UPDATES

ജാതികേന്ദ്രീകൃതമായ എഴുത്തധികാരത്തില്‍ ഒരു കസേര വലിച്ചിട്ടിരിക്കാന്‍ തന്നെയാണ് ശ്രമം-രൂപേഷ് കുമാര്‍/അഭിമുഖം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജാതീയമായി അതിക്രമിക്കപ്പെടുകയും അതേസമയം ഏറ്റവും വലിയ ജനാധിപത്യ പൊതുബോധം നിലനിര്‍ത്തുകയും ചെയ്യുന്ന സമൂഹങ്ങളില്‍ നിന്നുമുണ്ടാകുന്ന സാഹിത്യം എന്ന നിലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നിന്നുകൊണ്ട് തന്നെ മാതൃകയാക്കേണ്ടതാണ് ദളിത്‌ സാഹിത്യം

അഭിമുഖംരൂപേഷ് കുമാര്‍ / ശ്രുതീഷ് കണ്ണാടി

രൂപേഷ് കുമാര്‍ അറിയപ്പെടുന്നത് ഡോക്യൂമെന്ററി ഫിലിം സംവിധായകനായാണ്. ഇന്ത്യയിലെ ജാതി അനുഭവങ്ങളെ മുന്‍ നിര്‍ത്തി ദളിത് പ്രശ്‌നങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യുന്നവയാണ് രൂപേഷിന്റെ ഡോക്യൂമെന്ററികള്‍. കണ്ണൂര്‍ ജില്ലയിലെ പെരിങ്ങീലിലാണ് ജനനം. രൂപേഷ് കുമാറിന്റെ ആദ്യനോവല്‍ ‘സിനിമാസ്കോപ്പ്’ ഉടന്‍ പുറത്തുവരാനിരിക്കുകയാണ്. കോഴിക്കോട് കോഴിക്കോട് കേന്ദ്രമായ ആമി ബുക്സാണ് പ്രസാധകര്‍. ഈ സാഹചര്യത്തില്‍ നോവലെഴുത്തിലേക്ക് കടക്കാനുണ്ടായ സാഹചര്യങ്ങളും അതിന്റെ രാഷ്ട്രീയവുമൊക്കെ ശ്രുതീഷ് കണ്ണാടിയുമായി പങ്കുവയ്ക്കുന്നു

ശ്രുതീഷ് കണ്ണാടി: രൂപേഷ് കുമാര്‍ എന്ന ഫിലിംമേക്കര്‍ എല്ലാവര്‍ക്കും പരിചിതനാണ്. ഓണ്‍ലൈന്‍ ഇടങ്ങളില്‍ സജീവമായി ഇടപെടുകയും കലഹിക്കുകയും എഴുതുകയും ചെയ്യുന്ന രൂപേഷിനെയും എല്ലാവര്‍ക്കും അറിയാം. എങ്ങനെയാണ് നോവലിലേക്ക് ശ്രദ്ധ തിരിയുന്നത്?

രൂപേഷ് കുമാര്‍: ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ തന്നെ മുന്നോട്ടു പോകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതിന്റെ ഭാഗമായിട്ട് തന്നെയാണ് നിരവധി ഡോക്യുമെന്ററികള്‍ ചെയ്തു വന്നത്. നമ്മളുടെ ഒക്കെ ഏറ്റവും വലിയ സ്വപ്നം മെയിന്‍സ്ട്രീം സിനിമ തന്നെയാണ്. കഴിഞ്ഞ ആറു വര്‍ഷത്തോളമായിട്ട് ഞാന്‍ തന്നെ ചെയ്ത ഒരു സ്ക്രീന്‍പ്ലേ സിനിമയാക്കാനുള്ള പലവിധത്തിലുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. പക്ഷേ അത് സാധിച്ചില്ല. എന്നാല്‍ അതിനകത്ത് ഒരു നോവലിനുള്ള സാധ്യതയുണ്ടെന്ന് പിന്നീട് ഞാന്‍ സ്വയം തിരിച്ചറിയുകയായിരുന്നു. അങ്ങനെ ആ  സ്ക്രീന്‍പ്ലേ ഒരു നോവലായി കണ്‍വെര്‍ട്ട് ചെയ്യുകയാണ് ഉണ്ടായത്. മാത്രമല്ല ‘അഴിമുഖ’ത്തില്‍ ഞാന്‍ ബ്ലാക്ക് ലെറ്റേഴ്സ് എന്നൊരു കോളം എഴുതുന്നുണ്ട്. അപ്പോള്‍ അതിലൂടെ വികസിച്ച എഴുത്തിന്റെ സാധ്യതകളും നോവല്‍ എഴുതാന്‍ ആത്മവിശ്വാസം നല്‍കിയിട്ടുണ്ടെന്ന് പറയാം.

ശ്രുതീഷ്: ‘സിനിമാസ്കോപ്പ്’ എന്ന പേര് തന്നെ പെട്ടന്ന് സ്ട്രൈക്ക് ചെയ്യുന്നുണ്ട്. എന്തെങ്കിലും പ്രത്യേകതകള്‍ ആ ഒരു പേരിന് പുറകിലുണ്ടോ?

രൂപേഷ്: സിനിമയുടെ ഒരു സ്വാധീനം കൊണ്ട് കൂടെയാണ് നോവലിന് ‘സിനിമാസ്കോപ്പ്’ എന്ന പേരിടുന്നത്. ഓട്ടോബയോഗ്രഫിക്കലായ ഒരു നോവല്‍ കൂടിയാണിത്. 1977-ലാണ് ഞാന്‍ ജനിച്ചത്. എന്റെ ഓമ്മയില്‍ 1980-കള്‍ മുതലൊക്കെയാണ് നമ്മള്‍ സിനിമ കണ്ട് തുടങ്ങുന്നത്. 1970-കളുടെ അവസാനമൊക്കെയാണ് മലയാളത്തില്‍ സിനിമാസ്കോപ്പുകള്‍ ഒക്കെ വന്ന് തുടങ്ങുന്നത്. ആ കാലഘട്ടത്തില്‍ നമ്മള്‍ കണ്ടിട്ടുള്ള സിനിമകളുമായി ബന്ധപ്പെട്ട അനുഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ നോവല്‍ രൂപപ്പെട്ടിട്ടുള്ളത്. മാത്രമല്ല സിനിമയുമായി ബന്ധപ്പെട്ട ഒരു കഥയാണെന്ന് ആളുകളുമായി പെട്ടന്ന് കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ കൂടി വേണ്ടിയാണ് നോവലിന് ഇങ്ങനെയൊരു പേര് സ്വീകരിക്കുന്നത്. ആദ്യം മറ്റൊരു പേരാണ് ആലോചിച്ചതെങ്കിലും പക്ഷേ ‘സിനിമാസ്കോപ്പാ’ണ് കുറേക്കൂടി യോജിക്കുന്നതെന്ന് മനസ്സിലാക്കി ഈ പേര് തന്നെ ഇടുകയായിരുന്നു.

ശ്രുതീഷ്: നോവലിന്റെ ഒരു രാഷ്ട്രീയ -സാമൂഹിക പശ്ചാത്തലം?

രൂപേഷ്: 80-കളിലും 90-കളിലുമൊക്കെ രൂപപ്പെട്ടിട്ടുള്ള കേരളത്തിലെ ഒരു പൊതു രാഷ്ട്രീയ സാമൂഹം എന്നു പറഞ്ഞാല്‍ അത് നക്സലൈറ്റ് പ്രസ്ഥാനങ്ങള്‍ അല്ലെങ്കില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ അല്ലെങ്കില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ എന്നിവയൊക്കെ ആണെന്നുള്ള ഒരു പൊതുവായന ഒരുപക്ഷേ കേരളത്തില്‍ വരുന്നുണ്ട്. എന്നാല്‍ കേരളത്തിലെ ക്യാമ്പസുകളില്‍ എസ്എഫ്ഐ നിലനില്‍ക്കുമ്പോഴും, കേരളത്തിലെപൊതുസമൂഹത്തില്‍ ഇടതുപക്ഷവും അതുപോലെതന്നെ നക്സലിസവും അങ്ങനെയുള്ള മുഖ്യധാരാ രാഷ്ട്രീയ സംവിധാനങ്ങളും നിലനില്‍ക്കുമ്പോഴും, അതുപോലെ കേരളത്തിലെ നവോത്ഥാനത്തിനു ശേഷമുണ്ടായിട്ടുള്ള ഒരു മലയാളി സോസൈറ്റി നിലനില്‍ക്കുമ്പോഴും, അതിനെല്ലാം പുറത്തു നിന്നിട്ടുള്ള മറ്റു പല രാഷ്ട്രീയ സമൂഹങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്. കേരളത്തിലെ അപരങ്ങളായ രാഷ്ട്രീയ സമൂഹങ്ങളായിരുന്നു അവയെല്ലാം. അതിനകത്ത് ദളിത്‌ സമൂഹങ്ങളുണ്ട്, ഗള്‍ഫ് കുടിയേറ്റത്തിലൂടെ ദൃശ്യത കൈവരിച്ച മുസ്ലിം സമൂഹമുണ്ട്, വിദ്യാഭ്യാസത്തിലൂടെ സര്‍ക്കാര്‍ ഉദ്യോഗത്തിലേക്ക് എത്തിയ ദളിത്‌ സമൂഹങ്ങളുടെ പിന്‍തലമുറകളുണ്ട്, വിദ്യാഭ്യാസം നേടിയ ദളിത്‌ സ്ത്രീകളുടെ പലതരത്തിലുള്ള മുന്നേറ്റങ്ങളുണ്ട്. ഇത്തരത്തില്‍ ഗവണ്‍മെന്‍റ്  ഉദ്യോഗത്തിലേക്ക് ഒക്കെ എത്തിയിട്ടുള്ള ദളിത്‌ സമൂഹത്തിന്റെ പിന്‍തലമുറക്കാരായിട്ടുള്ള ഒരു 80-കളിലെ നമ്മളെ പോലുള്ള ഒരു തലമുറയുണ്ട്. അവര്‍ വിദ്യാഭ്യാസം ചെയ്തിട്ടുണ്ട്, അവര്‍ അവരുടേതായ രീതിയില്‍ ചിന്തിച്ചിട്ടുണ്ട്, മുഖ്യധാരയില്‍ അല്ലെങ്കില്‍ പോലും അവര്‍ അവരുടേതായ ഒരു രാഷ്ട്രീയം കേരളത്തിലെ വിദ്യാഭ്യാസ സമൂഹത്തില്‍ നിന്നും ഉത്പാദിപ്പിച്ചിട്ടുണ്ട്.

അപ്പോള്‍ അത്തരത്തിലുള്ള സമൂഹങ്ങളുടെ സിനിമാകാഴ്ച്ചയുടെ ഒരു രാഷ്ട്രീയമാണ് ഈ നോവലിലൂടെ ഞാന്‍ പറയാന്‍ ശ്രമിക്കുന്നത്. ഇതൊരിക്കലും ഒരു, സമരങ്ങളുടെ കഥയൊന്നുമല്ല. മുഖ്യധാര രാഷ്ട്രീയങ്ങളുടെ കഥയുമല്ല. പക്ഷേ സിനിമ കണ്ട് വളര്‍ന്ന്, സിനിമയില്‍ ജീവിച്ചിട്ടുള്ള ഒരു ദളിത്‌ ഐഡന്റിറ്റിയുടെഅല്ലെങ്കില്‍ അപരങ്ങളായ സമൂഹങ്ങളുടെ എന്റര്‍ടെയ്ന്‍മെന്‍റ്, അവരുടെ ആഘോഷങ്ങള്‍, അവരുടെ ജീവിതങ്ങള്‍, അവരുടെ പ്രണയങ്ങള്‍, അവരുടെ സംഘര്‍ഷങ്ങള്‍ ഒക്കെ ചിത്രീകരിക്കപ്പെടുന്ന ഒരു രാഷ്ട്രീയം അല്ലെങ്കില്‍ അതിനും ഒരു രാഷ്ട്രീയമുണ്ടെന്ന് മനസിലാക്കുന്ന ഒരു നോവലാണ്‌ ‘സിനിമാസ്കോപ്പ്’. ദളിതരെല്ലാം കഷ്ടപ്പെടേണ്ടവരാണെന്നും സമരം ചെയ്യേണ്ടവരാണെന്നും മുദ്രാവാക്യം വിളിക്കേണ്ടവരാണെന്നും മറ്റുമുള്ള ധാരണകളെയെല്ലാം മാറ്റിവച്ചുകൊണ്ട് കേരളത്തിലെ ഇടതുപക്ഷ ബോധത്തിനപ്പുറം നിന്നുകൊണ്ട്, കേരളത്തിലെ ഒരു ‘മലയാളി’, ‘നായര്‍’ ബോധത്തില്‍ നിന്നെല്ലാം പുറത്തുവന്നു കൊണ്ട് വളരെ ശക്തമായി ആഘോഷിച്ച ഒരുപാട് അപര സമൂഹങ്ങളുണ്ട്. ആ ആഘോഷങ്ങളുടെ ഒരു ചിത്രീകരണമാണ് ഈ നോവല്‍ എന്നാണ് ഞാന്‍ മനസിലാക്കുന്നത്.

ശ്രുതീഷ്: അതായത്, ഒരു ദളിത്‌ രാഷ്ട്രീയ സമരങ്ങളുടെ കഥയൊന്നും അല്ലെങ്കില്‍പ്പോലും വ്യക്തമായ ദളിത്‌ വീക്ഷണത്തിലൂടെ തന്നെയാണ് നോവല്‍ മുന്നോട്ട് പോകുന്നത്, അല്ലേ?

രൂപേഷ്: തീര്‍ച്ചയായിട്ടും. ആത്മകഥാപരമായ ഒരു നോവല്‍ കൂടിയാണിത്. നമുക്കത് പറയാതിരിക്കാന്‍ പറ്റില്ലല്ലോ. 80കള്‍ക്ക് ശേഷമുണ്ടായിട്ടുള്ള ആ ഒരു തലമുറയുടെ ജീവിതം മുന്നോട്ടു വയ്ക്കുന്നതോടു കൂടി പുതിയൊരു രാഷ്ട്രീയ വായന ഉണ്ടാക്കാന്‍ വേണ്ടിയുള്ള ഒരു ശ്രമമാണ് നമ്മള്‍ നടത്തുന്നത്. പിന്നെ ഇത് കൃത്യമായും ഒരു മുഖ്യധാരാ നോവല്‍ തന്നെയാണ്. അതില്‍ ഒരു സംശയവും വേണ്ട. സിനിമ ആഘോഷമാക്കിയിട്ടുള്ള ഒരു ദളിത്‌ തലമുറയുടെ രാഷ്ട്രീയമാണ് ഇതിന്റെ വായനയിലൂടെ മുന്നോട്ട് വയ്ക്കുന്നതെന്നും പറയാന്‍ സാധിക്കും. അതോടൊപ്പം പുതുമയിലേക്കുള്ള ഒരു അന്വേഷണവും നമ്മള്‍ ഇവിടെ നടത്തുന്നുണ്ട്. പക്ഷേ നമ്മുടെ ഒരു രാഷ്ട്രീയത്തെ നിരാകരിച്ചു കൊണ്ടും നമുക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല. എന്നാല്‍ ഇതൊരു മുഖ്യധാരാ നോവല്‍ ആണെന്ന് തന്നെ ഞാന്‍ പറയും. ഏതെങ്കിലും വിധത്തില്‍ ബ്രാന്‍ഡ് ചെയ്യപ്പെടേണ്ട ഒരു എഴുത്തല്ല ഇത്. നമ്മുടെ ഐഡന്റിറ്റി പറഞ്ഞു കൊണ്ട് തന്നെ വളരെ ശക്തമായിട്ട് മലയാളി സമൂഹത്തിലേക്ക് ഒരു നോവല്‍ നമ്മള്‍ കൊടുക്കുകയാണ്.

ശ്രുതീഷ്: ‘സാഹിത്യം’ എന്നത് തന്നെ വരേണ്യമാണ് എന്നൊരു വിമര്‍ശനം നിലവിലുണ്ട്. വിശേഷിച്ച് മുഖ്യധാരാ എഴുത്തുകള്‍. അതിനെ അപനിര്‍മ്മിക്കാനുള്ള/പൊളിച്ചെഴുതാനുള്ള ശ്രമങ്ങള്‍ നിരവധി കീഴാളപക്ഷ ചിന്തകരില്‍ നിന്നും ഉണ്ടായിട്ടുമുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ ഒരു ദളിത്‌ വീക്ഷണത്തിലൂടെ മുന്നോട്ട് പോകുന്ന ഒരു നോവല്‍ മുഖ്യധാര സാഹിത്യം ആണെന്ന് പറയുമ്പോള്‍ അതിനകത്ത് ഒരു വൈരുധ്യം ഇല്ലേ?

രൂപേഷ്: എഴുത്ത് എന്ന് പറയുന്നത് ഒരു അധികാരമാണ്. ഇവിടെ പൊളിച്ചെഴുതുക എന്ന് പറയുന്നതിന്റെ വലിയ ഉത്തരവാദിത്തമൊന്നും ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറല്ല. ഞാന്‍ പറയുന്നത് ഇന്ത്യയിലെ ജാതി കേന്ദ്രീകൃതമായ എഴുത്തിന്റെ അധികാരത്തില്‍ നമ്മള്‍ ഒരു കസേര വലിച്ചിട്ട് ഇരിക്കണമെന്നാണ്. കേരളത്തിലും ഇന്ത്യയിലും ഒരുപാട് മറ്റ് (അപര സമൂഹങ്ങള്‍) രാഷ്ട്രീയങ്ങളുടെ എഴുത്തുകള്‍, പാട്ടുകള്‍, ചൊല്ലുകള്‍ എല്ലാം ഉണ്ടാകുന്നുണ്ട്. കല്ലറ സുകുമാരന്റെെ എഴുത്തുകള്‍, പൊയ്കയില്‍ അപ്പച്ചന്റെ‍ എഴുത്തുകള്‍, സി.അയ്യപ്പന്‍റെ നോവലുകള്‍ അങ്ങനെ ഒരുപാട് കാര്യങ്ങള്‍ കേരളത്തില്‍ തന്നെ ഉദാഹരണങ്ങളായി പറയാന്‍ സാധിക്കും. നമ്മളെ സംബന്ധിച്ചിടത്തോളം അവര്‍ (വരേണ്യര്‍) എന്ത് ഉത്പാദിപ്പിക്കുന്നു എന്നത് നമ്മുടെ വിഷയമല്ല. അവരെ തിരുത്തുക എന്നുള്ളതും നമ്മുടെ വിഷയമല്ല. മറിച്ച് നമുക്ക് പറയാനുള്ളത് വളരെ ഓര്‍ഗാനിക് ആയി, ഇവിടെ ശക്തമായ മറ്റ് രാഷ്ട്രീയധാരയുടെ എഴുത്തുണ്ട് എന്ന് ഒരു കസേര വലിച്ചിട്ടിരുന്നു കൊണ്ട് നമ്മള്‍ പറയുകയാണ്‌ വേണ്ടത്. അതല്ലാതെ സിസ്റ്റത്തെ തിരുത്തുക എന്നുള്ളത് ഒരു വലിയ ഉത്തരവാദിത്തമായി ഏറ്റെടുക്കാനൊന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ എന്റെ എഴുത്തില്‍ ആഹ്ലാദിക്കുന്നു. ഞാന്‍ എന്റെ എഴുത്തില്‍ ഭയങ്കരമായി ആഘോഷിക്കുന്നു. ഞാന്‍ ജീവിച്ചിട്ടുള്ള ഒരു സമൂഹത്തില്‍ നമ്മള്‍ കണ്ട കാഴ്ച്ചകളെ എല്ലാ സംഘര്‍ഷങ്ങളോടും കൂടി, എല്ലാ നെഗറ്റീവിറ്റിയോടും കൂടി എല്ലാ പ്രശ്നങ്ങളോടും കൂടിത്തന്നെയാണ് നമ്മള്‍ എഴുതുന്നത്. അതുകൊണ്ടുതന്നെ മുഖ്യധാര എന്നത് നമുക്കൊരു വിഷയമേ ആകുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം വംശീയത ഉത്പാദിപ്പിക്കുന്ന ഒരു സാഹിത്യമാണ് മുഖ്യധാര എന്ന സ്പെയ്സില്‍ ഉണ്ടാകുന്നത്. അപ്പോള്‍ അത്തരമൊരു സാഹിത്യത്തിന് വലിയൊരു പ്രാധാന്യമൊന്നും നമ്മള്‍ കൊടുക്കുന്നില്ല.

ശ്രുതീഷ്: നിലവില്‍ ദളിത്‌ പക്ഷത്ത് നിന്നുള്ള നിരവധി അക്കാദമിക് എഴുത്തുകള്‍ വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ് ഇത്. എന്നാല്‍ അതിനെയപേക്ഷിച്ച് ഒരു ദളിത്‌ സാഹിത്യത്തിന് എന്തെല്ലാം പ്രസക്തി ഉണ്ടെന്നാണ് കരുതുന്നത്?

രൂപേഷ്: കേരളത്തിലെ നിരവധി ദളിത്‌ ചിന്തകര്‍ ഒരുപാടു കാലമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒരു വിഷയമാണത്. ഈ നോവല്‍ എഴുതുമ്പോള്‍ തന്നെ പല സുഹൃത്തുക്കളും സൂചിപ്പിച്ച ഒരു കാര്യം, അക്കാദമിക്കലായി വളരെയധികം മുന്നോട്ടു പോയിട്ടുള്ള ഒരു സമൂഹമാണ് കേരളത്തിലെ ദളിത്‌  ഇന്‍റലക്ച്വല്‍സ്. ഫെയ്സ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകള്‍ വഴി ഓരോ ദിവസവും പുതിയ പുതിയ തിയറികളും ചിന്തകളും അവര്‍ പുറത്തു വിടുന്നുണ്ട്. കേരളത്തിലെ സര്‍വകലാശാലകളില്‍ നിരവധി റിസര്‍ച്ച് ഫെല്ലോസ് ഉണ്ടാകുന്നുണ്ട്. ഇന്ത്യയിലെ ജാതിയെ ചോദ്യം ചെയ്തു കൊണ്ട് അംബേദ്കറിസത്തെ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ഓണ്‍ലൈന്‍ മേഖലയിലടക്കം ഇടപെട്ടു കൊണ്ട് ഗൌരവകരമായി അവര്‍ മുന്നോട്ടു പോകുന്നുണ്ട്.

സാഹിത്യത്തിന്റെ കാര്യമെടുത്താലും അത്തരത്തിലുള്ള ഇടപെടലുകള്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ വളരെ ഡെലിബറേറ്റായി അത്തരമൊരു ക്രിയേറ്റീവ് മൂവ്മെന്‍റ്  ഉണ്ടാക്കാന്‍ വേണ്ടി എഴുതിയ ഒരു നോവല്‍ ഒന്നുമല്ലയിത്. ഇവിടെ എനിക്ക് എഴുതണമെന്ന് തോന്നി. ഞാന്‍ അത് എഴുതി. അതെന്‍റെ ആഹ്ലാദത്തിന് വേണ്ടി അല്ലെങ്കില്‍ ആഘോഷത്തിനു വേണ്ടി എഴുതി എന്നുള്ളതാണ്. പക്ഷേ എന്റെ ഒരഭിപ്രായം എന്തെന്നാല്‍ ഇത്തരത്തില്‍ ദളിത്‌ ഐഡന്റിറ്റി ഉള്ള ഒരു മനുഷ്യന്‍ എഴുതുമ്പോള്‍ ഈ കമ്മ്യൂണിറ്റികളില്‍ നിന്നും എഴുതാന്‍ കാലിബറുള്ള ഒരുപാട് പേര്‍ക്ക് പുറത്തു വരാനുള്ള ഒരു അവസരം കൂടി ഉണ്ടാകുന്നുണ്ടെന്നാണ്. അത് അവര്‍ വരികയും ചെയ്യും. അതില്‍ യാതൊരു സംശയവും വേണ്ട.

ശ്രുതീഷ്: ദളിത്‌ സാഹിത്യം, ദളിത്‌ എഴുത്തുകള്‍ എന്ന് പലരും പറയാറുണ്ട്. യഥാര്‍ഥത്തില്‍ ദളിത്‌ സാഹിത്യം എന്നൊരു മേഖല ഉണ്ടോ? ഉണ്ടെങ്കില്‍ തന്നെ എങ്ങനെ നമുക്ക് അതിനെ ഡിഫൈന്‍ ചെയ്യാം?

രൂപേഷ്: സവര്‍ണ്ണമായിട്ടുള്ള ഒരു മുഖ്യധാര അരികുവത്ക്കരിക്കപ്പെട്ടവരുടെ സാഹിത്യം എന്നാണ് ദളിത്‌ സാഹിത്യത്തെ ഡിഫൈന്‍ ചെയ്യുന്നതെങ്കില്‍ അതിനെ കൃത്യമായിട്ടും എതിര്‍ക്കേണ്ടതുണ്ട്. അതായത് ദളിത്‌ സാഹിത്യം എന്ന് പറഞ്ഞു കഴിഞ്ഞാല്‍ ഇവിടെ നിലനില്‍ക്കുന്ന ഏതൊരു സവര്‍ണ-നായര്‍-നമ്പൂതിരി മുഖ്യധാരയ്ക്കും മുകളില്‍ നില്‍ക്കുന്ന അതിനേക്കാള്‍ എത്രയോ അധികം ജനാധിപത്യവും ജാതിവിരുദ്ധതയും അതുപോലെ തന്നെ ജനാധിപത്യ സങ്കല്‍പ്പങ്ങളും മുന്നോട്ടുവയ്ക്കുന്ന ഒരു സാഹിത്യ മേഖലയോ അല്ലെങ്കില്‍ ഒരു രാഷ്ട്രീയ മേഖലയോ ആണെന്നുള്ളതാണ്. അമേരിക്കയിലൊക്കെ ഉണ്ടാകുന്ന ബ്ലാക്ക് ലിറ്ററേച്ചര്‍, പാരിസ്ഥിതികമായിട്ടുള്ള സാഹിത്യങ്ങള്‍ തുടങ്ങിയതിനെയെല്ലാം അപരവത്ക്കരിക്കുന്നതിനു പകരം ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ശക്തമായിട്ടുള്ള ഒരു ധാരയാണെന്ന് നോക്കിക്കാണുമ്പോള്‍ വളരെ കൃത്യമായിട്ട് ദളിത്‌ ലിറ്ററേച്ചര്‍ എന്ന സംഗതിക്കും സമാനമായ വലിയ സ്കോപ്പുണ്ട് എന്നുള്ളതാണ്.

മറ്റുള്ളവരെല്ലാം എഴുതിക്കഴിഞ്ഞ് ഒരു ഇടം കൊടുക്കുക എന്നുള്ള രീതിയില്‍ ദളിത്‌ സാഹിത്യത്തെ നോക്കിക്കാണുന്നതിനോട് എനിക്ക് യോജിപ്പില്ല. പക്ഷേ അതിനപ്പുറം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജാതീയമായി അതിക്രമിക്കപ്പെടുകയും അതേസമയം ഏറ്റവും വലിയ ജനാധിപത്യ പൊതുബോധം നിലനിര്‍ത്തുകയും ചെയ്യുന്ന സമൂഹങ്ങളില്‍ നിന്നുമുണ്ടാകുന്ന സാഹിത്യം എന്ന നിലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നിന്നുകൊണ്ട് തന്നെ മാതൃകയാക്കേണ്ടതാണ് ദളിത്‌ സാഹിത്യം എന്നുള്ളതാണ് പ്രധാനപ്പെട്ട വിഷയം. അതുകൊണ്ടുതന്നെ ഇത്തരം സാഹിത്യത്തിന് ഭാവിയില്‍ ഇന്ത്യയില്‍ വലിയ സ്കോപ്പുണ്ട് എന്ന് തന്നെയാണ് ഞാന്‍ മനസിലാക്കുന്നത്. പക്ഷേ അത് വായിച്ചെടുക്കേണ്ടത് അവരുടെ ശക്തിയെ ബഹുമാനിച്ചു കൊണ്ടാണ്. അല്ലെങ്കില്‍ അവരുടെ ആ ഒരു സാമൂഹിക-സാംസ്കാരിക ധാരയില്‍ നിന്നുള്ള ആഴത്തിലുള്ള ജീവിതങ്ങളെ, അവരുടെ സാഹോദര്യത്തെ, ജനാധിപത്യത്തെ, ജാതിവിരുദ്ധമായിട്ടുള്ള മൂല്യങ്ങളെ എല്ലാം ഉള്‍ക്കൊള്ളുന്നത് കൂടിയാണ് ഇത്തരത്തിലുള്ള സാഹിത്യം എന്നാണ് ഞാന്‍ പറയുന്നത്.

ശ്രുതീഷ്: ദളിത്‌ സാഹിത്യമെന്നാല്‍ ദളിതര്‍ എഴുതുന്നത് എന്ന ഒരു അര്‍ത്ഥം മാത്രമാണോ ഉള്ളത്? ഈ സ്വത്വത്തിന് പുറത്തു നിന്നുകൊണ്ട് ദളിത് പക്ഷ രചനകള്‍ നടത്തുന്നവരെ എങ്ങനെ നോക്കിക്കാണുന്നു?

രൂപേഷ്: എന്നെ സംബന്ധിച്ചിടത്തോളം ദളിത്‌ എന്ന് പറയുന്നത് ഒരു പൊളിറ്റിക്കല്‍ ഐഡിയോളജി ആണെന്നതാണ്. ഒരുപക്ഷേ നമ്പൂതിരിയായിട്ടുള്ള ഒരു മനുഷ്യന് അദ്ദേഹം ഉത്പാദിപ്പിക്കുന്ന ജാതിപരമായിട്ടുള്ള എല്ലാ അഭിപ്രായങ്ങളെയും അഡ്രസ്സ് ചെയ്തുകൊണ്ട് അല്ലെങ്കില്‍ സ്വന്തം ഐഡന്‍റിറ്റിയെ അഡ്രസ്സ് ചെയ്തു കൊണ്ട് ഒരുപക്ഷേ ദളിത്‌ സാഹിത്യത്തോട് ഐക്യപ്പെടാനോ അതല്ലെങ്കില്‍ ദളിത്‌ സാഹിത്യത്തിന്റെ സാംസ്കാരികതയോട് ചേര്‍ന്നു നില്‍ക്കാനോ കഴിയും എന്നുള്ളതാണ്. ഇവിടെ ദളിതര്‍ എന്ന് പറയുന്നത് ജാതിയില്‍ താഴ്ന്നവര്‍ എന്ന അര്‍ഥത്തിലല്ല നാം മനസ്സിലാക്കേണ്ടത്. വളരെ ശക്തമായ ജാതി വിരുദ്ധ രാഷ്ട്രീയവും ഫിലോസഫിയും ഒക്കെ മുന്നോട്ടുവെയ്ക്കുന്ന സമൂഹങ്ങളായാണ് നാം അവരെ കാണേണ്ടത്.

ഇന്ത്യയില്‍ ജാതി വ്യവസ്ഥക്കെതിരെ വളരെ കൃത്യമായിട്ട്‌ അംബേദ്‌കര്‍ ഉള്‍പ്പെടെയുള്ള നിരവധി ഫിലോസഫികളെ കൂടെ നിര്‍ത്തുന്ന, വ്യത്യസ്ത രാഷ്ട്രീയ ധാരകളെ കൂടെനിര്‍ത്തുന്ന ദളിത്‌ ഇടപെടലുകള്‍ ഇവിടെ ഉണ്ടാകുന്നുണ്ടെന്നതാണ്. അതുകൊണ്ട് ദളിതര്‍ എഴുതുന്നത് മാത്രമാണ് ദളിത്‌ സാഹിത്യം എന്ന് compartmentalise ചെയ്യുന്നതില്‍ കാര്യമില്ല എന്നുള്ളതാണ്. ജാതി എന്ന് പറയുന്ന വളരെ inhuman ആയിട്ടുള്ള ഒരു സാധനത്തിനെതിരെ പലതരത്തില്‍ ഇടപെടുന്നവര്‍ക്കെല്ലാം ഒരുമിച്ചു നില്‍ക്കാന്‍ വേണ്ടി പറ്റും. അങ്ങനെയുള്ള ഒരുമിച്ചു നില്‍ക്കല്‍ തന്നെയാണ് അതിന്റെ് ഏറ്റവും പ്രധാനപ്പെട്ട സംഗതി. അപ്പോള്‍ ദളിതനായിട്ട് ജനിച്ചതു കൊണ്ട് ദളിത്‌ സാഹിത്യം എഴുതുക എന്ന് പറയുന്നത്, ബ്രാഹ്മണനായിട്ട് ജനിച്ച് ബ്രാഹ്മണനായി ജീവിക്കുക എന്നതിന്റെ് മറ്റൊരു രൂപം മാത്രമാണ്.

ശ്രുതീഷ്: ദളിത്‌ സാഹിത്യം കൂടുതലായി ഉണ്ടാകാന്‍ ഏതെങ്കിലും വിധത്തിലുള്ള ഇടപെടലുകള്‍ ആവശ്യമാണെന്ന് കരുതുന്നുണ്ടോ?

രൂപേഷ്: അങ്ങനെ ഒരു പ്രത്യേക ഇടപെടലിന്റെ ആവശ്യമൊന്നുമില്ല. അത് തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഫെയ്സ്ബുക്കിലൊക്കെ നിരവധി ദളിത്‌ സ്ത്രീകള്‍ വളരെ ശക്തമായിത്തന്നെ സംസാരിച്ചു തുടങ്ങിയിട്ടുണ്ട്. ഒരുപാട് സ്ത്രീകള്‍ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെ ചര്‍ച്ചകളില്‍ വരാന്‍ തുടങ്ങി. ഫെയ്സ്ബുക്കില്‍ അനുഭവങ്ങള്‍ എഴുതാന്‍ തുടങ്ങി. പുസ്തകങ്ങള്‍ എഴുതി തുടങ്ങി. അതുകൊണ്ട് നമ്മളായിട്ട് ഇതിന്റെ നേതൃനിരയിലേക്ക് ഇറങ്ങിച്ചെല്ലുകയോ അല്ലെങ്കില്‍ അതിനായി ആഹ്വാനം ചെയ്യേണ്ടതോ ആയ കാര്യങ്ങളൊന്നുമില്ല. അത് സ്വാഭാവികമായിട്ട് സംഭവിക്കും എന്നുള്ളതാണ്. കഴിഞ്ഞ ഒരു അഞ്ചാറു വര്‍ഷത്തിനിടയില്‍ ഉണ്ടായിട്ടുള്ള പ്രധാനപ്പെട്ട ചില മാറ്റങ്ങള്‍ എന്തെന്നാല്‍ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളൊക്കെ ഇടം കൊടുക്കാതിരുന്ന വളരെ ശക്തരായിട്ടുള്ള ദളിത്‌ ഇടങ്ങള്‍, അല്ലെങ്കില്‍ മുസ്ലിം ഇടങ്ങള്‍, ദളിത്‌ സ്ത്രീകള്‍ എന്നിവരൊക്കെ വളരെ ശക്തമായിട്ട് എഴുത്ത് തുടങ്ങിയിട്ടുണ്ട് എന്നതാണ്. ഇനിയിപ്പോള്‍ നമ്മളായിട്ട് ഒന്നും ചെയ്യേണ്ട കാര്യമില്ല. അവര്‍ സ്വാഭാവികമായിട്ട് തന്നെ ഉയര്‍ന്നു വന്നുകൊള്ളും. ഇനി നമ്മുടെ എഴുത്തുകളില്‍ തന്നെ എന്തെങ്കിലും പിശകുകള്‍ ഉണ്ടെങ്കില്‍ അവര്‍ നമ്മളെ തന്നെ ആക്രമിക്കാനും തുടങ്ങിക്കോളും എന്നുള്ളതാണ്. അത് അത്തരത്തില്‍ തന്നെ നടക്കേണ്ട ജൈവികമായിട്ടുള്ള ഒരു പ്രോസസാണ്. ആ പ്രോസസ് നടന്നു കൊണ്ടേയിരിക്കും. അതിനകത്ത് യാതൊരു സംശയവും ഉണ്ടാവേണ്ടതില്ല.

ശ്രുതീഷ്: അവസാനമായി, ‘സിനിമാസ്കോപ്പി’ലേക്ക് തന്നെ തിരിച്ച് വരാം. ഒരു നോവലിസ്റ്റ് എന്ന നിലയില്‍ തന്നെ മുന്നോട്ടു പോകാന്‍ ആഗ്രഹിക്കുന്നുണ്ടോ?അതല്ല മറ്റെന്തെങ്കിലും ഡ്രീം ഗോള്‍?

രൂപേഷ്: എന്നെ സംബന്ധിച്ചിടത്തോളം ഏകദേശം സ്കൂള്‍ കാലഘട്ടം മുതല്‍ പത്തിരുപത്തിയഞ്ച് വര്‍ഷത്തോളമുള്ള ഏറ്റവും പ്രധാനപ്പെട്ട സ്വപ്നം എന്ന് പറയുന്നത് ഒരുസിനിമാക്കാരാനാവുക എന്നതാണ്. സിനിമയില്‍ എന്തും ചെയ്യുക എന്നുള്ളതാണ്. സിനിമ എന്ന് പറയുന്ന മാധ്യമത്തെ അത്രയധികം ഇഷ്ടപ്പെട്ടു എന്നതാണ്. അപ്പോള്‍ സിനിമയോടുള്ള ഇഷ്ടപ്പെടല്‍ കൊണ്ടാണ് സിനിമയെ കുറിച്ച് കഥയെഴുതിയത്. അല്ലാതെ നോവലിസ്റ്റ് ആവുക എന്നത് എന്റെ ഒരു ആഗ്രഹമൊന്നുമല്ല. സിനിമാക്കാരനാവുക എന്നത് തന്നെയാണ് ഏറ്റവും വലിയ ആഗ്രഹം. അത് തന്നെയാണ് ഡ്രീം ഗോള്‍.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

ശ്രുതീഷ് കണ്ണാടി

ശ്രുതീഷ് കണ്ണാടി

മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം നേടിയ ശ്രുതീഷ് കണ്ണാടി ഇപ്പോള്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം നടത്തുന്നു. ദളിത്‌ പ്രവര്‍ത്തകനാണ്. 'ഒച്ച' ശബമില്ലാത്തവരുടെ ശബ്ദമാണ്. മുഖ്യധാരയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടവരുടെ, അധ:സ്ഥിത വിഭാഗങ്ങളുടെ, വേട്ടയാടപ്പെടുന്നവരുടെ ശബ്ദം. നാം കേള്‍ക്കാതെ പോകുന്ന, കേട്ടില്ലെന്ന് നടിക്കുന്ന നിലവിളികള്‍ വീണ്ടെടുക്കാനുള്ള ശ്രമമാണ് ഒച്ചയിലൂടെ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍