UPDATES

ട്രെന്‍ഡിങ്ങ്

ഫസല്‍ വധം: പിന്നില്‍ സിപിഎം അല്ലെന്നും തങ്ങളാണെന്നും ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മൊഴി

ഫസല്‍ വധക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സിബിഐ കോടതി ഈമാസം 15ന് വിധി പറയും

തലശേരിയില്‍ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസലിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് ആണെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കുപ്പി സുബീഷിന്റെ മൊഴിയുടെ വീഡിയോ പുറത്ത്. വീഡിയോ സിബിഐ കോടതിയില്‍ ഫസലിന്റെ സഹോദരന്‍ അബ്ദുള്‍ റഹ്മാന്‍ സമര്‍പ്പിച്ചു. ഇതോടെ ഫസല്‍ വധക്കേസില്‍ സിബിഐ കുറ്റം ചുമത്തിയ കാരായിമാര്‍ നിരപരാധികളാണെന്ന് വന്നിരിക്കുകയാണ്.

പടുവിലായി മോഹന്‍ വധക്കേസില്‍ പിടിയിലായപ്പോഴാണ് താനുള്‍പ്പെടുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഫസല്‍ വധത്തിനും പിന്നിലെന്ന് വെളിപ്പെടുത്തിയത്. ഫസല്‍ വധക്കേസില്‍ കാരായിമാര്‍ മൂന്ന് വര്‍ഷത്തോളം ജയിലില്‍ കിടക്കുകയും പിന്നീട് എറണാകുളം ജില്ല വിട്ടുപോകരുതെന്ന കരാറില്‍ ജാമ്യം അനുവദിക്കുകയുമായിരുന്നു. ചിന്തയില്‍ ജോലിയില്‍ പ്രവേശിക്കാനായി കഴിഞ്ഞ ദിവസം മാത്രമാണ് കാരായി രാജന് സിബിഐ കോടതി എറണാകുളം വിട്ടുപോകാന്‍ അനുമതി നല്‍കിയത്.

സുബീഷ് പോലീസിന് നല്‍കിയ മൊഴിയുടെ വീഡിയോയാണ് ഇപ്പോള്‍ സിബിഐ കോടതിയില്‍ ലഭിച്ചത്. സിബിഐ അന്വേഷിച്ച കേസില്‍ സുപ്രധാന വഴിത്തിരിവാകാവുന്ന മൊഴിയുടെ വീഡിയോ റിപ്പോര്‍ട്ടര്‍ ചാനലാണ് പുറത്തുവിട്ടത്. സിബിഐ അന്വേഷണത്തില്‍ പിഴവ് സംഭവിച്ചുവെന്നതിന്റെ തെളിവാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എന്‍ഡിഎഫുമായുള്ള പ്രശ്‌നങ്ങളാണ് കൊലയ്ക്ക് കാരണമെന്നും സുബീഷ് വെളിപ്പെടുത്തുന്നുണ്ട്. മൂന്ന് ആയുധങ്ങളാണ് കരുതിയിരുന്നത്. പ്രബീഷിന്റെ കൈവശം വാളുണ്ടായിരുന്നു. ഷിനോജിന്റെ കയ്യിലും ആയുധങ്ങളുണ്ടായിരുന്നു. നാല് പേരാണ് കൊലയാളി സംഘത്തിലുണ്ടായിരുന്നത്.

തന്റെ ബൈക്ക് മറിഞ്ഞത് നേരെയാക്കിയപ്പോഴേക്കും മറ്റുള്ളവര്‍ കൊലപാതകം നടത്തിയിരുന്നുവെന്നും സുബീഷ് വ്യക്തമാക്കുന്നു. മുമ്പും ഇത് സംബന്ധിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ടെലഫോണ്‍ സംഭാഷണത്തിന്റെ രേഖകള്‍ പുറത്തുവന്നിരുന്നു. പടുവിലായി മോഹന്‍ വധക്കേസ് അന്വേഷണത്തിനിടെ പോലീസിന് ലഭിച്ചിരിക്കുന്ന ഈ മൊഴി ഫസല്‍ വധക്കേസിലെ നിര്‍ണായക തെളിവായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഫസല്‍ വധക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സിബിഐ കോടതി ഈമാസം 15ന് വിധി പറയും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍