UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേകോമായിലെ യുവരാജാവിന്റെ ധര്‍മ്മ സങ്കടങ്ങള്‍

Avatar

സന്ദീപ് വെള്ളാരംകുന്ന്

കേരളാ കോണ്‍ഗ്രസ് (എം) എക്കാലവും അറിയപ്പെടുന്നത് റബറിന്റെ പാര്‍ട്ടിയെന്ന പേരിലാണ്. റബറിന്റെ വിലയനുസരിച്ചാണ് പാലായിലേയും കോട്ടയത്തേയും ജീവിത നിലവാരവും മാറുക. ലോകത്തു മറ്റെന്തെല്ലാം പ്രശനങ്ങളുണ്ടായാലും തങ്ങളെ ബാധിക്കില്ലെന്നും മറിച്ച് റബര്‍ വില മാത്രമാണ് അവരുടെ ആഗോള പ്രശ്‌നമെന്നും പഴഞ്ചൊല്ലു പോലുമുണ്ട്. എന്നാല്‍ കഴിഞ്ഞ കുറേക്കാലമായി റബറിനും റബറിന്റെ പാര്‍ട്ടിക്കും മോശം കാലാവസ്ഥയാണ്.

റബര്‍ വില കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കിലോയ്ക്കു നൂറു രൂപയിലും താഴെ എന്ന നിലയിലേക്കു കൂപ്പു കുത്തിയപ്പോള്‍ കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിക്കു സംഭവിച്ചതാകട്ടെ അമ്പതു കൊല്ലം കൊണ്ടു കെട്ടിപ്പൊക്കിയുണ്ടാക്കിയ പ്രതിച്ഛായ ബാര്‍ കോഴയുണ്ടാക്കിയ ഉരുള്‍പൊട്ടലില്‍ കുത്തിയൊലിച്ചു പോയതാണ്. സമീപ കാലത്തെങ്ങും നേരിടാത്ത തരത്തിലുള്ള പരീക്ഷണമാണ് റബറും റബറിന്റെ പാര്‍ട്ടിയും നേരിടുന്നതെന്നു വ്യക്തം.

പാര്‍ട്ടി ചെയര്‍മാന്‍ കോഴ ആരോപണത്തെ തുടര്‍ന്നു മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു വീട്ടില്‍ കയറിയപ്പോള്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ റബര്‍ കര്‍ഷകരെ രക്ഷിക്കാനിറങ്ങിയ മകനും കോട്ടയം എംപിയുമായ ജോസ് കെ മാണിക്കും ലഭിച്ചതു തിരിച്ചടികള്‍ മാത്രം. റബര്‍ വിലയിടിവ് പരിഹരിക്കണമെന്നാവശ്യപ്പെട്ടു നടത്തിയ നിരാഹാര സമരമാകട്ടെ ബിഷപ്പുമാരെ വരെ ഇറക്കി ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിച്ചെങ്കിലും സോഷ്യല്‍ മീഡിയയുടെ ഉള്‍പ്പടെ രൂക്ഷപരിഹാസത്തിനിരയായി എങ്ങുമെത്താതെ അവസാനിച്ചു.

ഇതിനു പിന്നാലെയാണ് ഡല്‍ഹിയില്‍ പോയി കേന്ദ്ര വാണിജ്യ മന്ത്രി നിര്‍മല സീതാരാമനെക്കണ്ട് ഒരു കൈ നോക്കാമെന്നുറപ്പിച്ചത്. റബര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്കു ക്ഷണിച്ചിട്ടുണ്ടെന്നു കോട്ടയത്തു പത്രക്കുറിപ്പ് ഇറക്കിയ ശേഷം ഡല്‍ഹിക്കു വിമാനം കയറിയ ജോസ് കെ മാണിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നുവെന്നും ഇനി റബര്‍ കര്‍ഷകര്‍ ഒന്നും പേടിക്കാനില്ലെന്നുമുള്ള മട്ടില്‍ വെണ്ടയ്ക്കാ തലക്കെട്ടു വാര്‍ത്തയുമായാണ് പിറ്റേന്നു കോട്ടയം പത്രങ്ങള്‍ ഇറങ്ങിയത്.

വാര്‍ത്ത വായിച്ച റബര്‍ കര്‍ഷകരാകട്ടെ ഉടന്‍ തന്നെ റബറിന് 200 രൂപ വില വരുമെന്നും പഴയ നല്ലകാലം വരുമെന്നും ആശ്വസിച്ചു പുളകം കൊണ്ടു. ആക്രിവിലയ്ക്ക് തൂക്കിവില്‍ക്കാനായി വണ്ടിയില്‍ കേറ്റിയ റബ്ബര്‍ ഷീറ്റുകള്‍ തിരികെ എടുത്ത് വയ്ക്കുകയും ചെയ്തു.

നമ്മുടെ ജോസ് മോന്‍ ചില്ലറക്കാരനല്ലല്ലോ പോയ പോക്കിനു തന്നെ കാര്യം സാധിച്ചു വന്നല്ലോയെന്നു ചില കാരണവന്‍മാര്‍ ആത്മഗതം നടത്തുകയും ചെയ്തു. എന്നാല്‍ റബറിന്റെയും ജോസ് കെ മാണിയുടെയും പേരിലുള്ള ആഹ്ലാദത്തിന് മണിക്കൂറുകളുടെ ആയുസ് മാത്രമാണുണ്ടായിരുന്നത്. റബര്‍ വിഷയത്തില്‍ ജോസ് കെ മാണിക്ക് താന്‍ യാതൊരു ഉറപ്പും നല്‍കിയിട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞതെല്ലാം കേട്ടിരിക്കുക മാത്രമാണ് ചെയ്തതെന്നും പറഞ്ഞ് കേന്ദ്ര മന്ത്രി നിര്‍മലാ സീതാരാമന്‍ പിറ്റേന്നു തന്നെ കൈമലര്‍ത്തി.

റബര്‍ ഇറക്കുമതി നിരോധനം താല്‍ക്കാലികമായി കൊണ്ടുവന്നത് ജോസ് കെ മാണിയുടെ നിരാഹാര സമരം കണ്ടിട്ടല്ലെന്നും മറിച്ച് ബിജെപി നേതാവ് ഒ രാജഗോപാല്‍ ആവശ്യപ്പെട്ടതു കൊണ്ടാണെന്നു കൂടി കേന്ദ്രമന്ത്രി വച്ചടിച്ചതോടെ മാണിക്കു പിന്നാലെ ജോസ് കെ മാണിയുടെയും പ്രതിഛായ വെള്ളത്തിലായി.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളാ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് പാര്‍ട്ടി കടന്നു പോകുന്നത്. കോണ്‍ഗ്രസ് ഭരിച്ച സര്‍ക്കാരില്‍ എംപിയായിരുന്ന ജോസ് കെ മാണിക്ക് റബര്‍ വിലയിടിവു പരിഹരിക്കാന്‍ ഒന്നും ചെയ്യാനായില്ലെന്നാണ് ഒരു വിഭാഗം ഉയര്‍ത്തുന്ന വിമര്‍ശനം.

കേരള കോണ്‍ഗ്രസിന്റെ യുവരാജാവായ ജോസ് കെ മാണിക്ക് കഴിവു തെളിയിക്കാനുള്ള അവസരം കൂടിയായിരുന്നു റബര്‍ പ്രതിസന്ധി. എന്നാല്‍ അത് കൈകാര്യം ചെയ്യുന്നതില്‍ യുവരാജ പരാജയപ്പെട്ടുപോയിയെന്ന് കേകോമായില്‍ പിറുപിറുപ്പ് ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. നേരത്തെ ബാര്‍ കോഴ ആരോപണം വന്നപ്പോള്‍ ആരോപണം പിന്‍വലിക്കാന്‍ ജോസ് കെ മാണി ബിജു രമേശിന് പണം വാഗ്ദാനം ചെയ്തത് നാട്ടിലൊക്കെ പാട്ടായപ്പോള്‍ തന്നെ കക്കാന്‍ മാത്രമല്ല നില്‍ക്കാനും അറിയില്ലെന്ന് ജോസ് കെ മാണി തെളിയിച്ചിരുന്നതാണ്.

പാര്‍ട്ടിയുടെ ഏറ്റവും വലിയ അടുപ്പക്കാരായ കത്തോലിക്കാ സഭയിലെ ഒരു വിഭാഗം ബിഷപ്പുമാര്‍ ഇപ്പോഴും കേരളാ കോണ്‍ഗ്രസിനു പിന്നിലുണ്ടെങ്കിലും റബര്‍ വിലയിടിവില്‍ സഭയ്ക്കും ആശങ്കയുണ്ട്. എല്ലാ ബിഷപ്പുമാരെയും ഒപ്പം നിര്‍ത്താന്‍ പാര്‍ട്ടിക്കു കഴിയുന്നുമില്ല.

കേരളാ കോണ്‍ഗ്രസ് കര്‍ഷകര്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്നും ഇപ്പോള്‍ താന്‍ കൂടുതലൊന്നും പറയുന്നില്ലെന്നും ഇടുക്കി ബിഷപ് മാര്‍ ആനിക്കുഴിക്കാട്ടില്‍ ഒരു വേദിയില്‍ വച്ചു പറഞ്ഞത് ബിഷപുമാര്‍ക്കും റബര്‍ വിലയിടിവു പ്രശ്‌നത്തില്‍ കേരളാ കോണ്‍ഗ്രസിനോടുള്ള ശക്തമായ രോഷം തന്നെയാണ് മറ നീക്കി പുറത്തുകൊണ്ടു വരുന്നത്. അതിനിടെ ബിജെപിയുമായി കൂട്ടു ചേരുമെന്നും അമിത് ഷായുമായി കേരളാ കോണ്‍ഗ്രസ് ചര്‍ച്ച നടത്തുമെന്നും വാര്‍ത്തകള്‍ പരന്നെങ്കിലും അതും എങ്ങുമെത്താതെ അവസാനിച്ചു.

പാര്‍ട്ടിയില്‍ കടുത്ത അമര്‍ഷം ഉള്ളിലൊതുക്കി ഒന്നും മിണ്ടാതെ കഴിയേണ്ടി വരുന്നവരാണ് കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ പഴയ ജോസഫ് ഗ്രൂപ്പില്‍ പെട്ടവര്‍. ബാര്‍ വിഷയത്തില്‍ മാണി ആദ്യം തന്നെ രാജിവയ്ക്കണമായിരുന്നുവെന്ന വാദം ഉയര്‍ത്തിയവരാണ് ജോസഫ് ഗ്രൂപ്പുകാര്‍. റബര്‍ വിഷയത്തിലും മാണി ഗ്രൂപ്പിന്റെ നിലപാടുകളോട് ജോസഫ് ഗ്രൂപ്പിന് എതിര്‍പ്പുണ്ട്.

നിരവധി മിടുക്കന്‍മാരായ നേതാക്കന്‍മാര്‍ പാര്‍ട്ടിയിലുണ്ടെങ്കിലും മാണി രാജി വച്ചപ്പോള്‍ ആര്‍ക്കും മന്ത്രിസ്ഥാനം നല്‍കാതിരുന്നതിലും ജോസഫ് ഗ്രൂപ്പിന് അമര്‍ഷമുണ്ട്. എന്നാല്‍ അമര്‍ഷം മറനീക്കി പുറത്തു പ്രകടിപ്പിക്കാന്‍ തക്ക ശേഷി ഇപ്പോള്‍ ഈ ഗ്രൂപ്പിനില്ലായെന്നതു വേറേ കാര്യം.

കേരളാ കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളായ ഇടുക്കി ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ഇടതു മുന്നണിയും ഹൈറേഞ്ച് സംരക്ഷണ സമിതിയും കൂട്ടു ചേര്‍ന്നതും കേരളാ കോണ്‍ഗ്രസ് നേതാക്കളുടെ നെഞ്ചിടിപ്പു കൂട്ടുന്നതാണ്.

(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍