UPDATES

വിപണി/സാമ്പത്തികം

രൂപ കൂപ്പുകുത്തുന്നു, മാന്ദ്യത്തിന്റെ ചുഴലിയില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ

ഏഷ്യയിലെ ഏറ്റവും മുല്യമിടിയുന്ന കറന്‍സികളില്‍ ഒന്നായി രൂപ മാറുന്നു

സാമ്പത്തിക രംഗത്തെ ആശങ്കകള്‍ വര്‍ധിപ്പിച്ച് രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്. അമേരിക്കന്‍ ഡോളറിന് 72.36 രൂപയായാണ് ഇന്ന് മൂല്യം ഇടിഞ്ഞത്. ഇതോടെ രാജ്യത്തിന്റെ ഇറക്കുമതി ചെലവുകളില്‍ വന്‍ വര്‍ധനയുണ്ടാകും. ഇത് വിലക്കയറ്റത്തിനും കാരണമായേക്കും. കഴിഞ്ഞ കുറച്ചുകാലമായി തുടരുന്ന മുല്യശോഷണമാണ് ഇന്ന് രൂക്ഷമായത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ മോശം അവസ്ഥയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതാണ് രൂപയുടെ മൂല്യതകര്‍ച്ച രൂക്ഷമാക്കുന്നത്.

കഴിഞ്ഞദിവസം ജിഡിപി വളര്‍ച്ച ആറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ അഞ്ച് ശതമാനമായിരുന്നു. രാജ്യത്തെ ഫാക്ടറി ഉത്പാദനം 15 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.

ഇന്ത്യയുടെ സാമ്പത്തിക മേഖലയില്‍ വളര്‍ച്ച പ്രശ്‌നം ഉണ്ടെന്നതിന്റെ സൂചന നല്‍കി നിരവധി റിപ്പോര്‍ട്ടുകള്‍ നേരത്തെയും പുറത്തുവന്നിരുന്നുവെങ്കിലും ആഭ്യന്തര ഉത്പാദനത്തിലുണ്ടായ കനത്ത തളര്‍ച്ചയാണ് രൂപയുടെ മൂല്യം ഇടിയുന്നതിന് ആക്കം കൂട്ടിയതെന്നാണ് ധനകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. ഇതിന് പുറമെ ഡോളര്‍ കരുത്താര്‍ജ്ജിച്ചതും രൂപയുടെ മുല്യം താഴുന്നതിന് കാരണമായി.

അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ വീണ്ടും കുറവു വരുത്തുമെന്ന് സൂചനയുണ്ട്. അങ്ങനെയെങ്കില്‍ അതും രൂപയുടെ മൂല്യത്തെ ബാധിക്കും. പത്തുവര്‍ഷത്തിനിടെ ഈയിടെയാണ് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍  നേരിയ  കുറവ് വരുത്തിയത്.

ഡോളറിനെ അപേക്ഷിച്ച് രൂപയുടെ വിലയില്‍ ഈ വര്‍ഷം മാത്രം 3.5 ശതമാനത്തിന്റെ മൂല്യശോഷണമാണ് ഉണ്ടായത്. ആറ് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ വില തകര്‍ച്ചയാണ് ഡോളറിനെ അപേക്ഷിച്ച് രൂപയ്ക്ക് ആഗസ്റ്റ് മാസം ഉണ്ടായത്. ഇങ്ങനെ രൂപയുടെ വിലയിലുണ്ടാകുന്ന ഇടിവ് ഇന്ത്യയുടെ ഇറക്കുമതി രംഗത്തെയാണ് ഏറ്റവും ബാധിക്കുക. പ്രത്യേകിച്ചും ക്രൂഡ് ഓയില്‍ പോലുളള അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യാനുള്ള ചെലവ് ഇതോടെ വര്‍ധിക്കും. ഇത് ഇന്ത്യയുടെ കരുതല്‍ ധന ശേഖരത്തെയും പ്രതികൂലമായി ബാധിക്കും. അതേസമയം കയറ്റുമതി വര്‍ധിക്കാനുള്ള സാധ്യതയുമുണ്ട്. ഇതുപക്ഷെ   ഇന്ത്യയ്ക്ക് നല്ല വ്യാപര ബന്ധമുള്ള രാജ്യങ്ങളിലെ സാമ്പത്തിക സ്ഥിതിയുടെ കൂടി അടിസ്ഥാനത്തിലായിരിക്കും.

രൂപയുടെ വിലയിടിയുന്നതിന്റെ ഭാഗമായി ഓഹരി വിപണികളിലും മറ്റും നിക്ഷേപം നടത്തുന്ന വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങി കൂടുതല്‍ സുരക്ഷിതമായ കറന്‍സിയിലേക്ക് നിക്ഷേപം മാറ്റുകയും ചെയ്യും. ഓഹരി വിപണികളിലുണ്ടാകുന്ന നഷ്ടത്തിന് കാരണം ഇതുകൂടിയാണ്.

2.28 ബില്ല്യണ്‍ ഡോളറാണ് ഇത്തരത്തില്‍ ഇന്ത്യന്‍ വിപണികളില്‍നിന്ന് പിന്‍വലിക്കപ്പെട്ടത്. രൂപയുടെ വിലക്കയറ്റത്തിലുടെയുണ്ടാകുന്ന നാണയപ്പെരുപ്പം വീണ്ടും ആഭ്യന്തര ഉത്പാദനത്തെയും ബാധിക്കുകയാണെങ്കില്‍ അത് കൂടുതല്‍ ഗുരുതരമായ സാമ്പത്തിക പ്രശ്‌നത്തിലേക്ക് രാജ്യത്തെ നയിച്ചേക്കും. 2018 ല്‍ മാത്രം രൂപയുടെ മൂല്യത്തില്‍ 18 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. ഏഷ്യയിലെ ഏറ്റവും മൂല്യ തകര്‍ച്ച നേരിടുന്ന കറന്‍സികളിലൊന്നാണ് രൂപ.

രൂപയുടെ ഇടിവ് തുടരുകയാണെങ്കില്‍ റിസര്‍വ് ബാങ്ക് എന്ത് ചെയ്യുന്നുവെന്നതാണ് ഏറെ പ്രധാനപ്പെട്ട കാര്യം. വിപണിയില്‍ കൂടുതല്‍ വിദേശ കറന്‍സി എത്തുന്നതിനുള്ള നടപടികളാണ് റിസര്‍വ് ബാങ്കില്‍നിന്ന് ഇത്തരം ഘട്ടങ്ങളില്‍ സാധാരണ ഉണ്ടാകാറുള്ളത്.

 

Read More- സമരം ജയിച്ചു, സ്ത്രീത്തൊഴിലാളികള്‍ക്ക് ഇപ്പോഴും പഴയ അവസ്ഥ തന്നെ, മൂത്രമൊഴിക്കാതിരിക്കാന്‍ വെള്ളം കുടിക്കാതിരിക്കുന്ന എസ് എം സ്ട്രീറ്റിലെ തൊഴിലാളി ജീവിതം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍