UPDATES

ട്രെന്‍ഡിങ്ങ്

അവന്‍ ഇന്നലെ വെളിപ്പെട്ടു, സ്വപ്നങ്ങളില്‍ നമ്മോട് സംസാരിച്ചു

ഉയിർത്തെഴുന്നേൽക്കാതിരിക്കാൻ പക്ഷെ ലയണൽ മെസ്സിക്കാവുമായിരുന്നില്ല കാരണം അയാൾ മിശിഹാ ആണ്, നിർണായക മത്സരത്തിൽ നൈജീരിയക്കെതിരെ കളിയുടെ പതിനാലാം മിനുട്ടിൽ സെന്റ് പീറ്റേഴ്‌സ്ബർഗിൽ മെസ്സി ഉയിർത്തെഴുന്നേറ്റു,

“മിശിഹാ വിജാതീയര്‍ക്ക് ഏല്‍പ്പിക്കപ്പെടും. അവര്‍ അവനെ പരിഹസിക്കുകയും അപമാനിക്കുകയും അവന്‍റെ മേല്‍ തുപ്പുകയും ചെയ്യും. അവര്‍ അവനെ പ്രഹരിക്കുകയും വിധിക്കുകയും ചെയ്യും. എന്നാല്‍ മൂന്നാം ദിവസം അവന്‍ ഉയര്‍ത്തെഴുന്നേല്‍ക്കും”
-ലൂക്ക 18:32

ഫുട്‌ബോള്‍ ഒരാവേശമായി സിരകളിലോടുന്നവര്‍ക്ക് മെസ്സി ഒരു മിശിഹായാണ്. ഓമനത്തം തുളുമ്പുന്ന മുഖമുള്ള ഈ അഞ്ചടി ഏഴിഞ്ചുകാരന്‍ കീഴടക്കാത്ത ആരാധകഹൃദയങ്ങളുണ്ടാവില്ല. കാരണം, കളിമനസ്സുകളുടെ മുഴുവന്‍ സ്‌നേഹത്തിലേക്കും ആരാധനയിലേക്കുമാണ് മെസ്സി പന്തടിച്ചു കയറ്റിയത്. ലാറ്റിനമേരിക്കയിലും, യൂറോപ്പിലും മാത്രമല്ല ലോകത്തിന്റെ ഏതു കോണിൽ ചെന്നാലും നിങ്ങൾക്കു ഒരു മെസ്സി ആരാധകനെ കാണാം!

മെസ്സിയുടെ ഹൃദയത്തില്‍ ഗോള്‍മഴ പെയ്യിച്ച ഒരാളുണ്ട്. മെസ്സിയുടെ ആരാധനാപാത്രമായ ക്രിസ്തു. എന്നാല്‍ ഈ വിശ്വാസം ഹൃദയത്തില്‍ മാത്രമായി ഒതുക്കാതെ ക്രിസ്തുസ്‌നേഹം ടാറ്റൂ രൂപത്തില്‍ പതിപ്പിച്ചിരിക്കുകയാണ് മെസ്സി. ഒരു ചാമ്പ്യന്‍സ് ലീഗ്  മത്സരവിജയത്തിനുശേഷം വലതുകയ്യില്‍ പതിപ്പിച്ച ടാറ്റൂവിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്യുകയും ചെയ്തു അദ്ദേഹം, “ഇതാണ് എന്റെ മിശിഹാ!” വിളിച്ചു പറയുകയും ചെയ്തു, അന്ന് മുതൽ ആരാധകർക്ക് പക്ഷെ മിശിഹാ എന്നാൽ മെസ്സി ആണ് !

ഓരോ അവതാരത്തിന്റെ പിറവിക്കുശേഷവും ലോകം അതിന്റെ പിന്തുടര്‍ച്ചക്കാരനായി കാത്തിരിക്കാറുണ്ട്‌. ഡീഗോ മറഡോണ എന്ന ഇതിഹാസ താരത്തിന്റെ പിന്തുടര്‍ച്ചക്കാരനാകാന്‍ യോഗ്യനാരെന്ന്‌ ലോകം കൂട്ടലും കിഴിക്കലും നടത്തിയ കാലഘട്ടത്തില്‍ റൊസാരിയോ എന്ന അര്‍ജന്റൈന്‍ പട്ടണത്തില്‍ ഫാക്ടറി തൊഴിലാളിയായ ജോര്‍ജ്‌ മെസിക്കും പാര്‍ട്ട്‌ ടൈം സ്വീപ്പറായ സെലിയക്കും ഒരു ആണ്‍ കുഞ്ഞ്‌ പിറന്നത്‌. വളര്‍ച്ചയ്ക്കുള്ള ഹോര്‍മോണിന്റെ കുറവുമൂലം കുട്ടിക്കാലം മുതല്‍ ചികിത്സയില്‍ കഴിഞ്ഞ ആ കൊച്ചുകുഞ്ഞിനെ സ്പെയിനിലെ തൊഴിലാളിവര്‍ഗ ക്ലബായ ബാഴ്സലോണ ഏറ്റെടുത്തത്‌ ഇന്ന്‌ ലോക ഫുട്ബോളില്‍ പുതിയ ചരിത്രങ്ങള്‍ക്കുള്ള അധ്യായമായി.

2004 ഒക്ടോബര്‍ പതിനാറിന് അന്നത്തെ ബാര്‍സ പരിശീലകന്‍ ഫ്രാങ്ക് റെയ്ക്കാര്‍ഡ് ലയണലിനെ അരികില്‍ വിളിച്ചു. “ലാലിഗയില്‍ നാളെ നീ കളിക്കണം.” അന്ന് ഡെക്കൊയ്ക്ക് പകരക്കാരായി ലയണൽ ഇറങ്ങുമ്പോൾ ആരും നീണ്ട മുടിയുള്ള 16 കാരനിൽ നിന്ന് ഒന്നും പ്രതീക്ഷിച്ചു കാണില്ല. ഫുട്ബോളിന്റെ ചരിത്രം തിരുത്തി 16 കാരൻ ലയണൽ മെസ്സി ബാർസക്ക് വേണ്ടി പന്ത് തട്ടി. തൊട്ടടുത്ത വർഷം സാക്ഷാൽ റൊണാൾഡീഞ്ഞോയുടെ പാസ് ഗോളിലേക്ക് വഴി തിരിച്ചു വിട്ട് മെസ്സി ബാഴ്‌സ സീനിയർ ടീമിനായി ആദ്യ ഗോൾ കുറിച്ചു. ക്ലബ് ചരിത്രത്തിൽ സീനിയർ ടീമിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം! പിന്നീടങ്ങോട്ട് മെസ്സി തിരിഞ്ഞു നോക്കിയിട്ടില്ല.

സ്‌പെയിനിൽ കാൽപ്പന്തു കൊണ്ട്‌ വിപ്ലവം സൃഷ്ടിച്ച മെസ്സിയെ സ്‌പെയിൻ രാജ്യാന്തര ടീമിൽ കളിക്കാൻ വിളിച്ചു. എന്നാൽ താൻ ജനിച്ചു വളർന്ന അർജന്റീനയുടെ വെള്ളയും നീലയും കലർന്ന ആ കുപ്പായത്തിൽ കളിയ്ക്കാനാണ് തനിക്ക് താത്പര്യം എന്ന് പറഞ്ഞു ലയണൽ ആ ഓഫർ നിരസിച്ചു. വൈകാതെ തന്നെ ലയണൽ അർജെന്റിന നാഷണൽ ടീമിൽ അരങ്ങേറി. അണ്ടർ 20 ലോകകപ്പോടെ ലയണൽ അരങ്ങേറ്റം ഗംഭീരമാക്കി. ടൂർണമെന്റിൽ മെസ്സിയുടെ ചിറകിലേറി അർജന്റീന കിരീടം ചൂടി. 6 ഗോളുകളോടെ ടൂർണമെന്റിന്റെ ടോപ്പ് സ്കോററായ മെസ്സി തന്നെയായിരുന്നു മികച്ച താരവും. ലോകത്തിനു മുന്നിൽ ഒരു പുതിയ താരം, ഫുട്ബോളിന്റെ മിശിഹാ അന്നവിടെ ഉദയം കൊള്ളുകയായിരുന്നു.

റഷ്യയിൽ അടക്കം നാല് ലോകകപ്പുകളിൽ അർജന്റീനയ്ക്കു വേണ്ടി മെസ്സി ബൂട്ടണിഞ്ഞു. 2014 ബ്രസീൽ ലോകകപ്പിൽ ടീമിനെ ഫൈനൽ വരെ എത്തിച്ചതും മിശിഹാ തന്നെ. റഷ്യൻ ലോകകപ്പിൽ ഏറ്റവും സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന ടീം അർജന്റീനയും, താരം മെസ്സിയും ആയിരുന്നു, എന്നാൽ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഐസ് ലാൻഡിനോട് സമനില, രണ്ടാം മത്സരത്തിൽ ക്രൊയേഷ്യയോട് നാണം കെട്ട തോൽവി, രണ്ടു മത്സരങ്ങളും ഗോളില്ലാതെ മെസ്സി.

ആദ്യ മത്സരത്തില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയത്, രണ്ടാം മത്സരത്തില്‍ നിറം മങ്ങിയത്, ഒരു ഗോളുപോലുമില്ലാതെ രണ്ട് മത്സരം പൂര്‍ത്തിയാക്കിയത്, അർജന്റീനയും മെസ്സിയും അവസാനിച്ചെന്ന് ലോകം വിധയെഴുതി തുടങ്ങി. മെസ്സിയുടെ ബൂട്ടുകൾക്കു ചലനശേഷി ഇല്ലെന്നു പരിഹാസം ഉയർന്നു. ഇന്നലെ വരെ മിശിഹാ ആയിരുന്നവനെ ലോകം വീണ്ടും കുരിശിൽ തറച്ചു. ഉയിർത്തെഴുന്നേൽക്കാതിരിക്കാൻ പക്ഷെ ലയണൽ മെസ്സിക്കാവുമായിരുന്നില്ല, കാരണം അയാൾ മിശിഹാ ആണ്. നിർണായക മത്സരത്തിൽ നൈജീരിയക്കെതിരെ കളിയുടെ പതിനാലാം മിനുട്ടിൽ സെന്റ് പീറ്റേഴ്‌സ്ബർഗിൽ മെസ്സി ഉയിർത്തെഴുന്നേറ്റു, 45 വാര അകലെ നിന്ന് ഉയര്‍ന്ന് വന്ന ബോള്‍ ഒറ്റ ടച്ച് കൊണ്ട് തന്റേതാക്കി മാറ്റി മെസ്സി. മെസ്സിക്ക് വേണ്ടി ഈ ലോകകപ്പ് കാത്തുവെച്ചതായിരുന്നു നൂറാം ഗോള്‍. വിമർശന വിദഗ്ധരുടെ ഇടനെഞ്ചിലേക്കു ലിയോ മെസ്സിയുടെ വെടിയുണ്ട. റോഹോയുടെ ഗോളിൽ നൈജീരിയയെ മറി കടന്ന് പ്രീ ക്വാർട്ടർ ഉറപ്പാക്കിയപ്പോൾ മെസ്സി പതിവ് പോലെ ആകാശത്തേക്ക് നോക്കി ഒരു നിമിഷം പുഞ്ചിരിച്ചു, അപ്പോൾ അയാൾക്ക്‌ ദൈവത്തിന്റെ പ്രതിപുരുഷന്റെ ഭാവവും, തേജസ്സും ആയിരുന്നു.

സെന്റ് പീറ്റേഴ്‌സ്ബർഗിന്റെ ആകാശത്ത് ആ സമയം ഇങ്ങനെ തെളിഞ്ഞു കണ്ടു “When there is a prophet among you,

    I, the Lord, reveal myself to them in visions,
    I speak to them in dreams.”(ബൈബിൾ (12:6)

“എല്ലാവരും കയറിക്കളിക്കണം” ക്യാപ്റ്റന്‍ മെസി പറഞ്ഞു; അങ്ങനെയാണ് സെന്റ്‌ പീറ്റെഴ്സ്ബര്‍ഗിലെ പുല്ലിന് തീ പിടിച്ചത്

മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റ് മെസ്സി..ഹാ..!

ഒടുവില്‍ മെസി ചിരിച്ചു, ലോകവും; ആ ഗോളുകള്‍ കാണാം

റിബിന്‍ കരീം

റിബിന്‍ കരീം

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍