UPDATES

ആര്‍ എസ് എസ്സിന് ഇനി സൈനിക സ്‌കൂളും, ആദ്യ സംരംഭം അടുത്ത വര്‍ഷം ഉത്തര്‍പ്രദേശില്‍

ആ്ര്‍എസ്എസി്‌ന്റെ വിദ്യാഭാരതിക്കാണ് നടത്തിപ്പ് ചുമതല

സൈന്യത്തില്‍ ഓഫീസര്‍മാരാകാന്‍ പരിശീലനം നല്‍കുന്ന സ്‌കൂളുകള്‍ ആര്‍എസ്എസ് നേതൃത്വത്തില്‍ ആരംഭിക്കുന്നു. ആദ്യ സ്‌കൂള്‍ അടുത്ത വര്‍ഷം ഉത്തര്‍പ്രദേശിലെ ബുലന്ദെഷെഹറില്‍ ആരംഭിക്കും. ആര്‍എസ്എസ്സിന്റെ വിദ്യാഭാരതിയാണ് സ്‌കൂള്‍ നടത്തുക. ആദ്യ ബാച്ചില്‍ 160 കുട്ടികളെ പ്രവേശിപ്പിക്കും.

ആര്‍എസ്എസ് സര്‍സംഘ്ചാലക് രാജു ഭയ്യ എന്ന രാജേന്ദ്രസിംങ്ങിന്റെ പേരിലാണ് ആദ്യ സ്‌കൂള്‍. ആറാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസു വരെയാണ് ഈ സൈനിക സ്‌കൂളില്‍ ഉണ്ടാവുക. ആണ്‍കുട്ടികള്‍ക്ക് മാത്രമാണ് പ്രവേശനം.

‘ഇത്തരത്തിലൊരു സംരംഭം ആദ്യമായാണ് രാജ്യത്ത് നടത്തുന്നത്. ഭാവിയില്‍ ഇത് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും.’ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ വിദ്യാഭാരതിയുടെ കണ്‍വിനര്‍ അജയ് ഗോയല്‍ പറഞ്ഞു. അടുത്ത മാസം വിദ്യാര്‍ത്ഥികളില്‍നിന്ന് അപേക്ഷ ക്ഷണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിബിഎസ്ഇ സിലബസ്സായിരിക്കും സ്‌കൂള്‍ പിന്തുടരുക. സേവനത്തിനിടെ കൊല്ലപ്പെട്ട സൈനികരുടെ കുട്ടികള്‍ക്ക് സംവരണം നല്‍കും. ഇത്തരത്തിലുള്ള 56 കുട്ടികളെ പ്രവേശിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ആര്‍എസ്എസ്സ് അനുകൂലികളായ വിരമിച്ച സൈനിക ഉദ്യോഗസ്ഥരായിരിക്കും ഇതിന്റെ ഉപദേശകര്‍. ഇവരുടെ യോഗം ഉടന്‍ വിളിച്ചുചേര്‍ക്കാനും തീരുമാനമായിട്ടുണ്ട്.

സ്‌കൂള്‍ തലത്തില്‍ തന്നെ സൈനിക വിദ്യാഭ്യാസം വേണമെന്നതാണ് ആര്‍എസ്എസ് നിലപാട്. ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗെവാറിന്റെ സുഹൃത്ത് ബി എസ് മൂഞ്ചേ 1937 ല്‍ സ്ഥാപിച്ച ഭോണ്‍സാല സൈനിക സ്‌കൂള്‍ ഈ മാതൃകയിലുള്ളതാണ്. എന്നാല്‍ അത് ആര്‍എസ്എസ്സിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ല നടക്കുന്നത്. സെന്‍ട്രല്‍ ഹിന്ദു മിലിട്ടറി എഡ്യുക്കേഷൻ സൊസൈറ്റിയാണ് ഇത് നടത്തുന്നത്.

ഒരോ സംസ്ഥാനത്തും ഒരോ സൈനിക സ്കൂള്‍ ഉണ്ടെങ്കിലും രാജ്യത്ത് ആവശ്യമായ തോതില്‍ സൈനിക, വ്യോമ, നാവിക ഓഫീസര്‍ മാര്‍ ഉണ്ടാകുന്നില്ല. ഈ കുറവ് പരിഹരിക്കാനാണ് ആര്‍എസ്എസ് ലക്ഷ്യമിടുന്നതെന്നും സ്കൂളിനെ സംബന്ധിച്ച് ബ്രോഷര്‍ പറയുന്നു.
ഒരു മുന്‍ സൈനിക ഉദ്യോഗസ്ഥനായ രാജ്പാല്‍ സിംങാണ് സ്‌കൂള്‍ നിര്‍മ്മാണത്തിനാവശ്യമായ സ്ഥലം നല്‍കിയത്.

ആര്‍എസ്എ്സ്സിന്റെ വിദ്യാഭാരതി 20,000 സ്‌കൂളുകളാണ് നടത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍