UPDATES

ട്രെന്‍ഡിങ്ങ്

സ്വീഡനും കൊറിയയ്ക്കും ജയിച്ചേ മതിയാകൂ

റാങ്കിങില്‍ 57-ാമതുള്ള ദക്ഷിണ കൊറിയയേക്കാള്‍ ഏറെ മുന്നിലാണ് 24-ാം സ്ഥാനക്കാരയ സ്വീഡന്‍

Avatar

അമീന്‍

എഫ് ഗ്രൂപ്പില്‍ ഇന്ന് സ്വീഡന്‍ ദക്ഷിണ കൊറിയയെ നേരിടുന്നു. നിലവിലെ ചാമ്പ്യന്‍മാരും ലോക റാങ്കിങില്‍ ഒന്നാംസ്ഥാനക്കാരുമായ ജര്‍മനിയെയും ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ അവരെ തോല്‍പിച്ച മെക്‌സിക്കോയെയുമാണ് തുടര്‍ന്നുള്ള മത്സരങ്ങളില്‍ സ്വീഡനും കൊറിയക്കും നേരിടേണ്ടത്. അതിനാല്‍ ഗ്രൂപ്പില്‍ നിന്നും മുന്നേറാനുള്ള സാധ്യതകള്‍ നിലനിര്‍ത്താന്‍ ആദ്യ മത്സരത്തിലെ ജയം ഇരു ടീമുകള്‍ക്കും അനിവാര്യമാണ്. അതുകൊണ്ടുതന്നെ ഏതു വിധേനയും ജയിക്കുക എന്ന ലക്ഷ്യത്തോടെയാകും യൂറോപ്യന്‍-ഏഷ്യന്‍ ശക്തികള്‍ തമ്മില്‍ ഏറ്റുമുട്ടുക.

റാങ്കിങില്‍ 57-ാമതുള്ള ദക്ഷിണ കൊറിയയേക്കാള്‍ ഏറെ മുന്നിലാണ് 24-ാം സ്ഥാനക്കാരയ സ്വീഡന്‍. ഇതുവരെ ദക്ഷിണ കൊറിയയോട് തോല്‍വിയറിഞ്ഞിട്ടുമില്ല അവര്‍. ഇരു ടീമുകളും ഇതിനു മുമ്പ് നാലു തവണ ഏറ്റുമുട്ടിയപ്പോള്‍ രണ്ടു വട്ടം ജയം സ്വീഡനൊപ്പമായിരുന്നു. രണ്ടെണ്ണം സമനിലയിലായി. അതേസമയം, ലോകകപ്പില്‍ ആദ്യമായാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുന്നത്.

2006ന് ശേഷം ആദ്യമായാണ് യോഗ്യത നേടുന്നതെങ്കിലും, നാലു തവണ ചാമ്പ്യന്‍മാരായിട്ടുള്ള ഇറ്റലിയെ തോല്‍പിച്ചാണ് സ്വീഡന്‍ പ്ലേ ഓഫില്‍ നിന്നും ലോകകപ്പിന് യോഗ്യത നേടിയത് എന്നതുതന്നെ അവരുടെ കരുത്ത് വിളിച്ചോതുന്നു. നെതര്‍ലന്‍ഡ്‌സ് ഉള്‍പ്പെടുന്ന യുവേഫ യോഗ്യതാ റൗണ്ട് ഗ്രൂപ്പ് എയില്‍ നിന്നും ഫ്രാന്‍സിന് പിന്നില്‍ രണ്ടാംസ്ഥാനക്കാരായാണ് സ്വീഡന്‍ പ്ലേ ഓഫിലെത്തിയതും.

സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചിന്റെ അസാന്നിധ്യമുണ്ടെങ്കിലും മികച്ച ടീം തന്നെയാണ് ജാന്‍ ആന്‍ഡേഴ്‌സന്റേത്. പ്രതിരോധമാണ് അവരുടെ കരുത്ത്. മിക്വല്‍ ലസ്റ്റിഗ്, ആന്ദ്രെസ് ഗ്രാന്‍ക്വിസ്റ്റ്, ലിന്‍ഡോഫ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന പ്രതിരോധ നിര ശക്തമാണ്. മധ്യനിരയില്‍ എമില്‍ ഫോസ്‌ബെര്‍ഗും പന്തെത്തിച്ചു കൊടുക്കാന്‍ മിടുക്കനാണ്. ഇബ്രാഹിമിവിച്ചിനോളം വരില്ലെങ്കിലും മുന്‍നിരയില്‍ മാര്‍കസ് ബെര്‍ഗിന്റെ സാന്നിധ്യമാണ് സ്വീഡന് ആശ്വാസമാകുന്നത്. യുഎഇ ക്ലബ്ബായ അല്‍ ഐനിന് വേണ്ടി കളിക്കുന്ന താരം യോഗ്യതാ റൗണ്ടില്‍ എട്ടു ഗോളുകള്‍ നേടിയിരുന്നു. എന്നാല്‍ ബെര്‍ഗിനെ കൊണ്ടു മാത്രം ടീമിനെ ജയിപ്പിക്കാനാകില്ല. സന്നാഹ മത്സരത്തില്‍ പെറുവിനോടും ഡെന്‍മാര്‍ക്കിനോടും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞത് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നു. യോഗ്യതാ റൗണ്ട് പ്ലേ ഓഫില്‍ ഇറ്റലിയോട് ഇരു പാദങ്ങളിലുമായി ഒരു ഗോള്‍ മാത്രം നേടിയാണ് അവര്‍ യോഗ്യത നേടിയത്.

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പിന് എത്തുന്ന സ്വീഡന് റണ്ണേഴ്‌സ് അപ്പായ ചരിത്രം വരെയുണ്ട്. 1958ല്‍ സ്വീഡനെ അവരുടെ മണ്ണില്‍ തോല്‍പിച്ചാണ് ബ്രസീല്‍ കപ്പു നേടിയത്. 1950, 1994 വര്‍ഷങ്ങളില്‍ മൂന്നാംസ്ഥാനം നേടാനും സ്വീഡനായി. എന്നാല്‍ 1994ന് ശേഷം രണ്ടുതവണ മാത്രമേ (2002, 2006) അവര്‍ക്ക് യോഗ്യത നേടാനായുള്ളൂ.

സാധ്യതാ ടീം: റോബിന്‍ ഒല്‍സന്‍; ലൂഡ്വിസ് ഓഗസ്റ്റിന്‍സന്‍, വിക്ടര്‍ ലിന്‍ഡോഫ്, മിക്വെയ്ല്‍ ലസ്റ്റിഗ്, ആന്ദ്രെസ് ഗ്രാന്‍ക്വിസ്റ്റ്; സെബാസ്റ്റ്യന്‍ ലാര്‍സന്‍, ആല്‍ബിന്‍ എക്ഡാല്‍, എമില്‍ ഫോഴ്‌സ്‌ബെര്‍ഗ്, വിക്ടര്‍ ക്ലാസന്‍; മാര്‍ക്കസ് ബെര്‍ഗ്, ലെ ടൊയ്വോനന്‍.

എന്നാല്‍, മറുവശത്ത് ദക്ഷിണ കൊറിയ തുടര്‍ച്ചയായി ഒന്‍പതാം തവണയാണ് ലോകകപ്പിന് യോഗ്യത നേടുന്നത്. 1986 മുതല്‍ ലോകകപ്പിലെ സ്ഥിര ഏഷ്യന്‍ സാന്നിധ്യമാണ് കൊറിയന്‍ ടീം. 2002ല്‍ ജപ്പാനോടൊപ്പം സഹആതിഥേയരായ ദക്ഷിണ കൊറിയ സെമി ഫൈനല്‍ വരെ എത്തുകയും ചെയ്തു. 1958ന് ശേഷം സ്വീഡന്‍ ഒരു ലോകകപ്പിലും ആദ്യ മത്സരത്തില്‍ ജയിച്ചിട്ടില്ല. ദക്ഷിണ കൊറിയയാകട്ടെ തങ്ങളുടെ കഴിഞ്ഞ ഒമ്പത് ലോകകപ്പ് മത്സരങ്ങളില്‍ ജയിച്ചത് 2010ലെ ആദ്യ മത്സരത്തില്‍ മാത്രവും.

സമീപകാല മത്സരങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ ദക്ഷിണ കൊറിയക്ക് ഏറെയൊന്നും പറയാനില്ല. ഏഷ്യന്‍ യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് എയില്‍ രണ്ടാംസ്ഥാനക്കാരായാണ് അവര്‍ ലോകകപ്പിന് യോഗ്യത നേടിയത്. പത്തു മത്സരങ്ങളില്‍ നാലു ജയം മാത്രം സമനില-3; തോല്‍വി-3. തുടര്‍ച്ചയായി ലോകകപ്പ് യോഗ്യത നേടുമ്പോഴും 2002ലെ സെമിയും 2010ലെ രണ്ടാം റൗണ്ടും മാത്രമേ ദക്ഷിണ കൊറിയക്ക് എടുത്തുപറയാനുള്ളൂ.

ഇത്തവണ കുറഞ്ഞത് രണ്ടാം റൗണ്ടാണ് ലക്ഷ്യമെങ്കിലും പരിശീലകന്‍ ഷിന്‍ ടെയൊങിന്റെ സമീപകാല പരീക്ഷണങ്ങളൊന്നും അത്ര ഫലവത്തായിരുന്നില്ല. മുന്‍നിരയില്‍ സണ്‍ ഹ്യൂങ്മിനിന്റെ മികവും മധ്യനിരയുടെ പിന്തുണയും കാര്യങ്ങള്‍ ഭദ്രമാക്കുമെങ്കിലും പ്രതിരോധത്തിലെ പാളിച്ചകളാണ് ദക്ഷിണ കൊറിയയെ പിന്നോട്ടടിക്കുന്നത്.

ടോട്ടനത്തിന്റെ ഹ്യൂങ് മിന്‍ സണ്‍ ആണ് കൊറിയന്‍ നിരയിലെ ശ്രദ്ധേയനായ താരം. മധ്യനിരയില്‍ മിന്‍ സണിന്റെ യൂറോപ്യന്‍ പരിചയം ടീമിന് മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷ. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണിലെ 37 മത്സരങ്ങളില്‍ 12 ഗോളുകളും ഏഴ് അസിസ്റ്റുകളുമാണ് താരത്തിന്റെ പേരിലുള്ളത്. എങ്കിലും, നിലവിലെ സാഹചര്യത്തില്‍ എഫ് ഗ്രൂപ്പില്‍ നിന്ന് നോക്കൗട്ടിലെത്താന്‍ സാധ്യത കുറഞ്ഞ ടീമാണ് ദക്ഷിണ കൊറിയ.

സാധ്യതാ ടീം: കിം സ്യുങ് ഗ്യൂ; ലീ യങ്, കിം യങ്വോണ്‍, ജാങ് ഹ്യുന്‍സൂ, പാര്‍ക് ?േജാഹോ; കി സങ് യങ്, ജങ് വൂയങ്; ഹ്വാങ് ഹീചാന്‍, ലീ ജാസങ്; ഹ്യൂങ് മിന്‍ സണ്‍, കിം ഷിന്‍വുക്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക

Avatar

അമീന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍