UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡിസംബര്‍ ആറ്: ആര്‍ എസ് എസ് നിയന്ത്രണം പൂര്‍ണമാകുന്നു

Avatar

ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് 22 വര്‍ഷം തികയുന്നു. ഈ 22 വര്‍ഷക്കാലത്തിനിടയില്‍ ഇന്ത്യന്‍ ജനാധിപത്യവും സാമൂഹ്യ ജീവിതവും വലിയ മാറ്റങ്ങളിലൂടെയാണ് കടന്നു പോയത്. അന്ന് വിത്തുപാകപ്പെട്ട  സംഘപരിവാര്‍ രാഷ്ട്രം ഇന്ന് പരിപൂര്‍ണാര്‍ത്ഥത്തില്‍ നിലവില്‍ വന്നിരിക്കുന്നു. ഈ സാഹചര്യത്തില്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെയും അതുവഴി ഇന്ത്യന്‍ ജനതയുടെ സൂമൂഹിക, സാംസ്കാരിക, സാമ്പത്തിക ചുറ്റുപാടുകളില്‍ വന്ന മാറ്റങ്ങളെയും പരിശോധിക്കുകയാണ് അഴിമുഖം. അഭിപ്രായങ്ങള്‍, വിലയിരുത്തലുകള്‍. വായിക്കുക. 

 

ടീം അഴിമുഖം

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റ് എതാനും നാളുകള്‍ക്കുള്ളില്‍, ആര്‍.എസ്.എസിന്റെ ഡല്‍ഹിയിലെ ആസ്ഥാനമായ ഝണ്ഡേവാലയിലെ ഓഫീസില്‍ നിരവധി സംഘപരിവാര്‍ സംഘടനകളുടെ യോഗം നടന്നു. യോഗത്തില്‍ അദ്ധ്യക്ഷ പദവിയില്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്. വിജയത്തില്‍ പ്രചോദിതനായ അദ്ദേഹം, നരേന്ദ്ര മോദി സര്‍ക്കാരിന് പാര്‍ലമെന്റിനകത്തും പുറത്തും മതിയായ പ്രതിപക്ഷമില്ലാത്തതിനാല്‍ ആ റോള്‍ കൂടി ഏറ്റെടുക്കണമെന്ന് എബിവിപി, ബിഎംഎസ്, സ്വദേശി ജാഗരണ്‍ മഞ്ച്, കിസാന്‍ സംഘം തുടങ്ങിയ സംഘടനകളെ ഉപദേശിച്ചു.

എന്നാല്‍ ഈ കടമ നിര്‍വഹിക്കാന്‍ പ്രസ്തുത സംഘടനകള്‍ക്ക് സാധിച്ചില്ല എന്ന് വ്യക്തം. കാരണം, പ്രതിപക്ഷമായി പ്രവര്‍ത്തിക്കാനുള്ള ഒരു അവസരം അവര്‍ക്ക് നരേന്ദ്ര മോദി സര്‍ക്കാര്‍ നല്‍കുന്നില്ല. വിദ്യാഭ്യാസ മേഖലയിലോ സാംസ്‌കാരിക മേഖലയിലോ ഏതിലുമായിക്കോട്ടെ, മോഹന്‍ ഭഗവത് പോലും വിചാരിക്കാത്ത വേഗതയില്‍ ഹൈന്ദവല്‍ക്കരണം നടത്താനുള്ള വ്യാപക ശ്രമങ്ങളാണ് മോദി സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്നത്. ട്രേഡ് യൂണിയന്‍ ഐക്യം എന്ന ആശയവുമായി ബിഎംഎസ് എളുപ്പം തന്നെ ഒത്തുതീര്‍പ്പിലെത്തി. കോണ്‍ഗ്രസും ബിജെപിയും ഒന്നിച്ച് വോട്ട് ചെയ്തതോടെ അസംഘടിത തൊഴിലാളികള്‍ക്ക് ദോഷകരമാകുമെന്ന് വിലയിരുത്തപ്പെടുന്ന രണ്ട് നിര്‍ണായക ബില്ലുകള്‍ പാര്‍ലമെന്റില്‍ നിഷ്പ്രയാസം പാസായി.

ഒരു വശത്ത് സംഘപരിവാര്‍ നേതൃത്വത്തിന്റെ അനുഗ്രഹാശിസുകളോടെ പരിഷ്‌കരണ അജണ്ട മുന്നോട്ട് പോകുന്നു. മറുവശത്താകട്ടെ, ക്രിസ്ത്യാനികളില്‍ നിന്നും ഹിന്ദുക്കളിലേക്കുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനവും ‘ലൗ ജിഹാദി’ന്റെ രൂപത്തില്‍ ഹിന്ദു പെണ്‍കുട്ടികളെ വിവാഹത്തിലൂടെ മുസ്ലീങ്ങള്‍ വശീകരിക്കുന്നു തുടങ്ങിയ ഗൂഢാലോചന സിദ്ധാന്തങ്ങളും ഉള്‍പ്പെടെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിരന്തരം നടക്കുന്ന നിന്ദാ പ്രചാരണങ്ങള്‍, ഇന്ത്യയിലെ മതനിരപേക്ഷ ജനങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും മനസില്‍ തങ്ങള്‍ ഉപരോധിക്കപ്പെടുന്നു എന്ന തോന്നല്‍ സൃഷ്ടിക്കുന്നു.

പ്രതീക്ഷിച്ചത് പോലെ തന്നെ, ഹിന്ദുത്വവല്‍ക്കരണത്തിനുള്ള മോദി സര്‍ക്കാരിന്റെ ആദ്യ ശ്രമങ്ങള്‍ മാനവശേഷി വികസന മന്ത്രാലയത്തില്‍ തന്നെ തുടങ്ങി. ഇന്ത്യന്‍ മൂല്യങ്ങള്‍ എന്ന് വിശ്വസിക്കപ്പെടുന്ന രീതികളിലേക്ക് ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ ഉടച്ചുവാര്‍ക്കുന്ന പരിപാടിയുടെ രൂപരേഖ തയ്യാറാക്കുന്നതിനായി ഇന്ത്യയിലെ വിദ്യാഭ്യാസ വിദഗ്ധരുടെയും അക്കാദമിക്കുകളുടെയും ഒരു യോഗം ഈ മാസം 13, 14 ദിവസങ്ങളില്‍ ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ മധ്യപ്രദേശിലെ ഉജ്ജ്വയിനില്‍ നടക്കും.

വിദ്യാഭ്യാസരംഗത്തുള്ള ആര്‍എസ്എസ് അനുബന്ധ സംഘടനകള്‍ ദീനാനാഥ് ബത്രയുടെ ബചാവോ ആന്തോളന്‍ സമിതിയുടെയും ശിക്ഷ സന്‍സ്‌കൃതി ഉത്താന്‍ ന്യാസിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. രണ്ട് ദിവസത്തെ ചര്‍ച്ചകളിലൂടെ ‘ശരിയായ’ സ്‌കൂള്‍ പാഠ്യ പദ്ധതിക്ക് ഒരു രൂപരേഖ തയ്യാറാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിദ്യാഭ്യാസ സമ്പ്രദായത്തിലും പാഠ്യപദ്ധതിയിലുമുള്ള മാറ്റങ്ങള്‍ക്ക് വേണ്ടിയുള്ള വിശദമായ പ്രവര്‍ത്തനപദ്ധതി ആസൂത്രണം ചെയ്തത് കൂടാതെ, മാനവ വിഭവ ശേഷി മന്ത്രാലയത്തിലെ വിവിധ കമ്മിറ്റികളിലും അത് നടത്തുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലി ചെയ്യാന്‍ സാധിക്കുന്ന വിദഗ്ധരെ തിരച്ചറിയുന്നതിനുള്ള ഒരു നിശബ്ദ നീക്കത്തിനും ആര്‍എസ്എസ് തുടക്കമിട്ടിട്ടുണ്ട്.

രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ അഴിച്ചുപണിയുന്നതുമായി ബന്ധപ്പെട്ട അതിന്റെ താല്‍പര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതിനായി 11 ആര്‍എസ്എസ് അനുബന്ധ സംഘടനകളുടെ 22 പ്രതിനിധികള്‍ മാനവശേഷി വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനിയുമായി നവംബറില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. സുരേഷ് സോണി, കൃഷ്ണ ഗോപാല്‍, ദത്താത്രേയ ഹോസാബാലെ എന്നീ മൂന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിമാരും ഈ യോഗത്തില്‍ പങ്കെടുത്തു എന്നതുകൊണ്ട് തന്നെ, ഡല്‍ഹിയിലെ മധ്യപ്രദേശ് ഭവനില്‍ നടന്ന ഈ യോഗം പ്രാധാന്യമുള്ളതാണെന്ന് വിലയിരുത്തപ്പെടുന്നു. സംസ്‌കൃതം നിര്‍ബന്ധിതമാക്കി കൊണ്ടുള്ള തീരുമാനം വന്നത് ഈ യോഗത്തിന് ശേഷമായിരുന്നു.

വരാന്‍ പോകുന്ന കാലത്തിന്റെ സൂചകമെന്നോണം, ആര്‍എസ്എസ് തലവന്‍ ഭഗവതിന്റെ പ്രസംഗം സംപ്രേക്ഷണം ചെയ്യാന്‍ ദൂരദര്‍ശനോട് ആവശ്യപ്പെടുകയായിരുന്നു. ഔദ്യോഗിക മാധ്യമത്തിന്റെ സംപ്രേക്ഷണ സംഹിതകളുടെ പരമാവധിയായിരുന്നു ഇത്. ഭഗവത് മറ്റ് മതങ്ങളെ ആക്രമിക്കാന്‍ മുതിര്‍ന്നില്ലെങ്കിലും, ഇന്ത്യയില്‍ വസിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന തന്റെ അവകാശവാദം പ്രസ്തുത പ്രസംഗത്തിലും അദ്ദേഹം ആവര്‍ത്തിച്ചു.

ബിജെപിയും ഇപ്പോള്‍ ആര്‍എസ്എസിന്റെ പൂര്‍ണ നിയന്ത്രണത്തിലാണ്. ജിന്നയെ കുറിച്ച് എല്‍ കെ അദ്വാനി വിവാദ പരാമര്‍ശം നടത്തിയ 2005 മുതലാണ് ബിജെപിയുടെ നിയന്ത്രണം ഏറ്റെടുക്കുന്ന പ്രക്രിയ ആര്‍എസ്എസ് ആരംഭിച്ചത്. ഇപ്പോള്‍ ബിജെപിയില്‍ മാത്രമല്ല മോദി സര്‍ക്കാരിലും ആര്‍എസ്എസ് പ്രചാരകരാണ് അധികാരകേന്ദ്രങ്ങളായി വര്‍ത്തിക്കുന്നത്. ഈ നേതാക്കള്‍ ആര്‍എസ്എസിന്റെ നട്ടെല്ലാണ്; രാജ്യത്തെമ്പാടുമായി 2500-ഓളം വരുന്ന ഇവരാണ് സംഘപരിവാറിന്റെ ഹിന്ദുത്വ അജണ്ടയുടെ പതാകവാഹകര്‍. ആര്‍എസ്എസ് കാഴ്ചപ്പാടുകളും ചിന്തകളും പ്രചരിപ്പിക്കുന്നതിനായി അവര്‍ രാപ്പകല്‍ അദ്ധ്വാനിക്കുന്നു. അവര്‍ രാഷ്ട്രീയത്തില്‍ നിന്നും രാഷ്ട്രീയ അധികാരത്തില്‍ നിന്നും സ്വയം അകന്ന് നില്‍ക്കുന്നു. എപ്പോഴെങ്കിലും ബിജെപി പ്രവര്‍ത്തനങ്ങള്‍ക്കായി അവരെ ആര്‍എസ്എസ് നിയോഗിക്കുമ്പോള്‍ മാത്രമാണ് അവര്‍ ദൈനംദിന രാഷ്ട്രീയത്തില്‍ ഇടപെടുന്നത്. ആര്‍എസ്എസ് പ്രത്യശാസ്ത്രത്തോട് നൂറുശതമാനം ആത്മാര്‍ത്ഥ പുലര്‍ത്തുന്ന, ആശയവിനിമയ വിദഗ്ധരായ, അവര്‍ നിശബ്ദരായി പ്രവര്‍ത്തിക്കുന്നു. ബിജെപിയിലേക്ക് പ്രതിഷ്ഠിക്കപ്പെടുന്ന അവരില്‍ മിക്കവരും ജനറല്‍ സെക്രട്ടറി പോലുള്ള പദവികളാണ് വഹിക്കാറ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അത്തരത്തില്‍ ഒരാളായിരുന്നു. ദശാബ്ദങ്ങള്‍ക്ക് മുമ്പ് ജനസംഘത്തെ സഹായിക്കുന്നതിനായി ആര്‍എസ്എസ് പ്രചാരകരെ നിയോഗിച്ചിരുന്നു. ശ്യാമ പ്രസാദ് മുഖര്‍ജിയെ സഹായിക്കാന്‍ നിയോഗിക്കപ്പെട്ട ദീന്‍ ദയാല്‍ ഉപാദ്ധ്യായ ആയിരുന്നു ഇവരില്‍ ഏറ്റവും സ്വാധീനമുള്ള പ്രചാരകന്‍. അതിന് ശേഷം, ബിജെപിയുടെ സംഘടനാ ഉത്തരവാദിത്വങ്ങള്‍ക്കായി ആര്‍എസ്എസ് പ്രചാരകര്‍ നിയോഗിക്കപ്പെടുന്നത് ഒരു തുടര്‍ പ്രക്രിയയായി തീര്‍ന്നു. 

മോദി അധികാരത്തില്‍ എത്തിയതോടെ ആര്‍ എസ് എസ് പ്രചാരകരുടെ ആവശ്യകത വര്‍ദ്ധിച്ചു. ആര്‍എസ്എസ് പൂര്‍ണമായി ദൈനംദിന രാഷ്ട്രീയത്തിലേക്ക് സ്വയം രൂപപ്പെടുത്തിയിരിക്കുന്നു എന്ന് വ്യക്തമാണ്. ബിജെപി സര്‍ക്കാരില്‍ വര്‍ദ്ധിച്ചുവരുന്ന ആര്‍എസ്എസ് സ്വാധീനം ഇതിന്റെ തെളിവാണ്. ഒ പി മാഥൂര്‍, ധര്‍മേന്ദ്ര പ്രധാന്‍, റാം മാധവ്, ജെ പി നദ്ദ, മനോഹര്‍ലാല്‍ ഖട്ടാര്‍, സുനില്‍ ബന്‍സാല്‍ എന്നിവരാണ് പ്രമുഖ ആര്‍എസ്എസ് മുഖങ്ങള്‍. മുന്‍ ആര്‍എസ്എസ് പ്രചാരകനായ ഒ പി മാഥൂര്‍ രാജസ്ഥാനിലെ ബിജെപി സെക്രട്ടറിയായിരുന്നു. മഹാരാഷ്ട്രയിലെ വിജയത്തിന് ശേഷം ഇപ്പോള്‍ അദ്ദേഹത്തിന് യുപിയിലെ പാര്‍ട്ടി ചുമതല നല്‍കിയിരിക്കുകയാണ്. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വിജയത്തിലെത്തിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. അതുപോലെ തന്നെ, ഒറീസയിലെ എബിവിപി സെക്രട്ടറിയായിരുന്ന ധര്‍മേന്ദ്ര പ്രധാനെ ഇപ്പോള്‍ ബിജെപി ജനറല്‍ സെക്രട്ടറി ആക്കിയിരിക്കുകയാണ്.  ഇത്തരത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണമായി ആര്‍.എസ്.എസ് നിയന്ത്രണത്തില്‍ ആയിരിക്കുന്നു എന്നതാണു പോസ്റ്റ് ബാബറി കാലഘട്ടത്തെ വിശേഷിപ്പിക്കാവുന്നത്. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍