UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികളെ ഉണ്ടാക്കണമെന്ന്‍ മോഹന്‍ ഭഗവത് പറയുമ്പോള്‍ അവരുടെ മനസിലെന്താണ്?

Avatar

അഴിമുഖം പ്രതിനിധി

അസംബന്ധമെന്നും അപകടകരമെന്നും ഒരുപോലെ തോന്നാവുന്ന ഒരാവശ്യമാണ് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത് ഉന്നയിച്ചത്. “നമ്മുടെ സംസ്കാരവും നാഗരികതയും സംരക്ഷിക്കാന്‍” കൂടുതല്‍ കുട്ടികളെ സൃഷ്ടിക്കാനാണ് അദ്ദേഹം ഹിന്ദു ദമ്പതികളോട് ആവശ്യപ്പെട്ടത്. രാജ്യത്തു ഹിന്ദുക്കളുടെ എണ്ണം കുറയുന്നത് ആശങ്കയുണ്ടാക്കുന്നു എന്നും നിയമസഭാ തെരഞ്ഞെടുപ്പിന് അങ്കത്തട്ടൊരുങ്ങുന്ന ഉത്തര്‍പ്രദേശില്‍ മറ്റൊരു വിവാദത്തിന് വഴിമരുന്നിട്ടുകൊണ്ട് മോഹന്‍ ഭാഗവത് പറഞ്ഞു.

“മറ്റ് വിശ്വാസങ്ങള്‍ ഉള്ളവര്‍ (മുസ്ലീങ്ങള്‍) ധാരാളം കുട്ടികളെ ഉണ്ടാക്കുമ്പോള്‍, എന്തുകൊണ്ട് ഹിന്ദുക്കള്‍ക്കായിക്കൂട? ജനസംഖ്യ വര്‍ദ്ധിപ്പിക്കരുതെന്ന് എന്തെങ്കിലും നിയമമുണ്ടോ? ഭഗവത് ചോദിക്കുന്നു. ഹിന്ദുക്കളെ കൂടുതല്‍ കുട്ടികളെ ഉണ്ടാക്കുന്നതില്‍ നിന്നും തടയുന്ന ഒരു നിയമവുമില്ലെന്ന് ആര്‍എസ്എസ് മേധാവി പറഞ്ഞു. ആഗ്രയില്‍ നടന്ന യുവ ദമ്പതി സമ്മേളനത്തില്‍ ഇന്ത്യയിലെ ജനസംഖ്യ ഘടനയെക്കുറിച്ചുള്ള ഒരവതരണത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ഭാഗവത്.

ഹിന്ദുക്കളുടെ പ്രജനന നിരക്ക് (fertility rate: 15-നും 44-നും ഇടയിലുള്ള 1000 സ്ത്രീകള്‍ക്കുള്ള പ്രജനന നിരക്ക്) 2.1 ശതമാനമാണെങ്കില്‍ ‘മറ്റെ സമുദായത്തിന്റെ’ നിരക്ക് ഇതിനേക്കാള്‍ 8 ശതമാനം കൂടുതലാണെന്ന് അവതരണത്തില്‍ പറയുന്നു. “ഈ നില തുടര്‍ന്നാല്‍ 2025-ഓടെ നമ്മുടെ രാജ്യത്തിന്റെ നിലനില്‍പ്പിനെക്കുറിച്ചുതന്നെ മറക്കാം,” എന്നായിരുന്നു സംഘ കുടുംബ പ്രബോധന്‍ ആഗ്രയില്‍ ഞായറാഴ്ച്ച സംഘടിപ്പിച്ച, ഏതാണ്ട് 2000-ത്തോളം യുവ ദമ്പതികള്‍ പങ്കെടുത്ത സമ്മേളനത്തിന്റെ അവസാനം അംഗീകരിച്ച പ്രമേയം. പരസ്പര തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ആഴ്ച്ചയില്‍ ഒരുതവണ വീട്ടില്‍ ചര്‍ച്ച നടത്താനും അദ്ദേഹം നിര്‍ദ്ദേശിച്ചു. “ആരോഗ്യകരമായ ഒരു ബന്ധത്തിനു കുടുംബത്തിലെ പ്രശ്നങ്ങള്‍ നിങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്യണം.” ഇന്ത്യന്‍ കുടുംബങ്ങളും പടിഞ്ഞാറന്‍ കുടുംബങ്ങളും തമ്മില്‍ സൈദ്ധാന്തികമായ ചില വ്യത്യാസങ്ങളുണ്ട് എന്നും ഭാഗവത് പറഞ്ഞു.

ഭാഗവത് ഈ ചടങ്ങളില്‍ പങ്കെടുക്കവെ, കേവലം രണ്ടു കിലോമീറ്റര്‍ അകലെ ബി എസ് പി നേതാവ് മായാവതി ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികളെ ഉണ്ടാക്കണമെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു. മായാവതിയുടെ സമ്മേളനത്തിന്റെ വ്യത്യാസം വളരെ പ്രകടമായിരുന്നു. ആ സമ്മേളനത്തില്‍ പങ്കെടുത്ത ഒരു ലക്ഷത്തോളം പേരില്‍ പത്തില്‍ ഒമ്പതുപേരും ദളിതരും മുസ്ലീങ്ങളും അതി പിന്നാക്കക്കാരുമായിരുന്നു. ഭാഗവതിന്റെ ചടങ്ങില്‍, ബി ജെ പി പ്രവര്‍ത്തകരും സംഘാടകരുമായി പത്തില്‍ എട്ടുപേരും സവര്‍ണ ജാതിക്കാരായിരുന്നു. അവരുടെ ജാതിസ്വത്വം അവര്‍ തങ്ങളുടെ കുപ്പായത്തില്‍ പേരെഴുതി കുത്തിവെച്ചിരുന്നു- ഉപാധ്യായ്, മിശ്ര, ഝാ എന്നിങ്ങനെ. അവിടെ ഹിന്ദുമതത്തിന്റെ കീര്‍ത്തി വര്‍ണിക്കുന്ന പുസ്തകങ്ങളായിരുന്നു വില്‍പ്പനക്ക്. മായാവതിയുടെ സമ്മേളനത്തില്‍ ബ്രാഹ്മണ്യത്തിന്റെ തിന്‍മകള്‍ തുടങ്ങിയ പുസ്തകങ്ങളായിരുന്നു വില്‍പ്പനയ്ക്ക് വച്ചിരുന്നത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ജനസംഖ്യ അസന്തുലിതാവസ്ഥ തടയാന്‍ ഒരു ഏകീകൃത ദേശീയ ജനസംഖ്യ നയം വേണമെന്ന ആര്‍എസ്എസ് പ്രമേയത്തിന്റെ പശ്ചാത്തലത്തില്‍ വേണം ഭാഗവതിന്റെ പ്രസ്താവനയെ കാണാന്‍. മുസ്ലീം, കൃസ്ത്യന്‍ ജനസംഖ്യയിലെ വര്‍ധനവാണ് ഈ ആവശ്യത്തിന് കാരണമായി ആര്‍ എസ് എസ് പറയുന്നത്. കഴിഞ്ഞ കൊല്ലത്തെ വിജയദശമി പ്രസംഗത്തിലും കഴിഞ്ഞ രണ്ടു സെന്‍സസ് റിപ്പോര്‍ട്ടുകളിലെ കണക്കുകള്‍ ഉദ്ധരിച്ച് ഈ ജനസംഖ്യ അസന്തുലിതാവസ്ഥ ഭഗവത് എടുത്തുപറഞ്ഞിരുന്നു. “ജനസംഖ്യ നയത്തില്‍ എല്ലാ പൌരന്‍മാര്‍ക്കും ബാധകമായ ഒരു സമഗ്ര നയം വേണമെന്നും” ആര്‍ എസ് എസ് മേധാവി അന്നാവശ്യപ്പെട്ടു. സെന്‍സസ് കണക്കുകള്‍ വാസ്തവത്തില്‍ കാണിക്കുന്നത് 2001-2011-ല്‍ ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 0.8 ശതമാനം ഉയര്‍ന്ന് 14.22 ശതമാനമായി. (17.22 കോടി) എന്നാണ്. കഴിഞ്ഞ ദശാബ്ദത്തിലെ 1.73 ശതമാനം വളര്‍ച്ചാനിരക്കിനെക്കാള്‍ കുറവാണിത്.

ഭാഗവതിന്റെ അവതരണത്തില്‍ ഫ്രാന്‍സ്, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ഉദാഹരണം നിരത്തുന്നുണ്ട്. ഒരു രാജ്യത്തെ തദ്ദേശീയ മതങ്ങള്‍ ന്യൂനപക്ഷമാകുന്നു എന്നും അതിനു കാരണം ഒരു സമുദായം- പച്ചക്കൊടിയും അതില്‍ ഒരു ചന്ദ്രക്കലയും നക്ഷത്രവുമുള്ള- കൂടുതല്‍ കൂടുതല്‍ കുട്ടികളെ ഉണ്ടാക്കുന്നതാണ്. “യൂറോപ്പിലെ 50+ ദശലക്ഷം മുസ്ലീങ്ങള്‍ കുറച്ചു പതിറ്റാണ്ടുകള്‍ക്കുള്ളില്‍ അതിനെ ഒരു മുസ്ലീം ഭൂഖണ്ഡമാക്കും,” എന്നും അവതരണത്തില്‍ പറഞ്ഞു. ഈ വാചകത്തിനൊപ്പം കൊല്ലപ്പെട്ട ലിബിയന്‍ ഏകാധിപതി മുവമ്മര്‍ ഗദ്ദാഫിയുടെ ചിത്രമാണ് കൊടുത്തത്. എന്നാല്‍ സ്ഥിരീകരണമില്ലാത്ത കണക്കുകളുടെയൊപ്പം ഈ ചിത്രം ഉപയോഗിച്ചതിന് സാമൂഹ്യമാധ്യമങ്ങളില്‍ ആര്‍എസ്എസിന്നെതിരെ വലിയ വിമര്‍ശനമുയര്‍ന്നു.

രാജ്യത്തിനെയും അതിന്റെ  സംസ്കാരവും മൂല്യങ്ങളും സംരക്ഷിക്കണമെങ്കില്‍  കൂടുതല്‍ കുട്ടികളെ സൃഷ്ടിക്കണമെന്നും അവരെ ഹിന്ദു മതത്തിന്റെ ആധാരമൂല്യങ്ങള്‍ പഠിപ്പിക്കണമെന്നും ആര്‍ എസ് എസ് ദമ്പതികളെ ഉപദേശിക്കുന്നു. ഹിന്ദുക്കളും മുസ്ലീങ്ങളും ഇങ്ങനെ കുഞ്ഞുങ്ങളെ ഉണ്ടാക്കാന്‍ തുടങ്ങിയാല്‍ ജനസംഖ്യ വിസ്ഫോടനം ഉണ്ടാകില്ലേ എന്ന്‍ ഒരു സ്ത്രീ ഭാഗവതിനോട് ചോദിച്ചു. “ആരാണവര്‍ക്ക് ഭക്ഷണം, തൊഴില്‍, പ്രാഥമിക സൌകര്യങ്ങള്‍ ഇതെല്ലാം നല്കുക?” അവര്‍ ചോദിച്ചു. ഹിന്ദുക്കള്‍ കുട്ടികളെ പെറ്റുകൂട്ടിയാല്‍ അവര്‍ക്കെല്ലാം ബി ജെ പി തൊഴില്‍ നല്‍കുമോ എന്നാണ് ബി എസ് പി നേതാവ് മായാവതി ചോദിച്ചത്. വിവാദ പരമാര്‍ശങ്ങള്‍ ഉയര്‍ത്തിവിടുന്ന ഉത്തര്‍പ്രദേശ് മന്ത്രിയും സമാജ് വാദി പാര്‍ടി നേതാവുമായ അസം ഖാന്‍ വളരെ രൂക്ഷമായാണ് ഭാഗവതിന്റെ പ്രസ്താവനയോട് പ്രതികരിച്ചത്: “അയാളാദ്യം ഷഹന്‍ഷായോട് (നരേന്ദ്ര മോദിയെ ഉദ്ദേശിച്ച്) കുട്ടികളെ ജനിപ്പിക്കാന്‍ പറയട്ടെ.”

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍