UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആര്‍ എസ് എസ് നിക്കര്‍ അഴിക്കുന്നു; ഇനി ഡിസൈനര്‍ പാന്‍റ്

Avatar

അഴിമുഖം പ്രതിനിധി

രാഷ്ട്രീയ സ്വയം സേവക് സംഘ് (ആര്‍എസ്എസ്) കാക്കി നിക്കര്‍ ഉപേക്ഷിച്ചേക്കും. സംഘടനയുടെ ശാഖകളുടെയും അംഗങ്ങളുടെയും എണ്ണത്തില്‍ ഈയിടെയുണ്ടായ വര്‍ധനയില്‍ ആവേശം ഉള്‍ക്കൊണ്ട് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനാണ് വേഷം മാറ്റം.

അംഗങ്ങള്‍ ഇപ്പോള്‍ ധരിക്കുന്ന കാക്കിനിക്കറില്‍നിന്ന് പാന്റ്സിലേക്ക് മാറാനാണ് ആലോചന. ഒരുമാസത്തിനുള്ളില്‍ ഇതില്‍ അന്തിമതീരുമാനമാകും. രാജസ്ഥാനിലെ നാഗൗറില്‍ മാര്‍ച്ച് 11 മുതല്‍ 13 വരെ നടക്കുന്ന ആര്‍എസ്എസ് പ്രതിനിധിസഭ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് സംഘടനയുടെ പബ്ലിസിറ്റിവിഭാഗം തലവന്‍ മന്‍മോഹന്‍ വൈദ്യ ഹിന്ദുസ്ഥാന്‍ ടൈംസിനോടു പറഞ്ഞു. അനുമതി ലഭിച്ചാല്‍ വിജയദശമി മുതലോ അല്ലെങ്കില്‍ അടുത്ത പരിശീലനകാലം മുതലോ പുതിയ വേഷം നിലവില്‍ വരുമെന്നും വൈദ്യ അറിയിച്ചു.

വേഷത്തിന്റെ നിറത്തിലും മാറ്റമുണ്ടായേക്കും. നീല, ചാരനിറം, തവിട്ടുനിറം എന്നിവയാണ് മുതിര്‍ന്ന നേതാക്കളുടെ പരിഗണനയിലുള്ളത്. ആധുനിക സ്വയംസേവകിന്റെ വേഷവിധാനം എങ്ങനെയാകണം എന്നതില്‍ ഫാഷന്‍ ഡിസൈനര്‍മാരുടെ അഭിപ്രായവും തേടും. സംഘടനയിലെ യുവാക്കളെ തൃപ്തിപ്പെടുത്താനാണിത്.

കൂടുതല്‍ യുവാക്കളെ സംഘടനയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമാണ് വേഷംമാറ്റം. ‘നിക്കര്‍ മാറ്റി വേഷം ആധുനികമാക്കണമെന്ന് അഭിപ്രായം ഉയര്‍ന്നിരുന്നു. ഇതേപ്പറ്റി വിശദമായ ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. നിര്‍ദേശം നടപ്പായേക്കും,’ റിപ്പോര്‍ട്ടില്‍ മറ്റൊരു ആര്‍എസ്എസ് ഭാരവാഹി പറയുന്നു. സംഘടനയ്ക്കുള്ളിലെ ഒരു അനൗപചാരിക സമിതിയോട് മാറ്റത്തിനുള്ള ആവശ്യം പഠിക്കാനും എല്ലാവരുമായും കൂടിയാലോചന നടത്താനും ആവശ്യപ്പെട്ടിരുന്നു.

കറുത്ത തൊപ്പി, കൈനീളമുള്ള ഷര്‍ട്ട്, കാക്കി നിക്കര്‍, കാന്‍വാസ് ബെല്‍റ്റ്, ഷൂസ് എന്നിവ അടങ്ങുന്നതാണ് ഇപ്പോഴത്തെ ആര്‍എസ്എസ് വേഷം.

പത്തു വര്‍ഷത്തോളമായി വേഷംമാറ്റം സംഘടന ആലോചിച്ചുവരികയാണ്. നവംബറില്‍ റാഞ്ചിയില്‍ നടന്ന യോഗത്തില്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യപ്പെട്ടു. നാഗൗറില്‍ കാര്യത്തിന് അന്തിമതീരുമാനമുണ്ടാകും.

ആര്‍എസ്എസ് ചടങ്ങുകളിലും എക്‌സര്‍സൈസ് ഡ്രില്ലുകളിലും ഔദ്യോഗിക വേഷം നിര്‍ബന്ധമാണെന്നതിനാല്‍ ട്രൗസറിന്റെ ഡിസൈന്‍ ആനുകാലികം മാത്രമല്ല സുഖകരവുമാകണം എന്നതിനാലാണ് ഫാഷന്‍ ഡിസൈനര്‍മാരുടെ അഭിപ്രായം തേടുന്നത്.

1939ല്‍ ആര്‍എസ്എസ് സ്ഥാപനത്തിന് 14 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഡ്രസ് കോഡില്‍ ആദ്യമായി മാറ്റം വന്നത്. ഷര്‍ട്ടിന്റെ നിറം കാക്കിയില്‍നിന്ന് വെളുപ്പായി മാറി. 1973ല്‍ പട്ടാളഷൂകള്‍ സാധാരണ ഷൂസിനു വഴിമാറി.

ജെയിന്‍ വിശുദ്ധന്‍ തരുണ്‍ സാഗറിന്റെ നിര്‍ദേശപ്രകാരം 2010ല്‍ തുകല്‍ ബെല്‍റ്റുകള്‍ക്കു പകരം കാന്‍വാസ് ബെല്‍റ്റുകള്‍ വന്നതാണ് അവസാനമാറ്റം.

കൈനീളമുള്ള ഷര്‍ട്ടുകള്‍ക്കു പകരം ടീ ഷര്‍ട്ടുകളാക്കണമെന്ന് നിര്‍ദേശമുണ്ടെങ്കിലും അത് തല്‍ക്കാലം പരിഗണനയിലില്ലെന്ന് അറിയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍