UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അമ്പലപ്പറമ്പുകളിലെ തീവ്രവാദ പരിശീലന കേന്ദ്രങ്ങള്‍ – സുധീഷ് മിന്നി സംസാരിക്കുന്നു

Avatar

സുധീഷ് മിന്നി

ക്ഷേത്രം വിശ്വാസികളുടെ സങ്കേതമാണ്, അതൊരു ഭക്തന്റെ ആശ്രയസ്ഥലമാണ്, അവിടെ ആര്‍എസ്എസിന് എന്താണു സ്ഥാനം? വിശ്വാസികളുടെ പേരുപറഞ്ഞ് ക്ഷേത്രങ്ങള്‍ക്കുള്ളില്‍ കയറിക്കൂടി ചെയ്യുന്നത് വിഘടനവാദവും ശത്രുക്കളെ വകവരുത്താനുള്ള ആയുധ പരിശീലനവുമാണ്. അങ്ങനെയുള്ളൊരു സംഘടനയോട് ക്ഷേത്ര മതില്‍ക്കെട്ടിനു വെളിയില്‍ പോകണമെന്ന്‍ ഉത്തരവാദിത്തപ്പെട്ട ഒരു ഭരണാധികാരി പറയുമ്പോള്‍, പറഞ്ഞയാള്‍ കമ്യൂണിസ്റ്റ് ആണെന്നു വിളിച്ചു കൂവി ഹിന്ദുക്കള്‍ക്കു നേരെയുള്ള കടന്നുകയറ്റമായി വ്യാഖാനിച്ചു വരുന്ന ആര്‍എസ്എസുകാരുടെ യഥാര്‍ത്ഥമുഖം തിരിച്ചറിയേണ്ടതുണ്ട്.

മുസ്ലിമിനെയും ക്രിസ്ത്യാനിയേയും കമ്യൂണിസ്റ്റുകാരെയും ജന്മശത്രുക്കളായി കണ്ട്, അവരെ ഇല്ലായ്മ ചെയ്യാനുള്ള പരിശീലനം നടത്തുകയാണ് കേരളത്തിലാകെയുള്ള രണ്ടായിരത്തിയഞ്ഞൂറോളം ആര്‍എസ്എസ് ശാഖകളിലും നടക്കുന്നത്. തങ്ങളുടെ ഈ മൂന്നു ശത്രുക്കളും ഇല്ലാത്ത ഒരു രാജ്യമാണ് ആര്‍എസ്എസുകാരന്‍ സ്വപ്‌നം കാണുന്നത്. സാര്‍വ്വമതലൗകികതയില്‍ ഊന്നി നില്‍ക്കുന്ന ഇന്ത്യന്‍ ഭരണഘടനയോടല്ല അവര്‍ക്കു കൂറ്, അവരുടേത് മറയില്ലാത്ത തീവ്രവാദപ്രവര്‍ത്തനമാണ്. അവരുടെ തീവ്രവാദപരിശീലനത്തിന് അമ്പലങ്ങള്‍ വേണമെന്നു വാശിപിടിക്കരുത്.

ഉഗ്രവാദങ്ങള്‍ മൊട്ടിട്ടു പൂക്കുന്നത് ദേവാലയങ്ങള്‍ കേന്ദ്രീകരിച്ചാണെന്ന്‍ നാം കാണുന്നതാണ്. അതിന്ന മതത്തിന്റേതെന്നില്ല. മതങ്ങളുടെ മറവില്‍ ഭ്രാന്ത് വളര്‍ത്തുന്നവര്‍ക്ക് ആരാധാനലായങ്ങള്‍ സുരക്ഷിതകേന്ദ്രങ്ങളാണ്. അതനുവദിക്കരുത്. ക്ഷേത്രത്തിലായാലും പള്ളിയിലായാലും ഇത്തരം വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍, ആ ശക്തികളെ അവിടെ നിന്നും പുറത്താക്കുമെന്നത് ഒരു കമ്യൂണിസ്റ്റിന്റെ ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റലാണ്.

ദേവസ്വം മന്ത്രി പറഞ്ഞതു വലിയ അപരാധമായി കൊണ്ടുപിടിക്കുന്നവര്‍ ഒന്നോര്‍ക്കണം, ഇവിടെ ആര്‍എസ്എസ് ഉണ്ടാകുന്നതിനും വളരെ മുന്നെ ഹിന്ദുക്കള്‍ ഉണ്ടായിരുന്നു. ക്ഷേത്രങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ഗുരുവായൂര്‍ അടക്കം പല ക്ഷേത്രങ്ങളിലും ഹിന്ദുവായതുകൊണ്ടുമാത്രമായില്ല, ഉയര്‍ന്ന ജാതിയിലും പെടണം എന്ന കാരണം പറഞ്ഞ് ഒട്ടേറെ ജനങ്ങള്‍ക്ക് പ്രവേശനം കിട്ടിയിരുന്നില്ല. അത്തരം ദുരാചാരങ്ങളെ തകര്‍ത്തെറിപഞ്ഞ് ജാതിയോ നിറമോ നോക്കാതെ ഏവര്‍ക്കും ക്ഷേത്രപ്രവേശനം സാധ്യമാക്കിയത് ആര്‍എസ്എസുകാരല്ല, കമ്യൂണിസ്റ്റുകാരാണ്. കമ്യൂണിസ്റ്റ് മന്ത്രി ദേവസ്വം ഭരിക്കാന്‍ വന്നാല്‍, എല്ലാം നശിപ്പിക്കുമെന്നു പറയുന്നവര്‍ ഓര്‍ക്കണം, കഴിഞ്ഞ തവണ ജി. സുധാകരന്‍ ദേവസ്വം മന്ത്രിയായിരുന്നപ്പോഴാണ് ഇവിടെയുള്ള ക്ഷേത്രങ്ങളില്‍ പലതിന്റെയും പുനരുദ്ധാരണം നടത്തിയതും ക്ഷേത്രജീവനക്കാരുടെ ആനുകൂല്യം വര്‍ദ്ധിപ്പിച്ചതും. കമ്യൂണിസ്റ്റുകാരന്‍ ക്ഷേത്രങ്ങള്‍ക്കോ വിശ്വാസികള്‍ക്കോ എതിരല്ല, പക്ഷേ വിശ്വാസത്തിന്റെ പേരില്‍ ചോരപ്പുഴയൊഴുക്കാന്‍ നടക്കുന്നവര്‍ക്ക് എതിരാണ്.

ആരാണ് പറയുന്നത് ആര്‍എസ്എസ്സുകാരന്‍ വിശ്വാസിയാണെന്ന്‍? 25 കൊല്ലത്തോളം ആര്‍എസ്എസ് പ്രചാരകനായിരുന്നു ഞാന്‍. സംഘത്തിന്റെ വിവിധഘടകങ്ങളില്‍ പരിശീലിനം കിട്ടിയൊരാള്‍, അതിനിടയില്‍ ഒരാള്‍പോലും എന്നോടു പറഞ്ഞിട്ടില്ല, അമ്പലത്തില്‍ പോകണമെന്ന്. പറയും, അതു നമ്മളോടു പോകാനല്ല, അമ്പലത്തില്‍ വരുന്നവരെ കാമ്പയിന്‍ ചെയ്ത് ആര്‍എസ്എസിന്റെ ഭാഗമാക്കണമെന്ന്; ചെയ്തിട്ടുമുണ്ട്. മാതൃജനഭജനസമിതി, ഗീതാപരായണം, ബാലഗോകുലം എന്നിവയൊക്കെ ആര്‍എസ്എസ് റിക്രൂട്ടിംഗ് പ്രോഗ്രാമുകളാണ്. ആളെക്കൂട്ടാന്‍ വിശ്വസികള്‍ക്കിടയിലേക്ക് നുഴഞ്ഞു കയറുന്നതല്ലാതെ അവരൊരിക്കലും ക്ഷേത്രങ്ങളെയും ആചാരങ്ങളെയും ഭക്തരെയും മാനിക്കുന്നവരല്ല.

ആര്‍എസ്എസ് സ്ഥാപകനേതാവായ ഹെഡ്‌ഗേവാര്‍ പുസ്തകത്തില്‍ എഴുതുന്നത്, 1930-ല്‍ നാഗപൂരിലെ ഒരു ഗ്രാമത്തില്‍ ഹിന്ദു – മുസ്ലിം ലഹള നടന്നു. പ്രാണഭയാര്‍ത്ഥം കുറെ ഹിന്ദുക്കള്‍ ഓടിയെത്തിയത് നാഗ്പൂരിലെ ശാഖയിലേക്കാണ്. അഭയം തേടിയെത്തിയ അവരോട് പറഞ്ഞത് നിങ്ങളെ ഞങ്ങള്‍ സംരക്ഷിക്കാം, പകരം നിങ്ങള്‍ ഞങ്ങളുടെ കൂടെ നില്‍ക്കണം, അതിനുശേഷം അവരുടെ കൈയില്‍ ആയുധങ്ങള്‍ കൊടുക്കുകയും ചെയ്തു.

ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനല്ല, കൊന്നു തീര്‍ക്കാനാണ് ആര്‍എസ്എസ് അതിന്റെ പ്രാരംഭകാലം തൊട്ട് ശ്രമിച്ചുപോന്നിരുന്നതെന്നതിന് ഇതു തന്നെ തെളിവല്ലേ?

ക്ഷേത്രങ്ങള്‍ പവിത്രസങ്കേതങ്ങളാണെന്ന് ആര്‍എസ്എസുകാര്‍ പറയുന്നുണ്ടല്ലോ. അങ്ങനെയൊരിടത്ത് നിങ്ങള്‍ എന്താണു ചെയ്യുന്നത്? എന്താണ് ശാഖയില്‍ നടക്കുന്നത്? എന്താണ് നിങ്ങള്‍ മന്ത്രങ്ങളായി ഉരുവിടുന്നത്? ഈ രാജ്യത്തിനോ ജനങ്ങള്‍ക്കോ ക്ഷേമകരമോ സുഖപ്രദമോ ആയ ഏതെങ്കിലുമാണോ?

പ്രഭോ ശക്തിമന്‍ ഹിന്ദുരാഷ്ട്രാംഗഭൂതാ
ഇമേ സാദരം ത്വം നമാമോവായം
ത്വദീയോ കാര്യോ ബദ്ധ കാടിയാം
ശുഭമാശിഷം ദേഹി തത്പുര്‍തായേ

എന്നു ചൊല്ലുമ്പോള്‍ ഹിന്ദുക്കള്‍ മാത്രമുള്ള ഒരു രാഷ്ട്രം ഉണ്ടാക്കാന്‍ എനിക്കു ശക്തി തന്ന് അനുഗ്രഹിക്കേണമേ ഈശ്വരാ എന്നാണൊരു സംഘപ്രവര്‍ത്തകന്‍ തീരുമാനമെടുക്കുന്നത്. അവന്‍ ആഗ്രഹിക്കുന്ന രാഷ്ട്രം, ഇസ്ലാമും ക്രിസ്ത്യാനിയും പിന്നെ ഏറ്റവും വലിയ പ്രതിയോഗിയായ കമ്യൂണിസ്റ്റുകാരനും ഇല്ലാത്ത ഒരിടമാണ്. ഈ മൂന്നു ശത്രുക്കളെയും കൊന്നു തള്ളാനുള്ള പരിശീലനമാണ് ശാഖയില്‍ നിന്നും അവനു കിട്ടുന്നത്. ഒരിക്കല്‍ അതിനകത്തു പെട്ടുപോയാല്‍ തിരിച്ചുപോരാന്‍ ബുദ്ധിമുട്ടാണ്. ഫാസിസത്തെ വാര്‍ത്തെടുക്കുന്ന ഫാക്ടറിയാണ് ആര്‍എസ്എസ് ശാഖ. അവിടെ മനുഷ്യന്‍ മരിച്ചു വീഴുകയും മനുഷ്യപ്പിശാചുകള്‍ പിറവിയെടുക്കുകയുമാണ്.

എല്ലാ ദിവസും നടക്കുന്ന ഒരു മണിക്കൂര്‍ ശാഖകളുണ്ട്. നിയുദ്ധയും ദണ്ഡയുദ്ധയുമെല്ലാം പരിശീലിപ്പിക്കുന്ന സമയമാണത്. എന്താണ് നിയുദ്ധ? കൈകൊണ്ടും കാലുകൊണ്ടും ശത്രുവിനെ കൊല്ലാനുള്ള അഭ്യാസമുറകള്‍. ഏക്, ദോ, തീന്‍ പറഞ്ഞു ഹൃദയത്തിലും കഴുത്തിലും മൂക്കിലും കുത്താനുള്ള പരിശീലനം. ഇരുതല മൂര്‍ച്ചയുള്ള ചുരിക ചുഴറ്റാനും വാളിനോളം നീളമുള്ള ദണ്ഡ (വടി) ഉപയോഗിക്കാനുമൊക്കെയുള്ള പരിശീലനം ഏതാചാരങ്ങളെ, ഏതു വിശ്വാസങ്ങളെ സംരക്ഷിക്കാനാണെന്നാണ് ആര്‍എസ്എസുകാര്‍ പറയുന്നത്?

വിശ്വാസങ്ങളിലും സഹിഷ്ണുത പുലര്‍ത്തിപ്പോന്നിരുന്ന പാരമ്പര്യമാണ് ഭാരതത്തിനുള്ളത്. ഹനുമാനും ലക്ഷ്മണനുമൊക്കെ നിറഞ്ഞ രാമസന്നിധിയില്‍ ചെന്നു നിന്നാണ് ചാര്‍വകന്‍ വിളിച്ചു പറഞ്ഞത്; രാമാ നീ ദൈവമല്ല, മനുഷ്യനാണ്. നിന്നെ ഞാന്‍ പൂജിക്കില്ലെന്ന്. എങ്ങനെയാണ് രാമന്‍ പ്രതികരിച്ചത്? സിംഹാസനത്തില്‍ നിന്നും ഇറങ്ങി ചെന്ന് ചാര്‍വകനെ ആശ്ലേഷിച്ചുകൊണ്ട്, അങ്ങിനി വെറും മുനിയല്ല, ബ്രഹ്മര്‍ഷിയാണ് എന്നായിരുന്നു രാമന്‍ പറഞ്ഞത്.

രാമന്റെ സന്നിധിയില്‍ ആര്‍എസ്എസുകാരായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ചാര്‍വകനെ കൊല്ലുമായിരുന്നു; പന്‍സാരെയെ കൊന്നപോലെ, കല്‍ബുര്‍ഗിയെ കൊന്നപോലെ…

വിശ്വസിക്കുകയും വിശ്വാസത്തിലെ തെറ്റുകളെ ചൂണ്ടിക്കാണിക്കുകയും സംവാദങ്ങള്‍ നടത്തുകയും ചെയ്യാവുന്ന സ്വാതന്ത്ര്യം മതങ്ങളില്‍ നിലനില്‍ക്കുമ്പോഴാണ് മതം സംസ്‌കാരത്തിനു യോജ്യമാകുന്നത്. അല്ലാത്തിടങ്ങളില്‍ മതം നശീകരണമാര്‍ഗമാണ്.

തങ്ങളെ ആക്രമിക്കാന്‍ വരുന്നവരെ പ്രതിരോധിക്കാനാണ് ശാഖയില്‍ ആയുധ പരിശീലനം നടത്തുന്നതെന്ന ന്യായം ആര്‍എസ്എസുകാര്‍ പറയുന്നുണ്ട്. രാഷ്ട്രീയപാര്‍ട്ടികള്‍ പ്രതിരോധ മുറകള്‍ പരിശീലിക്കേണ്ടത് അമ്പലപ്പറമ്പുകളിലും പള്ളിമുറികള്‍ക്കുള്ളിലുമാണോ? നാളെ സിപിഎം അതിന്റെ ലോക്കല്‍ കമ്മിറ്റി മീറ്റിംഗ് ക്ഷേത്രമതില്‍ക്കെട്ടിനകത്തു നടത്താന്‍ തീരുമാനിച്ചാലോ? കോണ്‍ഗ്രസിന്റെ മണ്ഡലം കമ്മിറ്റി യോഗവും അവരങ്ങനെ നടത്താന്‍ തുനിഞ്ഞാലോ? രാഷ്ട്രീയപ്രവര്‍ത്തനത്തിനും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കും അവരവരുടേതായ സ്ഥലങ്ങള്‍ കണ്ടെത്തണം. അതിന് ആരാധനാലയങ്ങള്‍ വേണ്ട. മറ്റിടങ്ങളില്‍ ശാഖകള്‍ പ്രവര്‍ത്തിക്കാന്‍ സിപിഎമ്മുകാര്‍ അനുവദിക്കില്ലെന്നു പറയുന്നു. പത്തിരുപതു വര്‍ഷം കണ്ണൂരില്‍ ശാഖകള്‍ എടുത്തൊരാളാണ് ഞാന്‍. ഒരു ശാഖയിലേക്കും സിപിഎമ്മുകാര്‍ ബോംബെറിഞ്ഞിട്ടില്ല, ആയുധങ്ങളുമായി കടന്നുവന്ന്‍ വെട്ടിക്കൊന്നിട്ടുമില്ല. തിരിച്ചും ഉണ്ടായിട്ടില്ല. അതുകൊണ്ട് ക്ഷേത്രപരിസരം സുരക്ഷിതത്വം ആഗ്രഹിച്ചാണ് തെരഞ്ഞെടുക്കുന്നതെന്നുള്ള വാദം വേണ്ട. ക്ഷേത്രങ്ങള്‍ ആര്‍എസ്എസുകാര്‍ മറയാക്കുന്നുണ്ടെങ്കില്‍ അവരുടെ ലക്ഷ്യം വേറെയാണ്.

അതല്ലെങ്കില്‍ വേറൊരു ചോദ്യം ചോദിച്ചോട്ടെ, എന്തുകൊണ്ട് ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തില്‍ ആര്‍എസ്എസ് ശാഖ നടക്കുന്നില്ല? അങ്ങനെ നടത്തിയാല്‍ തന്നെ അതിനകത്തു കയറാന്‍ ഏതെങ്കിലും താഴ്ന്ന ജാതിക്കാരനായ സംഘിക്ക് ആകുമോ? കയറ്റില്ല. ഉച്ചനീചത്വങ്ങള്‍ പിടിവിടാതെ കൊണ്ടു നടക്കുന്ന പ്രസ്ഥാനമാണ് ആര്‍എസ്എസ്. അതിലൊരു വ്യത്യസ്തത ഞാന്‍ കണ്ടിട്ടുള്ളത് കേരളത്തില്‍ മാത്രമാണ്. ജാതിപ്രശ്‌നങ്ങള്‍ ഇവിടെ ബാധിച്ചിട്ടില്ല; ഇതുവരെ എന്നു മാത്രമെ ഞാന്‍ പറയൂ. പക്ഷേ ഉത്തരേന്ത്യയിലെ കാര്യങ്ങള്‍ അങ്ങനെയല്ല. ഹിന്ദുക്കളുടെ ഐക്യം ഘോഷിക്കുന്നവര്‍ തന്നെയാണ് അവിടെയുള്ള 90 ശതമാനം ക്ഷേത്രങ്ങളിലും താഴ്ന്ന ജാതിക്കാരെ കയറ്റാന്‍ അനുവദിക്കാത്തത്. ഇതാണ് ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഇരട്ടത്താപ്പ്. അവര്‍ ഹൈന്ദവസംരക്ഷകരാണെന്നു തെറ്റിദ്ധരിച്ചാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പുകളില്‍ പലരും വോട്ടു ചെയ്യുന്നത്. അതിന്റെ ഗുണം അനുഭവിക്കുന്നവര്‍ ഒരുതരത്തിലും ഹിന്ദുവിന്റെ സംരക്ഷകരല്ല. ഹിന്ദുവിന്റെ സംരക്ഷകനായി എന്നൊരാള്‍ ഉയര്‍ന്നു വരുന്നുവോ അന്നീ സംസ്‌കാരം നശിക്കാന്‍ തുടങ്ങുമെന്നു പറഞ്ഞത് സ്വാമി വിവേകാനന്ദനാണ്. അതിപ്പോള്‍ ആര്‍എസ്എസുകാരും ബിജെപിക്കാരും ചേര്‍ന്നു പ്രാവര്‍ത്തികമാക്കുകയാണ്.

മറ്റു മതങ്ങളെ ശത്രുക്കളായി കാണുന്നവര്‍, സ്വന്തം മതത്തിലെ ആളുകളെ തന്നെ അന്യരാക്കി മാറ്റിനിര്‍ത്തുന്നവര്‍ എങ്ങനെയാണ് ഒരു രാജ്യത്തെ സംരക്ഷിക്കാന്‍ ഒരുങ്ങുന്നത്? ഗുജറാത്ത് കലാപത്തില്‍ മുഴങ്ങിക്കേട്ടിരുന്ന മന്ത്രങ്ങള്‍ ഏതായിരുന്നു? ‘ഓം കാളി ജയ് കാളി,’ ‘രാഷ്ട്രശക്തി തേരേ നാം ആര്‍എസ്എസ് ആര്‍എസ്എസ്’ എന്നിവയായിരുന്നു. രാജ്യമാകെയുള്ള ശാഖകളില്‍ ദിവസവും മുഴങ്ങുന്ന അതേ മന്ത്രങ്ങള്‍…

ഇതൊന്നും മനസിലാകാതെ ആര്‍എസ്എസ് ശാഖകളിലേക്ക് പോകുന്നവര്‍ക്ക് തിരിച്ചറിവ് ഉണ്ടാകാന്‍ കാലമേറെയെടുത്തേക്കാം, പക്ഷേ അവര്‍ തിരിച്ചുപോരും. അതുറപ്പാണ്…

(25 വര്‍ഷത്തോളം ആര്‍എസ്എസ് പ്രചാരകനായിരുന്ന സുധീഷ് മിന്നി ഇപ്പോള്‍ സിപിഎമ്മിന്റെ പ്രവര്‍ത്തകനാണ്. സുധീഷ് മിന്നിയുമായി അഴിമുഖം പ്രതിനിധി സംസാരിച്ചു തയ്യാറാക്കിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍