UPDATES

വിദേശം

ലിബിയയിലെ ഐഎസ് ലോകം

Avatar

സുദര്‍ശന്‍ രാഘവന്‍
(വാഷിങ്ടണ്‍ പോസ്റ്റ്) 

വീടിനു മുന്നില്‍ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പൊലീസ് എത്തിയപ്പോള്‍ ഇനി ഒരിക്കലും തനിക്ക് സ്വന്തം കുടുംബത്തെ കാണാനാകില്ലെന്നാണ് അഹമ്മദ് അബു അമൂദ് കരുതിയത്. 

നിയമം ലംഘിക്കുന്നവരെ പിഴയൊടുക്കാനോ ചാട്ടവാറടിക്കോ അതുമല്ലെങ്കില്‍ ജയിലിലേക്കോ കൊണ്ടുപോകാറുള്ള അതേ വാഹനത്തിലാണ് രണ്ടു ഭീകരര്‍ അമൂദിന്റെ വീട്ടിലെത്തിയത്. എന്നാല്‍ ആ തണുത്ത ഫെബ്രുവരിയിലെ പ്രഭാതത്തില്‍ അവര്‍ അമൂദിനെ അറസ്റ്റ് ചെയ്തില്ല. പകരം ഒരു ജോലി വാഗ്ദാനം ചെയ്തു.

ഐഎസ് പിടിച്ചെടുക്കുന്നതിനു മുന്‍പ് നഗരത്തിലെ ട്രാഫിക് പൊലീസ് ഓഫിസറായിരുന്നു അമൂദ്. പുതിയൊരു ട്രാഫിക് പൊലീസ് വകുപ്പിനു രൂപം നല്‍കുകയാണെന്നും അമൂദ് അതിന്റെ തലവനാകണമെന്നും ആവശ്യപ്പെട്ടാണ് ഐഎസ് പൊലീസ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. ഈ സംവിധാനം പിന്നീട് മോട്ടോര്‍ വാഹന വകുപ്പായി മാറുമെന്നും അവര്‍ അറിയിച്ചു.

‘ഇസ്ലാമിക് സ്റ്റേറ്റിനുള്ളില്‍ ജീവിക്കുന്ന എല്ലാവര്‍ക്കും ഡ്രൈവിങ് ലൈസന്‍സ് നല്‍കാനും അവര്‍ ആവശ്യപ്പെട്ടു,’ അമൂദ് പറയുന്നു.

സിറിയയിലും ഇറാഖിലും ചെയ്തതുപോലെ ഭയപ്പെടുത്തലും മൃഗീയതയും ഉപയോഗിച്ചാണ് ഭരണമെങ്കിലും ലിബിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഉദ്യോഗസ്ഥവൃന്ദവുമുള്ള പൂര്‍ണ സര്‍ക്കാരും പൊതുസേവനങ്ങളും വിശ്വാസ്യതയുള്ള നീതിന്യായ വ്യവസ്ഥയും ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്.

തീരപ്രദേശമായ സിര്‍റ്റിലെ ജനങ്ങള്‍ കഴിഞ്ഞയാഴ്ച വിവിധ കൂടിക്കാഴ്ചകളില്‍ വിവരിച്ചത് സ്വയം പ്രഖ്യാപിത ഖിലാഫാത്ത് ലിബിയയിലേക്കു വ്യാപിപ്പിക്കാനുള്ള ഐഎസ് ശ്രമങ്ങളെപ്പറ്റിയാണ്. സിറിയയിലും ഇറാഖിലും പ്രതിരോധം ദുര്‍ബലമാകുമ്പോള്‍ സിര്‍റ്റിനെ മറ്റൊരു തലസ്ഥാനമാക്കി ഉയര്‍ത്തിക്കൊണ്ടുവരാനാണ് ഭീകരരുടെ ശ്രമം. പ്രത്യേകിച്ച് സിറിയയിലെ റാഖ നഷ്ടമാകുന്ന സാഹചര്യം വന്നാല്‍.

ഐഎസ് കൈവശം വച്ചിരുന്ന നിര്‍ണായക കേന്ദ്രങ്ങള്‍ അമേരിക്കയും സഖ്യകക്ഷികളും പിന്തുണയ്ക്കുന്ന, സര്‍ക്കാര്‍ അനുകൂല വിഭാഗം പിടിച്ചെടുത്തതോടെ ഈ ലക്ഷ്യം  നേടല്‍ ഭീകരര്‍ക്ക് കൂടുതല്‍ ദുര്‍ഘടമാകുകയാണ്. സിര്‍റ്റിലുള്ള നൂറുകണക്കിനു ഭീകരരെ പിന്തുടരുകയാണ് സഖ്യസേന.

നോര്‍ത്ത് ആഫ്രിക്കയില്‍ ഇപ്പോഴും ഐഎസിനുള്ള പദ്ധതികളുടെ നേര്‍രൂപമാണ് സിര്‍റ്റില്‍ നിന്നു ലഭിക്കുന്നത്. പുരാതന ഇസ്ലാമിക് നിയമങ്ങളുടെ കഠിനമായ നിര്‍വചനം അനുസരിച്ച് രാജ്യം ഭരിക്കുകയും ജനതയെ പ്രീണിപ്പിച്ചും പീഡിപ്പിച്ചും അടക്കിനിര്‍ത്തുകയും ചെയ്യുക എന്ന ഐഎസ് വീക്ഷണം ഇവിടെ വ്യക്തമാണ്. 

‘അവരുടെ രീതിക്കനുസരിച്ച് ജീവിക്കാന്‍ തയ്യാറായാല്‍ നിങ്ങള്‍ ഉപദ്രവിക്കപ്പെടില്ല,’ ഫര്‍ണിച്ചര്‍ കട നടത്തുന്ന മുഹമ്മദ് സിയാനി പറയുന്നു. ‘ഒരു ഭരണകൂടം സൃഷ്ടിക്കാനാണ് അവരുടെ ശ്രമം.’


ഗവണ്‍മെന്‍റ് അനുകൂല പോരാളി

ഇസ്ലാമിക് സ്റ്റേറ്റിനെ സംബന്ധിച്ചിടത്തോളം സിര്‍റ്റിന് നയതന്ത്രപരമായും പ്രതീകാത്മകമായും പ്രാധാന്യമുണ്ട്. ലിബിയന്‍ ഏകാധിപതി ഗദ്ദാഫിയുടെ ജന്മസ്ഥലമാണിത്. അഞ്ചുവര്‍ഷം മുന്‍പ് അറബ് ലോകത്തും ലിബിയയിലും ഉണ്ടായ വിപ്ലവത്തില്‍ ഗദ്ദാഫി കൊല്ലപ്പെട്ടതും ഇവിടെയാണ്. രാജ്യത്തിന്റെ പെട്രോളിയം പ്രകൃതി വിഭവങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നതും ഇവിടെയാണ്.

വിപ്ലവത്തിനുശേഷമാണ് ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികള്‍ ഇവിടെ പുറത്തുവന്നത്. ലിബിയയിലെ അസ്ഥിരതയും ഗോത്രങ്ങള്‍ തമ്മിലുള്ള ശത്രുതയും മുതലെടുത്ത് മധ്യപൂര്‍വേഷ്യയ്ക്കു പുറത്ത് ഏറ്റവും ശക്തമായ ശാഖയായി അവര്‍ മാറി. ഗദ്ദാഫിയോട് കൂറു പുലര്‍ത്തുകയും ഗദ്ദാഫിയുടെ മരണശേഷം അനാഥരാകുകയും ചെയ്ത ജിഹാദി ശൃംഖലകളുടെയും ഗോത്രനേതാക്കളുടെയും പിന്തുണയോടെയാണ് 2015ല്‍ ഐഎസ് ഭീകരര്‍ സിര്‍റ്റില്‍ കടക്കുന്നത്.

വേനല്‍ക്കാലമായപ്പോഴേക്ക് അവര്‍ നഗരത്തിന്റെ നിയന്ത്രണമേറ്റു കഴിഞ്ഞിരുന്നു.

പുരുഷന്മാര്‍ താടിമീശ വളര്‍ത്താന്‍ നിര്‍ബന്ധിതരായി. പ്രവാചകനായ മുഹമ്മദ് നിര്‍ദേശിച്ചിരുന്നു എന്ന് പറഞ്ഞ് പ്രാര്‍ത്ഥിക്കുമ്പോഴും മറ്റും പാന്റ്‌സ് കണങ്കാലിനു മുകളില്‍ ഏതാനും ഇഞ്ച് മുകളിലേക്കു മടക്കിവയ്ക്കാനും നിയമം വന്നു. കറുത്ത നിക്വാബ് ധരിക്കാന്‍ സ്ത്രീകളോട് ആവശ്യപ്പെട്ടു. മുഖവും കണ്ണുകളും മറയ്ക്കുന്ന ഇത് സ്ത്രീകളുടെ പുറംകാഴ്ച ചെറിയൊരു വലയിലൂടെയാക്കി ഒതുക്കി. ശരീരം മുഴുവന്‍ മൂടുന്ന അബായകള്‍ സുതാര്യമല്ലാത്ത തുണികൊണ്ടാകണം എന്നും നിയമം വന്നു. മുക്കിലും മൂലയിലും സദാ പ്രത്യക്ഷരായ മതപോലീസ് നിയമങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കി.

ദിവസം അഞ്ചുതവണ പള്ളിയിലെത്തി പ്രാര്‍ഥിക്കണമെന്നും ആ സമയത്ത് കടകളും കച്ചവടസ്ഥാപനങ്ങളും അടച്ചിടണമെന്നും നിയമം വന്നു. ‘സദാചാരത്തിനു നിരക്കാത്ത’ പടിഞ്ഞാറന്‍ പരിപാടികള്‍ കാണുന്നതില്‍നിന്ന് നഗരവാസികളെ തടയാന്‍ സാറ്റലൈറ്റ് ഡിഷുകള്‍ എടുത്തുമാറ്റി. സിഗററ്റുകളും മദ്യവും പിടിച്ചെടുത്തു നശിപ്പിച്ചു.

തുടക്കത്തില്‍ നിയമം ലംഘിച്ചവരെ ശിക്ഷിച്ച് മറ്റുള്ളവര്‍ക്കു മാതൃക നല്‍കി.

‘മദ്യപിക്കുകയോ മയക്കുമരുന്ന് ഉപയോഗിക്കുകയോ ചെയ്യുന്നവരെ പിടികൂടിയാലുടന്‍ വധിക്കുകയായിരുന്നു പതിവ്,’ ടയര്‍ ഷോപ് ഉടമയായ റാവാദ് ബിന്‍ സാവൂദ് പറയുന്നു. ‘എന്നാല്‍ നീതിന്യായ സംവിധാനവും ജഡ്ജിമാരും നിലവില്‍ വന്നതനുസരിച്ച് ജനങ്ങളെ പേടിപ്പിക്കുന്നതിന് വിരാമം വന്നു. നടപടിക്രമങ്ങളിലൂടെയായി ശിക്ഷ.’

മോഷ്ടിക്കുന്നവരുടെ കയ്യും കാലും വെട്ടുക, വ്യഭിചാരക്കുറ്റം ആരോപിക്കപ്പെടുന്നവരെ കല്ലെറിഞ്ഞു കൊല്ലുക, കൈനോട്ടക്കാരും ദുഷ്ടശക്തികളെ അകറ്റാനുള്ള ഏലസുകളും മറ്റും വില്‍ക്കുന്നവരും പരസ്യമായ തലവെട്ടലിന് ഇരയായി. സൂഫി മുസ്ലിങ്ങളും കൊല്ലപ്പെട്ടു.

സാഫ്രാന്‍ എന്‍ക്ലേവിനടുത്തുള്ള റൗണ്ട് എബൗട്ടിലായിരുന്നു മിക്ക കൊലപാതകങ്ങളും. ഇതിനു സാക്ഷികളാകാന്‍ വാഹന, കാല്‍നടയാത്രക്കാര്‍ നിര്‍ബന്ധിതരായി.


ഗവണ്‍മെന്‍റ് അനുകൂല പോരാളികള്‍

അഹമ്മദ് അബു സുമിറ്റ എന്നയാളാണ് ആദ്യം വധിക്കപ്പെട്ടത്. ഐഎസിനുമേല്‍ ചാരപ്പണി നടത്തി എന്നായിരുന്നു ആരോപിക്കപ്പെട്ട കുറ്റം. 20 അടി ഉയരമുള്ള കറുത്ത ലോഹച്ചട്ടക്കൂടിനോട് ചേര്‍ത്തുകെട്ടിയ നിലയിലായിരുന്നു ഇയാളുടെ കൈകാലുകള്‍. ഇയാളുടെ കഴുത്തില്‍ ഫജിര്‍ 166 എന്നെഴുതിയ ഒരു കാര്‍ഡ്‌ബോര്‍ഡ് കഷണം തൂക്കിയിരുന്നു. മുന്‍വര്‍ഷം നഗരം തിരിച്ചുപിടിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട ഒരു വിമതഗ്രൂപ്പിനെ ഉദ്ദേശിച്ചായിരുന്നു ഇത്.

‘പിന്നീട് അയാളുടെ തലയിലേക്കു വെടിവച്ചു,’ 200 പേരുടെയെങ്കിലും വധത്തിനു സാക്ഷിയാകേണ്ടിവന്ന അമൂദ് പറയുന്നു. നഗരവാസികള്‍ക്കു മുന്നറിയിപ്പെന്ന നിലയില്‍ സുമിറ്റയുടെ മൃതദേഹം മൂന്നുദിവസം അതേസ്ഥലത്ത് പ്രദര്‍ശിപ്പിച്ചിരുന്നു.

മറ്റുള്ളവര്‍ കൊല്ലപ്പെട്ടത് നിശബ്ദമായാണ്. ലാവന്‍ഡര്‍ നിറത്തിലുള്ള ഒരു വലിയ വീടിനുള്ളിലെ താല്‍ക്കാലിക തടവറയില്‍. ഭിത്തിയില്‍ ഇസ്ലാമിക് സ്റ്റേറ്റ് നീണാള്‍ വാഴട്ടെ എന്നെഴുതിയിരിക്കുന്നു. കോംപൗണ്ടിന്റെ ഒരു കോണില്‍ സര്‍ക്കാര്‍ അനുകൂല സേനകള്‍ കണ്ടെത്തിയ കുഴിമാടത്തില്‍ ഒന്‍പതു മൃതദേഹങ്ങളുണ്ടായിരുന്നു. മിക്കവരും തലയ്ക്കു വെടിയേറ്റു മരിച്ചവര്‍.

താരിഖ് സര്‍ഗ ഇവിടെ പത്താമനാകേണ്ടതായിരുന്നു.

സര്‍ക്കാന്‍ അനുകൂല സേനകളെ പ്രശംസിച്ച് സന്ദേശങ്ങള്‍ അയച്ചതിനാണ് താരിഖ് ജയിലിലായത്. ‘അവരെന്നെ ചാട്ടവാറിനടിച്ചു. ഷോക്കടിപ്പിച്ചു. നീ യഥാര്‍ത്ഥ മുസ്ലിമല്ലെന്ന് എന്നോട് ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു,’ മുറിപ്പാടുകളുള്ള ശരീരവുമായി താരിഖ് പറയുന്നു.

താരിഖ് വിചാരണയില്ലാതെ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു. താരിഖിന്റെ സഹോദരങ്ങളായ മുസ്തഫയും മൊസ്ബയും ഇതേ കുറ്റത്തിന് ജയിലിലായി. എന്നാല്‍ സന്ദേശങ്ങള്‍ നീക്കം ചെയ്യപ്പെട്ടിരുന്നതിനാല്‍ വേണ്ടത്ര തെളിവില്ലെന്നായിരുന്നു ജഡ്ജിയുടെ വിധി. ‘ഞങ്ങള്‍ക്കെതിരെ തെളിവില്ലെന്നു കണ്ട് അവര്‍ ഞങ്ങളെ വിട്ടു,’ മുസ്തഫ സര്‍ഗ പറയുന്നു.

താരിഖ് വധിക്കപ്പെടേണ്ടിയിരുന്ന അതേ ദിവസം സര്‍ക്കാര്‍ അനുകൂല സേനകള്‍ അവിടെയെത്തി. താരിഖ് മോചിതനായി.

ആരെയാണ് ലക്ഷ്യമാക്കേണ്ടതെന്ന തീരുമാനം ഭീകരര്‍ വളരെ സൂക്ഷിച്ചാണെടുക്കുന്നത്. പ്രാദേശിക ഭരണകൂടത്തിനു രൂപം നല്‍കണമെങ്കില്‍ പ്രവൃത്തിപരിചയമുള്ളവര്‍ കൂടിയേ തീരൂ എന്ന് അവര്‍ മറന്നില്ല. സിറിയയിലും ഇറാഖിലും പ്രാദേശിക ഉദ്യോഗസ്ഥരെയും പൊലീസുകാരെയും പരസ്യമായി വധിക്കുകയായിരുന്നു ഐഎസിന്റെ രീതി. എന്നാല്‍ ഇവിടെ അവര്‍ പ്രധാന പള്ളിയിലെത്തി പശ്ചാത്തപിക്കുകയും ഇസ്ലാമിക് സ്റ്റേറ്റിന്റെ രീതികള്‍ പിന്തുടരുകയും ചെയ്യണമെന്നാണ് ആഹ്വാനം.

വിദേശ വനിതകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ലിബിയയിലും ഐഎസിനെപ്പറ്റി ആരോപണമുണ്ട്. എന്നാല്‍ മറ്റു രാജ്യങ്ങളില്‍ ചെയ്തതുപോലെ പെണ്‍കുട്ടികളെയും വിധവകളെയും ഒറ്റയ്ക്കു താമസിക്കുന്നവരെയും അവരുടെ പോരാളികളെ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിക്കുകയോ ലൈംഗിക അടിമകളാക്കുകയോ ചെയ്തില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.

‘അത് ഇവിടെയുണ്ടായില്ല. പെണ്‍മക്കളെ പോരാളികള്‍ക്കു വിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ ഞങ്ങള്‍ അതിനെ ചെറുക്കുമായിരുന്നു,’ മോസ്ബ സര്‍ഗ എന്ന ഹെയര്‍ ഡ്രസര്‍ പറയുന്നു.

അവരാണ് നഗരത്തിന്റെ അധികാരികള്‍ എന്നത് എവിടെയും പ്രഖ്യാപിക്കാന്‍ ഭീകരര്‍ മറന്നില്ല. അവരുടെ കറുത്ത പതാക സര്‍ക്കാര്‍ മന്ദിരങ്ങളിലും ആശുപത്രികളിലും സ്‌കൂളുകളിലും പറന്നു. ബില്‍ബോര്‍ഡുകളില്‍ അവരുടെ ഇസ്ലാം പ്രചാരണം തുടങ്ങി.

ഖുറാന്‍ ശകലങ്ങളും ലോകമെമ്പാടും അവരുടെ പോരാളികള്‍ നടത്തുന്ന ആക്രമണങ്ങളെപ്പറ്റിയുള്ള വാര്‍ത്തകളും പ്രക്ഷേപണം ചെയ്യുന്ന റേഡിയോ സ്‌റ്റേഷനും ഐഎസിനുണ്ട്.

തെരുവുകള്‍ വൃത്തിയാക്കാന്‍ ജോലിക്കാരെ നിയമിച്ചു. റമദാനില്‍ ദരിദ്രരെയും അനാഥക്കുട്ടികളെയും സഹായിച്ചെന്നും നിവാസികള്‍ പറയുന്നു. മിസുറാത്ത, ട്രിപ്പോളി തുടങ്ങി നഗരത്തിനു പുറത്തേക്കു യാത്ര ചെയ്യാന്‍ ജനങ്ങള്‍ക്കു വിലക്കുണ്ടായില്ല. ഭീകരര്‍ കച്ചവടക്കാരോട് മാന്യമായി പെരുമാറി.

ഒരിക്കല്‍ സിയാനിയുടെ ഫര്‍ണിച്ചര്‍ കടയിലെത്തിയ ഐഎസ് പോരാളിയും ഭാര്യയും 400 ഡോളര്‍ വിലവരുന്ന സാധനങ്ങള്‍ വാങ്ങി. ‘അവര്‍ പണം തരും. എല്ലായ്‌പോഴും. അവര്‍ക്ക് ധാരാളം പണമുണ്ട്,’ സിയാനി പറയുന്നു.

2015ലെ വേനല്‍ക്കാലം അവസാനിക്കുമ്പോഴേക്ക് ഭരണസിരാകേന്ദ്രം സര്‍വസജ്ജമായിരുന്നു. ട്രിപ്പോളി ഉള്‍പ്പെടുന്ന ഉത്തര പടിഞ്ഞാറന്‍ ലിബിയയെ വിലായത്ത് ടരാബുലൂസ് എന്ന് അവര്‍ വിശേഷിപ്പിച്ചു തുടങ്ങി.

പ്രചാരണങ്ങളിലും സമൂഹമാധ്യമങ്ങളിലും ലിബിയയെ അടുത്ത യുദ്ധഭൂമിയായി വിശേഷിപ്പിച്ചു തുടങ്ങി. നൂറുകണക്കിന് വിദേശപോരാളികള്‍ എത്തി. മറ്റു രാജ്യങ്ങളില്‍നിന്നുള്ള വനിതാ പോരാളികളോട് ഇവിടെയെത്താന്‍ ആഹ്വാനമുണ്ടായി. ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, അഭിഭാഷകര്‍ എന്നിങ്ങനെ ശരിയ നിയമം അനുസരിക്കുന്നവരെ ഭരണത്തില്‍ സഹായിക്കാനായി റിക്രൂട്ട് ചെയ്തുതുടങ്ങി. നോര്‍ത്ത് ആഫ്രിക്ക, സിറിയ, സൗദി അറേബ്യ, സബ് സഹാറന്‍ ആഫ്രിക്ക എന്നിവിടങ്ങളില്‍നിന്നാണ് മിക്ക വിദേശികളും വന്നത്.

സിര്‍റ്റില്‍ ഓരോ കടയിലും ഇംഗ്ലിഷിലും അറബിയിലും ‘ഓഫിസ് ഓഫ് ജനറല്‍ സര്‍വീസസ് ‘ എന്നെഴുതിയ കറുത്ത സ്റ്റാംപുകള്‍ പ്രത്യക്ഷപ്പെട്ടു. കടയുടമ നികുതി നല്‍കുന്നുവെന്നും ഇസ്ലാമിക് സ്റ്റേറ്റിന്റെ റവന്യൂ വകുപ്പില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നു എന്നുമാണ് ഇതിന് അര്‍ത്ഥം.


ആളൊഴിഞ്ഞ കെട്ടിട സമുച്ചയം

വിദേശ ഡോക്ടര്‍മാര്‍ ആവശ്യത്തിനുണ്ടായിരുന്നില്ല. അതിനാല്‍ പ്രദേശവാസികളെ ഉപയോഗിക്കാന്‍ ഭീകരര്‍ തീരുമാനിച്ചു. ‘ആശുപത്രിയില്‍ വരിക. അല്ലെങ്കില്‍ തലയുണ്ടാകില്ല എന്ന് എന്നോട് അവര്‍ പറഞ്ഞു,’ നഴ്‌സും ഫാര്‍മസിസ്റ്റുമായ സലിം ഷാഫ്ഗ്ലൗഫ് പറയുന്നു.

തൊട്ടടുത്ത ദിവസം ഷാഫ്ഗ്ലൗഫ് മിസുറാറ്റയിലേക്കു കടന്നു.

ജയിലിനടുത്ത് ഭീകരര്‍ ഒരു ശിക്ഷ നടപ്പാക്കല്‍ സംവിധാനം ഒരുക്കി. അവര്‍ ഇസ്ലാമിനു വിരുദ്ധമായി കരുതുന്ന എന്തും, സിഗററ്റും ശരിയല്ലാത്ത വസ്ത്രധാരണവും ഉള്‍പ്പെടെ, ശിക്ഷയ്ക്ക് അര്‍ഹമായി. ഉത്തരവാദിത്തം എന്നര്‍ത്ഥമുള്ള അല്‍ ഹിസ്ബ എന്നായിരുന്നു അതിന്റെ പേര്. ഓരോ കുറ്റവും പിഴ, ചാട്ടവാറടി, തടവ് ശിക്ഷകള്‍ക്കു വിധിക്കപ്പെട്ടു.

‘നൂറു ശതമാനം ചിട്ടപ്പെടുത്തിയതായിരുന്നു സംവിധാനം,’ അമൂദ് പറയുന്നു.

വാഹനങ്ങള്‍ വില്‍ക്കുന്നവരില്‍നിന്ന് കൈമാറ്റ ഫീ ഈടാക്കുന്ന ഒരു വകുപ്പും ഭീകരര്‍ക്കുണ്ടായിരുന്നു. വില്‍പനയ്ക്കുശേഷം വാഹനത്തിന്റെ ലോഗ്ബുക്കില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് മുദ്രയുണ്ടാകും.

ഇതിനുശേഷമാണ് ഡ്രൈവിങ് ലൈസന്‍സുകളും മറ്റു രേഖകളും നല്‍കുന്നത് തുടങ്ങാന്‍ ഐഎസ് ആഗ്രഹിച്ചത്. അമൂദിന്റെ 17 സഹപ്രവര്‍ത്തകരെ പുതിയ ട്രാഫിക് പൊലീസ് വിഭാഗത്തില്‍ ചേര്‍ക്കണമെന്നാണ് വീട്ടിലെത്തിയ മതപോലീസുകാര്‍ അയാളോട് ആവശ്യപ്പെട്ടത്.

മാസങ്ങള്‍ക്കുമുന്‍പ് ഐഎസ് നേതാവ് അബു ബക്കര്‍ അല്‍ ബഗ്ദാദിയോട് കൂറു പ്രഖ്യാപിച്ച അമൂദിന് സമ്മതിക്കാതെ വഴിയില്ല. ‘ഞാന്‍ ഭീതിദനാണ്.’

പദ്ധതി തയാറാക്കാനുള്ള യോഗങ്ങളില്‍ പങ്കെടുക്കാന്‍ അമൂദിനോട് ആവശ്യപ്പെട്ടശേഷം ഇസ്ലാമിക് സ്റ്റേറ്റിന്റെ കൊടി പറക്കുന്ന വാഹനത്തില്‍ പോലീസുകാര്‍ മടങ്ങി. മേയില്‍ സര്‍ക്കാര്‍ അനുകൂല മുന്നേറ്റം നടക്കുമ്പോഴും അവര്‍ പദ്ധതികളുമായി മുന്നോട്ടു പോകുകയായിരുന്നു.

‘ഇപ്പോഴും ഞങ്ങള്‍ പുതിയ യൂണിഫോമിനായി കാത്തിരിക്കുകയാണ്,’ പുഞ്ചിരിച്ചുകൊണ്ട് അമൂദ് പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍