UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗോവധ നിരോധനം രാജ്യവ്യാപകമായി നടപ്പാക്കണമെന്ന് ആര്‍എസ്എസ് തലവന്‍

നിയമം രാജ്യവ്യാപകമായി നടപ്പാക്കുക എളുപ്പമല്ലെന്നും മോഹന്‍ ഭഗവത്

രാജ്യം മുഴുവന്‍ ഗോവധ നിരോധന നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത്. രാജസ്ഥാനിലെ ആല്‍വാറില്‍ ക്ഷീരകര്‍ഷകനായ പെഹ്‌ലു ഖാനെ ഗോ സംരക്ഷണ സേനാ പ്രവര്‍ത്തകര്‍ തല്ലിക്കൊന്നതിനു പിന്നാലെയാണ് ഭഗവതിന്റെ പ്രസ്താവന എത്തിയിരിക്കുന്നത്. എന്നാല്‍ ഗോസംരക്ഷണത്തിന്റെ പേരില്‍ അക്രമം നടത്തരുതെന്നും അത് ഗോ സംരക്ഷണത്തിന്റെ ഉദ്ദേശശുദ്ധിയെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജസ്ഥാനില്‍ ഗോസംരക്ഷണത്തിന്റെ പേരില്‍ അക്രമികള്‍ ഒരാളെ തല്ലിക്കൊന്നതിന്റെ പശ്ചാത്തലത്തില്‍ ഗോസംരക്ഷണ സേനകളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ഭഗവതിന്റെ പുതിയ പ്രസ്താവന എത്തിയിരിക്കുന്നത് എന്നാണ് സൂചനകള്‍. ഇന്നലെ മഹാവീര്‍ ജന്മദിനാഘോഷത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേ സമയം, ഇന്ത്യ പോലെ വൈവിധ്യം നിറഞ്ഞ ഒരു രാജ്യത്ത് ഒരു ഏകീകൃത നിയമം നടപ്പാക്കുക എളുപ്പമല്ലെന്ന കാര്യവും അദ്ദേഹം അംഗീകരിച്ചു. രാഷ്ട്രീയ സങ്കീര്‍ണതകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിയമം നടപ്പാക്കാന്‍ കുറച്ച് സമയം വേണ്ടിവരുമെന്നാണ് അദ്ദേഹം പറഞ്ഞത്. അതോടൊപ്പം, ഗോസംരക്ഷണത്തില്‍ പ്രതിബദ്ധരായവര്‍ അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ നിയമം നടപ്പാക്കിക്കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

രാജസ്ഥാനിലെ മേളയില്‍ നിന്ന് വാങ്ങിയ കറവപ്പശുക്കളുമായി സ്വദേശമായ ഹരിയാനയിലേക്ക് വരുമ്പോഴാണ് പെഹ്ലു ഖാനും മക്കളും ആക്രമിക്കപ്പെട്ടത്. നിയമാനുസൃതം വാങ്ങിയതാണെന്ന രേഖകള്‍ കാണിച്ചിട്ടും ജനക്കൂട്ടം ഇവരെ മര്‍ദ്ദിക്കുകയായിരുന്നു. ഇരുഭാഗത്തും തെറ്റുണ്ടെന്നായിരുന്നു ഇതിനെക്കുറിച്ച്‌ രാജസ്ഥാന്‍ മന്ത്രി പ്രസ്താവിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍