UPDATES

ട്രെന്‍ഡിങ്ങ്

ആഫ്രിക്കയുണ്ട്, സെമിഫൈനലിലും ഫൈനലിലും

റഷ്യൻ കാർണിവൽ അവസാന നാലിലേക്കു നീങ്ങുമ്പോ പ്രാതിനിധ്യം പൂർണമായും യൂറോപ്പിന് മാത്രം അവകാശപ്പെട്ടതാണ്. സെമി ഫൈനലിൽ മറ്റൊരു ഭൂഖണ്ഡത്തിന്റെ പ്രതിനിധീകരിച്ചും ടീമുകൾ ഇല്ല

നീണ്ട മുപ്പത്തിയാറ്‌ വർഷത്തിനുശേഷം ആഫ്രിക്കൻ രാജ്യങ്ങളുടെ സാന്നിധ്യമില്ലാത്തൊരു ലോകകപ്പ് നോക്കൗട്ട് റൗണ്ടിനാണ് റഷ്യ ഇത്തവണ സാക്ഷിയായത്. അഞ്ച് രാജ്യങ്ങൾ മാറ്റുരച്ച ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ അവസാന പ്രതീക്ഷ സെനഗലായിരുന്നു. ഗ്രൂപ്പ് എച്ചിലെ അവസാന മത്സരത്തിൽ അവർ കൊളംബിയയോട് തോറ്റതോടെ പട്ടിണിക്കും കലാപങ്ങൾക്കും രക്തച്ചൊരിച്ചിലുകൾക്കും ഫുട്ബോൾ മറുമരുന്നാക്കിയ, ഒരു കായികയിനം എന്നതിനപ്പുറം കാൽപ്പന്തു കളിയെ ജീവിതത്തിന്റെ ഭാഗമാക്കിയ ഒരു വൻകര ഒന്നാകെയാണ് പുറത്തായത്. ഇൗജിപ്ത്, മൊറോക്കോ, നൈജീരിയ, ടുണീഷ്യ എന്നിവയാണ് ഇക്കുറി ആഫ്രിക്കൻ വൻകരയെ പ്രതിനിധീകരിച്ച് റഷ്യയിലെത്തിയ മറ്റു ടീമുകൾ.

റഷ്യൻ കാർണിവൽ അവസാന നാലിലേക്കു നീങ്ങുമ്പോ പ്രാതിനിധ്യം പൂർണമായും യൂറോപ്പിന് മാത്രം അവകാശപ്പെട്ടതാണ്. സെമി ഫൈനലിൽ മറ്റൊരു ഭൂഖണ്ഡത്തിന്റെ പ്രതിനിധീകരിച്ചും ടീമുകൾ ഇല്ല. എന്നാൽ സെമി ഫൈനലിൽ കടന്ന ടീമുകളിൽ ആഫ്രിക്കക്കാർ ധാരാളം ഉണ്ട്. സെമിയിലെത്തിയ ഫ്രാൻസ് ടീമിൽ 14 പേർക്ക് ആഫ്രിക്കൻ പൗരത്വം ഉണ്ട്. ഫ്രഞ്ച് പടയുടെ കുന്തമുനകളായ എംബപ്പേയും, പ്രോഗ്ബയും ഈ ലിസ്റ്റിൽ ഉൾപ്പെടും.

ഫുട്ബോൾ ഇതിഹാസം സാക്ഷാൽ പെലെയുടെ അഭിനന്ദനം ഏറ്റുവാങ്ങിയ ഫ്രാൻസിന്റെ പുത്തൻ താരോദയം കിലിയൻ എംബപ്പേ റഷ്യൻ ലോകകപ്പിലെ ഏറ്റവും ശ്രദ്ധേയ താരങ്ങളിൽ ഒന്നാണ്. പ്രീ ക്വാർട്ടറിൽ ലാറ്റിൻ അമേരിക്കൻ ശക്തികളായ അർജന്റീനയ്ക്ക് എതിരായ 2 ഗോൾ നേട്ടത്തോടെ എംബപ്പേ പെലെയുടെ റെക്കോർഡിന് ഒപ്പമെത്തിയിരുന്നു. എംബാപ്പയുടെ മാസ്മരിക പ്രകടനം ആണ് അർജന്റീനക്കെതിരെ ഫ്രഞ്ച് പടയ്ക്കു വിജയം ഒരുക്കിയത്. പെലെക്ക് ശേഷം ലോകകപ്പിൽ ഒരു മത്സരത്തിൽ 2 ഗോളുകൾ നേടുന്ന ആദ്യ ടീനേജ് താരം എന്ന റെക്കോർഡാണ് എംബപ്പേ സൃഷ്ടിച്ചത്. 1958 ലോകകപ്പിൽ സ്വീഡന് എതിരെ 2 ഗോളുകൾ നേടിയാണ് പെലെ റെക്കോർഡ് സൃഷ്ടിച്ചത്.1998 ൽ ഫ്രാൻസ് ലോകകപ്പ് നേടുമ്പോൾ എംബപ്പേ ജനിച്ചിട്ട് പോലുമില്ല. കാമറൂൺകാരനാണ് ഈ പത്തൊൻപതുകാരന്റെ അച്ഛൻ. അമ്മ അൾജീരിയക്കാരി.

ബെൽജിയത്തിന്റെ 8 കളിക്കാർ ആഫ്രിക്കൻ ബന്ധമുള്ളവരാണ്. ഈ ലോകകപ്പിൽ ബെൽജിയത്തിന്റെ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ച റൊമേലു ലുക്കാക്കു, കൊമ്പനി, ഫെല്ലെയ്നി, ബോയോട്ട അടക്കം ഉള്ള താരങ്ങളെല്ലാം ആഫ്രിക്കൻ വേരുകൾ ഉള്ളവരാണ്. ലുക്കാക്കുവിന്റെ രക്ഷിതാക്കൾ കോംഗോയിൽ നിന്നുള്ളവരാണ്.

ലോകകപ്പിന്റെ രണ്ടാം സെമി ഫൈനൽ ഇംഗ്ലണ്ട് – ക്രൊയേഷ്യ ടീമുകൾ തമ്മിലാണ്. ഇംഗ്ലണ്ടിന്റെ ക്വാർട്ടർ മത്സരത്തിലെ നിർണായക ഗോൾ നേടിയ ഡെല്ല അലിയുടെ അച്ഛൻ നൈജീരിയക്കാരൻ ആണ്. ഡാനി വെൽബെക്കിന്റെ രക്ഷിതാക്കൾ ഘാനക്കാരുമാണ്. 2017 ഇംഗ്ളീഷ് പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർ പട്ടം നേടിയ ആലി കടുപ്പമേറിയ ബാല്യകാലം താണ്ടി ഉയരങ്ങളിൽ എത്തിയ കളിക്കാരനാണ്.

സെമിയിൽ അടരാനിറങ്ങുന്ന വമ്പൻമാർക്ക് ആഫ്രിക്കൻ താരങ്ങളുടെ അസാന്നിധ്യത്തിൽ ഗ്രൗണ്ടിൽ ഇറങ്ങുന്നത് സങ്കൽപ്പിക്കാൻ പോലും സാധിക്കില്ല. ചുരുക്കത്തിൽ റഷ്യയിൽ കപ്പുയർത്തുന്നത് ഒരു യൂറോപ്യൻ ടീം ആവുമ്പോഴും, കുടിയേറ്റക്കാരായ ആഫ്രിക്കൻ ജനതയുടെ സഹനവും, അധ്വാനവും അതിനു പിന്നിൽ ഉണ്ടാവും. റഷ്യയിൽ കൊടി നാട്ടിയത് കുടിയേറ്റക്കാരാണ്. ആഫ്രിക്ക പുറത്തായെങ്കിലും ഇപ്പോഴും ആഫ്രിക്കക്കാരുണ്ട്.

റിബിന്‍ കരീം

റിബിന്‍ കരീം

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍