UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അജണ്ട സംഘപരിവാറിന്റെതാണ്; കപടവേഷങ്ങളുടെ യുഗം തുടങ്ങിയിട്ടേ ഉള്ളൂ

Avatar

ടീം അഴിമുഖം /എഡിറ്റോറിയല്‍

രാജ്യത്തെ പ്രസാധകരംഗത്ത് അടുത്തകാലത്തുണ്ടായ എടുത്തുപറയാവുന്ന നേട്ടങ്ങളിലൊന്നാണ് മൂര്‍ത്തി ക്ലാസിക്കല്‍ ലൈബ്രറി ഓഫ് ഇന്ത്യയില്‍നിന്നുള്ള പുസ്തകങ്ങള്‍. അതോടൊപ്പം ലോകത്തിലെ തന്നെ ഏറ്റവും സങ്കീര്‍ണമായ പ്രസാധകപരിപാടികളിലൊന്നും. ഇന്ത്യയുടെ സാഹിത്യപാരമ്പര്യത്തില്‍നിന്നുള്ള അനിതരസാധാരണങ്ങളായ പുസ്തകങ്ങളാണ് ഇതിലുള്ളത്. ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണമൂര്‍ത്തിയുടെ മകന്‍ രോഹന്‍ നാരായണമൂര്‍ത്തിയാണ് ഈ സംരംഭത്തിന് മുഖ്യമായി ചുക്കാന്‍ പിടിക്കുന്നതും ഇതിന് ധനസഹായം ഉള്‍പ്പെടെയുള്ളവ നല്‍കുന്നതും. 

 

രാജ്യാന്തര നിലവാരമുള്ള ഇംഗ്ലീഷ് പരിഭാഷ, ഉന്നതനിലവാരമുള്ള സമകാലീന പുസ്തക രൂപകല്‍പന, കുലീനവും പുതുതായി നിര്‍മിച്ചവയുമായ ഫോണ്ടുകള്‍ എന്നിവയെല്ലാം ഒരുമിക്കുന്ന ഈ പുസ്തകങ്ങള്‍ ഇന്ത്യയിലെ ആധുനികപൂര്‍വ സാഹിത്യത്തിലേക്കുള്ള നിരസിക്കാനാകാത്ത ക്ഷണമാണ്. ബംഗ്ല, ഹിന്ദി, കന്നഡ, മറാത്തി, പാലി, പഞ്ചാബി, പേഴ്‌സ്യന്‍, സംസ്‌കൃതം, സിന്ധി, തമിഴ്, തെലുങ്ക്, ഉറുദു ഭാഷകളില്‍നിന്ന് തര്‍ജമ ചെയ്ത പുസ്തകങ്ങളാണ് ഇവയില്‍ ഉള്ളത്. ഇടതുവശത്തെ പേജില്‍ മൂലഗ്രന്ഥം അത് എഴുതപ്പെട്ട ഭാഷയിലും വലതുവശത്തെ പേജില്‍ ഇംഗ്ലീഷ് പരിഭാഷയും എന്ന മട്ടിലാണ് മൂര്‍ത്തി ക്ലാസിക് ലൈബ്രറി പുസ്തകങ്ങള്‍. പ്രശസ്ത സംസ്‌കൃതപണ്ഡിതനായ ഷെല്‍ഡന്‍ പൊള്ളോക്കാണ് ജനറല്‍ എഡിറ്റര്‍. കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ സംസ്‌കൃതം, സൗത്ത് ഏഷ്യന്‍ സ്റ്റഡീസ് പ്രഫസറായ ഇദ്ദേഹം സംസ്‌കൃതത്തിലുള്ള പല കൃതികളും പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

 

എന്നാല്‍ ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നടക്കുന്ന സര്‍ക്കാര്‍ നടപടിയെ അപലപിച്ച് പ്രഫസര്‍ പൊള്ളോക്ക് രണ്ട് പ്രസ്താവനകള്‍ നടത്തിയതോടെ വലതുപക്ഷക്കാര്‍ അദ്ദേഹത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്. അദ്ദേഹത്തെ മൂര്‍ത്തി ക്ലാസിക്കല്‍ ലൈബ്രറിയുടെ ജനറല്‍ എഡിറ്റര്‍ സ്ഥാനത്തുനിന്നു മാറ്റണമെന്നാണ് ഇവരുടെ ആവശ്യം. ഇതിനുപിന്നാലെ, പൊള്ളോക്കിന്റെ വിമര്‍ശകരെ ചര്‍ച്ചയ്ക്കു വിളിക്കണമെന്നും ഭാഷാന്തര പദ്ധതി സര്‍ക്കാരിന്റെ ലക്ഷ്യങ്ങള്‍ക്കനുസരിച്ചു നടത്തണമെന്നും ആവശ്യപ്പെട്ട് 132 ആളുകള്‍ ഒപ്പിട്ട നിവേദനവും രോഹന്‍ മൂര്‍ത്തിക്കു നല്‍കിയിരിക്കുന്നു.

 

‘ചരിത്രപ്രാധാന്യമുള്ള ഇത്തരം പദ്ധതികള്‍ക്ക് വഴികാട്ടാനും നടപ്പാക്കാനും അതത് ഇന്ത്യന്‍ ഭാഷകളില്‍ പ്രാവീണ്യം മാത്രമല്ല ഇന്ത്യന്‍ ബൗദ്ധിക പാരമ്പര്യത്തില്‍ അടിയുറച്ച വിശ്വാസവും ഉള്ളവരെ വേണം നിയോഗിക്കാന്‍’ എന്ന് നിവേദനത്തില്‍ പറയുന്നു. ‘മഹത്തായ ഇന്ത്യന്‍ സംസ്‌കാരത്തോട് അനുഭാവവും ബഹുമാനവുമുള്ളവരായിരിക്കണം ഇവരെ’ന്നും ‘നമ്മുടെ സംസ്‌കാരം ആദരിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന പല ആദര്‍ശങ്ങളോടും മൂല്യങ്ങളോടും ആഴത്തിലുള്ള അനിഷ്ട’മുള്ള പൊള്ളോക്കിന് ഇതു സാധിക്കില്ലെന്നും നിവേദനത്തിലുണ്ട്.

 

 

ശരിക്കും? കനയ്യ കുമാറടക്കമുള്ളവരെ അറസ്റ്റ് ചെയ്യുകയും വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുകയും രോഹിത് വെമുലയെ ആത്മഹത്യയ്ക്കു നിര്‍ബന്ധിതനാക്കുകയും ചെയ്യുന്നത് നമ്മുടെ ‘സംസ്‌കാരം ആദരിക്കുന്ന മൂല്യങ്ങളാ’ണോ?

 

‘ഇന്ത്യയുടെ ഐക്യത്തോടും അഖണ്ഡതയോടും പൊള്ളോക്ക് ബഹുമാനക്കുറവ് കാണിച്ചു എന്നു വ്യക്തമാണ്. അത്തരമൊരു വ്യക്തിക്ക് നിങ്ങളുടെ ചരിത്രപ്രാധാന്യമുള്ള ഭാഷാന്തര പദ്ധതിയെ വസ്തുനിഷ്ഠമായും നിഷ്പക്ഷമായും സമീപിക്കാനാകില്ല’ എന്നും നിവേദനം തുടരുന്നു.

 

സര്‍ക്കാരിന്റെ ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിക്കനുസരണമാംവിധം മൂര്‍ത്തി ക്ലാസിക്കല്‍ ലൈബ്രറി ഓഫ് ഇന്ത്യയുടെ ബോര്‍ഡ് പുനഃസംഘടിപ്പിക്കണമെന്നും തര്‍ജമ ചെയ്യപ്പെടുന്ന പുസ്തകങ്ങളുടെ പരമ്പരാഗത എഴുത്തുകാര്‍ക്ക് ഇതില്‍ വേണ്ടത്ര പ്രാതിനിധ്യം നല്‍കണമെന്നും ആവശ്യങ്ങളിലുണ്ട്.

 

‘ഈ പദ്ധതി മേക്ക് ഇന്‍ ഇന്ത്യയുടെ സ്വഭാവത്തോടെയാകണ’മെന്നും ‘അമേരിക്കന്‍ ഐവി ലീഗിന്’ വിട്ടുകൊടുക്കരു’തെന്നും പറയുന്ന നിവേദനം ‘ഇന്‍ഫോസിസിന്റെ ദീര്‍ഘവീക്ഷണം ഇന്ത്യക്കാര്‍ക്ക് ഐടി മേഖലയില്‍ മുന്‍നിരക്കാരാകാമെന്നു കാണിച്ചതുപോലെ ‘സ്വദേശി ഇന്‍ഡോളജി’ വികസിപ്പിച്ചെടുക്കാനും തുനിയണ’മെന്ന് ആവശ്യപ്പെടുന്നു- നിവേദനം തുടരുന്നു. 

 

ആരാണ് ഈ ആവശ്യക്കാര്‍? 

 

132 ഒപ്പുകളില്‍ 32 എണ്ണം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജികളില്‍നിന്നാണ്. മുംബൈ ഐഐടിയിലെ ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസിലെ തര്‍ജമക്കാരനും സംസ്‌കൃതപണ്ഡിതനുമായ പ്രഫസര്‍ കെ രാമസുബ്രഹ്മണ്യന്റെ പേരാണ് ആദ്യം.

 

മുന്‍പത്തെയും ഇപ്പോഴത്തെയും ചില ബ്യൂറോക്രാറ്റുകളും പട്ടികയിലുണ്ട്. മുന്‍ ചീഫ് ഇലക്ഷന്‍ കമ്മിഷണറും ഇപ്പോഴത്തെ മാനവവിഭവശേഷി മന്ത്രാലയത്തിലെ സംസ്‌കൃതപ്രചാരണ സമിതി തലവനുമായ എന്‍ ഗോപാലസ്വാമി, നാഷനല്‍ ഇന്‍ഫൊര്‍മാറ്റിക്‌സ് സെന്റര്‍ മുന്‍ ഡയറക്ടര്‍ ജനറല്‍ സിഎസ്ആര്‍ പ്രഭു എന്നിവരും ഉള്‍പ്പെടുന്നു.

 

 

നിവേദകസംഘം ഉയര്‍ത്തിയിരിക്കുന്ന വാദങ്ങളും ആവശ്യങ്ങളും തലയ്ക്ക് വെളിവുള്ള ആര്‍ക്കും ആദ്യം വിവരക്കേടായിട്ടേ തോന്നൂ. എന്നാല്‍ ഇപ്പോഴത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ അത്ര എളുപ്പം തള്ളിക്കളയാവുന്ന ഒരു വിവരക്കേടായി ഇതിനെ എടുക്കാന്‍ കഴിയില്ല. മറിച്ച് അത്രയേറെ ആസൂത്രിതമായി നടപ്പാക്കുന്ന ഒന്നായി വേണം ഇതിനെ കാണാന്‍. ഒരു ഉദാഹരണം നോക്കുക: ‘നമ്മുടെ സംസ്‌കാരം ആദരിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന പല ആദര്‍ശങ്ങളോടും മൂല്യങ്ങളോടും ആഴത്തിലുള്ള അനിഷ്ട’മുള്ളയാളാണ് പൊള്ളോക്ക് എന്ന വാദം സമര്‍ഥിക്കാനായി ഉദ്ധരിച്ചിരിക്കുന്നത്  Heidelberg University’s South Asia Institute-ന്റ്റെ അന്‍പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് 2012-ല്‍ അദ്ദേഹം നടത്തിയ പ്രസംഗമാണ്. ഇന്ത്യന്‍ ഭാഷകളെ ഇകഴ്ത്തിക്കാട്ടിക്കൊണ്ടുള്ള മെക്കാള (Macaulay)യുടെ Minute on Indian Education എന്ന പുസ്തകത്തില്‍ നിന്നുള്ള ചില കാര്യങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് അതല്ല ഇന്ത്യന്‍ സാഹിത്യവും പാരമ്പര്യവുമെന്നായിരുന്നു പൊള്ളോക്ക് പ്രസ്താവിച്ചത്. സൌത്ത് ഏഷ്യന്‍ സാഹചര്യങ്ങള്‍ എന്തുകൊണ്ട് അത്രമേല്‍ സമ്പന്നമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ സംഘപരിവാര്‍ ആഭിമുഖ്യമുള്ള നിവേദനക്കാര്‍ ചെയ്തതാകട്ടെ ഇതിന് നേരെ വിരുദ്ധമായി അദ്ദേഹം പ്രസംഗിച്ചു എന്നു പ്രചരിപ്പിക്കുകയും അത് നിവേദനത്തില്‍ ഉള്‍പ്പെടുത്തുകയുമായിരുന്നു. സംസ്കൃതത്തില്‍ പി.എച്ച്.ഡി നേടിയിട്ടുള്ള, ലോകം ബഹുമാനിക്കുന്ന ഒരു പണ്ഡിതനെതിരെയാണ് ഇപ്പോള്‍ ഇവര്‍ രംഗത്തുവന്നിരിക്കുന്നതെന്നോര്‍ക്കണം. കടനാടകം എന്നല്ലാതെ ഇതിനെ എന്താണ് വിളിക്കേണ്ടത്?

 

മൂര്‍ത്തി ലൈബ്രറിയെ മേക്ക് ഇന്‍ ഇന്ത്യയില്‍പ്പെടുത്തണമെന്ന അസംബന്ധവാദവും പൊള്ളോക്കിനെ ചോദ്യം ചെയ്യുന്നതും എല്ലാം ഇപ്പോഴത്തെ പുതിയ ഭരണമാതൃകയുടെ പിന്തുടര്‍ച്ചയാണ്. സര്‍വകലാശാലകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മേല്‍ ‘വിജിലാന്റെ’ ജനക്കൂട്ടങ്ങളെ അഴിച്ചുവിടുന്ന, ദലിതരുടെ മരണങ്ങളെപ്പറ്റി പാര്‍ലെന്റിനെ തെറ്റിദ്ധരിപ്പിക്കുന്ന, ആഗോള നിക്ഷേപങ്ങള്‍ ആഗ്രഹിക്കുകയും എന്നാല്‍ ആഗോള ബൗദ്ധികതയെ തള്ളിപ്പറയുകയും ചെയ്യുന്ന ഭരണം. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇന്ത്യക്കാര്‍ വിമാനം പറത്തിയിരുന്നുവെന്നും ക്ലോണിംഗ് നടത്തിയിരുന്നുവെന്നുമൊക്കെയുള്ള വിവരക്കേടുകള്‍ പച്ചയ്ക്ക് പറയുന്ന ഭരണനേതൃത്വം തന്നെയാണ് ഇപ്പോള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. 

 

കപടവേഷങ്ങളുടെ യുഗം തുടങ്ങിയിട്ടേയുള്ളൂ; സഹിക്കുക തന്നെ. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍