UPDATES

വിദേശം

റഷ്യ യുദ്ധക്കുറ്റവാളി; വിചാരണ ചെയ്യണം

Avatar

പൌല ജെ ഡോബ്രിയാന്‍സ്കി
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഉക്രെയിന്‍ പ്രതിസന്ധിക്കുള്ള ഒരു സ്ഥായിയായ പരിഹാരം ഇപ്പൊഴും അകലെയാണ്. മിന്‍സ്ക് സമാധാന ചര്‍ച്ചകള്‍ക്കൊടുവില്‍ തീരുമാനമായ വെടിനിര്‍ത്തല്‍ നീണ്ടുനില്‍ക്കുകയാണെങ്കില്‍ക്കൂടി റഷ്യ ഉക്രെയിനില്‍ പാതിയുദ്ധം നടത്തിയെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ കരുതുന്നു.  മോസ്കോ അല്പം മുന്‍കരുതലോടെയാണ് കാര്യങ്ങള്‍ നടത്തിയിരുന്നത്. രഹസ്യാന്വേഷകരും സാധാരണ വേഷത്തിലുള്ള പ്രത്യേക സേനയും ആയിരുന്നു രംഗത്ത്. പക്ഷേ കഴിഞ്ഞ കുറച്ചു മാസങ്ങളായി ആയുധങ്ങളും വെടിക്കോപ്പുകളുമായി ശരിക്കുള്ള സൈനികര്‍ തന്നെ വിന്യസിക്കപ്പെട്ടു. ഉക്രെയിനിലെ റഷ്യയുടെ നടപടികള്‍ യൂറോപ്പിന്റെ ഭദ്രതയെ അപകടപ്പെടുത്തുന്നെന്നും, നിരവധി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഏകാഭിപ്രായമുണ്ട്.

നിര്‍ഭാഗ്യവശാല്‍ മോസ്കോയെ ഭാവി ദുഷ് പ്രവര്‍ത്തികളില്‍ നിന്നും തടയുന്ന കര്‍ശനമായ നടപടികള്‍ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും ഉണ്ടാകുന്നില്ല. അന്താരാഷ്ട്ര മനുഷ്യകാരുണ്യ നിയമങ്ങള്‍ ലംഘിക്കുന്ന-പ്രത്യേകിച്ചും സായുധ ഏറ്റുമുട്ടലുകളുടെ നിയമം- റഷ്യയുടെ നടപടിയാണ് ഏറ്റവും കൂടുതലായി എതിര്‍ക്കപ്പെടേണ്ടത്. അതിനെതിരായ നടപടികള്‍ നയതന്ത്ര, സാമ്പത്തിക നിയന്ത്രണങ്ങളിലൂടെ മാത്രമല്ല, ഹേഗിലെ അന്താരാഷ്ട്ര കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതിയിലെ അന്വേഷണവും കുറ്റവിചാരണയുമായി വരേണ്ടതുണ്ട്.

ക്രിമിയയെ കൂട്ടിചേര്‍ത്ത മോസ്കോയുടെ നടപടിയും, കിഴക്കന്‍ ഉക്രെയിനിലേക്കുള്ള കടന്നുകയറ്റവും, യു എന്‍ ചാര്‍ട്ടറിന്റെയും മറ്റ് നിരവധി യൂറോപ്യന്‍ ഉടമ്പടികളുടെയും നഗ്നമായ ലംഘനമാണ്. എന്നാല്‍ നിലവില്‍ ഇത്തരം കടന്നുകയറ്റങള്‍ക്കെതിരെ കുറ്റവിചാരണ നടത്താന്‍ ഐ സി സിക്ക് അധികാരമില്ല. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും ചില തരത്തിലുള്ള യുദ്ധക്കുറ്റങ്ങളും, 1949-ലെ ജനീവ ഉടമ്പടിയുടെ ലംഘനം പോലുള്ളവ, അന്വേഷിക്കാനും വിചാരണ നടത്താനും അതിനു അധികാരമുണ്ട്.

റഷ്യന്‍ സൈനികരും, റഷ്യന്‍ നിയന്ത്രണത്തിലുള്ള വിഘടനവാദികളും എണ്ണമറ്റ യുദ്ധക്കുറ്റങ്ങള്‍ നടത്തി എന്നതില്‍ സംശയമില്ല. ജൂലൈ 17-നു മലേഷ്യ എയര്‍ലൈന്‍സ് യാത്രാവിമാനം തകര്‍ത്തതും, മരിയോപോള്‍ അങ്ങാടിക്കു നേരെ നടത്തിയ മിസൈല്‍ ആക്രമണവും ഇതില്‍ എടുത്തു പറയേണ്ടതാണ്. സൈനിക ലക്ഷ്യങ്ങളല്ലാത്ത ഈ ആക്രമണങ്ങളില്‍ നൂറുകണക്കിന് സാധാരണക്കാര്‍ കൊല്ലപ്പെട്ടു. എങ്ങനെ വ്യാഖ്യാനിച്ചാലും റഷ്യന്‍ സേനയുടെ തലവനായ റഷ്യന്‍ പ്രസിഡണ്ട് വ്ലാഡിമിര്‍ പുടിന്‍ സൈനിക നേതൃനിരയും ജനീവ ഉടമ്പടിയുടെ ലംഘനത്തിന് വിചാരണ ചെയ്യപ്പെടണം.

ഐ സി സി നടത്തിയ മറ്റ് പല അന്വേഷണങ്ങളില്‍ നിന്നും വിഭിന്നമായി ഉക്രെയിനു മേലുള്ള ഐ സി സി അധികാരപരിധി വളരെ വ്യക്തമാണ്. ഐ സി സി സ്ഥാപിക്കാന്‍ കാരണമായ റോം ഉടമ്പടിയില്‍ ഉക്രെയിന്‍ ഒപ്പുവെച്ചിട്ടുണ്ട്. എന്നാല്‍ ഇത് രാജ്യത്തിന്റെ ഭരണഘടനക്ക് വിരുദ്ധമാണെന്ന് അവിടുത്തെ ഭരണഘടനാ കോടതി വിധിച്ചു. റഷ്യയും റോം ഉടമ്പടിയില്‍ ഒപ്പുവെച്ചെങ്കിലും ഇതുവരെ അംഗീകരിച്ചിട്ടില്ല.

ഐ സി സി അംഗമല്ലെങ്കിലും മുന്‍ പ്രസിഡണ്ട് വിക്ടര്‍ യാനുകോവിച്ചിന്റെ കാലത്തെ, പ്രത്യേകിച്ചും 2013 നവംബര്‍ 21 മുതല്‍ ഫെബ്രുവരി 2 വരെ, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ ഉക്രെയിന്‍ അനുവാദം കൊടുത്തിട്ടുണ്ട്. ക്രിമിയയെ കൂട്ടിചേര്‍ത്ത നടപടിയും കിഴക്കന്‍ ഉക്രെയിനിലെ അധിനിവേശവുമെല്ലാം അതിനുശേഷം നടന്നതാണെങ്കിലും ഉക്രെയിനിലെ റഷ്യന്‍ സേനയുടെ നടപടികള്‍ കൂടി ഐ സി സിയുടെ അന്വേഷണത്തിന് വിടുന്നതിന് ഉക്രെയിന്‍ സര്‍ക്കാരിന് മുന്നില്‍ തടസങ്ങളൊന്നുമില്ല. ഇതിനെ നിലവിലെ ഐ സി സി അംഗങ്ങളായ രാഷ്ട്രങ്ങള്‍ പിന്തുണച്ചാല്‍ അതിനു നിയമപരവും പ്രതീകാത്മകവുമായ മൂല്യം ലഭിക്കും.

അന്വേഷണത്തിന്റെയും വിചാരണയുടെയും സാധ്യതകള്‍ വിപുലീകരിക്കാന്‍ ഐ സി സി ആവശ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്ര പരമാധികാരത്തിന്റെ പല മാനദണ്ഡങ്ങളും പാലിക്കാതിരുന്നിട്ടുകൂടി കോടതിയില്‍ അംഗമാവാനുള്ള പലസ്തീന്‍റെ അപേക്ഷ ഐ സി സി സ്വീകരിച്ചു. ഗാസയിലെ ഇസ്രയേല്‍ അതിക്രമങ്ങള്‍ അന്വേഷിക്കാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്ന നിലപാട് അതിനു മുമ്പ് ഐ സി സി എടുത്തിരുന്നു. ഇവ നിയമപരമായ തര്‍ക്കങ്ങള്‍ക്കിടവരുത്തുന്നതും ഐ സി സിയെ പശ്ചിമേഷ്യന്‍ തര്‍ക്കത്തിലേക്ക് വലിച്ചിടുന്നതുമാണ്. ഈ രണ്ടു തീരുമാനങ്ങളും നീതിബോധത്തിനും രാഷ്ട്രീയ മുന്‍വിധി കൂടാതെയുള്ള പ്രവര്‍ത്തനത്തിനും നിരക്കുന്നതല്ല.

അതുകൊണ്ടുതന്നെ മോസ്കോയുടെ യുദ്ധക്കുറ്റങ്ങള്‍തിരെ നടപടിയെടുക്കുന്നതില്‍ കോടതി കാണിക്കുന്ന വിമുഖത അതിന്റെ വിശ്വാസ്യതയെയാണ് ബാധിക്കുന്നത്. യുദ്ധക്കുറ്റവാളികളെ രക്ഷപ്പെടാന്‍ അനുവദിക്കരുത് എന്ന ലക്ഷ്യത്തോടെയാണ് ഈ കോടതി രൂപം കൊണ്ടത് എന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ പ്രത്യേകിച്ചും.  യൂറോപ്പ്യന്‍ രാഷ്ട്രങ്ങള്‍ക്കും റോം ഉടമ്പടി നടപ്പിലാക്കാന്‍ മുന്‍കയ്യെടുത്ത അന്താരാഷ്ട്ര റെഡ്ക്രോസ് അടക്കമുള്ള സര്‍ക്കാരേതര മനുഷ്യകാരുണ്യ സംഘടനകള്‍ക്കും ഐ സി സിയുടെ ഈ നിഷ്ക്രിയത്വത്തില്‍ ആശങ്കയുണ്ടാകും.

റഷ്യക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ അത് ഇനിയും അന്താരാഷ്ട്ര നിയമലംഘനത്തിന് മോസ്കോയ്ക്ക് ധൈര്യം നല്കും. പ്രായോഗികമായ നിയമബോധം നടപടി തിരുത്താനാണ് പ്രേരിപ്പിക്കേണ്ടത്. അന്താരാഷ്ട്ര കാര്യങ്ങളില്‍ ഇത് അപൂര്‍വമായൊരു അവസരമാണ്. റഷ്യയുടെ അതിക്രമം എങ്ങനെ തടയാം എന്നു യൂറോപ്പിലെ നേതാക്കള്‍ ആലോചിക്കുമ്പോള്‍ റഷ്യയുടെ യൂദ്ധകുറ്റങ്ങളെ കുറിച്ചുള്ള ഐ സി സി അന്വേഷണം അവരുടെ അജണ്ടയില്‍ ആദ്യമുണ്ടാകണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍