UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗ്രാമങ്ങളിൽ എങ്ങനെ മതേതര വേദികൾ ഒരുക്കാം?

സായാഹ്നങ്ങളിൽ കുടുംബസമേതം പുറത്തിറങ്ങാൻ പ്രേരിപ്പിക്കുന്ന ഒന്നുമില്ല എന്ന ഒരു കുറ്റം ഗ്രാമീണ ജീവിതത്തിനു പൊതുവേ ചാർത്തപ്പെട്ട ഒന്നാണ്. ആണുങ്ങൾക്ക് പോകാൻ കവലകളും, കളിസ്ഥലങ്ങളും ഒക്കെ ഉള്ളപ്പോൾ, സ്ത്രീകൾക്കും കുട്ടികൾക്കും പോകാൻ മത ഇടങ്ങൾ മാത്രമാണ് ഉള്ളത്. ഈ അവസ്ഥയാണ് പലപ്പോഴും ടെലിവിഷൻ വഴി പകരുന്ന പിന്തിരിപ്പൻ കലാ രൂപങ്ങൾക്ക്‌ അടിമകളാകാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. പണ്ടൊക്കെ ഗ്രാമങ്ങളിൽ സജീവമായിരുന്ന കലാശാലകളും, സിനിമാ കൊട്ടകകളും പകര്‍ന്നു തന്നിരുന്ന ഉല്ലാസം ഇപ്പോൾ ഇല്ലെന്നു തന്നെ പറയാം.

എന്നാൽ നഗരങ്ങളിൽ സ്ഥിതി വ്യത്യസ്ഥമാണ്. അവിടെ ഷോപ്പിംഗ്‌ മാളുകൾ, പാർക്കുകളും സിനിമാശാലകളുമൊക്കെ മനുഷ്യരുടെ സമയം ചിലവഴിക്കാൻ വേദി ഒരുക്കുന്നു. ഇത്തരുണത്തിൽ, ഗ്രാമങ്ങളിൽ എങ്ങനെ മതേതര വേദികൾ ഒരുക്കാം, എന്നത് വളരെ ശ്രദ്ധ അർഹിക്കുന്ന ഒരു വിഷയമാണ്.

കുടുംബങ്ങൾക്ക് സമയം, അല്ലെങ്കില്‍ സായാഹ്നം ചിലവഴിക്കാൻ സ്ഥലങ്ങൾ ഒരുക്കുക എന്നത് വളരെ അത്യാവശ്യമായ കാര്യമാണ്. ഗ്രാമങ്ങളിൽ നഗര സംസ്കാരം ഇരച്ചു കയറുമ്പോൾ, ഒരു മതിലിനപ്പുറം പരസ്പരം അറിയാത്ത ജീവിതങ്ങളുടെ എണ്ണവും പെരുകുന്നു. ഈ പെരുകൽ ഒരു വലിയ സാമൂഹ്യ ദുരന്തമാണ്. ഇടപഴകുന്നതിനുവേണ്ടിയുള്ള വേദികളൊരുക്കാൻ ഏറ്റവും എളുപ്പം സാധിക്കുക ഇന്ന് നിലവിലുള്ള വായനശാല പ്രസ്ഥാനങ്ങൾക്കാണ്. കുറച്ചു സ്ഥലം കൂടി വാങ്ങിയോ, ഉള്ള സ്ഥലം പ്രയോജനപ്പെടുത്തിയോ കുട്ടികൾക്കും മുതിർന്നവർക്കും വേണ്ട ഒരു ചെറിയ പാർക്ക് നിർമിക്കുക. അവിടെ നടപ്പാതകൾ, ഊഞ്ഞാൽ, ഊർന്നിറങ്ങാൻ ഉള്ള സ്ലയിഡർ അങ്ങനെ ലളിതം എങ്കിലും അർഥ വത്തായ കുറച്ചു ഉപകരണങ്ങൾ സ്ഥാപിക്കുക, നല്ല വെളിച്ചം കൂടി കൊടുക്കുക, കുടുംബങ്ങൾക്ക് സായാഹ്നങ്ങൾ തുറന്നു കൊടുക്കുക. അതിനുള്ള സ്രോതസുകൾ തദ്ദേശഭരണ സ്ഥാപനങ്ങൾ വഴിയോ, റസിഡൻന്റ്സ്  അസോസിയേഷൻ വഴിയോ, സംഭാവന വഴിയോ കണ്ടെത്താൻ ശ്രമിക്കാവുന്നതാണ്.

മനുഷ്യർ തമ്മിൽ ഇടപഴകാനുള്ള സ്ഥലങ്ങൾ, സംസാരിക്കാനുള്ള, ചർച്ച ചെയ്യാനുള്ള സ്ഥലങ്ങൾ ഉണ്ടാവുന്നത് കൂടാതെ, അവിടെ ഇരുന്നു വായിക്കാനുള്ള അവസരം ഉണ്ടാവുന്നത് വായനയിലേക്കും കൂടുതൽ പേരെ ആകർഷിക്കും എന്നത് വലിയ പ്രത്യേകത ആണ്. അങ്ങനെ ശോഷിച്ചു വരുന്ന വായനക്കും, ദുർബലമായി വരുന്ന സാമൂഹ്യ ബന്ധങ്ങൾക്കും ഒരു ബദൽ മാർഗം തന്നെയാണ് വായനശാലയോട് ചേർന്ന് ഉയർത്തേണ്ട പാർക്കുകൾ. വിരസമായ സായാഹ്ന ജീവിതത്തിനു പകരം ഉല്ലാസം തരുന്ന ഒന്ന് നമുക്ക് ചേർന്ന് സൃഷ്ടിക്കാം.

 

അനൂപ് വര്‍ഗീസ് കുരിയപ്പുറം

അനൂപ് വര്‍ഗീസ് കുരിയപ്പുറം

സമകാലിക കേരളത്തിലെ വികസന പ്രശ്നങ്ങള്‍, ജനകീയ ഇടപെടലുകള്‍, ദൈനംദിന ജീവിതം തുടങ്ങിയ വിഷയങ്ങളെ പരാമര്‍ശിക്കുന്ന കോളം. ഐ.ടി മേഖലയില്‍ ഉദ്യോഗസ്ഥന്‍. വെബ്സൈറ്റുകള്‍, പത്രങ്ങള്‍, ആനുകാലികങ്ങള്‍ എന്നിവിടങ്ങളില്‍ എഴുതാറുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍