UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആര്‍എസ്എസിന്റെ ബൗദ്ധിക സംവാദം: അജണ്ടകള്‍ ഒളിപ്പിച്ചു വച്ചത്‌

Avatar

എം കെ രാമദാസ് 

സ്വതന്ത്ര ചിന്തകരേയും പ്രതിഭകളേയും പ്രത്യയ ശാസ്ത്രവുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ബൗദ്ധിക സംവാദത്തിന് സര്‍സംഘചാലക് മോഹന്‍ ഭഗത് സംസ്ഥാനത്ത്. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖരായ പതിനഞ്ചോളം പേരെ ഇതിനായി ക്ഷണിച്ചിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, അഭിഭാഷകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, വിദ്യാഭ്യാസ വിചക്ഷണന്മാര്‍, സാഹിത്യകാരന്‍മാര്‍ തുടങ്ങിയവരെല്ലാം ക്ഷണിതാക്കളുടെ പട്ടികയിലുണ്ട്. സംഘാടകര്‍ നേരിട്ടാണ് പ്രശസ്തരെ ആര്‍എസ്എസ് അധ്യക്ഷനുമായുള്ള സംവാദത്തിന് ക്ഷണിച്ചത്. അഭിഭാഷകരായ ശിവന്‍മഠത്തില്‍, ഡിബി ബിനു, കാളീശ്വരം രാജ് തുടങ്ങിയവര്‍ ക്ഷണിക്കപ്പെട്ടവരിലുണ്ട്. മാധ്യമ വിമര്‍ശകനും അഭിഭാഷകനുമായ ജയശങ്കര്‍, പരിസ്ഥിതി പ്രവര്‍ത്തകനായ സിഎം ജോയ് തുടങ്ങിയവരും ഇക്കൂട്ടത്തിലുണ്ട്.

പരിപാടിയില്‍ പങ്കെടുക്കുന്നതിന് താല്‍പര്യമില്ലെന്ന് കാളീശ്വരം രാജ് സംഘാടകരെ അറിയിച്ചതോടെയാണ് ആര്‍ എസ് എസ് സംവാദം പൊതുചര്‍ച്ചയ്ക്ക് വിഷയമായത്. ‘ആര്‍എസ്എസ് മുന്നോട്ടു വയ്ക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന പ്രത്യയ ശാസ്ത്രത്തോട് ആഭിമുഖ്യമില്ലെന്ന് കാളീശ്വരം രാജ് അഴിമുഖത്തോട് പറഞ്ഞു. ഇത്തരം കൂടിക്കാഴ്ചകള്‍ക്ക് ആര്‍എസ്എസിന് പ്രത്യേക അജണ്ടയുണ്ട്. നിശ്ചയിച്ചുറപ്പിച്ച സ്ട്രാറ്റജിയിലൂടെയാണ് ആര്‍എസ്എസിന്റെ പ്രവര്‍ത്തനം. ചര്‍ച്ചയിലൂടെ ഉരുത്തിരിയാവുന്ന വിശാലമായ ഒരിടം സംഘത്തിലില്ല.’ ഇക്കാരണം കൊണ്ടുതന്നെ സംവാദത്തിന് പ്രസക്തിയില്ലെന്നും കാളീശ്വരം രാജ് പറഞ്ഞു.

വ്യക്തിപരമായി അസൗകര്യം ഉള്ളതുകൊണ്ട് പരിപാടിക്കില്ലെന്നാണ് അഡ്വക്കേറ്റ് ജയശങ്കറിന്റെ പ്രതികരണം. ‘വിയോജിപ്പില്ല. വെള്ളാപ്പള്ളിയുടെ യോഗം പോലെ അല്ലിത്. എന്‍ എം പിയേഴ്‌സണ്‍, പി രാജന്‍, ഫിലിപ്പ് എം പ്രസാദ് എന്നിവരും അവിടെയുണ്ടായിരുന്നു. മൈക്ക് ഉപയോഗിച്ചുള്ള പ്രസംഗം ആയിരുന്നു. പ്രധാനമായും വെള്ളാപ്പള്ളിയുടെ അനുയായികളാണ് അവിടെ ഉണ്ടായിരുന്നത്. അഭിപ്രായങ്ങള്‍ കേട്ടതല്ലാതെ പ്രതികരിക്കാന്‍ വെള്ളാപ്പള്ളി തയ്യാറായിരുന്നില്ല. ‘, ജയശങ്കര്‍ അഴിമുഖത്തോട് പറഞ്ഞു.

വിമര്‍ശനത്തിന്റെ തോത് കുറയ്ക്കുകയും അടുക്കാവുന്ന മേഖല കണ്ടെത്തുകയും സംവാദത്തിന്റെ ലക്ഷ്യമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇത് തുടരുന്നു. 2014-ല്‍ തിരുവനന്തപുരത്ത് നടന്ന ബൗദ്ധിക സംവാദത്തില്‍ ജസ്റ്റിസ് കെടി തോമസ് പങ്കെടുത്തിരുന്നു. പ്രത്യയ ശാസ്ത്ര പ്രവര്‍ത്തനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് ഒപ്പം വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുക എന്നതും സംഘ ലക്ഷ്യമാണ്. വിമര്‍ശനങ്ങള്‍ ബോധപൂര്‍വം എങ്കില്‍ തഴയുകയും സംഘ നിലപാടിലെ അവ്യക്തതകള്‍ പരിഹരിക്കുകയും സംവാദ ലക്ഷ്യമാണ്. തെറ്റിദ്ധാരണകള്‍ നീക്കാന്‍ ആകുമോയെന്നതും സംവാദത്തില്‍ പരിശോധനാ വിഷയമാണ്. പ്രവര്‍ത്തന ശൈലിയില്‍ സമൂഹം പ്രതീക്ഷിക്കുന്ന മാറ്റങ്ങള്‍ മനസിലാക്കുവാനും ആര്‍എസ്എസ് ഉദ്ദേശിക്കുന്നു.

കേന്ദ്ര ഭരണം ബിജെപിയുടെ കൈപിടിയിലായതോടെ നേരിടുന്ന കടുത്ത വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ ആര്‍എസ്എസ് നേരിട്ടു സംഘടിപ്പിക്കുന്ന സംവാദത്തിന് പ്രസക്തിയേറെയാണ്. രാജ്യത്ത് നടക്കുന്ന വ്യത്യസ്ത സംഭവങ്ങളില്‍ ആര്‍എസ്എസ് പങ്ക് സംശയിക്കുന്നവരുണ്ട്. ചില സംഭവങ്ങളില്‍ ആര്‍എസ്എസ് പ്രതിസ്ഥാനത്തു വരുന്നുമുണ്ട്. ഇക്കാര്യങ്ങളിലുള്ള സംഘ് നിലപാട് ബൗദ്ധിക സംവാദത്തില്‍ അദ്ധ്യക്ഷന്‍ തന്നെ പങ്കുവയ്ക്കും.

ശാഖകളിലൂടെ മാത്രം ആശയ വിനിമയം പ്രാവര്‍ത്തികമാക്കിയിരുന്ന ആര്‍എസ്എസ് മാറിയ കാലത്ത് മാധ്യമ സൗഹൃദം ഉപേക്ഷിക്കാന്‍ ആകില്ലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്താണ് ആര്‍എസ്എസ് ആദ്യമായി വക്താവിനെ നിയമിച്ചത്. ആര്‍എസ്എസ് കടുത്ത വിമര്‍ശനം നേരിടുന്ന ഒരിടം ഇന്ത്യയില്‍ സംഘിന് ഏറ്റവും ശാഖകളുള്ള ഇടത് ആഭിമുഖ്യമാണ് കേരളമാണ്. രാജ്യത്തിന് വര്‍ദ്ധിച്ചു വരുന്ന അസഹിഷ്ണുതയ്ക്ക് എതിരെ ഇവിടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇപ്പോഴും തുടരുന്നുമുണ്ട്. ഇത്തരം പ്രതിഷേധങ്ങളുടെ കുന്തമുന തങ്ങള്‍ക്ക് നേരെയാണെന്ന് ആര്‍എസ്എസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിഷേധങ്ങളെ മയപ്പെടുത്തുകയും ഇല്ലാതാക്കുകയും ചെയ്യുകയെന്ന ദുഷ്‌കര ദൗത്യമാണ് സംവാദത്തിന് പിന്നിലുള്ളത്.

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍