UPDATES

വിദേശം

ലോകം റഷ്യയെ വെറുക്കുന്നു, റഷ്യ തിരിച്ചും

Avatar

ലിയോനിഡ് ബെര്‍ഷിട്സ്കി
(ബ്ലൂംബര്‍ഗ്)

റഷ്യയ്ക്ക് പുറത്ത് പ്രസിഡണ്ട് വ്ലാഡിമിര്‍ പുടിന്റെ പ്രചാരണ തന്ത്രങ്ങള്‍ ഫലിക്കുന്നുണ്ടാവില്ല. പക്ഷേ റഷ്യക്കാരെ ലക്ഷ്യമിട്ടുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ശ്രമങ്ങളും അതേ ഗതിയിലാണ്.  പ്യൂ ഗവേഷണ കേന്ദ്രത്തിന്റെ ഒരു പുതിയ പഠനം അതെന്തുകൊണ്ടാണെന്ന് കാണിക്കുന്നു.

മാര്‍ച്ചിനും മേയ്ക്കുമിടയ്ക്ക് 40 രാജ്യങ്ങളില്‍ നിന്നുള്ള 45435 ആളുകളുടെ പ്രതികരണത്തില്‍ ഏതാണ്ടെല്ലായിടത്തും ആളുകള്‍ക്ക് റഷ്യയെ കുറിച്ച് മോശം അഭിപ്രായമാണ് ഉള്ളത്.

അമേരിക്കയുടെ വാലായി റഷ്യക്കാര്‍ കാണുന്ന യൂറോപ്യന്മാര്‍, അമേരിക്കക്കാരെക്കാളേറെ റഷ്യയെക്കുറിച്ച് മോശം അഭിപ്രായം ഉള്ളവരാണ്. അതിപ്പോള്‍ ഉക്രെയിന്‍ പ്രശ്നത്തോട് തൊട്ടുകിടക്കുന്ന പോളണ്ടുകാര്‍ മാത്രമല്ല, മുമ്പ് റഷ്യയോട് അടുപ്പം കാണിച്ചിരുന്ന ഫ്രഞ്ചുകാരും ജര്‍മ്മന്‍കാരും വരെ. പശ്ചിമേഷ്യയിലും ലാറ്റിനമേരിക്കയിലും റഷ്യയ്ക്ക് അധികം സുഹൃത്തുക്കളില്ല. പ്രസിഡണ്ട് ഏര്‍ഡോങ്ങാന്‍ പുടിനുമായി അടുപ്പം പുലര്‍ത്തുന്നുണ്ടെങ്കിലും തുര്‍ക്കിക്കാര്‍ക്ക് അത്ര പോര. തങ്ങളുടെ സര്‍ക്കാര്‍ അമേരിക്കന്‍ വിരുദ്ധരാണെങ്കിലും വെനുസ്വേലക്കാരും റഷ്യന്‍ ആരാധകരല്ല. തങ്ങളുടെ രാജ്യത്തെ അഭയാര്‍ത്ഥികളെക്കൊണ്ടു നിറച്ച ആഭ്യന്തര യുദ്ധത്തിലെ കക്ഷി സിറിയന്‍ പ്രസീഡന്‍റ്  ബഷര്‍ അല്‍ അസദിനെ പിന്തുണക്കുന്ന റഷ്യയെ ജോര്‍ദാന്‍ക്കാര്‍ ഇഷ്ടപ്പെടുന്നില്ല.

ആഫ്രിക്കയിലും ഏഷ്യയിലും റഷ്യ അത്ര താഴെപ്പോയിട്ടില്ല. പക്ഷേ അത് പഴയ സോവിയറ്റ് യൂണിയന്റെ ബലത്തിലാണ്. മറ്റിടങ്ങളില്‍ ക്രിമിയ അധിനിവേശത്തിന് മുമ്പുതന്നെ റഷ്യയുടെ പ്രതിച്ഛായ ഇടിഞ്ഞിരുന്നു. 2011-ല്‍ 49% അമേരിക്കക്കാര്‍ റഷ്യയെ നല്ല രീതിയില്‍ കണ്ടിരുന്നെങ്കില്‍ ഇപ്പോഴത് വെറും 22 ശതമാനമാണ്.

പൊതുജനാഭിപ്രായത്തിന്റെ കാര്യത്തില്‍ പുടിന്‍ തന്റെ രാജ്യത്തേക്കാള്‍ പിന്നിലാണ്. ആഫ്രിക്കയിലാണ് പുടിനില്‍ ഏറ്റവും ജനവിശ്വാസം-32%. ഏറ്റവും കുറവ് യൂറോപ്പിലും- 15%. നിഷേധാത്മക റേറ്റിംഗ് 75% വരെയെത്തി. ലോകത്തിന്റെ കണ്ണില്‍ പുടിന്‍ ഒരു തികഞ്ഞ വില്ലനാണ്. എല്ലായിടത്തും, പശ്ചിമേഷ്യയില്‍പ്പോലും അമേരിക്കന്‍ പ്രസിഡണ്ട് ഒബാമ പുടിനെക്കാള്‍ മുന്നിലാണ്.

ശീതസമര കാലത്തിനുശേഷം റഷ്യയുടെ പ്രചാരണ അഭ്യാസങ്ങള്‍ ഏറ്റവും കൂടിയ സമയമാണിതെന്നാണ്  ഫെബ്രുവരിയില്‍ വിദേശ കാര്യ സെക്രട്ടറി ജോണ്‍ കെറി പറഞ്ഞത്. അതിനെതിരെ ഒന്നുമില്ലാത്തതിനാല്‍ ആ ശ്രമങ്ങള്‍ വിജയിക്കുന്നു എന്നും അദ്ദേഹം സൂചിപ്പിച്ചു. RT ടെലിവിഷന്‍ വഴി ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ റഷ്യ പ്രതിവര്‍ഷം അര ബില്ല്യണ്‍ ഡോളറാണ് ചെലവിടുന്നത് എന്നും ആരോപണം ഉയര്‍ത്തുന്നുണ്ട്.

ഈ കണക്കിന്റെ പകുതിയെ വരൂ എന്നു റഷ്യ പറയുന്നുണ്ടെങ്കിലും റഷ്യ റ്റുഡെ ഇന്‍ഫര്‍മേഷന്‍ ഏജന്‍സിയും മറ്റുമായി ആദ്യം പറഞ്ഞ തുകയിലെത്തും. പ്യൂ സര്‍വെ ശരിയാണെങ്കില്‍ ആ കാശ് വെള്ളത്തിലായി എന്നു കരുതാം. പ്രചാരണ ശ്രമങ്ങള്‍ ഏറെ നടത്തുന്ന യൂറോപ്പിലും അമേരിക്കയിലുമാണ് ജനപിന്തുണ കുത്തനെ താഴ്ന്നത്. റഷ്യന്‍ സംസാരിക്കുന്ന ജനവിഭാഗങ്ങളുള്ള ജര്‍മ്മനിയും ഇസ്രായേലും പോലുള്ള സ്ഥലങ്ങളിലും ഈ തന്ത്രം ഫലിച്ചതായി സര്‍വെ ഫലം സൂചിപ്പിക്കുന്നില്ല.

ഈ കാശ് പുതിന്റെ മാധ്യമ സെക്രട്ടറി, ദിമിത്രി പെസ്കോവിന്, ആറ് ലക്ഷം ഡോളറിലേറെ വിലയുള്ള വാച്ച് വാങ്ങാന്‍ ചെലവാക്കിയ പോലെ ഉപയോഗിക്കാമായിരുന്നു.

പുടിന്റെ പ്രചാരണ തന്ത്രങ്ങള്‍ ഫലിക്കുന്നത് റഷ്യക്കകത്താണ്. മാധ്യമ സ്ഥാപനങ്ങളില്‍ വലിയ പിടിയും പുടിന്‍ പുലര്‍ത്തുന്നു. റഷ്യയിലെ മാധ്യമങ്ങള്‍ക്ക് ഈ വര്‍ഷത്തെ സര്‍ക്കാര്‍ ബജറ്റില്‍ നിന്നും 1.1 ബില്ല്യണ്‍ ഡോളറാണ് ലഭിക്കാന്‍ പോകുന്നത്. അതുകൊണ്ടാണ് നിരവധി റഷ്യക്കാര്‍, ഉക്രെയിനോ എന്തിന് യു എസോ ആണ് കിഴക്കന്‍ ഉക്രെയിനില്‍  കഴിഞ്ഞ വേനല്‍ക്കാലത്ത് മലേഷ്യയുടെ യാത്രാ വിമാനത്തെ വെടിവെച്ചിട്ടതെന്നും റഷ്യ ഒരു ആഗോള ഗൂഡാലോചനയെ നേരിടുകയാണെന്നും കരുതുന്നത്.

ഈ റഷ്യന്‍ പ്രചാരണത്തെ നേരിടാന്‍ യു എസും  യൂറോപ്പും എല്ലാം ശ്രമിക്കുന്നുണ്ട്. റഷ്യന്‍ വിദഗ്ധന്‍ പീറ്റര്‍ പൊമെരാന്‍റ്സേവ് ആവശ്യപ്പെടുന്നത് ഹൃദ്യങ്ങളുടെയും കൃഷ്ണമണികളുടെയും യുദ്ധത്തില്‍ പുടിനെതിരെ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാണ്. പ്രത്യേകിച്ചും ധാരാളം പേര്‍ മോസ്കോ ടി വി ചാനലുകള്‍ കാണുന്ന പഴയ സോവിയറ്റ് യൂണിയനില്‍. ഉയര്‍ന്ന നിലവാരമുള്ള പരിപാടികള്‍ ചെലവേറിയതാണെന്നും അദ്ദേഹം പറയുന്നുണ്ട്. “ ബി ബി സി റഷ്യ പോലൊരു ചാനലിന് പ്രതിവര്‍ഷം 20 ദശലക്ഷം യൂറോ വേണ്ടിവരും. ഇതധികമായി തോന്നാം- പക്ഷേ ഒരൊറ്റ യൂറോഫൈറ്റര്‍ യുദ്ധവിമാനത്തിന് 90 ദശലക്ഷം യൂറോയിലാധികം വരും.”

റേഡിയോ ലിബര്‍ടി പോലുള്ള വാര്‍ത്താ നിലയങ്ങള്‍ നടത്തുന്ന Broadcasting Board of Governors ഇപ്പോള്‍ത്തന്നെ റഷ്യന്‍ ഭാഷയിലെ പരിപാടികള്‍ക്കായി 23 ദശലക്ഷം ഡോളര്‍ ചെലവാക്കുന്നുണ്ട്. ആ നിക്ഷേപത്തിന് ഗുണമുണ്ടാകുമോ എന്നെനിക്ക് സംശയമുണ്ട്. RT പോലുള്ള ക്രെംലിന്‍ വാര്‍ത്താ നിലയങ്ങളെ അപേക്ഷിച്ച് പാശ്ചാത്യ ധനസഹായമുള്ള വാര്‍ത്താ പ്രചാരണം ദുര്‍ബ്ബലമാണ്. അത്തരമൊന്നാകട്ടെ ചെലവേറിയതുമാകും. 

അങ്ങനെ പണം ചെലവാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടെങ്കിലും പിന്നെയുമുണ്ട് പ്രശ്നങ്ങള്‍. പാശ്ചാത്യര്‍ക്ക് റഷ്യയെ കുറിച്ചുള്ളതിനെക്കാള്‍ മോശമായിരിക്കുന്നു റഷ്യക്കാര്‍ക്ക് പാശ്ചാത്യരെക്കുറിച്ചുള്ള മതിപ്പ്. 2013-ല്‍ 51% റഷ്യക്കാര്‍ യു എസിനെ നല്ല രീതിയില്‍ കണക്കാക്കിയിരുന്നു. ഇപ്പോഴത് വെറും 15 ശതമാനമാണ്. 2011-ല്‍ 78% റഷ്യക്കാര്‍ ജര്‍മ്മനിയെ മെച്ചമായി കണ്ടെങ്കില്‍ ഇപ്പോഴത് 35 ശതമാനത്തിലെത്തി.

ഈ അന്തരീക്ഷത്തില്‍ വാഷിംഗ്ടനും ബെര്‍ലിനുമൊക്കെ എങ്ങനെ കാശിറക്കിയാലും റഷ്യക്കാരുടെ അഭിപ്രായം പെട്ടന്നൊന്നും മാറാന്‍ പോകുന്നില്ല. അത് ശത്രുപക്ഷത്തിന്റെ ശ്രമങ്ങളായേ വ്യാഖ്യാനിക്കൂ.

പ്യൂവിന്റെ കണക്കുകള്‍ കാണിക്കുന്നത് പുടിന്‍ എത്ര വിദഗ്ദ്ധമായാണ് തന്റെ രാജ്യത്തെ ഒറ്റപ്പെടുത്തിയതെന്നും അതിനുള്ളില്‍ ഒരുതരം വലയം ചെയ്യപ്പെട്ട രാജ്യത്തിന്റെ മാനസികാവസ്ഥ സൃഷ്ടിച്ചതെന്നുമാണ്. വിദേശത്ത് തന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാന്‍ അയാള്‍ നടത്തിയ ശ്രമങ്ങളും ആത്യന്തികമായി ഇതിനെയാണ് ബലപ്പെടുത്തിയത്.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍