UPDATES

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നു ഇംഗ്ലീഷ് ഭാഷ ഒഴിവാക്കണമെന്ന് സംഘപരിവാര്‍ അനുകൂല സംഘടന

അഴിമുഖം പ്രതിനിധി

നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഇന്ത്യന്‍ ഭാഷകകള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും ഇംഗ്ലീഷ് ഭാഷയെ ഘട്ടംഘട്ടമായി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ‘ശിക്ഷ സംസ്‌കൃതി ഉദ്ധാന്‍ ന്യാസ്'(എസ് എസ് യു എന്‍)എന്ന സംഘപരിവാര്‍ അനുകൂല സംഘടനയാണ് രംഗത്ത് എത്തിയിരിക്കുന്നത്. ഐഐടി, ഐഐഎം, എന്‍ഐടി തുടങ്ങിയ സ്ഥാപനങ്ങളിലെ അധ്യയനം ഇന്ത്യന്‍ ഭാഷകളിലാക്കണമെന്നും അവിടെ മാതൃഭാഷയില്‍ സംസാരിക്കുന്നവര്‍ക്കെതിരെ നടപടി എടുത്താല്‍ അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും എസ് എസ് യു എന്‍ മാനവവിഭവശേഷി മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടു.

മാതൃഭാഷ സംസാരിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും ഇന്ത്യയിലെ മിക്ക ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളും പിഴ ഈടാക്കുകയോ മറ്റ് ശിക്ഷാ നടപടികള്‍ കൈക്കൊള്ളുകയോ ചെയ്യാറുണ്ട്. ഈ കീഴ് വഴക്കം മാറ്റണം. ഇംഗ്ലീഷിനെ രണ്ടാം ഭാഷയാക്കി താഴ്ത്തുകയും മാതൃഭാഷ ഒന്നാം ഭാഷയാക്കുകയും ചെയ്യണം. സ്വാകാര്യ സ്‌കൂളുകളിലായാലും സര്‍ക്കാര്‍ സ്‌കൂളുകളിലായാലും വിദ്യാഭ്യാസം മാതൃഭാഷയിലായിരിക്കണം. പ്രാഥമിക വിദ്യാഭ്യാസം മുതല്‍ ഉന്നത വിദ്യാഭ്യാസം വരെ മാതൃഭാഷയിലാക്കണം. സ്‌കൂള്‍ തലത്തില്‍ മാതൃഭാഷയ്ക്കു പകരം വിദേശഭാഷ ഉപയോഗിക്കാന്‍ അവസരം നല്‍കരുത്.

ദേശീയ ആവശ്യവുമായി ബന്ധപ്പെട്ടുള്ളതായിരിക്കണം ഗവേഷണങ്ങളെല്ലാം. അല്ലാത്തവയ്ക്ക് യുജിസി സ്‌കോളര്‍ഷിപ്പ് നല്‍കരുത്. ഭാരതീയ സംസ്‌കാരം, പാരമ്പര്യം തുടങ്ങിയവയെ അപമാനിക്കുന്ന ഒന്നും പുസ്തകങ്ങളില്‍ ഉണ്ടാവാന്‍ പാടില്ല എന്നു തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങളാണ് സംഘടനാ നേതാക്കള്‍ മുന്നോട്ട് വച്ചിരിക്കുന്നത്. കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ക്കാണ് എസ് എസ് യു എന്‍ നേതാക്കള്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചത്.

ഇക്കാര്യങ്ങള്‍ പുതിയ വിദ്യാഭ്യാസനയം രൂപീകരിക്കുന്ന വേളയില്‍ ചര്‍ച്ച ചെയ്യാമെന്ന് ജാവേദ്ക്കര്‍ ഉറപ്പുനല്‍കിയതായി എസ് എസ് യു എന്‍ സ്ഥാപകനും സെക്രട്ടറിയുമായ അതുല്‍ കൊതാരി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍