UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുറ്റമൊന്നും കാണാതിരുന്നിട്ടും പിന്നെയെന്തിനവരെ ഭരണകൂടത്തിന് വിട്ടുകൊടുത്തു?

Avatar

ഷെറിന്‍ വര്‍ഗീസ്

നമ്മുടെ രാജ്യത്ത് ഒരു ന്യായപീഠം അക്ഷരാര്‍ത്ഥത്തില്‍ ഈ രാജ്യത്തെ ജനങ്ങളെ ഞെട്ടിച്ചിരിക്കുന്നു. വര്‍ഷങ്ങളായി ഭരണകൂടവും പൊലീസും കൊടുംകുറ്റവാളികളെന്ന് മുദ്രകുത്തുകയും കോടികള്‍ മുടക്കി തെരച്ചില്‍ നടത്തുകയും ഏറ്റവുമൊടുവില്‍ ജീവനോടെ പിടികൂടുകയും ചെയ്ത പ്രതികളെ, ഇവര്‍ കുറ്റവാളികളല്ലായെന്നും വിദ്യാഭ്യാസമുള്ള ഇവര്‍ അവരുടെ കാഴ്ച്ചപ്പാടിലൂടെ സാമൂഹിക മാറ്റത്തിന് ശ്രമിക്കുന്നവരുമാണെന്ന് വിലയിരുത്തിയിരിക്കുന്നു.

കഴിഞ്ഞ കുറച്ചുദിവസങ്ങള്‍ക്കു മുമ്പ് കേരളത്തിലെ ഒരു ജില്ലാക്കോടതിയയിലെ അനുഭവം കൂടി പറയാം. ഭൂസമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ പ്രതികളാക്കപ്പെട്ട സ്ത്രീ-പുരുഷന്മാരടങ്ങുന്ന ഒരു ആദിവാസി സംഘത്തെ അവരന്നേദിവസം തന്നെ യാത്രചെയ്യേണ്ടി വരുന്ന ദൂരത്തെയും അനുഭവിക്കുന്ന ദുസാഹചര്യങ്ങളെയും മാനിക്കാതെ ഉച്ചയ്ക്കുശേഷം നിങ്ങളുടെ കേസ് പരിഗണിക്കുമെന്ന് പറഞ്ഞ് മാറ്റിനിര്‍ത്തിയപ്പോള്‍ ഉച്ചയൂണ് കഴിക്കാന്‍പോലും നിവൃത്തിയില്ലാത്ത അവരുടെ മുഖത്ത് വിരിഞ്ഞ ഒരു ചിരിയുണ്ട്. അതുവച്ചു നോക്കുമ്പോള്‍ എത്രയോ ആശ്വാസം പകരുന്നതാണ് ഒരു സെല്‍ഫ് ലോഡിംഗ് റൈഫിളും ഒരു മാഗസിനും പത്തു റിവോള്‍വറും അതിന്റെ പതിനാല് വെടിയുണ്ടകളുമായി ഒരു എന്‍കൗണ്ടറില്‍ കൊല്ലപ്പെടാതിരുന്ന രൂപേഷും ഷൈനയും സഹപ്രവര്‍ത്തകരും. പിന്നെ, കോയമ്പത്തൂര്‍ ജില്ല കോടതി ജഡ്ജിയുടെ ചുമതലയുള്ള എം. ഡി സുബ്രഹ്മണ്യത്തിന്റെ ഈ പരാമര്‍ശവും.

സഖാവ് രൂപേഷ്, ഇനി താങ്കള്‍ എഴുതിയതിലേക്ക്…

സൈനിക വത്കരിക്കപ്പെട്ട പൊതുസമൂഹത്തില്‍ തേഞ്ഞതും വക്കുപൊട്ടിയതുമായ ജനാധിപത്യപ്രതിരോധത്തിന്റെ സാധ്യതയില്ലായ്മ ഞങ്ങള്‍ക്കു ബോധ്യപ്പെട്ടു. വ്യവസ്ഥാപിതമായ രാഷ്ട്രീയ ഘടനയ്ക്കുള്ളില്‍ അടിസ്ഥാനപരമായി പൊളിച്ചെഴുത്തിനുള്ള ഏതൊരു ശ്രമത്തിനുമെതിരെ കൊടികളുടെ നിറവ്യത്യാസമില്ലാതെ മുഴുവന്‍ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളും അണിനിരക്കും. ഒരു ചെറിയ ആദിവാസിക്കൂട്ടായ്മയോ പരിസ്ഥിതി ഇടപെടലോ സ്വതന്ത്ര ട്രേഡ് യൂണിയനോപോലും തീവ്രവാദപ്രവര്‍ത്തനമായി വിലയിരുത്തപ്പടും.

സാധാരണ അംഗങ്ങളുടെ പ്രണയലേഖനങ്ങള്‍പോലും രഹസ്യാന്വേഷകരുടെ നിരീക്ഷണത്തില്‍പ്പെടാം. പിന്നെ തികച്ചും ഭാഗികവും സാമ്പത്തികവുമായി മാത്രം ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് നല്ല വിലപേശല്‍ ശക്തിയായി നമ്മള്‍ മാറുകയാണോ? അതിലൂടെ ഒരു ജനത അവരുടെ രാഷ്ട്രീയാവകാശങ്ങള്‍ മറന്നുപോവുകയല്ലോ ഉണ്ടാവുക? ഇത്തരം ഒരു സാഹചര്യത്തിലാണ് വ്യവസ്ഥിതിയുടെ പുറത്തുനിന്ന് വ്യവസഥിതിയെ മാറ്റിമറിക്കുന്ന വിധത്തില്‍ ഇടപെടുന്നതിന്റെ പ്രശ്‌നം വരുന്നത്. ബദലായ അധികാരം, ബദലായ വ്യവസ്ഥി തുടങ്ങിയ എളുപ്പമല്ലാത്ത കാര്യങ്ങള്‍ ചെറിയ തോതിലെങ്കിലും മധ്യേന്ത്യയിലെ ചില ചെറിയ പ്രദേശങ്ങളില്‍ യാഥാര്‍ത്ഥ്യത്തിന്റെ രൂപം പൂണ്ടപ്പോള്‍ ഏറ്റവും വലിയ ആഭ്യന്തരഭീഷണിയായിട്ടാണ് അതിനെ കണ്ടത്. അതിനെ ഭയന്നാണ് ലക്ഷക്കണക്കിന് അര്‍ദ്ധസൈനികരെ അതു തച്ചുതകര്‍ക്കാന്‍ അങ്ങോട്ടയച്ചിരിക്കുന്നത്. രാജ്യത്തുടനീളം വന്‍തോതില്‍ പൊതുസമൂഹത്തെ സൈനികവത്കരിക്കാനുള്ള നടപടികള്‍ എടുക്കുന്നത്. ആയുധമെടുക്കാതിരുന്നെങ്കില്‍ ഇിതലും കൂടുതല്‍ മെച്ചമായി എന്താണു ചെയ്യാന്‍ കഴിയുമായിരുന്നത്? കഴിഞ്ഞ പത്തു മുപ്പത്തിയഞ്ചു കൊല്ലമായി ആവര്‍ത്തിച്ച് നടത്തിയ സംവാദങ്ങളോ?

”ജയിക്കുന്ന മുന്നേറ്റങ്ങളോടുമാത്രമാണ് മധ്യവര്‍ഗ്ഗത്തിന് എപ്പോഴും താല്‍പര്യം. അവര്‍ ഏറെ പൊക്കിപ്പിടിക്കുന്ന വിപ്ലവ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും പ്രതികരണ സമരങ്ങളും നാമമാത്രമായ ചില പരിഷ്‌കരണങ്ങളല്ലാതെ യാതൊരുവിധ സാമൂഹികമാറ്റങ്ങളും സൃഷ്ടിക്കുകയില്ല. സമൂഹത്തിന്റെ കാതലായ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുകയാണ് ആവശ്യം. നവലിബറലിസത്തിനെതിരെ പ്രതീകാത്മകമായ രൂപത്തില്‍ നിലനില്‍ക്കുന്ന, ഭൂമിയോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്ത, ആദിവാസി, ദളിത് മേഖലകളും അസംഘടിത തൊഴില്‍ മേഖലകളും പ്രവര്‍ത്തനം തുടങ്ങാനായി തിരഞ്ഞെടുത്തത്.

എന്നാല്‍ അതത്ര എളുപ്പമായിരുന്നില്ല.അതിര്‍ത്തിപ്രദേശങ്ങളില്‍,പ്രത്യേകിച്ച് ആദിവാസി മേഖലകളില്‍നിന്നുള്ള പ്രവര്‍ത്തനത്തിന്റെ ചെറിയ സൂചനകളോടെ ഭരണകൂടം ഇന്‍ഫോര്‍മാരുടെ ഒരു ശൃംഖല തന്നെ സൃഷ്ടിക്കാന്‍ ശ്രമിച്ചു. ഇന്ന് അതിന്റെ ഏറ്റവും കാര്യക്ഷമമായ രൂപമായ ജനമൈത്രി പൊലീസ് ഏറ്റവും വിപുലമായി ഇവിടെ കേന്ദ്രീകരിച്ചിട്ടുണ്ട്. ഒറ്റുകാരും ജനമൈത്രിക്കാരും കോളനികള്‍ അടക്കിവാഴുന്ന, കഞ്ചാവുലോബിയും കരാറുകാരും ശാരിരീകമായി ആക്രമിക്കുന്ന ഒരു സാഹചര്യത്തില്‍ സംഘമായി നടക്കുന്നതിനും സുരക്ഷയ്ക്കായി ആയുധമെടുക്കുന്നതിനും തീരുമാനിച്ചു.

ദേശവിരുദ്ധ ശക്തികളെന്നപോലെ കഴിഞ്ഞ കുറെക്കാലമായി വനാന്തരങ്ങളില്‍ തേടപ്പെട്ട ഇവര്‍ ചെയ്ത കുറ്റങ്ങളെന്തൊക്കെയാണ്? പ്രകൃതിയെ തകര്‍ക്കുന്ന പാറമടകളിലെത്തി ജെ സി ബി കത്തിച്ചതോ? ഭൂമാഫിയകള്‍ക്കെതിരെയും മണലൂറ്റുകാര്‍ക്കെതിരെയും നിലപാടെടുത്തതോ?സമൂഹത്തിന്റെ കാതലായ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാന്‍ ശ്രമിച്ചതോ?

ഇനി, എന്തായിരുന്നു ഇവരുടെ രഹസ്യരരേഖകള്‍. വ്യവസ്ഥാപിത മതങ്ങളുടെ മതാന്ധത ബാധിച്ച നേതാക്കള്‍ തങ്ങളുടെ പ്രസിദ്ധീകരണങ്ങളില്‍ പടച്ചുവിടുന്നത്ര വിഷം ഏതെങ്കിലും വിപ്ലവരാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ലഘുലേഖയിലുണ്ടാകുമോ?

അപ്പോള്‍ പ്രശ്‌നം അടിസ്ഥാന വിഷയങ്ങള്‍ക്കു പരിഹാരമുണ്ടാക്കുവാനുള്ള ഭരണകൂടങ്ങളുടെ ആത്മാര്‍ത്ഥതയില്ലായ്മയാണ്.

പ്രത്യയശാസ്ത്രബോധമില്ലാത്ത രാഷ്ട്രീയ നേതൃത്വം സൃഷ്ടിച്ചെടുക്കുന്ന ചൂഷണത്തിലധിഷ്ഠിതമായ പണലാഭം മാത്രം ലക്ഷ്യമാക്കുന്ന കോര്‍പ്പറേറ്റ്‌വത്കരണമാണ്.

അതിനെതിരെ ഭാഗികമായി ജനങ്ങളെയും സമ്പത്തിനെയും സംഘടിപ്പിച്ച് വിലപേശല്‍ നടത്തുന്നതില്‍ അര്‍ത്ഥമില്ലെന്ന് തിരിച്ചറിഞ്ഞ് സ്വയം വഴി തെരഞ്ഞെടുത്തതോടെ ഇല്ലായ്മ ചെയ്യേണ്ട മാവോയിസ്റ്റുകളായി ഇവര്‍ മാറി.

ചെറുകിട രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്നുപോലും അകന്ന് ഭാഗവത സപ്താഹങ്ങളുടെയും, മതപ്രഭാഷണങ്ങളുടെയും നടത്തിപ്പുകാരായ ചെറുപ്പക്കാരാണ് നമുക്ക് ചുറ്റും. അതിവൈകാരികവും നിസ്വാര്‍ത്ഥവുമായ നിലപാടുകളെടുത്തിരുന്ന അറുപതുകളിലെയും എഴുപതുകളിലെയും യുവത്വത്തിന്റെ പിന്‍ഗാമികളായി എത്തിയവര്‍ 90 കള്‍ക്കുശേഷം സംഭവിച്ച ശിശുകേന്ദ്രീകൃത ഭവനങ്ങളിലെ സന്തതികളാണ് സുരക്ഷിത താവളങ്ങള്‍ തേടുന്നവര്‍. ജീവിക്കുന്നത് വിജയിക്കുവാനാണ് എന്നു തെറ്റിദ്ധരിച്ചവര്‍. ചരിത്രം വിജയികളുടെതു മാത്രമാണെന്ന് കരുതുന്നവര്‍. ചെയ്യുന്നതെന്തിനും എനിക്കെന്ത് നേട്ടം എന്നു ചിന്തിച്ചവര്‍. അവരുടെ മനസ്സില്‍ സമുദ്രക്കനിയുടെ മാവോയിസ്‌റ്റെങ്കിലും ജീവിച്ചിരുന്നെങ്കില്‍.

വെള്ളക്കുര്‍ത്തയ്ക്കു മുകളിലേക്ക് വീശിയെറിഞ്ഞ കടും ചുവപ്പ് ഷാളും, കട്ടിക്കണടയ്ക്കുള്ളിലെ തീക്ഷണമായ കണ്ണുകളും, കവിളു മുഴുവന്‍ പടരാത്ത താടിരോമങ്ങളുമുള്ള സഖാവ് അബ്ദുള്ള. മനുഷ്യസ്‌നേഹിയും ആതുരസേവകനുമായ ഒരു മാവോയിസ്റ്റ്. മോഹന്‍ലാല്‍ നായകനായിട്ടുകൂടി ആ സിനിമ കണ്ടിറങ്ങുന്നവരുടെ മനസില്‍ ഒരിടിമുഴക്കംപോലെ നിറയുന്നത് തീക്കൂനകള്‍ വെളിച്ചം പകരുന്ന ആ നക്‌സല്‍ ഗ്രാമത്തില്‍ നിന്നുയരുന്ന തെലുങ്ക് വിപ്ലവഗാനവും സഖാവ് അബ്ദുള്ളയുമാണ്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശ്വാസികളേ,..

ഇപ്പോള്‍ ചരിത്രം ആവര്‍ത്തിക്കുകയാണ്.

ആ മനുഷ്യനില്‍ കുറ്റമൊന്നും കാണാതിരുന്നിട്ടുകൂടി പീലാത്തോസ് കൈകഴുകി അവനെ പടയാളികള്‍ക്ക് വിട്ടുകൊടുത്തു.

ഇവര്‍ കുറ്റവാളികളല്ല. ഇവരുടെ കാഴ്ച്ചപ്പാടിലൂടെ സമൂഹത്തെ മാറ്റാന്‍ ശ്രമിക്കുന്നവരാണെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കി നമ്മുടെ കോടതിയും  രൂപേഷിനെയും കൂട്ടരെയും സൈന്യത്തിന് തന്നെ വിട്ടുകൊടുത്തു.

(യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍