UPDATES

തൊഴിലാളികളെ സഹായിച്ചില്ലെങ്കിലും ദ്രോഹിക്കരുതെന്ന് മോദിയോട് ആര്‍എസ്എസ് നേതാവ്

അഴിമുഖം പ്രതിനിധി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സര്‍ക്കാരിനും എതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്എസ് അനുബന്ധ തൊഴിലാളി സംഘടനയായ ഭാരതീയ മസ്ദൂര്‍ സംഘിന്റെ ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ സി മിശ്ര രംഗത്ത്.

തൊഴിലാളികളുടെ ക്ഷേമത്തിനായി മോദി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും ദശാബ്ദങ്ങളുടെ പോരാട്ടത്തിലൂടെ തൊഴിലാളികള്‍ നേടിയെടുത്ത അവകാശങ്ങളെ മോദി ഇല്ലായ്മ ചെയ്യുന്നതെങ്കിലും ഒഴിവാക്കണമെന്നും മിശ്ര ആവശ്യപ്പെട്ടു. മോദിക്ക് ദാരിദ്ര്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം അറിയില്ലെന്നും അത് മനസിലാക്കാന്‍ മോദി ഇന്ത്യയുടെ കിഴക്കന്‍ മേഖലയിലേക്ക് നോക്കണമെന്നും മിശ്ര കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ എക്‌സ്പ്രസിനോടായിരുന്നു മിശ്ര ഇക്കാര്യം പറഞ്ഞത്.

ബിഎംഎസിലേക്ക് ആര്‍എസ്എസ് നിയോഗിച്ചിട്ടുള്ള 22 പ്രചാരകരില്‍ ഏറ്റവും മുതിര്‍ന്ന ആളാണ് മിശ്ര. ‘മോദി പശ്ചിമ ഇന്ത്യയിലെ ദാരിദ്ര്യം മാത്രമേ കണ്ടിട്ടുള്ളൂ. അവിടെ വീടും കാറും മറ്റുമൊക്കെയുള്ള ഒരാള്‍ക്ക് വീടിന് പുതിയ നില പണിയാന്‍ കാശില്ലെങ്കില്‍ അയാളെ പാവപ്പെട്ടവനായി കണക്കാക്കും, മിശ്ര പറയുന്നു. എന്നാല്‍ ഝാര്‍ഖണ്ഡ്, ഒഡീഷ, പശ്ചിമ ബംഗാള്‍, ബീഹാര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ ദാരിദ്ര്യം എന്നാല്‍ കുടിലുകളില്‍ വസിക്കുകയും മിക്കവാറും ചോറിനൊപ്പം പച്ചമുളകും ഉപ്പും ചേര്‍ത്ത് കഴിക്കുന്നവര്‍ ആണുള്ളത്.’

ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ബിഎംഎസ് മറ്റു തൊഴിലാളി സംഘടനകളുമായി ചേര്‍ന്ന് ആര്‍എസ്എസിന്റെ രാഷ്ട്രീയ വിഭാഗമായ ബിജെപി നയിക്കുന്ന സര്‍ക്കാരിനെതിരെ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്. ‘ബിജെപി ഭരണകാലത്ത് ഞങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ട്.ഞങ്ങള്‍ എല്ലായ്‌പ്പോഴും ബിജെപിക്കുവേണ്ടി വോട്ട് ചെയ്യുന്നവരാണ്,’ മിശ്ര പറയുന്നു. എന്നാല്‍ ബിജെപി സര്‍ക്കാരുകളുമായി തങ്ങള്‍ക്ക് എല്ലായ്‌പ്പോഴും കഠിനമായി പോരാടേണ്ടി വരുന്നുവെന്നും മിശ്ര കൂട്ടിച്ചേര്‍ത്തു.

‘മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന് കുറച്ചെങ്കിലും പേടിയുണ്ടായിരുന്നു. എന്നാല്‍ ആളുകള്‍ ഞങ്ങളോട് സംസാരിക്കാന്‍ പോലും ആളുകള്‍ തയ്യാറല്ല.’ മോദി അധികാരത്തിലെത്തിയ ശേഷം ഞങ്ങള്‍ അനവധി കത്തുകള്‍ എഴുതി. എന്നാല്‍ അവയ്‌ക്കൊന്നും മറുപടി ലഭിച്ചില്ല. മിശ്ര വെളിപ്പെടുത്തി.

‘തൊഴിലാളികള്‍ക്ക് പുതുതായി ഒന്നും നല്‍കാന്‍ മോദിക്ക് കഴിഞ്ഞില്ലെങ്കില്‍ ദശാബ്ദങ്ങളുടെ പോരാട്ടം കൊണ്ട് അവര്‍ നേടിയെടുത്ത അവകാശങ്ങളെ ഇല്ലായ്മ ചെയ്യരുത്. നിര്‍നിക്ഷേപത്തിന് ഞങ്ങള്‍ എതിരാണ്. നിരവധി നിയമങ്ങളെ റദ്ദാക്കിയെന്ന് പ്രധാനമന്ത്രി എല്ലായിടത്തും പറയുന്നുണ്ട്. ഉപയോഗമില്ലാത്ത നിയമങ്ങളെ മാത്രമേ റദ്ദ് ചെയ്യാവൂ. എന്നാല്‍ വലിയ പോരാട്ടങ്ങളുടെ ഫലമായ തൊഴില്‍ നിയമങ്ങളെ സ്പര്‍ശിക്കരുത് എന്നാണ് എനിക്ക് മോദിയോടുള്ള അപേക്ഷ,’ മിശ്ര പറഞ്ഞു.

‘തൊഴിലാളികളുടെ നന്മയ്ക്കായി എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും അവരെ ദ്രോഹിക്കുന്നവ ചെയ്യുന്നത് ഒഴിവാക്കുകയെങ്കിലും വേണം.’

പ്രധാനമന്ത്രിയുടെ അഭിമാന പദ്ധതിയായ ഇന്ത്യയില്‍ നിര്‍മ്മിക്കൂ പദ്ധതിക്ക് എതിരാണെന്ന് മിശ്ര തുറന്നു പറഞ്ഞു. ‘ആഗോളവല്‍ക്കരണം ആരംഭിച്ച 1991-നുശേഷം വന്ന സര്‍ക്കാരുകളുടെ ഗൂഢാലോചനയുടെ ഫലമായി എംഎസ്എംഇ മേഖല കൊല്ലപ്പെട്ടു. അന്ന് മുതല്‍ തൊഴിലാളികളുടെ ക്ഷേമത്തിനായി ഒരു പാര്‍ട്ടികളും ഒന്നും ചെയ്തിട്ടില്ല. അവര്‍ ഒന്നും ചെയ്തില്ലെങ്കില്‍ ഇപ്പോള്‍ തൊഴിലാളികള്‍ അനുഭവിക്കുന്ന അവകാശങ്ങളെ എടുത്തു കളയാനുള്ള അവകാശവും രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഇല്ല,’ മിശ്ര പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍