UPDATES

സയന്‍സ്/ടെക്നോളജി

ജീവന്റെ ഉല്‍പ്പത്തി തേടിയുള്ള യാത്രയില്‍ ഇനി ഫിലെ ഇല്ല

Avatar

മുഹ്സീന കൈതക്കോട്

 

ഏറെ ചരിത്രങ്ങള്‍ എഴുതിത്തീര്‍ത്താണ് ഫിലേ എന്ന ചെറുപേടകം ഭൂമിയില്‍ നിന്ന് 510 ദശലക്ഷം മീറ്റര്‍ അകലെ ‘ഷുര്യമേവ് ഗരാസിമെങ്കെ’യില്‍ (Churyamov Gerasimenko or 67P) മൗനത്തിലേക്ക് ആണ്ടു പോവുന്നത്. 12 വര്‍ഷം മുന്‍പ് 2004 മാര്‍ച്ച് രണ്ടിന് ഫ്രാന്‍സിലെ ഗാനയിലെ കുറു വിക്ഷേപണ തറയിൽ നിന്ന് തുടങ്ങിയ യാത്ര 3907 ദിവസമെടുത്തു (10.7 വർഷം) ഷുര്യമേവ് ഗരാസിമെങ്കെ വാൽനക്ഷത്രത്തിൽ എത്തിച്ചേരാൻ. ഒരു വാഷിങ് മെഷീന്റെ വലിപ്പമുള്ള (1mX1mX.8m) ഈ റോബോർട്ട് പേടകം വാൽനക്ഷത്രത്തിൽ കാലുകുത്തുന്ന ആദ്യത്തെയാളാണ് (സ്വന്തം ട്വിറ്റെർ അക്കൗണ്ടും മറ്റുമായി ഫിലേ സ്വയം പെഴ്സോണിഫൈ ചെയ്തിരുന്നു എന്ന് നമ്മൾ മറന്നുകൂടാ). ഒരു വാൽനക്ഷത്രത്തിന്റെ പ്രതലച്ചിത്രങ്ങൾ ആദ്യമായി  ഭൂമിയിലെത്തിക്കുന്നതും ഫിലേയാണ്. 

 

കൈപ്പർ വലയത്തിലുളള ഷുര്യമേവ് ഗരാസിമെങ്കെ അഥവ 67P സൗരയൂഥത്തിലെ ഏററവും പ്രായമേറിയ ഗോളങ്ങളിൽ ഒന്നാണ്. 6.45 വർഷം ഭ്രമണകാലമുള്ള ഈ വാൽനക്ഷത്രത്തിന്റെ ദിവസദൈര്‍ഘ്യം 12.4 മണിക്കൂറാണ്.

സോവിയറ്റ് – ഉക്രേനിയൻ ശാസ്ത്രജ്ഞരായ ക്ലിം ഇവാനോവിച്ച് ഷുര്യാമോവും സ്വെറ്റിലാനാ ഇവാനോവാ ഗരാസിമെങ്കോയും ചേർന്ന് 1969-ലാണ് ആദ്യമായി ഈ വാൽനക്ഷത്രത്തെ നിരീക്ഷിച്ചത്. 1969-ൽ അൽമാ-അറ്റാ സർവകലാശാലയിലെ അധ്യാപകനായിരുന്ന ഗരാസിമെങ്കോ അയച്ചുകൊടുത്ത കോമാസ് സോള എന്ന വാല്‍നക്ഷത്രത്തിന്റെ ചിത്രം നിരീക്ഷിക്കവെയാണ് ഷൂര്യമോവ് അതേ മേഖലയിലെ മറ്റൊരു വാൽക്ഷത്രത്തിന്റെ സാനിധ്യം മനസ്സിലാക്കുന്നത്. ആ വർഷം ഒക്ടോബർ 22-ന്  67P എന്ന വാൽനക്ഷത്രത്തിന്റെ നിലനിൽപ്പ് സ്ഥിരീകരിച്ചു, പിന്നീട് ഷൂര്യമോവിന്റേയും ഗരാസിമെങ്കോയുടെയും ബഹുമാനാർത്ഥം ഗോളത്തിന് പുതിയ പേരു നൽകി.

 

 

2004-ലാണ് ഈ വാൽനക്ഷത്രത്തിന്റെ ഉല്‍പത്തി, ഘടന തുടങ്ങിയ വിഷയങ്ങൾ പഠിക്കാൻ വേണ്ടി റോസറ്റ ഉപഗ്രഹം വിക്ഷേപിക്കപെട്ടത്. സൗരയൂഥത്തിന്റെ ഉത്പത്തിയും റോസറ്റയുടെ പഠനവിഷയമാണ്. ഭൂമിയിലെത്തിയ വാൽനക്ഷത്രങ്ങളാണ് ഭൂമിയിലേക്ക് ജീവനും ജലവും കൊണ്ടുവന്നത് എന്നൊരുവാദം നിലനില്‍ക്കുന്നുണ്ട് – ഈ വാദത്തിന്റെ നിജസ്ഥിതി തേടലാണ് റോസറ്റയുടെ മറ്റൊരജണ്ട. യാത്രാമധ്യേ കണ്ട അസ്‌ട്രോയിഡുകളേയും ചൊവ്വയേയും നിരീക്ഷിക്കാൻ റോസറ്റ മറന്നില്ല, എന്നാൽ ഈ സമയം ഫിലേ മാതൃപേടകത്തിനകത്ത് സുഖനിദ്രയിലായിരുന്നു.

 

ഭൂമിയിലെ ജീവന്റെയും ജലത്തിന്റെയും ഉറവിടം തേടിയാണ് യൂറോപ്യൻ സ്പേസ് ഏജൻസി (ESA) ഫിലയേ നൂറുകണക്കിന് മൈലുകൾക്കപ്പുറത്തേക്കയച്ചത്. ജീവൻ, ജലം എന്നിവ ഭൂമിക്കു പുറത്തുനിന്നെത്തിയതാണോ എന്നന്വേഷിക്കലാണ് ഫിലേയുടെ പ്രധാന ദൗത്യം. ഇതിനായി പത്തോളം ഉപകരണങ്ങളുണ്ട്. പുതിയ വാസഗ്രഹത്തെ തൊട്ടും മണത്തും ഖനനം ചെയ്തും വിവരങ്ങൾ ശേഖരിക്കാൻ വേണ്ടിയുള്ള ക്യാമറകൾ, മൈക്രോസ്കോപ്പുകൾ, മണ്ണ് പരിശോധിക്കാൻ വേണ്ട ഉപകാരണങ്ങൾ തുടങ്ങിയ സജ്ജീകരണങ്ങൾ ഒക്കെയുണ്ട്. 60 മണിക്കൂർ പ്രവർത്തിക്കാവുന്ന ഒരു പ്രഥമ ബാറ്ററിയും സൗരോജ്ജം കൊണ്ട് ചാർജ് ചെയ്യാവുന്ന മറ്റൊരു ബാറ്ററിയും ഇതിനുണ്ട്. ഒരാഴച്ചകാലമാണ്, ഏറ്റവും ചുരുങ്ങിയത്, ഫിലേയുടെ പ്രവർത്തനം പ്രതീക്ഷിച്ചിരുന്നത്. ജർമൻ സ്പേസ് ഏജൻസി, DRLന്റെ ലാൻഡർ കണ്‍ട്രോള്‍ സെന്ററാണ് ഫിലേയെ  ഭൂമിയിൽ നിന്ന് നീരിക്ഷിക്കുന്നതും നിയത്രിക്കുന്നതും. വൈദ്യുതി ലാഭിക്കാൻ വേണ്ടി റോസറ്റയെ ഒരു റിലേ സ്റ്റേഷനായി ഉപയോഗിച്ചു – ഫിലേ റോസറ്റയുമായി സംസാരിക്കുകയും അത് റോസറ്റ പുനഃസംപ്രേക്ഷണം ചെയ്യുകയുമായിരുന്നു പതിവ്. 

 

2014 നവംബർ 12-ന് മാതൃപേടകത്തിൽ നിന്ന് വേർപെട്ട് വാൽനക്ഷത്രത്തിലിറങ്ങിയത് മുതൽ പലതവണ പേടകം മൗനത്തിലാവുകയും വീണ്ടും റോസറ്റയുമായി ആശയവിനിമയം നടത്തുകയും ചെയ്തു. ബാറ്ററി തീർന്നതും വാൽനക്ഷത്രത്തിന്റെ പ്രതലത്തിൽ നിന്ന് റബർപന്തു കണക്കെ കുതിച്ചുയര്‍ന്നതും വീണ്ടും താഴ്ന്നിറങ്ങിയതും ഒക്കെ ഈ ഇടവേളകൾക്ക്, മൗനനേരങ്ങൾക്ക് കാരണമായി. എന്നാൽ 2015 ജൂലൈ 9-ന് ശേഷം ഒരിക്കലും ഫിലേ ഉയർത്തെഴുന്നേറ്റില്ല. എന്നിരുന്നാലും റോസറ്റയും DLR-ഉം നീണ്ട ഒരു വർഷം കാത്തിരുന്നു. ഒടുവിൽ ഈ കഴിഞ്ഞ ജൂലൈ 27-ന് റോസറ്റയുടെ ഇലക്ട്രിക്ക് സപ്പോർട്ട് സിസ്റ്റം പ്രോസസ്സ് യൂണിറ്റ് സ്വിച്ച് ഓഫ് ചെയ്യാൻ തീരുമാനിച്ചതായി ”മൗനത്തിലാണ്ട ഫിലേയ്ക്ക് യാത്രാമൊഴി” എന്ന ബ്ലോഗ് വഴി ESA, ഫിലേ ആരാധകരെ അറിയിച്ചു. അതോടൊപ്പം ഭൂമി ഈ ബഹിരാകാശ പേടകത്തിന് അവസാന സന്ദേശവും അയച്ചു. രണ്ട് മാസം കൂടി വാൽനക്ഷത്രത്തെ വലംവെച്ച ശേഷം സെപ്റ്റംബർ 30-ന് റോസറ്റയും ഷുര്യമേവ് ഗരാസിമെങ്കെയിലേക്ക്  ഇടിച്ചിറങ്ങി ഫിലേക്കൊപ്പം ചേർന്നുറങ്ങും. അതോടെ ഭൂമിയിലെ ജീവന്റെയും ജലത്തിന്റെയും ഉറവിടം തേടിയുള്ള ഈ ചരിത്ര ദൗത്യത്തിന് അന്ത്യമാവും. 

 

 

ആദ്യമായി വാൽനക്ഷത്രത്തിൽ ഇടിച്ചിറങ്ങി, വാൽനക്ഷത്രത്തിൻറെ പ്രതല ചിത്രങ്ങളെടുത്തു തുടങ്ങി എന്നിങ്ങനെ നിരവധി റെക്കോർഡുകൾ സ്വന്തമാക്കിയ ഫിലേയ്ക്ക് സ്വന്തമായി ട്വിറ്റര്‍ അക്കൌണ്ട് ഉണ്ടായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഇതിലൂടെ ലോകത്താകമാനമുള്ള ലക്ഷക്കണക്കിന് ആരാധകര്‍ ഫിലേയെ പിന്തുടർന്നു. കുട്ടികളും മുതിർന്നവരും ഒരുപോലെ ഫിലേയാൽ സ്വാധീനിക്കപെട്ടു. അതുകൊണ്ടു തന്നെ ഫിലേയുടെ ലാൻഡിങ്ങും മറ്റും വലിയ വാർത്താ പ്രാധാന്യം നേടി.

 

2014 മാർച്ച് 12-ന്  ”btw, as ESA_Rosetta instrument ‘switching -on’ has just started ,commissioning of me & my 10 instruments is coming up as well – stay tuned!” എന്ന് കുറിച്ചുകൊണ്ടാണ് ഫിലേ തന്റെ ട്വീറ്റിൻ തുടക്കം കുറിക്കുന്നത്. 67P ഇറങ്ങിയ ഉടനെ ഇങ്ങനെ കുറിച്ചു; “on 12 november 2014 I landed on comet #67P as part of ESA Rosetta. I am operated by DLR_en’s Lander Control Center LCC in Cologne.interplanetary Space” അവസാനമായി 2016 ജൂലൈ 26-ന് ആരാധകരോട് വിടവാങ്ങിക്കൊണ്ട് ഫിലേ ഇങ്ങനെ എഴുതി ”It’s time for me to say goodbye. Tomorrow, the unit on ESR_Rosetta for communication with me wiil be switched off forever…”

 

അതിനിടെ, റോസറ്റ മിഷൻ അവസിനിപ്പിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നില്‍ക്കെ റോസറ്റയുടെ ഹൈറസല്യൂഷൻ ക്യാമറ (OSIRIS high resolution camera) ഫിലേയുടെ ചിത്രമെടുത്തിരിക്കുന്നു. സെപ്തബർ 2-ന് ഷുര്യമേവ് ഗരാസിമെങ്കെയുടെ 2.7 കിലോമീറ്റർ അടുത്തെത്തിയ റോസറ്റയെടുത്ത ചിത്രങ്ങളിൽ ഫിലേയുടെ മൂന്ന് കാലുകളും ‘ശരീര’വും വ്യക്തമായി കാണാം. രണ്ടു വര്‍ഷത്തെ ശ്രമങ്ങൾക്കൊടുവിൽ, ഈ അവസാന നിമിഷത്തിൽ ഇത്ര വ്യക്തമായ ചിത്രം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ശാസ്ത്രജ്ഞര്‍. സെപ്തബർ 30-ന് ഷുര്യമേവ് ഗരാസിമെങ്കെയിൽ ഇറങ്ങുംവരെ കൂടുതൽ വ്യക്തമായ ചിത്രങ്ങൾക്കു വേണ്ടിയുള്ള ശ്രമങ്ങൾ റോസെറ്റ തുടരും.

 
ഫിലേ ഭൂമിയിലേക്കയച്ച വിവരങ്ങളിൽ നിന്നും അത്ഭുതങ്ങൾ ഇനിയും പുറത്തിറങ്ങാനിരിക്കുന്നതേ ഉള്ളു.

 

(ബെംഗളുരുവിളില്‍ ഫിസിക്സ് അധ്യാപികയാണ് മുഹ്സിന)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍