UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ സംസ്‌കാരച്ചടങ്ങിനിടെ ആക്രമണം: മംഗലാപുരത്ത് സംഘര്‍ഷാവസ്ഥ

ആര്‍എഎസ്എസിന്റെ ശാഖകളില്‍ കായിക പരിശീലകനായിരുന്നു കൊല്ലപ്പെട്ട ശരത് മദിവാല

മംഗലാപുരത്ത് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്റെ സംസ്‌കാരച്ചടങ്ങള്‍ക്കിടെ വന്‍സംഘര്‍ഷമുണ്ടായി. നിരവധി പേര്‍ക്ക് ആക്രമണങ്ങളില്‍ പരിക്കേല്‍ക്കുകയും ധാരാളം വാഹനങ്ങള്‍ക്ക് കേടുപാടുണ്ടാകുകയും ചെയ്തു. ശരത് മദിവാല എന്നയാള്‍ക്കാണ് കഴിഞ്ഞ ചൊവ്വാഴ്ച തന്റെ വസ്ത്രം അലക്ക് സ്ഥാപനത്തിന് മുന്നില്‍ വച്ച് കുത്തേറ്റത്. ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഇയാള്‍ മരിച്ചു. ഇന്നലെ ശരതിന്റെ മൃതദേഹ സംസ്‌കാര ചടങ്ങിലും വിലാപയാത്രയിലും ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്.

എന്നാല്‍ ഇതിനിടെ ഏതാനും പേര്‍ ജനക്കൂട്ടത്തിന് നേരെയും റോഡിലൂടെ പോയ വാഹനങ്ങള്‍ക്ക് നേരെയും കല്ലും സോഡക്കുപ്പികളും വലിച്ചെറിയുകയായിരുന്നു. വിലാപയാത്ര ബി സി റോഡില്‍ ശരത് ആക്രമിക്കപ്പെട്ട സ്ഥലത്തിന് സമീപത്തെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. സ്ഥലത്തെത്തിയ പോലീസ് ലാത്തി വീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. ആക്രമണത്തില്‍ ഒരു ബസുള്‍പ്പെടെ പത്തോളം വാഹനങ്ങള്‍ നശിച്ചു.

സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും വിവിധ വിഭാഗങ്ങളില്‍പ്പെടുന്ന 14 പേരെ അറസ്റ്റ് ചെയ്‌തെന്നും ദക്ഷിണ കന്നഡ എസ്പി സുധീര്‍ കുമാര്‍ വ്യക്തമാക്കി. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നൂറ് കണക്കിന് പോലീസുകാരെ ദേശീയപാത 75ല്‍ വിന്യസിച്ചിട്ടുണ്ട്. തീര്‍ത്ഥാടന കേന്ദ്രങ്ങളിലും ന്യൂനപക്ഷ മേഘലകളിലും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. ശരത് മദിവാലയുടെ കൊലയാളികളെ കണ്ടെത്താനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി ഐജി ഹരിശേഖരന്‍ അറിയിച്ചു. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും അറിയിച്ചു.

കൊലപാതകത്തിന് പിന്നാലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് മേഖലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. നിരോധനാജ്ഞ ലംഘിച്ചതിന് ബിജെപി എംപിമാരായ ശോഭ കരന്ദ്‌ലജെ, നളിന്‍ കുമാര്‍ കടില്‍ എന്നിവരുള്‍പ്പെടെ 30 പേരെ ബന്ദ്‌വല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ആര്‍എഎസ്എസിന്റെ ശാഖകളില്‍ കായിക പരിശീലകനായിരുന്നു കൊല്ലപ്പെട്ട ശരത് മദിവാല. രാത്രി 9.30ന് കടയടയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്കിലെത്തിയ മൂന്ന് പേരാണ് ഇയാളെ ആക്രമിച്ചത്. തെരുവിലെ പഴക്കച്ചവടക്കാരനായ അബ്ദുള്‍ റൗഫ് എന്നയാളാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍