UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സംഗീതം സ്വാതന്ത്ര്യമാണ്; രൂപ രേവതിയുടെ സംഗീത ജീവിതം- അഭിമുഖം

Avatar

രൂപ രേവതി / അപര്‍ണ

 

എവിടെയൊക്കെ എന്ന് അത്ര വ്യക്തമല്ലാത്ത നമ്മുടെ ഓര്‍മകളില്‍ രൂപ എന്ന കൗമാരക്കാരിയൂടെ ശബ്ദമുണ്ടാവും. മെലിഞ്ഞ വിരലുകള്‍ കൊണ്ട് അവര്‍ കൗമാരത്തില്‍ വയലിനില്‍ ശ്രുതി ചേര്‍ത്ത് ഏതോ കച്ചേരിക്കാരനെ നോക്കുന്ന ചിത്രവുമുണ്ടാകും. അന്നേ അവരെ പ്രതിഭ എന്നടയാളപ്പെടുത്തിയവര്‍ ഇപ്പോള്‍ ഫേസ്ബുക്കില്‍ വൈറലായ, ലക്ഷക്കണക്കിനാളുകള്‍ കണ്ട വയലിന്‍ ഷോകള്‍ കണ്ട് അത്രയൊന്നും അത്ഭുതപ്പെട്ടിട്ടുണ്ടാവില്ല. ഇടയ്ക്ക് എപ്പോഴോ കേട്ടുമറന്ന ശബ്ദം വയലിനായി പുനര്‍ജനിക്കുമ്പോള്‍ വല്ലാത്ത കൗതുകമുണ്ടാകുന്നു. തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജില്‍ നിന്ന് സംഗീതത്തില്‍ ഒന്നാം റാങ്കോടെ ബിരുദവും ബിരുദാനന്തര ബിരുദവും. പ്രശസ്ത പിന്നണി ഗായികയും കര്‍ണാട്ടിക് സംഗീതജ്ഞയും വയലിനിസ്റ്റുമായ രൂപ രേവതിയുമായി അപര്‍ണ സംസാരിക്കുന്നു.

 

അപര്‍ണ: സംഗീതം ഉപരിപഠന വിഷയമാക്കിയപ്പോള്‍ ഭയമുണ്ടായിരുന്നോ?

രൂപ: എന്തിനാണ് ഭയം.. സംഗീതം ആണെന്റെ വഴിയെന്ന് വളരെ ചെറുപ്പത്തിലേ ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്റെ വീട്ടുകാരും അതേ തിരിച്ചറിവ് ഉള്ളവരാണ്. പഠിത്തത്തില്‍ പിന്നില്‍ നിന്നാലും പാട്ടില്‍ പിറകിലായിപ്പോകാന്‍ അവര്‍ സമ്മതിക്കില്ലായിരുന്നു. പിന്നെ സമൂഹത്തില്‍ നിലനില്‍ക്കുന്ന കുറെ തെറ്റിദ്ധാരണകളുണ്ട്, മറ്റൊരു വിഷയവും പഠിക്കാന്‍ കിട്ടാത്തവരാണ് പാട്ട് പഠിക്കാനെത്തുന്നത് എന്ന്. നിങ്ങള്‍ സംഗീത കോളേജുകളിലെ റിക്കോര്‍ഡുകള്‍ തിരഞ്ഞു നോക്കൂ. വലിയ അക്കാദമിക് റിക്കോര്‍ഡ് ഉള്ളവരാണ് ഇവിടുത്തെ ഭൂരിഭാഗം പഠിതാക്കളും. മറ്റൊന്നും കിട്ടാതെ പാട്ട് പഠിച്ചെടുക്കുക ഒട്ടും എളുപ്പമുള്ള കാര്യവുമല്ല.

 

അപര്‍ണ: റിയാലിറ്റി ഷോയിലൂടെയാണ് രൂപ ശ്രദ്ധ നേടുന്നത്…

രൂപ: എം.എ പഠനകാലത്ത് തോന്നിയ ആഗ്രഹമാണ് അത്. എത്രത്തോളം വിജയിക്കുമെന്ന് ഉറപ്പില്ലായിരുന്നു. പക്ഷേ എന്റെ ശീലങ്ങളില്‍ നിന്നു മാറി നിരവധി പാട്ടുകള്‍ ഞാന്‍ പാടി. ചിലതൊക്കെ വിജയിച്ചു. പുതിയ സംഗീതപാഠങ്ങള്‍ അഭ്യസിച്ചു. സിനിമാ സംഗീത ലോകത്ത് ഗുരുവായി എം. ജയചന്ദ്രന്‍ സാറിനെ കണ്ടു.

 

അപര്‍ണ: ശുദ്ധ കര്‍ണാടക സംഗീതത്തെ പിന്തുടര്‍ന്ന രൂപ സിനിമ സംഗീതത്തിലേക്ക് കൂടുമാറിയതെപ്പോഴാണ്? ആ ശീലമാറ്റം എങ്ങനെ അനുഭവപ്പെട്ടു?

രൂപ: കോളേജ് കാലം വരെ സിനിമാ ഗാനങ്ങള്‍ ശ്രദ്ധിക്കുകയോ ആസ്വദിക്കുകയോ ചെയ്തിട്ടില്ല ഞാന്‍. കോളേജ് കാലത്ത് പാട്ടുകളെ കുറിച്ച് ചര്‍ച്ച ചെയ്യുമായിരുന്നു, രാഗവും ഈണവുമൊക്കെ. പിന്നീട് റിയാലിറ്റി ഷോയ്ക്ക് വേണ്ടിയാണ് സിനിമാ പാട്ടുകള്‍ പഠിച്ചത്. കര്‍ണാടക സംഗീതം മാത്രം ശീലിച്ച് അതിന് അനുസൃതമായി മോള്‍ഡ് ചെയ്ത ശബ്ദവും ശൈലിയുമായിരുന്നു എന്റേത്. പെട്ടെന്ന് ഒരുപാട് കഷ്ടപ്പെട്ടു. പിന്നീട് അതിന്റെ ഭാവതലങ്ങള്‍ ഉള്‍ക്കൊണ്ട് പാടുക എന്നത് ശീലത്തിന്റെ ഭാഗമായി. നൂറോളം പാട്ടുകള്‍ പാടി പഠിച്ചു.

 

 

അപര്‍ണ: പിന്നീട് വളരെ പെട്ടെന്ന് സിനിമ പിന്നണിഗാന രംഗത്ത് പ്രശസ്തയായി…

രൂപ: മാടമ്പിയിലെ ‘എന്റെ ശാരികേ’ ആയിരുന്നു ആദ്യ ഗാനം. സിനിമയും പാട്ടും ഹിറ്റായി. അതോടെ തെലുങ്ക്, തമിഴ്, കന്നട സിനിമകളില്‍ നിരവധി പാട്ടുകള്‍ പാടാനായി. ഭാഷകള്‍ പഠിച്ചു, റിക്കോര്‍ഡിംഗ് സ്റ്റുഡിയോകളില്‍ ചെന്ന് പാടാന്‍ പഠിച്ചു, വ്യത്യസ്തമായ ശൈലികള്‍ ശീലിച്ചു. അങ്ങനെ കുറെ അനുഭവങ്ങള്‍ സിനിമാഗാനശാഖ നല്‍കി.

 

അപര്‍ണ: പ്രശസ്തിയുടെ പാരമ്യത്തില്‍ നില്‍ക്കുമ്പോള്‍ പെട്ടെന്ന് രൂപ അപ്രത്യക്ഷയായി..

രൂപ: മദ്രാസിലേക്ക് പെട്ടെന്ന് മാറിത്താമസിക്കേണ്ടി വന്നു. അപ്പോള്‍ വയലിനിലും സംഗീതത്തിലും പഠിക്കാന്‍ ബാക്കിയുള്ളത് പഠിക്കാന്‍ ശ്രമിക്കാം എന്നു തോന്നി. അങ്ങനെ ഉപരിപഠനത്തിലും പാട്ടിന്റെ പുതിയ സങ്കേതങ്ങളിലും കൂടുതല്‍ ശ്രദ്ധിച്ചു തുടങ്ങി. സിനിമാ സംഗീതത്തിലും ശാസ്ത്രീയ സംഗീതത്തിലും വയലിനിലും കൂടുതല്‍ അറിവ് നേടാന്‍ സഹായിച്ചത് ആ പഠനകാലത്താണ്. ഇപ്പോഴും ആ പഠനം തുടരുന്നതാണ് എന്റെ ആത്മവിശ്വാസം.

 

അപര്‍ണ: പിന്നീട് അസാധ്യമായ തിരിച്ചുവരവാണ് രൂപ നടത്തിയത്. ഇന്ത്യന്‍ സിനിമ സംഗീത മേഖലയില്‍ വനിതാ വയലിനിസ്റ്റുകള്‍ വളരെ കുറവാണ്. അത്തരമൊരു ഇടത്തേക്ക് എത്തിയത് എങ്ങനെയാണ്?

രൂപ: പാട്ടിനൊപ്പം തന്നെ ഞാന്‍ വയലിനും പഠിച്ചിരുന്നു. ചെറുപ്പ കാലത്ത് ഒരു കൗതുകം മാത്രമായിരുന്നു അത്, മറ്റൊരു മത്സരയിനം… പിന്നീടെപ്പോഴോ വയലിന്‍ പാട്ടിനോളം പ്രിയപ്പെട്ടതായി. കച്ചേരികള്‍ക്ക് വയലിന്‍ പിന്നണി വായിച്ചിരുന്നു. പിന്നീട് എപ്പോഴോ വയലിന്‍ കണ്‍സേര്‍ട്ടുകള്‍ വരെ നടത്തിത്തുടങ്ങി.

 

ഉറുമി ആയിരുന്നു ആദ്യമായി വയലിന്‍ റി-റിക്കോര്‍ഡ് ചെയ്തത്. പിന്നീട് മഹേഷിന്റെ പ്രതികാരം വരെ നിരവധി സിനിമകള്‍ക്ക് വേണ്ടി വയലിന്‍ വായിച്ചു. ഇന്ത്യന്‍ സിനിമാ ലോകത്ത്, പ്രത്യേകിച്ച് ദക്ഷിണേന്ത്യന്‍ സിനിമാ ലോകത്ത് വനിതാ വയലിനിസ്റ്റകള്‍ വളരെ കുറവാണ്. പക്ഷേ ആദ്യകാല അവസ്ഥയില്‍ നിന്ന് പതുക്കെ മാറ്റങ്ങള്‍ കണ്ടു തുടങ്ങുന്നുണ്ട്.

 

അപര്‍ണ: ഫേസ്ബുക്കിലൂടെയുള്ള രൂപയുടെ വയലിന്‍ വളരെ തരംഗമായി…

രൂപ: ഇത്തരമൊരു പ്രതികരണം ഞാനും പ്രതീക്ഷിച്ചില്ല. ‘ശ്രീരാഗം’ ഒഴികെയുള്ള എല്ലാ പാട്ടുകളും സ്വന്തം തോന്നലിന് അനുസരിച്ച് വായിച്ചതാണ്. സമൂഹ മാധ്യമങ്ങളിലൂടെ നേരിട്ട് ആള്‍ക്കാരുമായി സംവദിക്കണമെന്ന ആഗ്രഹമായിരുന്നു അവയൊക്കെ. ഇത്രയധികം ആള്‍ക്കാര്‍ കേള്‍ക്കുമെന്നും തിരിച്ചറിയുമെന്നും ഉള്ള അറിവ് തീര്‍ച്ചയായും വലിയ പ്രചോദനമാണ്. ശ്രീകുമാരന്‍ തമ്പിയുടെ പാട്ടുകള്‍ കൂട്ടിയിണക്കിയുള്ള ശ്രീരാഗം കേട്ട് അദ്ദേഹം നേരിട്ട് അഭിനന്ദിച്ചതാണ് മറക്കാനാവാത്ത ഒരനുഭവം.

 

 

അപര്‍ണ: സാങ്കേതികതയുടെ അതിപ്രസരം സംഗീതലോകത്തുണ്ടോ?

രൂപ: സാങ്കേതികമായി പുതിയ ചില പരീക്ഷണങ്ങള്‍ സംഗീതലോകത്ത് നടക്കുന്നുണ്ട്. ഇവ ചിലപ്പോഴെങ്കിലും ഗായകരുടെ ജോലി ലഘൂകരിക്കുന്നുമുണ്ട്. പക്ഷേ പൂര്‍ണമായും സാങ്കേതികതയാണ് സംഗീത ലോകത്തെ നയിക്കുന്നത് എന്ന് കരുതുന്നില്ല. യേശുദാസിനേയും ചിത്രയേയും സുജാതയേയും പോലുള്ള, ഇന്നും സജീവമായി നില്‍ക്കുന്ന ഗായകര്‍ക്ക് അത്തരമൊരു അവസ്ഥയൃുടെ സഹായം ആവശ്യമാണെന്ന് കരുതുന്നില്ല. പിന്നെ ലൈവ് കണ്‍സേര്‍ട്ടുകള്‍ നടത്തുന്നതും അത്തരം വിദ്യകളെ ആശ്രയിച്ചല്ല.

 

അപര്‍ണ: സ്വതന്ത്ര മ്യൂസിക് ബാന്‍ഡുകളുടെ കാലമാണെല്ലോ. എന്താണ് അഭിപ്രായം?

രൂപ: സിനിമാ പാട്ടുകള്‍ക്കും കര്‍ണാടക സംഗീതത്തിനും ഒക്കെ അപ്പുറം അതിന്റെ സാധ്യതകള്‍ ഉപയോഗിച്ച് ആളുകള്‍ക്ക് കഴിവ് തെളിയിക്കാനവസരം കിട്ടുന്നത് നല്ലതാണ്. അത്തരമൊരു സാധ്യത സോഷ്യല്‍ മീഡിയ പോലുള്ള പ്ലാറ്റ്‌ഫോമുകളില്‍ ഞാനും ഉപയോഗിച്ചിട്ടുണ്ട്. ആസ്വാദകരുമായി നേരിട്ടൊരു കണക്ഷന്‍ കൂടി സാധ്യമാവും.

 

അപര്‍ണ: എന്താണ് ഭാവി പരിപാടികള്‍?

രൂപ: കുറെ പാടണം, വയലിന്‍ വയിക്കണം. ഒന്നിന് മറ്റൊന്നിനേക്കാള്‍ പ്രാധാന്യമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അതോടൊപ്പം ലോകത്തിന്, രാജ്യത്തിന് പ്രയോജനപ്പെടും വിധം സംഗീതത്തെ ഉപയോഗിക്കണം. അത്തരം സാധ്യതകളെപ്പറ്റിയുള്ള ചിന്തയിലും ചര്‍ച്ചയിലാണ് ഞാന്‍. പറ്റാവുന്നിടത്തോളം ഇനിയും സംഗീതത്തെക്കുറിച്ച് പഠിക്കണം. സിനിമയിലും ആല്‍ബങ്ങളിലുമുള്ള തിരക്കുകള്‍ക്കൊപ്പം ഉള്ള സ്വപ്നങ്ങളാണിതൊക്കെ.

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍