UPDATES

ട്രെന്‍ഡിങ്ങ്

രാജസ്ഥാനില്‍ അഴിമതിക്കെതിരേ പോരാടിയ ആര്‍ടിഐ പ്രവര്‍ത്തകര്‍ക്ക് ജയില്‍ശിക്ഷ

മസ്ദൂര്‍ കിസാന്‍ ശക്തി സംഘത്തില്‍പ്പെട്ട വിവരാവകാശ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കിയെന്നാണ് ആക്ഷേപം

1998 ജനുവരിയില്‍ രാജസ്ഥാനില്‍ എടുത്ത ഒരു കള്ളക്കേസുമായി ബന്ധപ്പെട്ട് അഞ്ച് വിവരാവകാശ പ്രവര്‍ത്തകരെ ഇപ്പോള്‍ ശിക്ഷിച്ചിരിക്കുന്നത് വ്യാപക പ്രതിഷേധം മാത്രമല്ല നിരവധി ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്. രാജസ്ഥാനിലെ അജ്മീര്‍ ജില്ലയിലെ ഹര്‍മാര പഞ്ചായത്ത് സര്‍പഞ്ചുമായി ബന്ധപ്പെട്ട ഒരു അഴിമതി കേസ് അന്വേഷണമാണ് മസ്ദൂര്‍ കിസാന്‍ ശക്തി സംഘം(എംകെഎസ്എസ്) പ്രവര്‍ത്തകരായ നിഖില്‍ ഡേ, നൗര്‍തി, രാം കിരണ്‍, ബാബുലാല്‍, ചോട്ടു ലാല്‍ മല്‍ക്കര്‍ എന്നിവരെ ഇപ്പോള്‍ ജയിലിലാക്കിയിരിക്കുന്നത്.

1998ല്‍, ഹര്‍മാന പഞ്ചായത്തിന്റെ അഴിമതികളെ കുറിച്ചും വികസനജോലികളില്‍ ഏര്‍പ്പെടുന്ന ഗ്രാമീണര്‍ക്ക് വേതനം നേടിയെടുക്കുന്നതിനായി നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളെ കുറിച്ചുമുള്ള ചില പരാതികള്‍ പ്രമുഖ സാമൂഹിക പ്രവര്‍ത്തക അരുണ റോയി സ്ഥാപിച്ച സംഘടനയ്ക്ക് ലഭിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതന്വേഷിച്ച എംകെഎസ്എസ് പ്രവര്‍ത്തകര്‍ ഹര്‍മാര പഞ്ചായത്ത് പ്രസിഡന്റ് പ്യാരേലാല്‍ താങ്കിനോട് വിവരങ്ങള്‍ ആരാഞ്ഞു. എന്നാല്‍ പണികള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ അദ്ദേഹം തയ്യാറാവാത്തതിനെ തുടര്‍ന്ന് ഇവര്‍ ബിഡിഒയെ സമീപിക്കുകയും വിവരങ്ങള്‍ നല്‍കാന്‍ അദ്ദേഹം ഉത്തരവിടുകയും ചെയ്തു. ഈ ഉത്തരവുമായി പഞ്ചായത്തിലെത്തിയെങ്കിലും സര്‍പഞ്ചിനെ കാണാന്‍ സാധിക്കാത്തതിനാല്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വീട്ടില്‍ അന്വേഷിച്ചു ചെല്ലുകയായിരുന്നുവെന്ന് എംകെഎസ്എസ് പുറപ്പെടുവിച്ച ഒരു പത്രക്കുറിപ്പില്‍ പറയുന്നു.

എന്നാല്‍ പ്യാരേലാലിന്റെ വീട് സന്ദര്‍ശിച്ച പ്രവര്‍ത്തകരെ സര്‍പഞ്ചും അനുയായികളും ചേര്‍ന്ന് അധിക്ഷേപിക്കുകയും ആക്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് സംഘടനയുടെ സ്ഥാപകയായ അരുണ റോയി ഇടപെടുകയും ജില്ല കളക്ടര്‍, എസ്പി, ചീഫ് സെക്രട്ടറി, പിയുസിഎല്‍ ജനറല്‍ സെക്രട്ടറി എന്നിവര്‍ക്ക് 1998 മേയ് ആറിന് പരാതി നല്‍കുകയും ചെയ്തു. ഈ പരാതി അന്ന് മാധ്യമങ്ങളിലൊക്കെ പ്രധാന വാര്‍ത്തയായി വന്നിരുന്നു. മേയ് എട്ടിന് പട്ടികജാതി, പട്ടികവര്‍ഗ്ഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം സര്‍പഞ്ചിനും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരെ നൗര്‍തി ബന്ദര്‍സിന്ധരി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതിയില്‍ നാളിതുവരെ നൗര്‍തിക്ക് ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്ന് എംകെഎസ്എസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

1998 മേയ് എട്ടിന്് സര്‍പഞ്ചായ പ്യാരേലാല്‍ തന്നെയും തന്റെ കുടുംബത്തെയും സംഘടനയുടെ പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്ന പേരില്‍ ബന്ദര്‍സിന്ധരി പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ മുന്‍സീഫ് കോടതി ഈ വിവരാവകാശ പ്രവര്‍ത്തകര്‍ക്ക് അഞ്ച് മാസം തടവും 200 വീതം പിഴയും ശിക്ഷിച്ചിരിക്കുന്നത്.

വ്യാജ കേസിലാണ് ഈ അഞ്ച് പ്രവര്‍ത്തകരും ശിക്ഷിക്കപ്പെട്ടിരിക്കുന്നതെന്ന് എംകെഎസ്എസ് ഇറക്കിയ പത്രക്കുറിപ്പില്‍ ആരോപിക്കുന്നു. അഴിമതിക്കാരാനായ സര്‍പഞ്ച് തന്റെ സ്വാധീനവും അധികാരവും ദുരുപയോഗം ചെയ്തുകൊണ്ട് സമര്‍പ്പിച്ചതാണ് ഈ കേസെന്നാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്. നിയമം നല്‍കുന്ന അവകാശങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ദരിദ്രര്‍ക്ക് വേണ്ടി പോരാടുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്ന് അവര്‍ പറയുന്നു. ഏകദേശം രണ്ട് ദശാബ്ദത്തോളം നീണ്ടുനിന്ന കേസില്‍ ഇപ്പോള്‍ വിധി വന്നിരിക്കുന്നത് ദുരൂഹമാണെന്നും ഈ വിധി അഴിമതിക്കെതിരെ പോരാടുന്നവരുടെ മനോവീര്യം തകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ളതുമാണെന്നും അവര്‍ ആരോപിക്കുന്നു. വലിയ നീതി നിഷേധമാണ് ഈ കേസില്‍ നടന്നതെന്ന് നൗര്‍തിയുടെ പരാതിയില്‍ നടപടി സ്വീകരിക്കാതിരുന്നതില്‍ നിന്ന് തന്നെ വ്യക്തമാണെന്നും എംകെഎസ്എസ് പറഞ്ഞു.

നാല് പ്രവര്‍ത്തകര്‍ നല്‍കിയ അപ്പീലിനെ തുടര്‍ന്ന് കിഷന്‍ഗഞ്ച് അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കീഴ്‌ക്കോടതി ഉത്തരവ് നടപ്പിലാക്കുന്നത് മരവിപ്പിച്ചിട്ടുണ്ട്. നീതി ലഭിക്കുന്നതിനും പാവപ്പെട്ടവരുടെ അവകാശങ്ങള്‍ക്കായി പോരാടുന്നവരുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഏതറ്റവും വരെ പോകാനും തയ്യാറാണെന്നും എംകെഎസ്എസ് ഇറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍