UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡിസംബര്‍ ആറ്: ഒരു മൂന്നു വയസുകാരി പിന്നിട്ട ദൂരങ്ങള്‍

Avatar

ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് 22 വര്‍ഷം തികയുന്നു. ഈ 22 വര്‍ഷക്കാലത്തിനിടയില്‍ ഇന്ത്യന്‍ ജനാധിപത്യവും സാമൂഹ്യ ജീവിതവും വലിയ മാറ്റങ്ങളിലൂടെയാണ് കടന്നു പോയത്. അന്ന് വിത്തുപാകപ്പെട്ട  സംഘപരിവാര്‍ രാഷ്ട്രം ഇന്ന് പരിപൂര്‍ണാര്‍ത്ഥത്തില്‍ നിലവില്‍ വന്നിരിക്കുന്നു. ഈ സാഹചര്യത്തില്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെയും അതുവഴി ഇന്ത്യന്‍ ജനതയുടെ സൂമൂഹിക, സാംസ്കാരിക, സാമ്പത്തിക ചുറ്റുപാടുകളില്‍ വന്ന മാറ്റങ്ങളെയും പരിശോധിക്കുകയാണ് അഴിമുഖം. അഭിപ്രായങ്ങള്‍, വിലയിരുത്തലുകള്‍. വായിക്കുക. 

 

ബാബറി മസ്ജിദ് തകര്‍ക്കപ്പെടുമ്പോള്‍ മൂന്നു വയസായിരുന്നു നിയതിക്ക്. ഇന്ത്യന്‍ ജനസംഖ്യയുടെ ഭൂരിഭാഗവും പോസ്റ്റ് ബാബറി കാലഘട്ടത്തില്‍ ഉള്ളവരാണ്- ചിലര്‍ അന്ന് കൈക്കുഞ്ഞുങ്ങള്‍, ചിലര്‍ സ്കൂളില്‍ പോയിത്തുടങ്ങിയവര്‍. ബാബറി പള്ളി തകര്‍ത്ത് 22 വര്‍ഷം കഴിയുമ്പോള്‍ ഇന്ത്യന്‍ സമൂഹം നിരവധി പരിവര്‍ത്തനങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. ആ വര്‍ഷങ്ങള്‍, തന്റെ വളര്‍ച്ചയോടൊപ്പം എങ്ങനെയാണ് അനുഭവപ്പെടുന്നതെന്ന് നിയതി കൃഷ്ണന്‍ എഴുതുന്നു. 

 

രാമന്റെ അയോധ്യ 
ആദ്യം അയോദ്ധ്യ എന്ന് കേള്‍ക്കുന്നത് കുട്ടിക്കാലത്ത് ചെറിയമ്മ രാമായണം കഥ പറഞ്ഞു തരുമ്പോഴാണ്. ത്രേതായുഗത്തില്‍ രാമന്‍ ഭരിച്ചിരുന്ന രാജ്യം. അതായിരുന്നു ഞാനെന്ന ബാലികക്ക് അയോദ്ധ്യ. അവളുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ‘രാമ രാമ പാഹിമാ’മിലെ രാമന്റെ രാജ്യം.

 

മതേതരത്വവും അയോദ്ധ്യയും
മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ പ്രസംഗ മത്സരത്തിനു കിട്ടിയ വിഷയം ഇമ്മിണി വല്യതായിരുന്നു. ‘മതേതരത്വം! പ്രസംഗം പഠിപ്പിച്ചു തരാന്‍ അമ്മ പറഞ്ഞേല്‍പ്പിച്ച കൃഷ്ണന്‍ കുട്ടി സാറാകട്ടെ നെടുനീളെ ഒരു പ്രസംഗം എഴുതി ഉണ്ടാക്കി. അതിലെ ഒരു വാചകത്തില്‍ ദേ കിടക്കുന്നു ‘അയോദ്ധ്യ’! എന്താണീ ‘അയോദ്ധ്യ സംഭവം’ എന്ന് ചോദിച്ചപ്പോള്‍ എന്തോ ഒരു ബാബറി മസ്ജിദെന്നൊ രാമ ജന്മഭൂമി എന്നോ ഒക്കെ സാര്‍ പറഞ്ഞു തന്നെങ്കിലും എനിക്കെന്ത് മനസ്സിലാവാന്‍? മസ്ജിദ് മുസ്ലീങ്ങളുടെ ആരാധനാലയം ആണെന്നറിയാം. മുസ്ലീങ്ങള്‍ എന്ന് വെച്ചാല്‍ കോഴി ബിരിയാണിയും തരിപ്പത്തിരിയും ഉണ്ടാക്കി കൊണ്ടുത്തരുന്ന അയല്‍വാസി താത്തയും പിന്നെ രസമുള്ള കഥയെഴുതുന്ന ബഷീറും മാത്രമാണ് എനിക്കന്ന്. എല്ലാ എല്‍.പി സ്‌കൂളുകാരേം പോലെ അര്‍ത്ഥമറിയാതെ കാണാതെ പഠിച്ചു വന്ന പ്രസംഗമുരുവിട്ട് ഞാനും വേദി വിട്ടു. ‘1992-ലെ അയോദ്ധ്യാ സംഭവം ഇന്ത്യയുടെ മതേതരത്വത്തിനേറ്റ ഒരു മുറിവായിരുന്നു’ എന്ന് പരിഭ്രമത്തോടെ എങ്കിലും തെറ്റിക്കാതെ പറഞ്ഞ് ആ മൂന്നാം ക്ലാസ്സുകാരി അന്ന് കയ്യടിയും സമ്മാനവും വാങ്ങി.

കലാപ ഭൂമി
ജീവിതത്തില്‍ ഇന്നത്തെ പോലെ മീഡിയയുടെ അതിപ്രസരം ഇല്ലാത്തതിനാലും വീട്ടില്‍ വരുത്തുന്ന പത്ര, മാസികകളേക്കാള്‍ കൂടുതല്‍ താത്പര്യം സാഹിത്യത്തിലേക്ക് വഴി മാറിയത് കൊണ്ടും ഞാന്‍ അയോദ്ധ്യയെ പറ്റി അധികം പിന്നെ ചിന്തിച്ചിട്ടില്ല. 2002- ലെ ഗുജറാത്ത് കലാപം വരെ. അന്ന് ഞാന്‍ എട്ടാം ക്ലാസ്സിലായിരുന്നു. ആ സമയത്ത് രാവിലെ എണീക്കുന്നത് തന്നെ അടുക്കളയില്‍ അമ്മയും അച്ചനും തമ്മില്‍ നടത്തുന്ന ‘കലാപ’ ചര്‍ച്ചകള്‍ കേട്ടു കൊണ്ടാണ്. വേദനിപ്പിക്കുന്ന ഒരുപാട് ചിത്രങ്ങള്‍ (അന്‍സാരിയുടെത് ഉള്‍പ്പെടെ) അന്ന് പത്രത്തില്‍ കണ്ടത് ഓര്‍ക്കുന്നു. ക്ലാസ്സിലൊന്നും ഞങ്ങള്‍ ഇത് ചര്‍ച്ച ചെയ്തില്ല. ഞങ്ങളെ സംബന്ധിച്ച് എവിടോ ഒരു കലാപം നടക്കുന്നു. അത് തീരണേ എന്ന് മാത്രേ മനസ്സിലുള്ളൂ. അതിലെ വര്‍ഗീയതയോ തര്‍ക്ക വിഷയമോ ഒന്നും ഞങ്ങള്‍ മനസ്സിലാക്കിയില്ല. എന്നാല്‍ അയോദ്ധ്യ, ബാബറി മസ്ജിദ് എന്നൊക്കെ പിന്നെയും പത്ര, മാസികാ ചര്‍ച്ചകളില്‍ കാണാന്‍ തുടങ്ങി. അങ്ങനെ ആദ്യമായി അതെന്താണ് എന്ന് മനസ്സിലാക്കാന്‍ ശ്രമിച്ചു.
അന്ന് ഞാന്‍ അറിഞ്ഞത് ഇങ്ങനെയാണ്. ‘പണ്ട് രാമന്‍ ജനിച്ച സ്ഥലം എന്ന് കരുതപ്പെടുന്നിടത്ത് ഇന്നൊരു പള്ളി ആണ്. ആ പള്ളി പൊളിച്ച് അമ്പലം പണിയണം എന്നൊരു ‘കൂട്ടര്‍’ വാദിക്കുന്നു. പിന്നീട് അവര്‍ ബാബറി മസ്ജിദ് പൊളിക്കുന്നു. അത് രാജ്യത്താകെ ഹിന്ദു-മുസ്ലീം സ്പര്‍ദ്ധ ഉണ്ടാക്കുന്നു. എനിക്ക് മൂന്നു വയസ്സുള്ളപ്പോള്‍ നടന്ന ഒരു ‘സംഭവം’. കുറെ കവിതകളില്‍, കഥകളില്‍, സിനിമകളില്‍ ഈ വിഷയം കടന്നു വരുന്നത് ഞാന്‍ ശ്രദ്ധിച്ചു. എങ്കിലും, കേരളത്തില്‍ അച്ചനുമമ്മക്കുമൊപ്പം യാതൊരു അല്ലലുമില്ലാതെ കഴിയുന്ന എന്നെ ഇതൊന്നും അത്ര കണ്ട് വൈകാരികമായി ബാധിച്ചില്ല എന്ന് പറയാം.

 

ഡല്‍ഹിയും അയോദ്ധ്യയും
ഡിഗ്രിക്ക് ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നത് എന്റെ കാഴ്ച്ചപാടുകളെ അപ്പാടെ മാറ്റി മറിക്കാന്‍ തുടങ്ങി. എല്ലാ കാര്യങ്ങളെയും ‘എന്തുകൊണ്ട്?’ എന്ന ചോദ്യം കൊണ്ട് നേരിടാന്‍ തുടങ്ങിയ പ്രായം. പല സ്ഥലങ്ങളില്‍ നിന്നുള്ള കൂട്ടുകാര്‍. കാശ്മീരി പെണ്‍കുട്ടി അവളുടെ ലോകം എന്റെ മുന്നില്‍ വരക്കുമ്പോള്‍, മലബാറി ഉമ്മച്ചി കുട്ടി അവളുടെ ജീവിതത്തെ പറ്റി പറയുമ്പോള്‍, അരുണാചല്‍ പ്രദേശിലെയും അസ്സമിലെയും പ്രശ്‌നങ്ങള്‍ അവിടത്തുകാര്‍ ചര്‍ച്ച ചെയ്യുമ്പോള്‍, ബാല വിവാഹത്തില്‍ നിന്ന് രക്ഷപെട്ട കഥ ഒരു രാജസ്ഥാനി പെണ്ണ് വെളിവാക്കുമ്പോള്‍ അങ്ങനെ ഞാനെന്ന ഇട്ടാവട്ടത്തിന് പുറത്തുള്ള അനുഭവങ്ങള്‍ എന്റേതും കൂടി ആയി മാറുമ്പോള്‍ സുരക്ഷിത ബോധത്തിന്റെ മായക്കണ്ണാടി പൊട്ടി വീഴുകയായിരുന്നു. ഞാന്‍ സ്വീകരിച്ചതും നിരാകരിച്ചതുമായ സ്വത്വങ്ങള്‍ എന്നെ പല തരത്തില്‍ വരിഞ്ഞു മുറുക്കുന്നു. ഞാന്‍ അവര്‍ക്ക് ‘മദ്രാസി’ ആകുമ്പോള്‍ എന്റെ മലയാളി തന്നെയായ കൂട്ടുകാരി ‘മുസ്ലീം’ ആകുന്നതെന്തേ? ‘ആഗസ്ത് പതിനഞ്ചിന് പുറത്തിറങ്ങണ്ട, എന്തേലും ‘പ്രശ്‌നങ്ങളുണ്ടാവാന്‍’ സാധ്യതയുണ്ട്’ എന്ന് കൂട്ടുകാര്‍ ഉപദേശിക്കുമ്പോള്‍ ഇന്ത്യയുടെ സ്വാതന്ത്ര്യദിനം മുറിക്കകത്ത് അടച്ചു പൂട്ടിയിരുന്നു ആഘോഷിക്കപ്പെടുന്നതിന്റെ വിരോധാഭാസം മനസ്സില്‍ കുത്താന്‍ തുടങ്ങുന്നു. ക്ലാസ്സിലിരുന്ന് രാഷ്ട്രതന്ത്രം പഠിക്കുമ്പോള്‍ അതുവരെ കേട്ടറിഞ്ഞതൊക്കെ എത്രമാത്രം നിസ്സാരമായിരുന്നു എന്ന് മനസ്സിലാകുന്നു. ഹോസ്‌റല്‍ വാര്‍ഡന്റെ മോള്‍ടെ പിറന്നാളിന് എല്ലാം ഒരു ദിവസം മുന്‍പേ തയാറാക്കി വക്കുന്നത് കാണുമ്പോള്‍ ‘ഇതൊക്കെ നാളെ ചെയ്താല്‍ പോരെ?’ എന്ന് സംശയിക്കുന്ന എനിക്ക് കിട്ടുന്ന മറുപടി ‘നാളെ ഡിസംബര്‍ ആറല്ലേ. പുറത്തിറങ്ങാന്‍ പോകണ്ടാന്നു വിചാരിച്ചിട്ടാ’ എന്നാകുമ്പോള്‍ വീണ്ടും വന്നു കൊളുത്തി വലിക്കുന്നു അയോദ്ധ്യ.

പിന്നീട് വായിക്കാന്‍ തുടങ്ങി. പലരുടെ കണ്ണില്‍ക്കൂടി, പല രീതിയില്‍. ബാബറി മസ്ജിദ് തകര്‍ത്ത സംഭവം കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലെ ഇന്ത്യന്‍ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ എത്രമാത്രം മാറ്റി മറിച്ചു എന്നതില്‍ ആര്‍ക്കും സംശയമുണ്ടാവാന്‍ ഇടയില്ല. എം.എ.ക്കു പഠിക്കുമ്പോള്‍ നിസ്സംഗതയോടെ കേട്ടിരുന്നു കോടതി വിധി.

 

വിധിക്ക് ശേഷം
അയോദ്ധ്യ ഇന്നെനിക്ക് ‘രാമ രാമ പാഹിമാ’മിലെ രാമന്റെ രാജ്യം എന്ന ഓര്‍മ അല്ല തരുന്നത്. ‘മതവികാരം വ്രണപ്പെടരുത്’ എന്ന ഭീതിയോടെ മാത്രം എന്തും കൈകാര്യം ചെയ്യേണ്ടി വരുന്ന ഒരു മതേതര രാജ്യത്തില്‍, എഴുതപ്പെടുന്നതിനേക്കാള്‍ എഴുതപ്പെടാത്തതിനെ തേടി പോകേണ്ടി വരുമ്പോള്‍ ‘പുറത്തേക്കിറങ്ങരുത്’ എന്ന പേടിപ്പെടുത്തലാകുന്നു അത്. ആരാണ് ഒരുവളുടെ കുഞ്ഞു മനസ്സിലെ അയോധ്യയില്‍ നിന്ന് രാമനെ പുറത്താക്കി ചോര മണം പുരട്ടി തന്നത്? നമ്മള്‍ മതില്‍ കെട്ടി തിരിച്ചതില്‍ ഒരു വിഭാഗത്തിന് അത് ഭീതിയും ചോരയും കണ്ണീരുമാകാം. മറ്റൊരു കൂട്ടര്‍ക്ക് പ്രതികാരത്തിന്റെയും രോഷത്തിന്റെയും ആളിക്കത്തലാവാം. വേറൊരുവര്‍ക്ക് വെറും ഒരു കെട്ടിടം പൊളിച്ച് മറ്റൊന്ന് പണിഞ്ഞത് ആവാം. പിന്നെ ചിലര്‍ക്ക് ആഹ്ലാദവും അഭിമാനവുമാകാം. അതുകൊണ്ട് തന്നെ, ഇവിടെ ഞാന്‍ എഴുതാത്തതെന്തോക്കെയോ, അത് കൂടി ആകുന്നു എന്റെ അനുഭവങ്ങള്‍.

 

(റൂര്‍ക്കി ഐ.ഐ.റ്റിയില്‍ ഗവേഷകവിദ്യാര്‍ഥിയാണ് നിയതി)

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍