UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാജഗോപാലിനെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യരുത്; പരിവാര അജണ്ടകള്‍ക്ക് അതിര്‍ത്തികളില്ല

Avatar

ഡി. ശ്രീജിത്

ഒ.രാജഗോപാലിനെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യരുത്. ട്രോള് ചെയ്ത് പോകുമ്പോ രാഷ്ട്രീയം കൊട്ടയിലിടരുത്. നരേന്ദ്ര മോദിക്കും അഛാ ദിനിനും ഗുജറാത്ത് വികസനത്തിനും മുമ്പ്, അര നൂറ്റാണ്ടിലേറെയായി ഒരേ ഒരു രാഷ്ട്രീയലക്ഷ്യത്തിന് വേണ്ടി അവിശ്രമം പണിയെടുക്കുന്ന ആളാണ്. ആ ലക്ഷ്യം സവര്‍ണ്ണ ഹൈന്ദവതയുടെ അധീശത്വമാണ്. സംഘപരിവാറിന്റെ ആത്യന്തിക മതരാഷ്ട്ര-മനുരാഷ്ട്ര നിര്‍മ്മാണമാണ്.
 
ബീഹാര്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഫ്രണ്ട്‌ലൈന്‍ അസോസിയേറ്റ് എഡിറ്റര്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ‘കാം ജാരി ഹേ’ എന്ന പേരില്‍ ഒരു ലേഖനമെഴുതിയിരുന്നു. ബാബ്‌രി പള്ളി പൊളിക്കാനും രാമക്ഷേത്രമെന്ന രാഷ്ട്രീയ വികാരം സൃഷ്ടിക്കാനും പതിറ്റാണ്ടുകളോളം തളരാതെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന തീവ്രവാദികളില്‍ പ്രധാനിയായ പരമഹംസനെന്ന സന്യാസിയുമായുള്ള പലകാലങ്ങളിലെ സംഭാഷണങ്ങളുടെ ഉള്ളടക്കത്തില്‍ നിന്ന് അതിഹൈന്ദവ രാഷ്ട്രീയത്തിന്റെ ഏഴു പതിറ്റാണ്ടുകളെ വിശകലനം ചെയ്യുകയാണ് ആ ലേഖനം. തിരഞ്ഞെടുപ്പിന്റെ ജയ, പരാജയങ്ങളെയൊന്നും ബാധിക്കാതെ മനുരാഷ്ട്ര നിര്‍മ്മിതിയെന്ന ലക്ഷ്യം മുന്നോട്ടു കൊണ്ടുപോകുന്ന ആ രാഷ്ട്രീയ പരമ്പരയില്‍പ്പെട്ടയാളാണ് ഒ.രാജഗോപാലും. 
 
ഒരു തിരഞ്ഞെടുപ്പ് വിജയവും ഇല്ലാതിരുന്ന കാലത്ത് ഹൈന്ദവരാഷ്ട്രീയത്തിന് വളമിട്ട് കാത്തിരുന്നവരാണ് ഇവര്‍. ഹൈന്ദവ മനസുള്ള ഒരു സമൂഹം അവര്‍ സൃഷ്ടിക്കേണ്ട കാര്യമൊന്നുമില്ലായിരുന്നു. ഇന്ത്യയില്‍ അത് നൂറ്റാണ്ടുകളായി അങ്ങനെ തന്നെയാണ്. ശിഥിലമായ ഹൈന്ദവ സമൂഹത്തിനെ നിലനിര്‍ത്താന്‍ ജാതി വേണമെന്നും മുസ്ലീങ്ങള്‍ മാറ്റി നിര്‍ത്തേണ്ടവരല്ല, അവര്‍ സഹോദരങ്ങളാണെന്നും – ‘മുസ്ലീം സഹോദരങ്ങള്‍’- അവരൊപ്പമില്ലാത്തതിനാല്‍ കൂടെ കൂട്ടുകയാണ് വേണ്ടതെന്നും പഠിപ്പിച്ച ദേശീയ നേതൃത്വം ഹൈന്ദവതയ്ക്ക് നേരത്തേ തന്നെ വളമിട്ടിരുന്നു.
 
അതുകൊണ്ടാണ് രാഷ്ട്രപിതാവിനെ വധിച്ചത് ഹിന്ദുവാണ് എന്ന് കേട്ടപ്പോള്‍ മൗണ്ട് ബാറ്റന്‍ ‘താങ് ഗോഡ്, ഇറ്റ്‌സ് നോട്ട് എ മുസ്ലീം’ എന്നോ മറ്റോ പറഞ്ഞത്. അതുകൊണ്ടു തന്നെയാണ് ഗാന്ധിജിയെ വധിച്ചതാരാണ് എന്ന് ചോദിച്ചാല്‍ ‘നാഥുറാം വിനായക് ഗോഡ്‌സെ’യെന്നും ഇന്ദിരാ ഗാന്ധിയെ വധിച്ചതാരാണ് എന്ന് ചോദിച്ചാല്‍ ‘സിഖുകാര്‍’ എന്നും സ്‌കൂള്‍ കുട്ടികള്‍ വരെ പഠിക്കുന്നത്. (ഒക്‌ടോബര്‍ 31-ന് സിഖുകാര്‍ വെച്ച വെടി, ഇന്ദിര വെടിയേറ്റ് മരിച്ചു- എന്ന കോണ്‍ഗ്രസ് മുദ്രവാക്യം ചെവിയില്‍ നിന്ന് പോയിട്ടില്ല).
 
 
ഗാന്ധിജിയെ വധിച്ചത് ഹൈന്ദവ തീവ്രവാദമാണെന്ന് ആരും പറഞ്ഞില്ല. സിഖ് തീവ്രവാദം, മുസ്ലീം തീവ്രവാദം എന്ന് പറയുന്നത് പോലെ, അതിനെല്ലാം എത്രയോ മുമ്പ് ഉണ്ടായ ഹൈന്ദവ തീവ്രവാദം വ്യക്തികളുടെ ഒറ്റപ്പെട്ട ഹിംസയായി ചുരുങ്ങി. അതുകൊണ്ട് തന്നെയാണ് രാജസ്ഥാനില്‍ കന്നുകാലി കച്ചവടക്കാരായ മുസ്ലീങ്ങളെ തച്ചു കൊല്ലുന്ന അതിക്രൂരന്മാരായ മനുഷ്യര്‍ അവരുടെ വീരകൃത്യം ഫോട്ടോയില്‍ പകര്‍ത്തിയത് ഫേസ് ബുക്കില്‍ പ്രചരിക്കുമ്പോള്‍ അതിനെ അപലപിക്കുന്നവര്‍ പോലും ഐസിസിന്റെ ഇന്ത്യന്‍ വേര്‍ഷന്‍ എന്ന് പറയുന്നത്. ഐസിസും താലിബാനുമൊക്കെ സംഘപരിവാരത്തിന്റെ വിദേശ വേര്‍ഷന്‍സാണെന്ന് നമ്മുടെ ബോധം മറന്നുപോകുന്നത്.
 
അത്രമേല്‍ ഉറച്ച ഹൈന്ദവത നമ്മുടെ സമൂഹത്തിലുണ്ടായിട്ടും അത് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേയ്ക്കും അതുവഴി ഭരണത്തിലേയ്ക്കും കണ്‍വേര്‍ട്ട് ചെയ്യാന്‍ ബി.ജെ.പിക്കും സംഘപരിവാരത്തിനും കഴിയാതിരുന്നത് സ്വാതന്ത്ര്യസമരത്തിന്റെ തുടര്‍ച്ചയായി കോണ്‍ഗ്രസിനുണ്ടായിരുന്ന മതേതര പ്രതിച്ഛായയും ഒറ്റപ്പെട്ട പ്രദേശങ്ങളിലുണ്ടായിരുന്ന പ്രാദേശിക പാര്‍ട്ടികളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുമായിരുന്നുവെന്നും എല്ലാവര്‍ക്കുമറിയാം.
 
കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടാന്‍ ഇവര്‍ എല്ലാക്കാലത്തും ശ്രമിച്ചു. ഇന്ദിരാ ഗാന്ധി സര്‍ക്കാരിനെതിരെ ജയപ്രകാശ്‌ നാരായണന്റെ പ്രക്ഷോഭം രൂപപ്പെട്ടപ്പോള്‍ ഹിന്ദുത്വ രാഷ്ട്രീയം ഒപ്പം ചേര്‍ന്നു. അടിയന്തിരാവസ്ഥയെത്തിയപ്പോള്‍ ജനസംഘത്തെ ഉപേക്ഷിച്ച് ആര്‍.എസ്.എസ് ഇന്ദിരാ ഗാന്ധിയുമായി സന്ധി പ്രഖ്യാപിച്ചു. മൊറാര്‍ജി ദേശായി സര്‍ക്കാരിനൊപ്പമുണ്ടായിരുന്ന ഇടതുപക്ഷക്കാര്‍, ജനസംഘികള്‍ ആര്‍.എസ്.എസ് ഉപേക്ഷിച്ച് വന്നാലേ സഹകരിക്കൂ എന്ന് പറഞ്ഞതോടെ സഹകരണം തീര്‍ന്നു.
 
പക്ഷേ രാഷ്ട്രീയ ഹൈന്ദവര്‍ തളര്‍ന്നില്ല. ബി.ജെ.പിക്ക് ആര്‍.എസ്.എസ് രൂപം നല്‍കുന്നത് അങ്ങനെയാണ്. (ജെ.പിയുടെ മരണത്തോടെ പെരുവഴിയിലായ ജനതാപാര്‍ട്ടിക്കാരില്‍ പലര്‍ക്കും ചേക്കോനുള്ള പാര്‍ട്ടി കൂടിയായി പേരില്‍ ജനതയുള്ള ബി.ജെ.പി. ബീഹാറിലും ഉത്തര്‍പ്രദേശിലുമെല്ലാം അങ്ങനെ ബി..ജെ.പിക്ക് വളര്‍ച്ചയുമുണ്ടായി. ആ കൂട്ടത്തില്‍ ബി.ജെ.പിയിലെത്തിയവരില്‍ പ്രമുഖരാണ് സുഷമ സ്വരാജും രവിശങ്കര്‍ പ്രസാദുമെല്ലാം. ആദ്യകാലത്തുള്ള അമ്പരപ്പിന് ശേഷം ആര്‍.എസ്.എസുകാരെക്കാളും വലിയ സംഘികളായി അവര്‍ മാറി).
 
 
ആദ്യ ഘട്ടത്തിലെ തിരഞ്ഞെടുപ്പ് തിരച്ചടികളൊന്നും ബി.ജെ.പിയെ തളര്‍ത്തിയില്ല. കാര്‍ഷിക, തൊഴിലാളി, ആദിവാസി മേഖലകളിലൊക്കെ അവര്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍, ഇന്ദിരാ വധത്തിന് ശേഷമുള്ള സിഖ് കൂട്ടക്കൊല.. ചോരവീണ് നനഞ്ഞ മണ്ണില്‍ ബി.ജെ.പി ആഴത്തില്‍ കുഴികുത്തി. ബോഫോഴ്‌സിന് ശേഷം കോണ്‍ഗ്രസ് തകര്‍ന്നു പോയപ്പോള്‍ ആദ്യമായി ദേശീയ രാഷ്ട്രീയത്തില്‍ പ്രസക്തരായി. മണ്ഡല്‍ വിരുദ്ധ- സംവരണ വിരുദ്ധ പോരാട്ടത്തിലൂടെ ഇന്ത്യന്‍ മിഡില്‍ ക്ലാസിന്റെ വിശ്വാസവും ആര്‍ജ്ജിച്ച്, സവര്‍ണ്ണ-അവര്‍ണ്ണ യുക്തികള്‍ പ്രത്യക്ഷരാഷ്ട്രീയത്തില്‍ പ്രയോഗിക്കാമെന്ന് തെളിയിച്ചു. ഇതിനെല്ലാം സമാന്തരമായാണ് ബാബ്‌റി പള്ളി തകര്‍ക്കലെന്ന അജണ്ട ഹൈന്ദവ രാഷ്ട്രീയം മുന്നോട്ടു കൊണ്ടുപോയത്. 
 
പറഞ്ഞ് വന്നത് ഇത്രയും മാത്രമാണ്. രാഷ്ട്രീയത്തില്‍ കാത്തിരിക്കുക എന്ന കല ഏറ്റവും ഫലപ്രദമായി ചെയ്തവരാണ് സംഘപരിവാറുകള്‍. തിരഞ്ഞെടുപ്പ് വിജയം മുന്നില്‍ കണ്ട് കൂടെ കൂടിയിരിക്കുന്ന പുത്തന്‍ ബി.ജെ.പിക്കാരല്ല, ഒ.രാജഗോപാലിനെ പോലുള്ളവര്‍. അവര്‍ സ്പീക്കറെ ശ്രീരാമനും കൃഷ്ണനുമായി കണ്ട് തൊഴുന്നുവെന്നത് വെറുതെയല്ല. കെ. കരുണാകരന്‍ ഈഎംസിനെ ‘തിരുമേനി’ എന്ന് മാത്രമേ വിളിക്കുമായിരുന്നുള്ളൂ. ഈഎംഎസ് പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തില്‍ നിന്ന് ആ വിളി അദ്ദേഹത്തെ എത്രമാത്രം അകറ്റുമെന്നുള്ള കുബുദ്ധി കരുണാകരന് ധാരാളമുണ്ടായിരുന്നു.
 
കോണ്‍ഗ്രസിന്റെ വോട്ടുവാങ്ങി ജയിക്കുക, കമ്മ്യൂണിസ്റ്റുകാരുടെ- അതിലെ സവര്‍ണ്ണരുടെ- തോളത്ത് കയ്യിടുന്നുവെന്ന് ധരിപ്പിക്കുക. അതേസമയം സംസ്ഥാനത്ത് കമ്മ്യൂണിസ്റ്റുകള്‍ക്കെതിരെ അക്രമം നടത്തുക. തിരിച്ചടികളുണ്ടാകുമ്പോള്‍ ദേശീയതലത്തില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വരുത്തുക. കേരളത്തെ പുതിയ ബംഗാളായി ചിത്രീകരിക്കുക… കൂടെ കയ്യടിക്കാന്‍ കുറേ പേരുണ്ടായിരിക്കും. അവരെ ഭാവിയില്‍ കൈകാര്യം ചെയ്യാം, അടുത്ത തലമുറയായാലും എന്ന കാത്തിരിപ്പാണ് സംഘപരിവാരത്തിന്റേത്. 
 
 
അടിക്കുറിപ്പ്: ഏതാണ്ട് പത്തുവര്‍ഷം മുമ്പാണ് അടല്‍ ബിഹാരി വാജ്‌പേയി അവസാനമായി പൊതുവേദിയില്‍ പ്രസംഗിക്കുന്നത്. ലഖ്‌നൗ ബി.ജെ.പി ദേശീയ കൗണ്‍സില്‍ യോഗം. വാജ്‌പേയ് പറഞ്ഞത്, ആവര്‍ത്തിച്ചത് ഒറ്റ പോയന്റാണ്. ദില്ലി കേ ലിയേ ഏക് കി രാസ്താ ഹേ, വോ ലഖ്‌നൗ സേ ഹേ. (ഡല്‍ഹിയിലേക്കെത്താന്‍ ഒരേയൊരു മാര്‍ഗ്ഗമേയുള്ളൂ, അത് ലഖ്‌നൗ വഴിയാണ്.)
 
അതിന് ശേഷമുള്ള രണ്ട് നിയമസഭ തിരഞ്ഞെടുപ്പിലും ബി.ജെ.പി നേതൃത്വത്തിന് വാജ്‌പേയി പറഞ്ഞതിന്റെ അര്‍ത്ഥം വേണ്ടവിധത്തില്‍ ഉള്‍ക്കൊള്ളാനായില്ല. പക്ഷേ ലോകസഭ തിരഞ്ഞെടുപ്പില്‍ അവര്‍ക്കത് മനസിലായി. ഉത്തര്‍ പ്രദേശ് ഒന്നടങ്കം പിടിച്ചാണ് അവര്‍ ഡല്‍ഹിയിലെത്തിയത്. ഡല്‍ഹി നിലനിര്‍ത്തുന്നതിനും ഒരേയൊരു മാര്‍ഗ്ഗമേയുള്ളൂ, അത് ലഖ്‌നൗവാണെന്ന് അവര്‍ക്കറിയാം. അതിനുള്ള മട്ടണെല്ലാം ബീഫാക്കിക്കൊണ്ടിരിക്കുകയാണ് അവര്‍. അണിയറയില്‍ ഒരുങ്ങുന്ന കലാപങ്ങളെവിടെയെല്ലാം, എത്ര മരണമാണ് നമ്മെ കാത്തിരിക്കുന്നത് എന്ന് കാണണം.
 
മറുവശത്ത് തീവ്രവാദ കേസില്‍ ‘കുടുങ്ങുന്ന’ മുസ്ലീം യുവാക്കളെക്കുറിച്ചുള്ള നിയമമന്ത്രി സദാനന്ദഗൗഡയുടെ വിലാപവും നമുക്ക് കേള്‍ക്കും. അഥവാ മതേതര രാഷ്ട്രത്തിനെതിരായ മനുവാദികളുടെ, ഹൈന്ദവ തീവ്രവാദികളുടെ സമരം ഭരണത്തിലും പ്രതിപക്ഷത്തിലും തുടരും. കലാപമായും കൊലപാതകമായും കള്ളക്കേസുകളായും നുണപ്രചരണങ്ങളായും കെട്ടുകഥകളായും ചരിത്രനിര്‍മ്മിതികളായും വിദ്യാഭ്യാസ പരിപാടി അട്ടിമറിക്കലായും സാംസ്‌കാരിക ലോകത്തെ വായു കടക്കാത്ത അറയാക്കി മാറ്റലായും പച്ചക്കള്ളങ്ങളായും അഭിനയമായും എല്ലാമെല്ലാം. നിരന്തരമായ ചെറുത്തു നില്‍പ്പിന്റെ രാഷ്ട്രീയമാകണം നമ്മുടേത്. രാജഗോപാലിനേയും സംഘരാഷ്ട്രീയത്തിനേയും തടയല്‍ ഇടതു സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്തമായി കണ്ട് വിശ്രമിക്കാന്‍ കഴിയില്ല എന്ന് ചുരുക്കം.
 
(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍) 
 
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
 
Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍