UPDATES

ട്രെന്‍ഡിങ്ങ്

മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റ് മെസ്സി..ഹാ..!

ആർപ്പു വിളികളുമായി ആഘോഷം ആരംഭിച്ച അർജന്റീന ആരാധകരുടെ ആവേശം പരകോടിയിലാഴ്ത്തി കൊണ്ട് റഫറിയുടെ ഫൈനൽ വിസിൽ; അവസാന സ്‌കോർ അർജന്റീന 2 നൈജീരിയ 1

സെന്റ് പീറ്റേഴ്‌സ്ബർഗിൽ അർജന്റീനിയൻ വീരഗാഥ, പൊരുതി കളിച്ച നൈജീരിയയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു കൊണ്ട് മെസ്സിയും കൂട്ടരും റഷ്യൻ ലോകകപ്പിന്റെ പ്രീ ക്വാർട്ടറിലേക്ക്. സൂപ്പർ താരം മെസ്സിയും, റോജോയും അർജന്റീനയ്ക്കു വേണ്ടി സ്‌കോർ ചെയ്തപ്പോൾ മോസസിന്റെ വകയായിരുന്നു നൈജീരിയയുടെ ആശ്വാസ ഗോൾ.

ആദ്യകളിയില്‍ ഐസ് ലാൻഡിനോട് സമനില, രണ്ടാം കളിയില്‍ ക്രൊയേഷ്യയോട് നാണംകെട്ട തോല്‍വി. ലോകകപ്പിലെ തങ്ങളുടെ മൂന്നാം മത്സരത്തിനിറങ്ങിയ അര്‍ജന്റീനയ്ക് ജീവൻ നില നിർത്താൻ നല്ല മാർജിനിൽ ഒരു വിജയം അനിവാര്യമായിരുന്നു. ഐസ്ലാൻഡ്-ക്രൊയേഷ്യ മത്സര ഫലവും നിർണായകം.

4-4-2 ശൈലിയിലാണ് അര്‍ജന്റീന കളത്തിലിറങ്ങിയത്. എയ്ഞ്ചല്‍ ഡി മരിയയും ലയണല്‍ മെസ്സിയും സ്റ്റാര്‍ട്ടിങ് ഇലവനിൽ. ഗോള്‍കീപ്പര് വില്ലി കബല്ലെറോയേയും സെര്‍ജിയോ അഗ്യൂറയേയും മാക്‌സി മെസയേയും സൈഡ് ബെഞ്ചിലേക്കി മാറ്റിയ സാംപോളി ഗോണ്‍സാലൊ ഹിഗ്വെയ്ന്‍, എവര്‍ ബനേഗ, മാര്‍ക്കോസ് റോഹോ, ഗോള്‍കീപ്പര്‍ ഫ്രാങ്കോ അര്‍മാനി എന്നിവരേയാണ് ആദ്യ ഇലവനിലേക്ക് പരിഗണിച്ചത്. അര്‍ജന്റീനയുടെ ജഴ്‌സിയില്‍ ഫ്രാങ്കോ അര്‍മാനിയുടെ അരങ്ങേറ്റമായിരുന്നു ഇന്ന്.

അർജന്റീന ആരാധകർക്ക് രോമാഞ്ചമുണർത്തുന്ന നീക്കങ്ങളുമായാണ് മെസ്സിയും കൂട്ടരും പന്ത് തട്ടി തുടങ്ങിയത്. ലോകകപ്പിൽ മിശിഹായുടെയും കൂട്ടരുടെയും ഉയിർത്തെഴുന്നേൽപ്പാണോ എന്ന് തോന്നിപ്പിക്കുന്ന ആദ്യ നിമിഷങ്ങൾ, ചാട്ടുളി കണക്കേ മെസ്സിയും, ബനേഗയും, ഡി മരിയയും നൈജീരിയൻ ഗോൾ മുഖത്ത് ചടുലമായ നീക്കങ്ങൾ കൊണ്ട് സെന്റ് പീറ്റേഴ്‌സ്ബർഗിനെ ആവേശത്തിലാഴത്തി. മത്സരത്തിന് 8 മിനുട്ട് പ്രായം. ബനേഗയുടെ ഒറ്റയാന്‍ മുന്നേറ്റം. ബോക്‌സിനുള്ളില്‍ കയറി കിടിലന്‍ ഷോട്ട്, പന്ത് അലക്ഷ്യമായി പുറത്തേക്ക്‌. സെക്കന്റുകൾക്കകം നൈജീരിയയുടെ കൗണ്ടർ ട്രെയ്‌സർ ബുള്ളറ്റ് കണക്കേ തൊടുത്തു വിട്ട മൂസയുടെ ഷോട്ട് പോസ്റ്റിനു മുകളിലൂടെ പുറത്തേക്ക്.

മത്സരത്തിന്റെ പതിനാലാം മിനുട്ടിൽ മിശിഹാ ഉയർത്തെഴുന്നേറ്റു. ലോകമെമ്പാടുമുള്ള മെസ്സി ആരാധകരുടെ പ്രാർത്ഥനയ്ക്ക് ദൈവം വിളി കേട്ടിരിക്കുന്നു. സെന്റർ ലൈനിൽ നിന്ന് ബെനേഗ മുഴുവൻ പ്രതിരോധത്തിനും മുകളിലൂടെ കൊടുത്ത നെടുനീളൻ ലോബ് ബോക്സിന്റെ വലതുഭാഗത്തേയ്ക്ക് ഒാടിയിറങ്ങിയ മെസ്സി തുടയിൽ താങ്ങിയെടുത്ത് ഡിഫൻഡർ ഒമേറുവിനോട് മത്സരിച്ച് തന്റെ വലങ്കാൽ കൊണ്ട് തൊടുക്കുകയായിരുന്നു, പോസ്റ്റിന്റെ വലതേ മൂലയിലേയ്ക്ക്. ലക്ഷ്യം പിഴച്ചില്ല. ഈ ലോകകപ്പിലെ മെസ്സിയുടെ ആദ്യ ഗോൾ, അതും ഏറ്റവും നിർണായക മത്സരത്തിൽ സ്‌കോർ 1-0. മൂന്ന് ലോകകപ്പില്‍ ഗോളുകള്‍ നേടുന്ന അര്‍ജന്റീനന്‍ താരമായി മറഡോണയ്ക്കും ബാറ്റിസ്റ്റിയൂട്ടയ്ക്കുമൊപ്പമെത്തി ഈ ഗോളോടെ മെസ്സി. റഷ്യന്‍ ലോകകപ്പിലെ നൂറാം ഗോളുമായി ഇത്.

ഗോൾ ദാഹം അടങ്ങാതെ വീണ്ടും ലാറ്റിനമേരിക്കൻ പടക്കുതിരകൾ നൈജീരിയൻ ഗോൾ മുഖത്തു വീണ്ടും പാഞ്ഞടുത്തു, മത്സരത്തിന്റെ 27 മിനുട്ടിൽ മെസി നല്‍കിയ പാസ് കാലിലേക്ക് എടുക്കുന്നതിനിടെ നൈജീരിയന്‍ ഗോള്‍കീപ്പറുമായി കൂട്ടിയിടിച്ച് ഹിഗ്വയ്ൻ നിലത്തു വീഴുന്നു. സെക്കന്റുകളുടെ നഷ്ടത്തിൽ ആണ് അർജന്റീനക്ക് ഗോൾ നഷ്ടമായത്. ആദ്യ ഗോൾ ഫ്ലൂക്കല്ലെന്നു തെളിയിച്ചു വീണ്ടും മെസ്സിയുടെ ചടുലതയാർന്ന നീക്കങ്ങൾ, 34 മിനുട്ടിൽ മെസിയെടുത്ത കിടിലന്‍ ഫ്രീകിക്ക്. പോസ്റ്റില്‍ തട്ടിയകലുന്ന കാഴ്ച. തലനാരിഴക്ക് ഗോള്‍ നഷ്ടം. ആദ്യ പകുതി അവസാനിക്കുമ്പോൾ അർജന്റീന കോച്ച് സാംപോളി ഒരു ദീർഘ നിശ്വാസം എടുത്തിരിക്കണം. മത്സരം അർജന്റീന ലീഡ് ചെയ്യുന്നു. സ്‌കോർ അർജന്റീന 1 – 0 നൈജീരിയ.

ആദ്യ പകുതിയിലെ അപ്രമാദിത്യം രണ്ടാം പകുതിയിലും തുടരാൻ ബൂട്ട് കെട്ടിയിറക്കിയ മെസ്സിപ്പടയ്ക്കു പക്ഷെ ആദ്യ മിനുട്ടിൽ തന്നെ പിഴച്ചു. ലിയോണ്‍ ബാലഗോണിനെ ബോക്‌സില്‍ വെച്ച് ഫൗള്‍ ചെയ്തതിനു അർജന്റീന താരം ഹാവിയര്‍ മഷരാനോക്ക് മഞ്ഞക്കാർഡ്, ഒപ്പം നൈജീരിയക്ക് അനുകൂലമായി പെനാൽറ്റിയും വിധിച്ചു. കിക്കെടുത്ത വിക്ടര്‍ മോസസ് പന്ത് അനായസമായി വലയിലെത്തിച്ചു. സ്‌കോർ 1 -1

ഗോൾ വീണതോടെ സമ്മർദ്ദത്തിലായ അർജന്റീന പിന്നീട് കളിക്കളത്തിൽ പലപ്പോഴും സ്‌കൂൾ കുട്ടികളുടെ നിലവാരം ആണ് കാണിച്ചത്. മിസ് പാസുകളുടെ കൂത്തരങ്ങായി മധ്യ നിര മാറി. ഗോളെന്നുറച്ച നിരവധി അവസരങ്ങൾ കളഞ്ഞു കുളിച്ചു. അഗ്യൂറോയും, മിലിയാനോയും കളത്തിറങ്ങിയെങ്കിലും ഗോൾ മാത്രം പിറന്നില്ല. ആരാധകരുടെ ആശങ്കൾക്കു വിരാമം ഇട്ടു കൊണ്ട് കളിയുടെ എണ്‍പത്തിയെഴാം മിനുട്ടിൽ മാര്‍ക്കസ് റോഹോയാണ് അര്‍ജന്റീനക്ക് ലീഡ് നേടി കൊടുത്തു. ഡിഫന്‍ഡര്‍മാര്‍ ചേര്‍ന്നൊരുക്കിയ നീക്കത്തിനൊടുവിലായിരുന്നു അര്‍ജന്റീനയുടെ ഗോള്‍. വലതു വിങ്ങില്‍ നിന്ന് മെര്‍ക്കാഡോ നല്‍കിയ ക്രോസ് ബോക്‌സിനുള്ളില്‍ നിന്ന് റോജോ ഗോളിലേക്ക് ഡൈവേര്‍ട്ട് ചെയ്യുകയായിരുന്നു. സ്കോർ 2-1. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ലീഡ് നില നിർത്തുക എന്നതല്ലാതെ കാര്യമായൊന്നും അർജന്റീനയ്ക്കു ചെയ്യാനുണ്ടായിരുന്നില്ല. ആർപ്പു വിളികളുമായി ആഘോഷം ആരംഭിച്ച അർജന്റീന ആരാധകരുടെ ആവേശം പരകോടിയിലാഴ്ത്തി കൊണ്ട് റഫറി ഫൈനൽ വിസിൽ അടിച്ചു. അവസാന സ്‌കോർ അർജന്റീന 2 നൈജീരിയ 1.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍