UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രവീന്ദ്രന്‍ മാഷ് ‘വീട്ടുതടങ്ക’ലിലാണ്; കുറ്റം വിവരാവകാശ പ്രവര്‍ത്തനം

Avatar

ഉണ്ണികൃഷ്ണന്‍ വി

വിവരാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ മറ്റ് സംസ്ഥാനങ്ങളില്‍ നടക്കുന്ന അക്രമങ്ങള്‍ മാധ്യമങ്ങളിലൂടെ നാം നിത്യവും കേള്‍ക്കുന്നതാണ്. അവിടങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളം സുരക്ഷിതമാണെന്ന ധാരണയുണ്ടായിരുന്നു പലര്‍ക്കും. എന്നാല്‍ സത്യത്തിനു വേണ്ടി നിലകൊണ്ടു എന്നുള്ള ഒറ്റക്കാരണം കൊണ്ട് കാസര്‍ഗോഡ്‌ ഒളവറയിലെ രവീന്ദ്രന്‍ മാഷ്‌ എന്ന് സുഹൃത്തുക്കള്‍ വിളിക്കുന്ന രവീന്ദ്രന്‍ എന്ന വിവരാവകാശ പ്രവര്‍ത്തകന്‍ നേരിടുന്ന പ്രശ്നങ്ങള്‍ അറിയുമ്പോള്‍ വടക്കേഇന്ത്യന്‍ സംസ്ഥാനങ്ങളും കേരളവും ഒരേപോലെ തന്നെയാണെന്ന വസ്തുത ഉള്‍ക്കൊള്ളേണ്ടിവരും.

2005 ഒക്ടോബര്‍ 12 ന് വിവരാവകാശനിയമം നടപ്പിലാവുന്നതിനു മുന്‍പ് തന്നെ 1996ലെ പഞ്ചായത്ത് രാജ് ആക്റ്റ് അധ്യായം 25 റൂള്‍ 271സി പ്രകാരം ഇദ്ദേഹം തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ നിരവധി അഴിമതികള്‍ പുറത്തു കൊണ്ടുവന്നിരുന്നു. അധ്യാപകനായ രവീന്ദ്രന്‍ മാഷിന് ഇക്കാരണത്താല്‍ തന്നെ തന്‍റെ ജോലിക്ക് തന്നെ ഭീഷണി നേരിടേണ്ടി വന്നു. ഇതിനിടയില്‍ ജനങ്ങള്‍ക്കു സഹായകമായ പല തീരുമാനങ്ങളും മാഷിന്‍റെ ഇടപെടലിലൂടെ പ്രാവര്‍ത്തികമായിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസിന്‍റെ പിന്നിലുള്ള ബോര്‍ഡിലും എത്തിച്ചേരേണ്ട സ്ഥലത്തിന്‍റെ വിവരങ്ങള്‍ എഴുതണം എന്ന തീരുമാനം ഗണേഷ് കുമാര്‍ മന്ത്രിയായിരിക്കുമ്പോള്‍ എടുക്കുന്നത് മാഷിന്‍റെ ശ്രമഫലമായാണ്.  

എന്നാല്‍ അഴിമതിക്കെതിരെ നിലകൊണ്ടു എന്നുള്ള ഒറ്റക്കാരണം കൊണ്ട് ഇന്ന് രവീന്ദ്രന്‍മാഷിനു നേരിടേണ്ടി വരുന്നത് ജീവനു പോലും ഭീഷണിയാകുന്ന തരത്തിലുള്ള പ്രതികാരനടപടികളാണ്. തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ അസിസ്റ്റന്റ്റ് എന്‍ജിനീയറും കോണ്‍ഗ്രസിലും ബിജെപിയിലും പെട്ട പ്രവര്‍ത്തകരും ചേര്‍ന്ന് വികസനത്തിന് തടസം നില്ക്കുന്നു എന്ന കുറ്റം ചാര്‍ത്തി പ്രദേശവാസികളെ ഇദ്ദേഹത്തിനെതിരെ തിരിച്ചിരിക്കുകയാണ്. 

നവംബര്‍ 13 മുതല്‍ രവീന്ദ്രന്‍ മാഷ് വീട്ടു തടങ്കലിലാണ്. പുറത്തിറങ്ങിയാല്‍ ശാരീരികമായ ആക്രമണം, വീട്ടിലേക്ക് കല്ലെറിയല്‍,  രാത്രിയില്‍ അസഭ്യവാക്കുകളുടെ പെരുമഴ എന്നിങ്ങനെ പ്രതികാരനടപടികള്‍ നീളുന്നു. മാഷിന്‍റെ വീട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ നല്‍കരുത് എന്ന് നാട്ടിലെ കടയുടമകളെ സംഘം ഭീക്ഷണിപ്പെടുത്തിയിരിക്കുന്നു. പാല്‍ക്കാരനെയും മീന്‍ കാരനേയും പോലും ഇവര്‍ തടയുന്നു. പ്രമേഹരോഗിയായ രവീന്ദ്രന്‍ മാഷിനു നല്കാന്‍ മരുന്നുമായി എത്തിയ അനീഷ്‌ എന്ന ചെറുപ്പക്കാരനു നേരിടേണ്ടി വന്നത് ക്രൂരമായ മര്‍ദ്ധനമാണ്. മാനഹാനി ഭയന്ന് ഇയാള്‍ പരാതിപോലും നല്കാനാകാത്ത അവസ്ഥയിലാണ്. തന്നെ സദാചാരക്കേസില്‍ കുടുക്കാനുള്ള ശ്രമം കൂടി നടന്നു എന്ന് അനീഷ്‌ പറയുന്നു.

‘മാഷിന് പ്രമേഹത്തിനുള്ള മരുന്ന് നല്‍കി തിരിച്ചു വരുമ്പോള്‍ ഇടവഴിയില്‍ മുന്‍ പഞ്ചായത്ത് മെമ്പര്‍ അടക്കമുള്ള ആളുകള്‍ എന്നെ തടഞ്ഞു നിര്‍ത്തി തല്ലുകയുണ്ടായി. ഞാന്‍ പേരും അഡ്രസ്സും എല്ലാംപറഞ്ഞിട്ടും, പ്രാണ രക്ഷാര്‍ത്ഥം കൈ കൂപ്പി മാപ്പ് പറഞ്ഞിട്ടു പോലും ഒരുമണിക്കൂറിലധികം സമയം എന്നെ ക്രൂരമായ മാനസിക ശാരീരിക പീഡനത്തിനു ഇരയാക്കി. ഇതിനിടയില്‍ എന്റെ ബൈക്കിന്‍റെ കവറില്‍ കോണ്ടം പാക്കെറ്റ് തിരുകി വച്ചു, വേണ്ടി വന്നാല്‍ സദാചാര വിഷയത്തില്‍ കള്ളക്കേസില്‍ കുടുക്കാന്‍. അവസാനം നീണ്ട മര്‍ദ്ദനങ്ങള്‍ക്ക് ശേഷം നാട്ടിലെ ദിനേശേട്ടനും അച്ഛനും വന്നിട്ടാണ് എന്നെ മോചിപ്പിച്ചത്’ അനീഷ്‌ പറഞ്ഞു.

പഞ്ചായത്തിലെ അഴിമതിക്കാരായ ചിലരാണ് ഈ ആക്രമണങ്ങള്‍ക്ക് പിന്നില്‍. അടുത്തിടെ നടന്ന ഒരു സംഭവമാണ് ഇദ്ദേഹത്തിനെതിരെ ജനരോഷം ഇളക്കിവിടാന്‍ ഇവര്‍ക്കു വക നല്‍കിയത്. തൊഴിലുറപ്പ് പദ്ധതി പ്രകാരം ചെയ്യേണ്ട ജോലിയുടെ കാര്യത്തിലുള്ള അവ്യക്തത നീക്കാനായി പരാതി നല്‍കിയ രവീന്ദ്രന് അനുകൂലമായ നടപടിയാണ് ജില്ലയില്‍ ദാരിദ്ര്യ ലഘൂകരണ വിഭാഗം ജില്ലാ പ്രോജക്റ്റ് ഓഫീസറില്‍ നിന്നും ലഭിച്ചത്. ഇതിന്‍ പ്രകാരം തൊഴിലുറപ്പ് പദ്ധതിയില്‍ പുല്ലു ചെത്തുക എന്നതല്ല, വസ്തു കിളയ്ക്കുക തന്നെ വേണം എന്നുള്ളതില്‍ വ്യക്തത വരുത്തുന്ന ഉത്തരവു കാണിച്ച് ബ്ലോക്ക്, പഞ്ചായത്തു ഓഫീസുകളില്‍ ഇദ്ദേഹം പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പരിശോധനയ്ക്കായി എത്തിയ പഞ്ചായത്ത് ഉദ്യോഗസ്ഥരും മറ്റു ചിലരും ചേര്‍ന്ന് തൊഴിലുറപ്പിനായി പോകുന്ന സ്ത്രീകളെ തെറ്റിധരിപ്പിച്ച് പോലീസില്‍ പരാതി നല്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. അതിനു ശേഷമാണ് വീട്ടു തടങ്കല്‍ അടക്കമുള്ള പ്രതികാരനടപടികളിലേക്ക് കടന്നത്. ഇവരുടെ നേതൃത്വത്തിലാണ് തനിക്കെതിരെ മാനസികമായും ശാരീരികമായും ആക്രമണം നടക്കുന്നതെന്ന് മാഷ്‌ പറയുന്നു.

‘എഞ്ചിനീയര്‍ നടത്തിയ പല വെട്ടിപ്പുകളും ഞാന്‍ പുറത്തുകൊണ്ടുവന്നിരുന്നു. ഇതിനോടകം 15 പദ്ധതികളുടെ  ഫണ്ടുകളും അവരെക്കൊണ്ട് തിരിച്ചടപ്പിക്കുകപോലും ചെയ്യിച്ചു.  കാസര്‍ഗോഡ്    തൃക്കരിപ്പൂര്‍ പന്ത്രണ്ടാം വാര്‍ഡ്‌ മെമ്പര്‍ ആയ ടി ലളിതയാണ്  എഞ്ചിനീയര്‍ രമേശന്‍ കഴിഞ്ഞാല്‍ ഇവരില്‍ പ്രധാനി. ഇവര്‍ നടത്തിയ തെങ്ങിന്‍ തൈ നഴ്സറി യിലൂടെ നിലവാരം കുറഞ്ഞ തൈകള്‍ വില്പന നടത്തുന്നതിനെതിരെ പ്രതിഷേധമുണ്ടായപ്പോള്‍ ഞാന്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കൃഷിവകുപ്പ് ഈ സ്ഥാപനം പൂട്ടിക്കുകയും ചെയ്തു. ടിപി ഷാദുലി എന്ന സിപിഎം പാര്‍ട്ടി പ്രവര്‍ത്തകനാണ് അടുത്തയാള്‍. ഇയാള്‍ നടത്തിയ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വിവരാവകാശരേഖകള്‍ പ്രകാരം പരാതി നല്‍കിയതാണ് ശത്രുതയ്ക്കുള്ള കാരണം. വയല്‍നികത്തി കെട്ടിടം പണിയുന്നതിനു തടസ്സമായതിനാണ് മുഹമ്മദ്‌ കുഞ്ഞ് എന്ന വ്യക്തിയാണ് മറ്റൊരാള്‍. ഇവരെല്ലാവരും കൂടി മറ്റ് അഴിമതിക്കാരെയും കൂട്ടി എനിക്കെതിരെ കുപ്രചാരണങ്ങള്‍ നടത്തുകയാണ്’, മാഷ് തന്‍റെ അവസ്ഥ വ്യക്തമാക്കി. പോലീസും ഇവര്‍ക്കു വേണ്ടിയാണു പ്രവര്‍ത്തിക്കുന്നത് എന്ന് അദ്ദേഹം പറയുന്നു.

‘ഈ മാസം (നവംബര്‍) പതിനാലിന് ചിലര്‍ എന്‍റെ വീടിനു മുന്‍പില്‍ പ്രകടനം നടത്തിയപ്പോള്‍ ഞാന്‍ പോലീസിനെ അറിയിച്ചിരുന്നു. കുറേ സമയത്തിനു ശേഷം എത്തിയ ഇവര്‍ ഡിസിസി മെമ്പര്‍ വിളിച്ചതിനെത്തുടര്‍ന്ന് തിരികെപ്പോവുകയായിരുന്നു. അതിനു ശേഷം നടന്നത് കല്ലേറും കേട്ടാല്‍ അറക്കുന്ന തരത്തിലുള്ള തെറിവിളികളും മറ്റുമായിരുന്നു. എന്നെപ്പോലെയുള്ള സാധാരണജനങ്ങളുടെ സുരക്ഷയ്ക്കായി സര്‍ക്കാര്‍ നിയമിച്ചിരിക്കുന്ന ഇവര്‍ പാര്‍ട്ടിക്കാരുടെയും പിണിയാള്‍ എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്‌. അത്യാവശ്യത്തിനായി പുറത്തിറങ്ങിയ എന്നെ ആക്രമിക്കാന്‍ രണ്ടു ബൈക്കുകളിലായി ആളുകള്‍ വന്നപ്പോള്‍ പ്രാണരക്ഷാര്‍ത്ഥം സുഹൃത്തിന്‍റെ വീട്ടിലേക്കു ഞാന്‍ ഓടിക്കയറി. അവിടെ വച്ച് ഞാന്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചിരുന്നു. എന്നാല്‍ അവര്‍ എത്തിയത് ഒരു മണിക്കൂറിനു ശേഷമാണ്.  എനിക്ക് അഭയം തന്നതിന് സുഹൃത്തിനെ കാസര്‍ഗോഡ്‌ ചന്ദേര എസ്ഐ രാജേഷ് ശകാരിക്കുകയും ചെയ്തു. ഓനെ എന്തിനാ അകത്തു കയറ്റിയെ എന്നാണ് അയാള്‍ ചോദിച്ചത്, ഇങ്ങനെയുള്ള പോലീസുകാര്‍ ഉള്ളപ്പോള്‍ എങ്ങനെ ജനങ്ങള്‍ക്ക്‌ നീതി ലഭിക്കും’, രവീന്ദ്രന്‍ മാഷ് ചോദിക്കുന്നു.

ഇതൊന്നും പോരാതെ സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തിയെന്നുള്ള കള്ളക്കേസിലും ഇവര്‍ ഈ വിവരാവകാശപ്രവര്‍ത്തകനെ കുടുക്കാന്‍ ശ്രമിച്ചിരുന്നു. ആദ്യത്തെ തവണ സമയത്തു മുന്നറിയിപ്പ് ലഭിച്ചതിനാല്‍ ഇദ്ദേഹത്തിനു രക്ഷപ്പെടാന്‍ സാധിച്ചു. രണ്ടാം തവണ പഞ്ചായത്തില്‍ പരാതി സംബന്ധിച്ച രേഖഒപ്പിടാന്‍ എന്ന വ്യാജേന വിളിച്ചു വരുത്തി കേസിലകപ്പെടുത്തുകയായിരുന്നു. പഞ്ചായത്ത് മെമ്പര്‍ ടി.ലളിത, പി.ഷീല എന്നിവരെ കൊല്ലാന്‍ ശ്രമിച്ചു എന്നുള്ളതായിരുന്നു ആരോപണം. എന്നാല്‍ തെളിവുകള്‍ അനുകൂലമായതിനാല്‍ കോടതി ജാമ്യം നല്‍കുകയായിരുന്നു.

കാര്യത്തിന്‍റെ ഗുരുതരാവസ്ഥ ബോധ്യപ്പെട്ട സിപിഎം ഏരിയാ കമ്മറ്റി മാഷിനെതിരെ പ്രവര്‍ത്തിക്കുന്ന കമ്മിറ്റി അംഗങ്ങള്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കും എന്ന് താക്കീതു നല്കിയിരിക്കുകയാണ്.

‘ഉറങ്ങാന്‍ പോലും ആവാത്ത അവസ്ഥയാണിപ്പോള്‍. രാത്രി ലൈറ്റ് ഇട്ടുകൊണ്ടാണ് കിടക്കുന്നത്. ഞാനും ഭാര്യയും മകളും ആണിവിടെ താമസിക്കുന്നത്. എന്തു ധൈര്യത്തിലാണ് ഇവിടെ താമസിക്കുക. ഞാന്‍ ചെയ്ത തെറ്റ് ഇവരുടെ കള്ളത്തരങ്ങള്‍ പുറത്തുകൊണ്ടുവന്നു എന്നുള്ളതാണ്, ‘ രവീന്ദ്രന്‍ മാഷ്  കൂട്ടിച്ചേര്‍ക്കുന്നു. 

പോലീസ് സഹായമാവശ്യപ്പെട്ടു ഡിജിപി സെന്‍കുമാറിനെ ബന്ധപ്പെട്ട മാഷിന് അനുകൂലമായ പ്രതികരണമാണ് ലഭിച്ചതെങ്കിലും സ്ഥലത്തെ പോലീസ് ഉദ്യോഗസ്ഥര്‍ യാതൊരു നടപടിയും ഇതുവരെയായി സ്വീകരിച്ചിട്ടില്ല.

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് ലേഖകന്‍)

 അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍