UPDATES

വിദേശം

റഷ്യ: ഇസ്ളാമിക തീവ്രവാദത്തിന്റെ പുതിയ പോര്‍മുഖം

Avatar

ലിയോണ്‍ ആരോണ്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

റഷ്യയുടെ സിറിയയിലുള്ള ഇടപെടല്‍ സൈനിക പ്രതിസന്ധിയെക്കാളേറെ പല അപായങ്ങളും അവര്‍ക്ക് വരുത്തിവയ്ക്കും. ഈ ഇടപെടല്‍ മുഴുവന്‍ രാജ്യത്തെതന്നെയും അസ്ഥിരമാക്കുന്ന ഒരു ആഭ്യന്തര ഭീഷണിയുടെ വളര്‍ച്ചയുടെ വേഗം കൂട്ടുന്നു. നാട്ടില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വെമ്പല്‍ കൊള്ളുന്ന പോരാളികള്‍ ഊര്‍ജം പകരുന്ന ഒരു പുതിയതരം തീവ്ര ഇസ്ലാമികത റഷ്യയില്‍ ഉയരുകയാണ്.

ഒരു ദശാബ്ദം മുമ്പുവരെ ഇത്തരമൊരു ഭീകരവാദ ശൃംഖലയുടെ സാധ്യതയും ആഴവും ചിന്തിക്കാനാവുമായിരുന്നില്ല. റഷ്യയില്‍ ആഭ്യന്തരമായി ഭീകരവാദ പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും അത് ഭൂരിഭാഗവും വടക്കന്‍ കോക്കസസ് പ്രദേശം കേന്ദ്രമാക്കിയ ചെചന്‍ പോരാളികള്‍ ചെയ്തവയായിരുന്നു. 2009-ല്‍ ചെച്നിയയില്‍ വിജയം നേടിയതായി മോസ്കോ പ്രഖ്യാപിച്ചപ്പോള്‍ തീവ്രവാദ സംഘര്‍ഷവും ഏറെക്കുറെ അവസാനിപ്പിച്ചതായി അവര്‍ പറഞ്ഞിരുന്നു.

പക്ഷേ തീവ്രവാദ ഇസ്ലാം അപ്രത്യക്ഷമായിരുന്നില്ല. വാസ്തവത്തില്‍,യാഥാസ്ഥിതിക ആശയങ്ങള്‍ ചെച്നിയയില്‍ നിന്നും മധ്യ റഷ്യയിലേക്കും വ്യാപിക്കുകയായിരുന്നു. രാജ്യത്തെ മുസ്ലീങ്ങളിലും മോസ്കോവിലെ മദ്ധ്യേഷ്യന്‍ കുടിയേറ്റക്കാരിലും കേള്‍വിക്കാരെ കണ്ടെത്തുന്ന പശ്ചിമേഷ്യയില്‍ പരിശീലനം നേടിയ റഷ്യന്‍ ഇമാമുമാരാണ് ഇതിന്റെ പ്രചാരകര്‍. യൂറോപ്പിലെ മറ്റിടങ്ങളിലെപ്പോലെ പടിഞ്ഞാറന്‍ കുരിശുയുദ്ധക്കര്‍ക്കെതിരെ വിദ്വേഷം വളര്‍ത്തുന്ന ഇന്‍റര്‍നെറ്റ് ദൃശ്യങ്ങളും സാമൂഹ്യ മാധ്യമ സന്ദേശങ്ങളും ഇവിടെയും പ്രചാരം നേടുന്നു.

റഷ്യ നേരിടുന്ന ശരിക്കുള്ള ഭീഷണിയാണിത്. തീവ്രവാദ ഇസ്ലാമിനെതിരായ യുദ്ധത്തിലെ പുതിയ പോര്‍മുഖമാവുകയാണ് റഷ്യ. ഒരുപക്ഷേ യൂറോപ്പിലെ ഏറ്റവും വലിയ മുസ്ലീം രാഷ്ട്രം ഒട്ടും സജ്ജരല്ലാത്ത ഒരു യുദ്ധം.

മുസ്ലീം തീവ്രവാദം റഷ്യയ്ക്ക് അന്യമൊന്നുമല്ല. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് ശേഷം ഇസ്ളാമിക മതമൌലികവാദത്തിന്റെ പിന്‍ബലത്തില്‍ ചെചന്‍ വിഘടനവാദം ഏറെ തീവ്രസ്വഭാവം ആര്‍ജിച്ചിരുന്നു.

മോസ്കോ വളരെ രൂക്ഷമായാണ് പ്രതികരിച്ചത്. 1999-ല്‍ അന്നത്തെ പുതിയ പ്രധാനമന്ത്രി വ്ലാഡിമിര്‍ പുടിന്‍ നടത്തിയ ചുട്ടുകരിക്കല്‍ സൈനിക നീക്കത്തില്‍ ചെചന്‍ തലസ്ഥാനമായ ഗ്രോസ്നി സ്റ്റാലിന്‍ഗ്രാഡിന്റെ അവശിഷ്ടങ്ങളെപ്പോലെ തോന്നിച്ചു. ചെചന്‍ പോരാളികള്‍ കണിശതയാര്‍ന്ന, അതിക്രൂരമായ ഭീകരാക്രമണങ്ങളിലൂടെ തിരിച്ചടിച്ചു. 2002-ല്‍ മോസ്കോ തിയ്യറ്ററിലും 2004-ല്‍ വടക്കന്‍ ഒസെഷ്യയിലെ ഒരു പ്രാഥമിക വിദ്യാലയത്തിലും നടത്തിയവപോലെ. പക്ഷേ ഇതൊന്നും മോസ്കോയെ പിറകോട്ടടിപ്പിച്ചില്ല. ഏതാണ്ട് ഒരു പതിറ്റാണ്ടു നീണ്ടുനിന്ന ക്രൂരമായ പോരാട്ടത്തിനൊടുവില്‍, പലപ്പോഴും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളോടെ, 2009-ല്‍ ക്രെംലിന്‍ ഭീകരവിരുദ്ധ ദൌത്യം അവസാനിപ്പിച്ചു.

അതിനുശേഷം വടക്കന്‍ കോക്കാസസില്‍ നിന്നുള്ള ഭീകരാക്രമണങ്ങള്‍ വളരെ കുറഞ്ഞു. പക്ഷേ അത് റഷ്യയിലെ മുസ്ലീം തീവ്രവാദികള്‍ തുടച്ചുനീക്കപ്പെട്ടതുകൊണ്ടായിരുന്നില്ല. ഇസ്ലാമിക തീവ്രവാദത്തിന്റെ ഗുരുത്വകേന്ദ്രം റഷ്യയുടെ ഹൃദയഭൂമിയിലേക്ക് മാറുകയായിരുന്നു.

ഇന്നിപ്പോള്‍ ഏതാണ്ട് 20 ദശലക്ഷത്തോളം മുസ്ലീങ്ങള്‍ (അസര്‍ബൈജാനില്‍ നിന്നും മദ്ധ്യേഷ്യയില്‍ നിന്നുമുള്ള 6.5 ദശലക്ഷം കുടിയേറ്റക്കാര്‍ ഉള്‍പ്പെടെ)റഷ്യയിലുണ്ട്. 2002-ല്‍ ഇത് 14.5 ദശലക്ഷമായിരുന്നു. ഇവരില്‍ ഭൂരിഭാഗം മനുഷ്യരും സമാധാനമായി ജീവിക്കുന്നവരാണെങ്കിലും ഒരു ചെറുവിഭാഗം സുന്നി ഇസ്ലാമിലെ അതിയാഥാസ്ഥിതിക വിഭാഗങ്ങളായ സലാഫിസവും വഹാബിസവും പിന്തുടരുന്നവരാണ്. റഷ്യന്‍ വംശജരായ പതിനായിരക്കണക്കിന് ഇമാമുമാര്‍ ഇത് പ്രചരിപ്പിക്കുകയും ചെയ്യുന്നു.

റഷ്യയിലെ ഏറ്റവും വലിയ മുസ്ലീം വംശീയ വിഭാഗങ്ങളുടെ (ഏതാണ്ട് 5 ദശലക്ഷം)കേന്ദ്രമായ മധ്യ റഷ്യയില്‍ ഇതിന്റെ സ്വാധീനം ഇപ്പോള്‍ത്തന്നെ പ്രകടമാണ്. വഹാബി ധാരയിലുള്ള ഇമാമുമാര്‍ ടാറ്റര്‍സ്ഥാനിലെ ആയിരത്തിലേറെ പള്ളികളില്‍ ഇപ്പോളുണ്ട്. 1999-ല്‍ ഇക്കൂട്ടത്തിലുണ്ടായിരുന്ന ഇരെക് ഹമീദുള്ളിന്‍ നിരവധി ടാറ്റര്‍ കുടുംബങ്ങളെ അഫ്ഗാനിസ്ഥാനിലേക്ക് കൊണ്ടുപോയി. അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും റഷ്യന്‍ സേനക്ക് നേരെ ആക്രമണം നടത്തിയ, ഒസാമ ബിന്‍ ലാദന്റെ നേരിട്ടുള്ള പങ്കാളിത്തമുണ്ടായിരുന്ന ഒരു അല്‍-ക്വെയ്ദ വിഭാഗമായ ഉയ്ഗൂര്‍-ബുല്‍ഗാര്‍ ജമാഅത്ത് ആരംഭിച്ചത് ഈ സംഘമാണ്.

അതിവേഗത്തില്‍ യു ജെ ബി തങ്ങളുടെ തന്ത്രങ്ങള്‍ മാറ്റി. അല്‍-ക്വെയ്ദയുടെ പിന്തുണയോടെ റഷ്യയിലെമ്പാടും ശൃംഖലകളുണ്ടാക്കാന്‍ ശ്രമം തുടങ്ങി. 2006-ല്‍ സ്വയംഭരണ റിപ്പബ്ലിക്കായ ബഷ്കോര്‍തോസ്ഥാനില്‍ അത്തരമൊന്നു സ്ഥാപിച്ചു. മേഖലയിലെ നിര്‍ണായക അടിസ്ഥാനസൌകാര്യങ്ങള്ക്കും നിയമ സംവിധാനത്തിനുമെതിരെ ആക്രമണം നടത്തലായിരുന്നു അതിന്റെ ലക്ഷ്യം. ഇതിന്റെ നേതാവ് മതം മാറിയ റഷ്യക്കാരന്‍ 36 വയസുള്ള പവേല്‍ ദോറോകോവിനെ റഷ്യന്‍ പ്രത്യേക സേന 2008 ആഗസ്തില്‍ വധിച്ചു. ഇയാള്‍ക്ക് താലിബാനില്‍ നിന്നും അല്‍-ക്വെയ്ദയില്‍ നിന്നും പരിശീലനം ലഭിച്ചിരുന്നു. തുടര്‍ന്ന് 9 യു ജെ ബി അംഗങ്ങളെയും പിടികൂടി.

എന്നാല്‍ യു ജെ ബിയുടെ ആക്രമണത്വര അവിടെ അവസാനിച്ചില്ല. ജൂലായ് 2012-ല്‍ ടാറ്റര്‍സ്ഥാനിലെ സലാഫി,വഹാബി ധാരക്കെതിരായിരുന്ന, തീവ്രവാദ ഇസ്ലാമിന്റെ പ്രചാരകരായ ഇമാമുമാരെയും മുഫ്തികളെയും പിരിച്ചുവിട്ട മിതവാദികളായ പ്രധാന മുഫ്തിയെയും അയാളുടെ തൊട്ട് താഴെയുള്ള സഹായിയെയും ഭീകരവാദികള്‍ ആക്രമിച്ചു.  സഹായിയെ വെടിവെച്ചപ്പോള്‍, പ്രധാന മുഫ്തിക്കെതിരെ കാര്‍ ബോംബാക്രമണമായിരുന്നു നടത്തിയത്. അന്ന് വൈകീട്ട് നഗരത്തിലൂടെ ആഗോള ജിഹാദികളുടെ കറുപ്പും വെളുപ്പും പതാകകളുമായി ഒരു വാഹനജാഥയും നടന്നു. ടാറ്റര്‍സ്ഥാനില്‍ നവംബര്‍ 2013-ല്‍ ഒരു എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ നടന്ന റോക്കറ്റ് ആക്രമണത്തിന്  പിറകിലും യു ജെ ബി ആണെന്ന് കരുതുന്നു.

മെയ് 2013-ല്‍ മറ്റൊരു സംഘം തീവ്രവാദി മുസ്ലീങ്ങളെ ഭീകരവിരുദ്ധ സേന മോസ്കോവിന് പുറത്തുള്ള ഒരു കെട്ടിടത്തില്‍ നിന്നും പിടികൂടി. റഷ്യയിലെ രണ്ടാമത്തെ വലിയ മുസ്ലീം വംശീയ വിഭാഗം ബഷ്കീര്‍സില്‍ പ്പെട്ടവരായിരുന്നു അവര്‍. വടക്കന്‍ കോക്കാസസില്‍ നിന്നുമല്ലാതെ മോസ്കോവില്‍ ഒരു മുസ്ലീം ഭീകരപ്രവര്‍ത്തനം ആസൂത്രണം ചെയ്യപ്പെടുന്നത് അതാദ്യമായിരുന്നു.

ടാറ്റാറുകള്‍ ആഗോള ജിഹാദില്‍ പങ്കുചേര്‍ന്നിരിക്കുന്നു. ഗ്വാണ്ടനാമോ ബേയിലുള്ള 9 റഷ്യക്കാരില്‍ 6 പേരും ടാറ്റാറുകളാണ്. യു.എസ് കോടതി വിചാരണ ചെയ്ത ആദ്യത്തെ താലിബാന്‍ ഉദ്യോഗസ്ഥന്‍ ഹമീദുല്ലീന്‍ ടാറ്റര്‍സ്ഥാനിലെ ഏറ്റവും തീവ്രവാദ സ്വഭാവമുള്ള, മേഖലയിലെ സലാഫിസത്തിന്റെ കേന്ദ്രമായ നബെര്‍ഷ്ന്യേ ചെല്‍ന്യേ നഗരത്തില്‍ നിന്നുമായിരുന്നു.

മറ്റ് ഘടകങ്ങളും ഇതിനൊപ്പം ചേരുന്നുണ്ട്. റഷ്യയില്‍ ദശലക്ഷക്കണക്കിന് അന്യനാട്ടുകാരായ ജോലിക്കാരുണ്ട്. ഇവരില്‍ ഭൂരിഭാഗവും മുസ്ലീം സ്വാധീനമേഖലകളായ മദ്ധ്യേഷ്യയില്‍ നിന്നാണ്. 2.5 മുതല്‍ 5 ദശലക്ഷം വരെ ഉസ്ബെക്കുകള്‍, 1 ദശലക്ഷം താജിക്കുകള്‍, 1 ദശലക്ഷം കിര്‍ഗീസുകള്‍ എന്നിവര്‍ ഇപ്പോള്‍ റഷ്യയിലുണ്ട്. 2002-ല്‍ കുടിയേറ്റക്കാര്‍ 3,60,000 ആയിരുന്നിടത്താണ് ഈ നില. മോസ്കോവില്‍ മാത്രമായി ഏതാണ്ട് 1.5- 2 ദശലക്ഷം മുസ്ലീങ്ങള്‍ ഉണ്ടെന്നാണ് കണക്കുകള്‍. മോസ്കോ യൂറോപ്പിലെ ഏറ്റവും വലിയ മുസ്ലീം നഗരമായിരിക്കുന്നു.

ഈ മനുഷ്യര്‍ അരികുപറ്റി നിഴലുകളായി കഴിയുന്നവരാണ്, മിക്കവര്‍ക്കും ജോലിക്കുള്ള അനുമതിപത്രവുമില്ല. സാംസ്കാരികമായും വംശീയമായും പ്രാന്തവത്കരിക്കപ്പെട്ടവര്‍. പലപ്പോഴും അധിക്ഷേപങ്ങള്‍ക്കും, ഭീഷണിപ്പെടുത്തിയുള്ള പണം പിടുങ്ങലിനും ചിലപ്പോള്‍ വംശീയാതിക്രമങ്ങള്‍ക്കും ഇരകളാകുന്നവര്‍. അടുത്തിടെ നടത്തിയൊരു അഭിപ്രായ സര്‍വേയീല്‍ കാണിക്കുന്നത് 40% റഷ്യക്കാര്‍ക്കും ഇസ്ലാമിനെക്കുറിച്ച് മോശം അഭിപ്രായമാണെന്നാണ്.

ഈ സാഹചര്യത്തില്‍ പലരും അവരുടെ മുത്തച്ഛന്‍മാരുടെ വിശ്വാസത്തിലാണ് ആത്മാഭിമാനം കണ്ടെത്തുന്നത്. അതിന്റെ ഫലമായി ദുഷാന്‍ബെയിലോ, ബിഷ്കെകിലോ, താഷ്കെന്‍റിലോ അടുത്തുള്ള പള്ളിയിലേക്കുള്ള വഴി അറിയുക പോലുമില്ലാതിരുന്ന പല താജിക്കുകളും, കീര്‍ഗീസുകളും ഉസ്ബെക്കുകളും മോസ്കോവില്‍ അതിഭക്തരായ മുസ്ലീങ്ങളായിരിക്കുന്നു. ചിലരെങ്കിലും തീവ്രവാദി പുരോഹിതരുടെ സ്വാധീനത്തിലുമാണ്.

അന്താരാഷ്ട്ര ഭീകരവാദ സംഘങ്ങള്‍ ഈ സാഹചര്യം മുതലെടുക്കുന്നുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ആളുകളെ എടുക്കുന്ന ഏതാണ്ട് 300-500 പേര്‍ മോസ്കോവിലുണ്ട്. ഭൂരിഭാഗവും റഷ്യന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള റഷ്യന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ടനുസരിച്ച് മദ്ധ്യേഷ്യയിലെ ഇസ്ലാമിക് സ്റ്റേറ്റ് പോരാളികളില്‍ പലരും റഷ്യയിലെ കെട്ടിട നിര്‍മ്മാണ മേഖലയിലാണ് തൊഴിലെടുക്കുന്നത്. അവരില്‍ 300-ലേറെ ഉസ്ബെക് വംശജരുണ്ട്. മോസ്കോ വാസത്തിനിടക്കാന് ഇസ്ലാമിക് സ്റ്റേറ്റീനൊപ്പം പോരാടുന്ന താജിക്കുകളുടെ നേതാവ് നുസ്രത്ത് നസറോവ് തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. (സിറിയയില്‍ തന്റെ കീഴില്‍ 2000 താജിക് വംശജര്‍ ഉണ്ടെന്ന് അയാള്‍ അവകാശപ്പെട്ടിരുന്നു. താജിക് ആഭ്യന്തര മന്ത്രാലയം ജൂണില്‍ നല്കിയ കണക്കില്‍ സിറിയയില്‍ 500 താജിക് പോരാളികളുണ്ട്) ഈ ഒഴുക്ക് തടയാന്‍ അധികൃതരുടെ പക്കല്‍ മാര്‍ഗങ്ങളില്ലെന്ന് റഷ്യയുടെ സുരക്ഷാ സമിതി സെക്രട്ടറി നിക്കോളായ് പട്രൂഷെവ് സമ്മതിച്ചിരുന്നു.

റഷ്യയിലും പഴയ സോവിയറ്റ് യൂണിയന്‍ റിപ്പബ്ലിക്കുകളില്‍ നിന്നുമായി ഏതാണ്ട് 5000 പേര്‍ ഇസ്ലാമിക് സ്റ്റേറ്റിനൊപ്പം പോരാടുന്നു എന്നാണ് റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക്. (സ്വതന്ത്ര നിരീക്ഷകര്‍ പറയുന്നതു ഇത് 7000-ത്തോളം വരുമെന്നാണ്). ഇന്നിപ്പോള്‍ അറബികും  ഇംഗ്ലീഷും കഴിഞ്ഞാല്‍ റഷ്യനാണ് ഇസ്ലാമിക് സ്റ്റേറ്റിലെ പ്രധാന ഭാഷ. സിറിയയിലെ ദാറയ്യയില്‍ കണ്ട റഷ്യന്‍ ഭാഷയിലെ ഒരു ചുവരെഴുത്ത് ഇങ്ങനെയാണ് : “ഇന്ന് സിറിയ, നാളെ റഷ്യ! ചെചന്‍കാരെ , ടാറ്റാറുകളെ ഉണര്‍ന്നെണീക്കുക! പുടിന്‍, നിങ്ങളുടെ കൊട്ടാരത്തില്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കും!”

റഷ്യന്‍ അധികൃതര്‍ അപകടം തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിനൊപ്പം പോരാടിയ പല റഷ്യക്കാരും മടങ്ങിവരുന്നത് നേരിട്ടുള്ള ഭീഷണിയാണെന്ന് പുടിന്റെ സായുധ സേന തലവന്‍ സെര്‍ഗൈ ഇവാനോവ് പറഞ്ഞു. “സിറിയയില്‍ ‘ചോര നുണഞ്ഞ’പോരാളികള്‍ റഷ്യയില്‍ മടങ്ങിയെത്തിയും അവരുടെ കുടിലതകള്‍ തുടരും” എന്നു കഴിഞ്ഞ സെപ്തംബറില്‍ യു എന്‍ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തില്‍ പുടിന്‍ പറഞ്ഞു.

പക്ഷേ റഷ്യയുടെ സുരക്ഷാ വിഭാഗങ്ങള്‍ ജനസംഖ്യ കുറഞ്ഞ ഏറെയും ഗ്രാമങ്ങള്‍ നിറഞ്ഞ വടക്കന്‍ കോക്കസസിലെ ഭീകരവാദ വിരുദ്ധ ദൌത്യങ്ങള്‍ ശീലിച്ചവരാണ്. ഇസ്ലാമിക് സ്റ്റേറ്റിന്റെ കടന്നുവരവിനെയും, ടാറ്ററുകളും ബഷ്കീറുകളും വലിയ നഗരങ്ങളിലെ മദ്ധ്യേഷ്യക്കാരും തീവ്രവാദത്തിലേക്ക് പോകുന്നതിനെയും നേരിടാന്‍ അവര്‍ സജ്ജരല്ല. പുതിയ ജിഹാദ് ഭൂമിശാസ്ത്രപരമായി വിശാലവും (കിഴക്കന്‍ സൈബീരിയയില്‍ നിന്നുവരെ തീവ്രവാദികളെ പിടികൂടിയതായാണ് റിപ്പോര്‍ട്ടുകള്‍)കൂടുതല്‍ നഗരവത്കൃതവുമാണ്. ഇതിന്റെ ഫലമായി സംഘടിപ്പിക്കാനും ഒളിക്കാനും ഭീകരവാദി ശൃംഖലകള്‍ക്ക് കൂടുതല്‍ എളുപ്പമാണ്.

സിറിയയിലെ സുന്നികള്‍ക്കെതിരെ ആക്രമണത്തിനിറങ്ങിയ പുടിന്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി. റഷ്യയിലെ മുസ്ലീങ്ങളില്‍ ഭൂരിഭാഗവും സുന്നികളാണ്. ഇതിനകം സിറിയയിലെ സൈനിക ഇടപെടലിന്റെ പേരില്‍ റഷ്യക്കെതിരെ ജിഹാദിന് 55 സൌദി വഹാബി പുരോഹിതര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. റഷ്യക്കെതിരെ ആക്രമണഭീഷണിയുമായി ഇസ്ലാമിക് സ്റ്റേറ്റ് ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. “അടുത്തുതന്നെ, വളരെയടുത്ത്, ചോര കടല്‍ പോലെയൊഴുകും,” ദൃശ്യത്തില്‍ ഒരാള്‍ റഷ്യനില്‍ പറയുന്നു. 

കടുത്ത ആശങ്കയോടെ കാണേണ്ട സംഗതികളാണിവ. ഒരു റഷ്യന്‍ ജിഹാദിനുള്ള സാധ്യതകള്‍ ഇപ്പോള്‍ കൂടുതല്‍ വ്യക്തവും പ്രകടവുമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍