാന്‍, പടിഞ്ഞാറന്‍ കമ്പനി നടത്തിയ ശ്രമം ഫലിച്ചില്ല. വഴിതടകള്‍ വെച്ചു. കാവല്‍ക്കാര്‍ നിരന്നു. പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. അപ്പോഴേക്കും കുറ്റവാളിയായ കാവല്‍ക്കാരനെ ജനം തല്ലി നാശമാക്കിയിരുന്നു.

പ്രശ്നം അന്താരാഷ്ട്രവാര്‍ത്താ തലക്കെട്ടായി. കുറ്റക്കാരനെ തിരിച്ചയക്കണമെന്ന് ഇറാക്ക് പ്രധാനമന്ത്രി വരെ ആവശ്യപ്പെട്ടു. ബി എച്ച് തങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഭീഷണി ഏറെ ഹാനികരമാകുമെന്ന് അവര്‍ കണക്കുകൂട്ടി. ആളുകളെ ഒഴിപ്പിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറെടുപ്പുകള്‍. വിമാനങ്ങള്‍ പ്രത്യേകമായെത്തി. ജോലിക്കാര്‍ ഒഴിഞ്ഞുതുടങ്ങി. നവംബര്‍ 10-നു പ്രശ്നങ്ങള്‍ അവസാനിക്കുന്നു എന്ന തോന്നലുണ്ടായി. ബി എച്ച് നിരുപാധികം മാപ്പ് പറയാന്‍ തയ്യാറായി. കാര്യങ്ങള്‍ ശരിയാകുന്നു എന്ന തോന്നല്‍.

പക്ഷേ വലിയ കുഴപ്പം കാത്തിരിക്കുന്നുണ്ടായിരുന്നു…. അതിനെ കുറിച്ച് നാളെ.

 

(ബാക്കി ഭാഗങ്ങള്‍ അടുത്തയാഴ്ച തുടരും)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍