UPDATES

വിദേശം

ഹിറ്റ്‌ലര്‍ ‘ജൂതരോട് ചെയ്തത്’ ട്രംപ് മുസ്ലീങ്ങളോട് ചെയ്യുമെന്ന് ഭീഷണി കത്ത്

Avatar

ക്രിസ്റ്റിന്‍ ഗുവേര
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഹിറ്റ്‌ലര്‍ ‘ജൂതരോട് ചെയ്തത്’ നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുസ്ലീങ്ങളോട് ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കുന്ന കത്തുകള്‍, കഴിഞ്ഞയാഴ്ച മൂന്ന് കാലിഫോര്‍ണിയന്‍ മുസ്ലീം പള്ളികള്‍ക്ക് ലഭിച്ചതായി കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്ലാമിക് റിലേഷന്‍സ് (സിഎഐആര്‍) വെളിപ്പെടുത്തി. ‘സാത്താന്റെ കുഞ്ഞുങ്ങള്‍,’ എന്ന് മുസ്ലീങ്ങളെ വിശേഷിപ്പിച്ച കത്തുകള്‍ വടക്കന്‍ കാലിഫോര്‍ണിയയിലെ സാന്‍ ജോസിലും ലോംഗ് ബീച്ചിലും തെക്കന്‍ കാലിഫോര്‍ണിയയിലെ പോമോനയിലുമുള്ള ഇസ്ലാമിക കേന്ദ്രങ്ങളിലേക്ക് മെയില്‍ ചെയ്യുകയായിരുന്നു. ‘പട്ടണത്തിന്റെ പുതിയ അധിപന്‍’ എന്ന് ട്രംപിനെ വിശേഷിപ്പിക്കുന്നത കത്ത്, രാജ്യത്തെ മുസ്ലീം ജനവിഭാഗങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്തുകൊണ്ട് ‘അമേരിക്കയെ ശുദ്ധീകരിക്കുകയും തിളക്കം വീണ്ടെടുക്കുകയും’ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു.

‘നിങ്ങള്‍ മുസ്ലീങ്ങള്‍ നിന്ദ്യരും നികൃഷ്ടരുമായ ജനങ്ങളാണ്. നിങ്ങളുടെ അമ്മമാര്‍ വേശ്യകളും അച്ഛന്മാര്‍ പട്ടികളുമാണ്,’ എന്ന് കത്തില്‍ പറയുന്നു. ‘നിങ്ങള്‍ പാപികളാണ്. നിങ്ങള്‍ ചെകുത്താനെ ആരാധിക്കുന്നു. പക്ഷെ നിങ്ങളുടെ കണക്കെടുപ്പിന്റെ ദിവസങ്ങള്‍ ആഗതമായിരിക്കുകയാണ്.’

‘സാധനങ്ങള്‍ പെറുക്കിക്കെട്ടി സ്ഥലം വിടുന്നതാവും ബുദ്ധി,’ എന്ന് കത്തില്‍ മുസ്ലീങ്ങള്‍ക്ക് ഉപദേശവും നല്‍കിയിട്ടുണ്ട്.

സാന്‍ ജോസിലെ എവര്‍ഗ്രീന്‍ ഇസ്ലാമിക് സെന്ററിനാണ് ആദ്യം കത്ത് ലഭിച്ചതെന്ന് യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലെ മുസ്ലീങ്ങളുടെ പൗരാവകാശങ്ങള്‍ക്കും നിയമസഹായങ്ങള്‍ക്കുമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ സിഎഐആര്‍ പറയുന്നു. കേന്ദ്രത്തിലെ ഇമാം ഇ-മെയില്‍ കത്ത് കണ്ടെതിനെതുടര്‍ന്ന വ്യാഴാഴ്ച അധികാരികളെ വിവരം ധരിപ്പിച്ചതായി സാന്‍ ഫ്രാന്‍സിസ്‌കോ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘വിദ്വേഷപ്രേരിതമായ സംഭവം’ എന്ന നിലയിലാണ് കേസ് അന്വേഷിക്കുന്നതെന്ന് സാന്‍ ജോസ് പോലീസ് വകുപ്പിന്റെ വക്താവ് സെര്‍ജന്റ് എന്റിക്വ ഗാര്‍സിയ ക്രോണിക്കിളിനോട് പറഞ്ഞു.

ലോംഗ് ബീച്ചിലും പൊമോനയിലുമുള്ള ഇസ്ലാമിക കേന്ദ്രങ്ങള്‍ക്കും സമാനരീതിയിലുള്ള കത്തുകള്‍ ലഭിച്ചതായി ശനിയാഴ്ച സിഎഐആര്‍ വെളിപ്പെടുത്തി.

‘മതപരമായി ഭീഷണിപ്പെടുത്തുന്ന കുറ്റമായി കണ്ടുവേണം കാലിഫോര്‍ണിയയിലെ മതസ്ഥാപനങ്ങള്‍ ലക്ഷ്യം വച്ചുള്ള വിദ്വേഷ പ്രചാരണത്തെ കുറിച്ച് അന്വേഷണം നടത്തേണ്ടത്. ഇത്തരം സംഭവങ്ങളിലേക്ക് നയിക്കുന്ന വിധത്തില്‍ വര്‍ദ്ധിച്ചുവരുന്ന ഇസ്ലാം വിരുദ്ധ മതഭ്രാന്തിനെതിരെ പ്രതികരിക്കാന്‍ നമ്മുടെ രാജ്യത്തെ നേതാക്കള്‍ തയ്യാറാവുകയും വേണം,’ എന്ന് ലോസ് ആഞ്ചലസിലെ സിഎഐആര്‍ ഓഫീസിലെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹുസാം അയ്‌ലൗഷ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.

‘മെച്ച മാര്‍ഗ്ഗങ്ങള്‍ക്ക് വേണ്ടി അമേരിക്കക്കാര്‍,’ എന്ന് ഒപ്പിട്ടിരിക്കുന്ന കത്ത് ‘ പ്രസിഡന്റ് ട്രംപിന് ദീര്‍ഘായുസായിരിക്കുകയും യുഎസ്എയെ ദൈവം രക്ഷിക്കുകയും ചെയ്യട്ടെ,’ എന്നു പറഞ്ഞുകൊണ്ടാണ് അവസാനിപ്പിക്കുന്നത്.

കത്തയയച്ച ആള്‍ മുസ്ലീം സമൂഹവുമായുള്ള ഒരു സംവാദത്തിന് തയ്യാറാവുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് സാന്‍ ജോസിലെ ഇസ്ലാമിക് കേന്ദ്ര ബോര്‍ഡിന്റെ അദ്ധ്യക്ഷന്‍ ഫയ്‌സല്‍ യെസാദി പറഞ്ഞു.

‘ഞങ്ങള്‍ ഒരിക്കലും വാതിലുകള്‍ കൊട്ടിയടച്ചിട്ടില്ല,’ യെസാദി ക്രോണിക്കിളിനോട് പറഞ്ഞു. ‘ഒരു സംവാദത്തിന് ഞങ്ങള്‍ക്ക് സന്തോഷമേയുള്ളുവെന്ന് ആ വ്യക്തിക്കറിയാമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അവരില്‍ നിന്നും ഒന്നോ രണ്ടോ കാര്യങ്ങള്‍ ഞങ്ങള്‍ക്കും ഞങ്ങളില്‍ നിന്നും ഒന്നോ രണ്ടോ കാര്യങ്ങള്‍ അവര്‍ക്കും പഠിക്കാന്‍ സാധിക്കും എന്ന് പ്രതീക്ഷിക്കാം.’

2001 സെപ്തംബര്‍ 11ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് യുഎസ് മുസ്ലീങ്ങള്‍ക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങള്‍ കഴിഞ്ഞ രണ്ടുവര്‍ഷങ്ങള്‍ക്കുള്ളില്‍ വര്‍ദ്ധിച്ചതായി എഫ്ബിഐ കഴിഞ്ഞ മാസം വെളിപ്പെുടത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം രാജ്യത്തെമ്പാടുമുള്ള നിയമം നടപ്പാക്കല്‍ ഏജന്‍സികള്‍ 257 മുസ്ലീം വിരുദ്ധ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും 2014 നെ അപേക്ഷിച്ച് 67 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നതെന്നും എഫ്ബിഐയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

2014നെ അപേക്ഷിച്ച് മൊത്തം കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ 6.7 ശതമാനത്തിന്റെ വര്‍ദ്ധനയാണ് 2015ല്‍ സംഭവിച്ചിരിക്കുന്നത്. എഫ്ബിഐ കണക്കുകള്‍ പ്രകാരം കറുത്ത വര്‍ഗ്ഗക്കാര്‍ക്കും ജൂതര്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ യഥാക്രമം 7.6 ശതമാനത്തിന്റെയും 9 ശതമാനത്തിന്റെയും വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്.

പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പൊങ്ങിവന്ന മുസ്ലീം വിരുദ്ധ ആക്രോശങ്ങളാണ് സ്ഥിതിഗതികള്‍ വഷളാക്കിയതെന്ന് സിഎഐആര്‍ വക്താവ് ഇബ്രാഹിം കൂപ്പര്‍, വാഷിംഗ്ടണ്‍ പോസ്റ്റിന്റെ മാറ്റ് സപോട്ടോസ്‌കിയോട് പറഞ്ഞു.

യുഎസിലേക്ക് മുസ്ലീങ്ങള്‍ കുടിയേറുന്നത് ‘മൊത്തത്തിലും പൂര്‍ണമായും തടയണമെന്ന്,’ ഡിസംബറില്‍ നടന്ന പ്രചാരണ സംവാദത്തിനിടയില്‍ ട്രംപ് ആഹ്വാനം ചെയ്തിരുന്നു. യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍കെട്ടുകയും അനധികൃത കുടിയേറ്റക്കാരെ രാജ്യത്ത് നിന്നും പുറത്താക്കുകയും ചെയ്യും തുടങ്ങിയ പ്രഖ്യാപനങ്ങള്‍ പോലെ തന്നെ വിവാദപരവും ജനകീയവുമായ ഒന്നായിരുന്നു നിരോധന പ്രഖ്യാപനവും. എന്നാല്‍ പിന്നീട് ട്രംപിന്റെ പ്രചാരണ സംഘം നിര്‍ദ്ദേശത്തിന് ചില പരിഷ്‌കാരങ്ങള്‍ മുന്നോട്ട് വെക്കുകയും ‘തീവ്രവാദത്തോട് അനുഭാവം’ പുലര്‍ത്തുന്ന രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം നിരോധിക്കും എന്ന രീതിയിലേക്ക് മാറ്റുകയും ചെയ്തു.

പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം നൂറിലേറെ മുസ്ലീം വിരുദ്ധ ആക്രമണങ്ങള്‍ നടന്നതായി സിഎഐആറിന്റെ ദേശീയ ഓഫീസ് പറയുന്നു. ഒരു വിദ്വേഷ വീക്ഷണ സംഘമായ ദ സതേണ്‍ പോവറിട്ടി ലോ സെന്ററിന്റെ കണക്കുപ്രകാരം പ്രകാരം നവംബര്‍ ഒമ്പതിനും 16നും ഇടയില്‍ 700 പീഢന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവയില്‍ മിക്കവയും ട്രംപിന്റെ പേരില്‍ നടന്നതും കുടിയേറ്റക്കാര്‍, ആഫ്രിക്കന്‍ അമേരിക്കക്കാര്‍, മുസ്ലീങ്ങള്‍ എന്നിവരെ ലക്ഷ്യം വച്ചുള്ളതുമായിരുന്നു. ഇവയില്‍ പലതും നിയുക്ത പ്രസിഡന്റുമായി നേരിട്ട് ബന്ധമില്ലാത്തതാണെന്നും പല റിപ്പോര്‍ട്ടുകളും ഉടനടി പരിശോധിക്കാന്‍ സാധിച്ചിട്ടില്ലെന്നും കേന്ദ്രം വിശദീകരിക്കുന്നു.

അല്‍ ക്വയ്ദ തിരഞ്ഞെടുപ്പിന് മുമ്പ് ആക്രമണം നടത്താനുള്ള സാധ്യതകളെ കുറിച്ച് അന്വേഷിക്കുന്നതിനായി കുറഞ്ഞ എട്ട് സംസ്ഥാനങ്ങളിലെങ്കിലും എഫ്ബിഐ ഈ മാസം മുസ്ലീങ്ങളെ ചോദ്യം ചെയ്തതായും സിഎഐആര്‍ പറയുന്നു.

കഴിഞ്ഞ മാസം യുഎസ് സൈനീക ആക്രമണത്തില്‍ കൊല്ലപ്പെട്ട അല്‍ ക്വയ്ദ നേതാക്കളെ അറിയാമോയെന്നും അമേരിക്കയ്ക്ക് ഹാനിവരുത്താന്‍ ആഗ്രഹിക്കുന്ന ആരെ കുറിച്ചെങ്കിലും അറിവുണ്ടോയെന്നും തന്റെ കക്ഷികളോട് ചോദിച്ചതായി സിഎഐആര്‍ ഫ്‌ളോറിഡ ഓഫീസിലെ എക്‌സിക്യൂട്ടിവ് ഡയറക്ടറും അഭിഭാഷകനുമായ ഹാസന്‍ സിബ്ലി പോസ്റ്റിന്റെ കാത്തി മെറ്റ്‌ലറോട് പറഞ്ഞു. ഒരു യുവസംഘടനയുടെ നേതാവും ധനികരായ ഡോക്ടര്‍മാരും ചോദ്യം ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുണ്ടെന്നും സിബ്ലി ചൂണ്ടിക്കാണിച്ചു.

‘തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ആഴ്ചയുടെ അവസാനം മുസ്ലീം നേതാക്കളെ കസ്റ്റഡിയിലെടുത്ത എഫ്ബിഐയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹവും….വിശാലമായി പറഞ്ഞാല്‍ ഭരണഘടന വിരുദ്ധവുമാണ്,’ എന്ന് സിബ്ലി പോസ്റ്റിനോട് പറഞ്ഞു. ‘വിദേശത്തുള്ള ആരോ ഒരു ഗര്‍ഭച്ഛിത്ര ആശുപത്രി തകര്‍ക്കാന്‍ ശ്രമിക്കുന്ന എന്നതിന്റെ പേരില്‍ ചര്‍ച്ച് ഗോയിംഗ് ക്രസ്ത്യാനികള്‍ക്കെതിരെ എഫ്ബിഐ നടപടി സ്വീകരിച്ചതിന് തുല്യമാണിത്. ഇത് നിയമവിരുദ്ധവും ക്രൂരവുമാണ്.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍