UPDATES

ട്രെന്‍ഡിങ്ങ്

വൈരമുത്തുവിന് പിന്തുണ: എഴുത്തുകാര്‍ക്ക് നേരെ കൊലവെറിയുമായി സംഘപരിവാര്‍

തീക്കതിര്‍ എഡിറ്ററും എഴുത്തുകാരനുമായ മധുകൂര്‍ രാമലിംഗം, എഴുത്താളര്‍ സംഘത്തിന്റെ ജനറല്‍ സെക്രട്ടറി സു വെങ്കിടേശ്വരന്‍ എന്നിവരെ ആര്‍എസ്എസുകാര്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി

കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെ പിന്തുണച്ച തമിഴ്‌നാട് മുര്‍പ്പോക്ക് എഴുത്താളര്‍ കലൈഞ്ജര്‍കള്‍ സംഘം(തമിഴ്‌നാട് പുരോഗമന കലാസാഹിത്യ സംഘം) ഭാരവാഹികള്‍ക്കെതിരെ ഭീഷണിയുമായി സംഘപരിവാര്‍. തമിഴ് ആണ്ടാളിനെ അപമാനിച്ച വൈരമുത്തുവിനെയും അദ്ദേഹത്തെ പിന്തുണച്ച കലൈഞ്ജര്‍ സംഘത്തെയും കമ്മ്യൂണിസ്റ്റുകളെയും വധിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ എച്ച് രാജ ആവശ്യപ്പെട്ടിരുന്നു.

ഒരു പൊതുയോഗത്തിലാണ് രാജ വധഭീഷണി മുഴക്കിയത്. ഇതിന് പിന്നാലെ തീക്കതിര്‍ എഡിറ്ററും എഴുത്തുകാരനുമായ മധുകൂര്‍ രാമലിംഗം, എഴുത്താളര്‍ സംഘത്തിന്റെ ജനറല്‍ സെക്രട്ടറി സു വെങ്കിടേശ്വരന്‍ എന്നിവരെ ആര്‍എസ്എസുകാര്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് വാട്‌സ്ആപ്പ് വഴി ഇവരുടെ നമ്പര്‍ പ്രചരിപ്പിക്കുകയും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇവരെ തുടര്‍ച്ചയായി ഭീഷണി മുഴക്കുകയും ചെയ്തു. അതേസമയം തെളിവുസഹിതം പോലീസില്‍ പരാതി നല്‍കിയിട്ടും വധഭീഷണി മുഴക്കിയവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

തമിഴ് ആണ്ടാളിനെ ദേവദാസിയെന്ന് വിളിച്ചുവെന്ന് ആരോപിച്ച് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വൈരമുത്തുവിനെതിരെ ബിജെപി ഭീഷണി മുഴക്കിയത്. തമിഴ് സിനിമാ ഗാനരംഗത്തെ കുലപതിയാണ് വൈരമുത്തു. ഭീഷണിയെ തുടര്‍ന്ന് വൈരമുത്തുവിന് പിന്തുണയുമായി തമിഴ്‌നാട് മുര്‍പ്പോക്ക് എഴുത്താളര്‍ കലൈഞ്ജര്‍കള്‍ സംഘം രംഗത്തെത്തി. ശ്രീരംഗം ക്ഷേത്രത്തില്‍ വച്ച് ആണ്ടാളിനെക്കുറിച്ച് ഒരു ഗവേഷണ പ്രബന്ധത്തിലെ പരാമര്‍ശമാണ് വൈരുമുത്തു ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഇതിനെ വൈരമുത്തുവിന്റെ വാക്കുകളായി വ്യാഖ്യാനിക്കുകയായിരുന്നു സംഘപരിവാറുകാര്‍. ഈ പ്രസംഗം പിന്നീട് തമിഴ്‌നാട്ടില്‍ ഏറ്റവും പ്രചാരമുള്ള ദിനപത്രമായ ദിനമണി പ്രസിദ്ധീകരിച്ചു. സംഭവം വിവാദമായതോടെ ദിനമണിയുടെ എഡിറ്റര്‍ ക്ഷേത്രത്തിലെത്തി പരസ്യമായി മാപ്പ് പറയുകയും ചെയ്തു.

സിപിഎമ്മും പുരോഗമന വാദികളും അതിന് തയ്യാറാകാത്തതിന്റെ പേരിലാണ് വധഭീഷണി ആവര്‍ത്തിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമര്‍ത്താനുള്ള ജാതി മത വര്‍ഗീയ ഫാസിസ്റ്റുകളുടെ എല്ലാ ശ്രമത്തെയും ചെറുത്തു തോല്‍പ്പിക്കണമെന്ന് സിപിഎം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി ജി രാമകൃഷ്ണന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍