UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭാഗവതും പിണറായിയും കണ്ണൂരില്‍ വെള്ളക്കൊടി വീശുമ്പോള്‍

Avatar

അഴിമുഖം പ്രതിനിധി

കണ്ണൂരിലെ രാഷ്ട്രീയ സംഘട്ടനങ്ങളും കൊലപാതകങ്ങളും അവസാനിപ്പിക്കാന്‍ ആര്‍എസ്എസും സിപിഐഎമ്മും തയ്യാറെടുക്കുന്നുവെന്ന വാര്‍ത്ത കേള്‍ക്കാന്‍ സുഖമുള്ള ഒന്നു തന്നെ. എന്നാല്‍ ഇരുപക്ഷത്തേയും മുതിര്‍ന്ന രണ്ട് നേതാക്കള്‍ മുമ്പോട്ടു വച്ചിട്ടുള്ള സമാധാന ചര്‍ച്ചയെന്ന ആശയം എത്ര കണ്ട് യാഥാര്‍ത്ഥ്യമാകുമെന്ന കാര്യത്തില്‍ സംശയം ബാക്കി നില്‍ക്കുന്നു.

ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത്താണ് സമാധാന ചര്‍ച്ചയെന്ന ആശയം ആദ്യം മുന്നോട്ടു വച്ചത്. തന്റെ ക്ഷണം സ്വീകരിച്ച് സംവാദത്തിന് എത്തിയവരുടെ ഒരു ചോദ്യത്തിന് മറുപടിയായാണ് കണ്ണൂരില്‍ സമാധാനം ഉണ്ടാക്കാന്‍ ആര്‍എസ്എസ് തയ്യാറാണെന്ന് ഭാഗവത് പറഞ്ഞത്. ആര്‍എസ്എസ് നേതാവിന്റെ നിലപാട് സത്യസന്ധമാണെങ്കില്‍ അതിനെ തങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ വ്യക്തമാക്കി കഴിഞ്ഞു.

‘പുതുവര്‍ഷത്തില്‍ കേള്‍ക്കാന്‍ ഏറെ ഇമ്പമുള്ള വാര്‍ത്ത,‘ എന്നായിരുന്നു കണ്ണൂരിലെ കുരുതി നിലങ്ങളില്‍ ഒന്നായ പാനൂരില്‍ നിന്നുമുള്ള രാജന്റെ പ്രതികരണം. രാജന്‍ ഒരു സ്‌കൂള്‍ അധ്യാപകനാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പ്രത്യേക ആഭിമുഖ്യമില്ല. ഓര്‍മ്മ വച്ചനാള്‍ മുതല്‍ രാഷ്ട്രീയ കൊലപാതകങ്ങളും ബോംബ് സ്‌ഫോടനങ്ങളും രാജന് സുപരിചിതമാണ്. ഇതിന് ഒരു അറുതി മറ്റേവരേയും പോലെ തന്നെ രാജനും ആഗ്രഹിക്കുന്നുണ്ട്.

യുദ്ധാന്തരീക്ഷത്തില്‍ ജീവിക്കുന്നവരെ പോലെ ആയിരുന്നു കണ്ണൂരിലെ കുരുതി നിലങ്ങളായ പാനൂര്‍, തലശേരി, കതിരൂര്‍, കൂത്തുപറമ്പ്, ആയിത്തറമമ്പറം തുടങ്ങിയ പ്രദേശങ്ങളിലെ ആളുകള്‍ ഈ അടുത്തകാലം വരെ. ബോംബും മാരകായുധങ്ങളുമായി പേപ്പട്ടികളെ പോലെ പാഞ്ഞു നടക്കുന്ന കൊലപാതകി സംഘങ്ങള്‍. ഏതു നിമിഷവും ഏതു വീടും അക്രമിക്കപ്പെടാമെന്ന അവസ്ഥ. ആരും എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാം. ഇതൊക്കെയായിരുന്നു ഈ അടുത്ത കാലം വരെ ഇവിടങ്ങളിലെ അവസ്ഥ.

കൊലപാതകങ്ങളിലും അക്രമങ്ങളിലും ശമിക്കുന്നത് ആയിരുന്നില്ല ഈ സംഘങ്ങളുടെ ശൗര്യം. അക്രമിക്കപ്പെടുന്ന വീട്ടിലെ കണ്ണാടികള്‍ തച്ചുടയ്ക്കപ്പെടും അമ്മിക്കല്ലും (അരകല്ല്) പിള്ളക്കല്ലും കിണറ്റില്‍ എറിയും. (കണ്ണാടി തകര്‍ക്കുന്നതിനും അമ്മിക്കല്ലും പിള്ളക്കലും കിണറ്റില്‍ എറിയുന്നതിനും പിന്നില്‍ ഒരു അന്ധവിശ്വാസമുണ്ട്. അങ്ങനെ ചെയ്താല്‍ പിന്നീട് ആ വീട്ടില്‍ പെണ്‍കുട്ടികളുടെ വിവാഹം നടക്കില്ലത്രേ.)

പാര്‍ട്ടി ഗ്രാമങ്ങളിലെ ബോംബു നിര്‍മ്മാണം കുടില്‍ വ്യവസായം പോലെ തഴച്ചു വളര്‍ന്നതോടെ ബോംബു നിര്‍മ്മാണ കേന്ദ്രങ്ങളില്‍ സ്‌ഫോടനങ്ങളും മരണങ്ങളും പതിവായി. അബദ്ധത്തില്‍ സംഭവിക്കുന്ന ഇത്തരം സ്‌ഫോടനങ്ങളുടേയും മരണങ്ങളുടേയും ഉത്തരവാദിത്വവും ആര്‍എസ്എസും സിപിഐഎമ്മും പരസ്പരം പഴി ചാരാനുള്ള ഉപാധിയാക്കി മാറ്റി.

1968-ല്‍ വാടിക്കല്‍ രാമകൃഷ്ണന്‍ എന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മരണത്തില്‍ തുടങ്ങുന്നതാണ് കണ്ണൂരിലെ സിപിഐഎം-ആര്‍എസ്എസ് കൊലപാതക പരമ്പരയിലെ ആദ്യത്തേത്. ഇരുഭാഗത്തു നിന്നുമായി ഇതിനകം നാനൂറിലേറെ പേര്‍ കൊല്ലപ്പെട്ടു. അക്രമങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണം മൂവായിരം കവിഞ്ഞു. പാട്ടപെറുക്കി നടന്നിരുന്ന അമാവാസിയെന്ന തമിഴ് നാടോടി ബാലനടക്കം ഒളിപ്പിച്ചതോ ഉപേക്ഷിക്കപ്പെട്ടതോ ആയ ബോംബുകള്‍ പൊട്ടി അംഗവൈകല്യം സംഭവിക്കുകയോ മരിക്കുകയോ ചെയ്ത കുരുന്നു ബാല്യങ്ങളും നിരവധിയാണ്. കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍ ആള്‍മാറി കൊല ചെയ്യപ്പെട്ടവരും ഉണ്ട്.

1999 ഡിസംബര്‍ 31-ന് നടന്ന യുവമോര്‍ച്ചാ നേതാവ് കെ ടി ജയകൃഷ്ണന്റെ കൊലപാതകം ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നായിരുന്നു. 1995-ല്‍ നടന്ന സിഐടിയു പ്രവര്‍ത്തകന്‍ മാമന്‍ വാസുവിന്റെ കൊലപാതകത്തിനുള്ള തിരിച്ചടിയായാണ് ജയകൃഷ്ണന്‍ വധം വിലയിരുത്തപ്പെട്ടത്. മൊകേരി സ്‌കൂളില്‍ ക്ലാസ് എടുത്തു കൊണ്ടിരിക്കുമ്പോഴാണ് വടിവാളുകളുമായി എത്തിയ ഒരു സംഘം അക്രമികള്‍ ജയകൃഷ്ണനെ കൊത്തി നുറുക്കിയത്. ഈ കൊലപാതകത്തിനുള്ള തിരിച്ചടിയായിരുന്നു സിപിഐഎം നേതാവ് പി ജയരാജനു നേര്‍ക്ക് നടന്ന വധശ്രമം. തൊട്ടടുത്ത തിരുവോണ നാളിലാണ് കിഴക്കേ കതിരൂരിലുള്ള സ്വന്തം വീട്ടില്‍ വച്ച് ജയരാജനെ അക്രമി സംഘം വെട്ടിയരിയുന്നത്. അക്രമത്തില്‍ അറ്റുപോയ കൈ തുന്നിച്ചേര്‍ത്തെങ്കിലും ജയരാജന്‍ ഇന്നും കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ്.

അടുത്തകാലത്തായി പാനൂര്‍, കതിരൂര്‍ മേഖല അല്‍പ്പം ശാന്തമാണ്. ബിജെപി നേതാക്കളായ ഒകെ വാസുവും എ അശോകനും വലിയൊരു സംഘം പ്രവര്‍ത്തകര്‍ക്കൊപ്പം സിപിഐഎമ്മില്‍ ചേര്‍ന്നതോടുകൂടിയാണ് ഈ മേഖലയില്‍ സംഘര്‍ഷത്തിന് അല്‍പം അയവു വന്നത്. ബിജെപി വിട്ട് സിപിഐഎമ്മിലെത്തിയ അശോകന്‍ ചെറുവാഞ്ചേരിയിലെ അസ്‌നയെന്ന പെണ്‍കുട്ടിയുടെ കാല്‍നഷ്ടപ്പെടാന്‍ ഇടയാക്കിയ ബോംബാക്രമണ കേസിലെ പ്രതികളില്‍ ഒരാളാണ്. അശോകന്റേയും വാസുവിന്റേയും സിപിഐഎമ്മിലേക്കുള്ള വരവ് ആ പാര്‍ട്ടിയുടെ തന്നെ അണികളില്‍ ചിലര്‍ എതിര്‍ത്തിരുന്നു. 2000 സെപ്തംബര്‍ 27-ന് നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ ബിജെപി-കോണ്‍ഗ്രസ് സംഘര്‍ഷം ബോംബേറില്‍ കലാശിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കോണ്‍ഗ്രസുകാര്‍ക്കുനേരേ എറിഞ്ഞ ബോംബാണ് ലക്ഷ്യം തെറ്റി വീടിനുമുന്നില്‍ കളിച്ചു കൊണ്ടിരുന്ന അസ്‌നയുടെ കാലില്‍ തട്ടി പൊട്ടി തെറിച്ചത്. കൃത്രിമ കാലുമായി ജീവിക്കുന്ന അസ്‌ന ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ്.

പാനൂര്‍, കതിരൂര്‍ മേഖല അല്‍പം ശാന്തമാണെങ്കിലും കലാപം എപ്പോള്‍ വേണമെങ്കിലും പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന് അവിടങ്ങളില്‍ താമസിക്കുന്നവര്‍ ഭയപ്പെടുന്നു. ഇതിനിടയിലാണ് മോഹന്‍ ഭാഗവതിന്റേയും പിണറായിയുടേയും സമാധാന ആഹ്വാനം എന്നത് പ്രതീക്ഷയ്ക്കു വക നല്‍കുന്ന ഒന്നു തന്നെ. എന്നാല്‍, ഇതേ വിഷയവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനല്‍ ഇന്നലെ നടത്തിയ ചര്‍ച്ച വ്യക്തമാക്കുന്നത് ജില്ലയില്‍ നിന്നുള്ള ഇരുപക്ഷത്തേയും നേതാക്കള്‍ ഇപ്പോഴും പഴമ്പുരാണങ്ങള്‍ ആവര്‍ത്തിക്കുകയും പരസ്പരം പഴി ചാരുകയും ചെയ്യുകയാണ്.

സിപഐഎം നേതാക്കള്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നത് കേരളത്തെ കലാപഭൂമിയാക്കുന്നതിന്റെ ഭാഗമായി ആര്‍എസ്എസ് കേന്ദ്ര നേതൃത്വം കണ്ണൂരിനെ പരീക്ഷണശാല ആക്കിയെന്നാണ്. മാംഗ്ലൂര്‍ ഗണേശ് ബീഡി കമ്പനി മലബാറിലെ അവരുടെ ബീഡി തെറുപ്പു കേന്ദ്രങ്ങള്‍ പൂട്ടിയപ്പോഴാണ് തൊഴില്‍ രഹിതരായവരെ സഹായിക്കാന്‍ സിപിഐഎം ദിനേശ് ബീഡി കമ്പനി ആരംഭിച്ചത്. ഈ സംരംഭത്തെ തകര്‍ക്കാന്‍ മംഗാലപുരത്തു നിന്നും ഒഴുകിയെത്തിയ പണത്തിന്റെ ബലത്തില്‍ കണ്ണൂര്‍ ജില്ലയില്‍ ആര്‍എസ്എസ് ശാഖകള്‍ ആരംഭിച്ച കഥയാണ് സിപിഐഎം ഇപ്പോഴും ആവര്‍ത്തിക്കുന്നത്. 1971-ല്‍ തലശേരിയില്‍ ഉണ്ടായ വര്‍ഗീയ ലഹളയും അതിനെ സിപിഐഎം ഫലപ്രദമായി നേരിട്ടു എന്നുമൊക്കെ അവര്‍ വിശദീകരിക്കുന്നു. ലഹളയില്‍ കഷ്ടനഷ്ടങ്ങള്‍ സംഭവിച്ചു കൊണ്ടിരുന്ന മുസ്ലിംങ്ങളെ സഹായിക്കുന്നതിനുവേണ്ടി സിപിഐഎം രൂപീകരിച്ച സ്‌ക്വാഡില്‍പ്പെട്ട കൂത്തുപറമ്പ് മെരുമ്പായി സ്വദേശി യു കെ കുമാരനെയാണ് സിപിഐഎം ഈ പരമ്പരയിലെ തങ്ങളുടെ ആദ്യ രക്തസാക്ഷിയായി അവതരിപ്പിക്കുന്നത്. അതേസമയം ജില്ലയിലെ ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ക്ക് പറയാനുള്ളത് 1968-ലെ വാടിക്കല്‍ രാമകൃഷ്ണന്റെ കൊലപാതകമാണ്. തങ്ങളുടെ ശക്തി കേന്ദ്രങ്ങളില്‍ സിപിഐഎം തുടര്‍ന്നു വരുന്ന അസഹിഷ്ണുതയേയും.

പഴംപുരാണങ്ങള്‍ പറയലും പരസ്പരം പഴി ചാരലും ഇങ്ങനെ തുടരുമ്പോള്‍ മോഹന്‍ ഭാഗവതും പിണറായി വിജയനും പറയുന്ന സമാധാന ചര്‍ച്ചയ്ക്ക് എത്രമാത്രം സാധ്യതയും പ്രസക്തിയും ഉണ്ടെന്ന ചോദ്യം ബാക്കിയാകുന്നു. കാലാകാലങ്ങളില്‍ നടന്നു വന്നിരുന്ന സമാധാന ചര്‍ച്ചകള്‍ക്ക് അപ്പുറത്തേക്കുള്ള ഒന്നായാണ് മോഹന്‍ ഭാഗവതും പിണറായിയും മുന്നോട്ടുവച്ച നേരിട്ടുള്ള സംവാദത്തെ പലരും നോക്കി കണ്ടത്. അതേസമയം താഴെ തട്ടിലുള്ള നേതാക്കള്‍ തുടരുന്ന മനോഭാവം അത്തരം ഒരു ചര്‍ച്ച അപ്രസക്തമാക്കില്ലേയെന്ന ആശങ്ക ബലപ്പെടുത്തുകയാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍