UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്വാഭാവിക റബര്‍ ഇറക്കുമതി ഉപേക്ഷിക്കുക: ഉപാസി

അഴിമുഖം പ്രതിനിധി

പത്തു ലക്ഷത്തോളം വരുന്ന റബര്‍ കര്‍ഷകരേയും അവരുടെ കുടുംബങ്ങളേയും രക്ഷിക്കാനായി സ്വാഭാവിക റബറിന്റെ എല്ലാത്തരം ഇറക്കുമതിയും നിരോധിക്കണമെന്ന് ദക്ഷിണേന്ത്യയിലെ തോട്ടമുടമകളുടെ സംഘടനയായ ഉപാസി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആഭ്യന്തര വില ഉല്പാദനച്ചെലവിനൊപ്പമെത്തുന്നതുവരെ നിരോധനം തുടരണമെന്നും ഉപാസി പ്രസിഡന്റ് എന്‍.ധര്‍മരാജ് അഭ്യര്‍ഥിച്ചു.

ഏറ്റവും ഗുണനിലവാരമുള്ള ആര്‍എസ്എസ്4 റബറിനുപോലും വില കിലോയ്ക്ക് 98 രൂപയിലെത്തിയതോടെ റബര്‍ കര്‍ഷകര്‍ കടുത്ത ദുരിതത്തിലാണ്. ഇവരില്‍ നല്ല പങ്ക് കേരളത്തിലാണ്. ഉല്പാദനച്ചെലവിനെക്കാള്‍ കുറവാണ് ഈ വിലയെന്ന് ധര്‍മരാജ് പറഞ്ഞു ടാപ്പിംഗ് നിര്‍ത്തിവയ്ക്കാനും കൃഷി ഉപേക്ഷിക്കാനും കര്‍ഷകര്‍ നിര്‍ബന്ധിതരാവുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉപാസിക്ക് അങ്ങേയറ്റത്തെ ഉത്ക്കണ്ഠയാണ് ഇക്കാര്യത്തിലുള്ളത്.

റബര്‍ ബോര്‍ഡിന്റെ കണക്കുകള്‍ തന്നെ ആശങ്കയുളവാക്കുന്നതാണ്. 2015 ഏപ്രില്‍ 15 മുതല്‍ ഡിസംബര്‍ 15 വരെയുള്ള കാലയളവില്‍ രാജ്യത്തെ റബറുല്പാദനം 4.28 ലക്ഷം ടണ്ണായിരുന്നെങ്കില്‍ തലേവര്‍ഷം ഇക്കാലത്ത് ഉല്പാദനം 5.10 ലക്ഷം ടണ്ണായിരുന്നു. അതേസമയം 2015-ലെ ഈ കാലയളവില്‍ ഇറക്കുമതി 3.27 ലക്ഷം ടണ്ണായി വര്‍ധിക്കുകയും ചെയ്തു. ഇത് സ്വാഭാവിക റബര്‍ ഉല്പാദനത്തിന്റെ 76 ശതമാനത്തോളവും ഉപഭോഗത്തിന്റെ 44 ശതമാനവും വരുമെന്ന് ധര്‍മരാജ് പറഞ്ഞു. പ്രധാനമായും കേരളത്തിലേതടക്കമുള്ള പത്തു ലക്ഷം റബര്‍ കര്‍ഷകരുടെ ജീവിതത്തെ ബാധിക്കുന്ന വിലയിടിവിനുള്ള പ്രധാന കാരണം നിയന്ത്രണമില്ലാത്ത ഈ ഇറക്കുമതിയാണ്.

ഈ മാര്‍ച്ച് മുതല്‍ ഇറക്കുമതി റബര്‍ എത്തുന്ന തുറമുഖങ്ങളുടെ എണ്ണം പരിമിതപ്പെടുത്താനും ചുങ്കമില്ലാതെ ഇറക്കുമതി ചെയ്യുന്നത് നിരോധിക്കാനുമുള്ള സര്‍ക്കാര്‍ തീരുമാനങ്ങളെ ഉപാസി സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ഈ തുറമുഖങ്ങള്‍ കൊല്‍ക്കത്തയും വിശാഖപട്ടണവുമായി നിശ്ചയിക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചെന്നൈ, മുംബൈ എന്നീ തുറമുഖങ്ങളെയാണ് ഇപ്പോള്‍ ഇറക്കുമതിക്കായി നിശ്ചയിച്ചിരിക്കുന്നത്. ഗുണനിലവാരമില്ലാത്ത റബര്‍ ഇറക്കുമതി ചെയ്യുന്നത് തടയുകയും ഇറുക്കമതി ചെയ്യുന്നവര്‍ക്ക് എതിരെ നടപടിയെടുക്കുകയും ചെയ്യേണ്ടതാണ്. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ റബര്‍ ഇറക്കുമതി നടക്കുന്നത് ചെന്നൈയും മുംബൈയും വഴിയാണ്. ഇവയിലൂടെ ഇറക്കുമതി തുടരുന്നത് കര്‍ഷകര്‍ക്ക് ഒരു പ്രയോജനവും ചെയ്യുകയില്ല. ചുങ്കമില്ലാത്ത ഇറക്കുമതി മൊത്തം ഇറക്കുമതിയുടെ 15 മുതല്‍ 20 ശതമാനം വരെ മാത്രമാണെന്ന് ഉപാസി പ്രസിഡന്റ് പറഞ്ഞു. ഇക്കാരണങ്ങള്‍ കൊണ്ടാണ് ഇറക്കുമതി പൂര്‍ണമായി നിര്‍ത്തിവച്ച് കര്‍ഷകരെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.

കടുത്ത വിലയിടിവ് കാരണം റബര്‍ കര്‍ഷകര്‍ ജീവിതം തള്ളിനീക്കാന്‍ പാടുപെടുകയാണെന്ന് ഉപാസി നേരത്തെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്ക് ബജറ്റിനു മുന്നോടിയായി നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. റബറിന്റെ രാജ്യാന്തര വില കുറവാണെങ്കില്‍കൂടി നിയന്ത്രണാതീതമായ ഇറക്കുമതി സ്വാഭാവിക റബറിന്റെ ആഭ്യന്തരവിലയെ സാരമായി ബാധിച്ചിട്ടുണ്ട്. കര്‍ഷകരെ രക്ഷിക്കാനും ഉല്പാദനം നിലനിര്‍ത്താനുമായി സ്വാഭാവിക റബറിന്റെ ഇറക്കുമതിക്ക് സംരക്ഷിത നികുതി ഏര്‍പ്പെടുത്തണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍