UPDATES

ട്രെന്‍ഡിങ്ങ്

ഗോളടിക്കാന്‍ മറന്ന ബ്രസീല്‍ ലോകകപ്പിനെ യൂറോ കപ്പാക്കി; ബെല്‍ജിയം സെമിയിലേക്ക്

റഷ്യ കണ്ട ഏറ്റവും വലിയ അട്ടിമറിക്കു സാക്ഷ്യം വഹിച്ചു കൊണ്ട് കസന അരീനയിൽ ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ ഫൈനൽ സ്‌കോർ ബെൽജിയം 2 ബ്രസീൽ 1.

റഷ്യയിൽ ചുകന്ന ചെകുത്താന്മാരുടെ പടയോട്ടത്തിനു മുന്നിൽ ബ്രസീലിനും അടി തെറ്റി. ലോകകപ്പിന്റെ രണ്ടാം ക്വാർട്ടർ മത്സരത്തിൽ ബെൽജിയം ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മുൻ ലോകചാമ്പ്യന്മാരായ ബ്രസീലിനെ തോൽപ്പിച്ചു. ഫെർണാഡിഞ്ഞോയുടെ സെല്ഫ് ഗോളിൽ മുന്നിൽ എത്തിയ ബെൽജിയം ഡി ബ്രൂണയിലൂടെ ലീഡ് ഉയർത്തി. അഗസ്റ്റിനോ ആണ് ബ്രസീലിന്റെ ആശ്വാസ ഗോൾ നേടിയത്. സെമി ഫൈനലിൽ ബെൽജിയം ഫ്രാൻസിനെ നേരിടും.

ഇരു ടീമുകളും ഒപ്പത്തിനൊപ്പം മുന്നേറുകയും പ്രതിരോധിക്കുകയും ചെയ്യുന്ന കാഴ്ചയാണ് കസാന സ്റ്റേഡിയത്തിന്റെ ആദ്യ നിമിഷങ്ങളിൽ ദൃശ്യമായത്. മത്സരത്തിന്റെ രണ്ടാം മിനുട്ടിൽ ഇടതുവിങ്ങിലൂടെ മുന്നേറി ബോക്‌സിലേക്ക് നെയ്മറിന്റെ ക്രോസ്, ബെല്‍ജിയം ഗോളി കുര്‍ട്ടോയ്‌സ് കൈയിലൊതുക്കി. ഏഴാം മിനുട്ടിൽ ബ്രസീലിനു വീണ്ടും ഗോളവസരം, തിയാഗോ സില്‍വയുടെ ഷോട്ട് പോസ്റ്റില്‍ തട്ടി ഗോളിയുടെ കൈകളിലേക്ക്‌. തൊട്ടടുത്ത നിമിഷങ്ങളിൽ ബെൽജിയം കൗണ്ടർ അറ്റാക്കുകൾ മെനഞ്ഞെങ്കിലും ബ്രസീൽ പ്രതിരോധം ഉറച്ചു നിന്നു.

മത്സരത്തിന്റെ പതിമൂന്നാം മിനുട്ടിൽ ബ്രസീലിനെ ഞെട്ടിച്ച് ബെല്‍ജിയം ആദ്യ ഗോള്‍ വലയിലാക്കി. ഡി ബ്രൂയിന്‍ എടുത്ത കോര്‍ണറില്‍ ഫെര്‍ണാണ്ടീന്യോയുടെ സെല്‍ഫ് ഗോളിലാണ് ബെല്‍ജിയം ലീഡെടുത്തത്. ബ്രസീല്‍ 0-ബെല്‍ജിയം 1. ഗോൾ വീണതോടെ ഉണർന്നു കളിച്ച നെയ്മറും കൂട്ടരും പക്ഷെ ഗോൾ കണ്ടെത്താൻ വിഷമിച്ചു. കുട്ടീന്യോയുടെ ലോങ് റേഞ്ചര്‍ നേരെ കുര്‍ട്ടോയ്‌സിന്റെ കൈകളില്‍.

മത്സരത്തിന്റെ ഇരുപത്തിരണ്ടാം മിനുട്ടിൽ ബ്രസീല്‍ പ്രതിരോധത്തെ കാഴ്ചക്കാരാക്കി ബെല്‍ജിയത്തിന്റെ മുന്നേറ്റം വീണ്ടും, അവസാന നിമിഷം കോര്‍ണര്‍ വഴങ്ങി ബ്രസീല്‍ അപകടം ഒഴിവാക്കി. സെക്കന്റുകൾക്കകം തുടരെ മഞ്ഞപ്പടയുടെ രണ്ടു കൗണ്ടർ അറ്റാക്കുകൾ മാഴ്‌സലോയുടെ ഇടം കാൽ ഷോട്ട് ബെൽജിയം ഗോളിയുടെ കയ്യിലേക്കും, നെയ്മറിന്റെ ഷോട്ട് ഡിഫലക്ഷനിലൂടെ പുറത്തേക്കും.

ലഭിക്കുന്ന അവസരങ്ങൾ മുതലാക്കുന്നതിൽ കാനറികളെക്കാൾ ചുകന്ന ചെകുത്താന്മാർ സ്ഥിരത പുലർത്തിയപ്പോൾ ബെൽജിയം ലീഡ് ഉയർത്തി, ഒറ്റയ്ക്ക് പന്തുമായി മുന്നേറി ലുക്കാക്കു വലതുഭാഗത്തേക്ക് നല്‍കിയ പാസില്‍ കിടിലന്‍ ഷോട്ടിലൂടെ കെവിന്‍ ഡി ബ്രൂയിനാണ് ബെല്‍ജിയത്തെ 2-0 ത്തിന് മുന്നിലെത്തിച്ചത്. സ്കോർ ബ്രസീൽ 0 – ബെൽജിയം 2.

മുപ്പത്തിയഞ്ചാം മിനുറ്റിനിടെ രണ്ടു ഗോളുകൾ, നെയ്മറിനും കൂട്ടർക്കും ആദ്യ പകുതിയിൽ ഇരട്ടഗോളിന്റെ ആഘാതത്തിൽ നിന്നു മുക്തരാകാൻ കഴിഞ്ഞില്ല, ആദ്യ പകുതി അവസാനിക്കാൻ സെക്കന്റുകൾക്കു മുന്നിൽ വീണ്ടും ബെല്ജിയത്തിനു ഗോളവസരം, ബോക്‌സിന് തൊട്ടുപുറത്തുനിന്ന് ഡി ബ്രൂയിന്‍ എടുത്ത ഫ്രീകിക്ക് നേരെ പോസ്റ്റിലേക്ക്, പക്ഷേ അലിസണ്‍ ചാടിഉയര്‍ന്ന് തട്ടിയകറ്റി. ആദ്യ പകുതി അവസാനിക്കുമ്പോൾ ബ്രസീൽ 0 – ബെൽജിയം 2.

പരിക്കേറ്റ വില്ല്യനെ പിന്‍വലിച്ച് ബ്രസീല്‍ ഫിര്‍മിനോയെ പരീക്ഷിചു കൊണ്ടാണ് രണ്ടാം പകുതിയിൽ ഇറങ്ങിയത്. ഗോളവസരം പാഴാക്കുന്നതിൽ പകരക്കാരനായിറങ്ങിയ ഫിർമിനോയും മടി കാണിച്ചില്ല. അന്‍പത്തിയൊന്നാം മിനുട്ടിൽ ഫിര്‍മിനോയുടെ ടൈമിങ്ങിലെ പിഴവ് ബ്രസീലിന്റെ ഗോള്‍ അവസരം തുലച്ചു. അന്‍പത്തിയാറാം മിനുട്ടിൽ ഗബ്രിയേല്‍ ജീസസിനെ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിന് ബ്രസീലിന് പെനാല്‍റ്റി കിട്ടുമെന്ന് തോന്നിയെങ്കിലും വാറില്‍ പെനാല്‍റ്റി അനുവദിച്ചില്ല. അറുപത്തിരണ്ടാം മിനുട്ടിൽ ബെല്‍ജിയത്തെ 3-0 ത്തിന് മുന്നിലെത്തിക്കാനുള്ള സുര്‍ണ്ണാവസരം എഡന്‍ ഹസാര്‍ഡ് പാഴാക്കി. ഷോട്ട് പോസ്റ്റിന് തൊട്ടടുത്തുകൂടി പുറത്തേക്ക്. മാര്‍ക്ക് ചെയ്യപ്പെടാതെ ബോക്‌സിലുണ്ടായിരുന്ന ലുക്കാക്കുവിന് പാസ് നല്‍കിയിരുന്നെങ്കില്‍ അനായാസമായി ഗോള്‍ കണ്ടെത്താമായിരുന്നു. ഗോളടിക്കാൻ ഉള്ള ബ്രസീലിന്റെ ഓരോ നീക്കങ്ങൾക്കും പ്രത്യാക്രമണങ്ങൾ നടത്തി ബെൽജിയം അപകട സാധ്യത നില നിർത്തി. അതിനിടെ പന്തുമായി മുന്നേറിയ നെയ്മറിനെ ഫൗള്‍ ചെയ്ത് വീഴ്ത്തിയതിന് തോമസ് മ്യൂനീറിന് മഞ്ഞ കാര്‍ഡ്‌ ലഭിച്ചു.

ഗോള്‍ മടക്കാന്‍ ബ്രസീലിന്റെ അടുത്ത തന്ത്രം. പൗളീന്യോയെ പിന്‍വലിച്ച് റെനാറ്റോ അഗസ്‌റ്റോയെ ഇറക്കി, ഈ തന്ത്രം വിജയിച്ചെന്നു കേവലം മൂന്നു മിനുട്ടുകൾ കൊണ്ട് തെളിഞ്ഞു, എഴുപത്തിയാറാം മിനുട്ടിൽ ബ്രസീല്‍ തിരിച്ചടിച്ചു. കുട്ടിന്യോ ഉയര്‍ത്തിയിട്ടു നല്‍കിയ പാസിലായിരുന്നു പകരക്കാരനായി ഇറങ്ങിയ അഗസ്റ്റോയുടെ ഹെഡ്ഡര്‍ ഗോള്‍. ജീവൻ നില നിർത്തിയതിന്റെ ആഹ്ലാദത്തിൽ ബ്രസീൽ ക്യാമ്പ് സ്‌കോർ ബ്രസീൽ 1 ബെൽജിയം 2

അവസാന പത്ത് മിനിറ്റുകളിൽ സമനില ഗോളിനായി പരമാവധി ശ്രമിച്ചെങ്കിലും മുൻ മത്സരങ്ങളിലെ അനുഭവങ്ങളിൽ നിന്നു പാഠം പഠിച്ച ബെൽജിയം പ്രതിരോധം ശക്തമാക്കി. നിശ്ചിത സമയത്തിന് ശേഷം അനുവദിച്ച മൂന്നു മിനിറ്റിൽ നെയ്മറിന്റെ രണ്ടവസരങ്ങൾ ബെൽജിയം പ്രതിരോധം തടഞ്ഞിട്ടു. നെയ്മറിന്റെ ഹെഡ്ഡറിനുള്ള ശ്രമം. ടൈമിങ്ങിലെ പിഴവില്‍ പാഴായി. ഫൗള്‍ ചെയ്തു പെനാല്‍റ്റി വേണമെന്ന നെയ്മറിന്റെ വാദം വാറില്‍ അപ്രസക്തമാവുകയും ചെയ്തു. റഷ്യ കണ്ട ഏറ്റവും വലിയ അട്ടിമറിക്കു സാക്ഷ്യം വഹിച്ചു കൊണ്ട് കസന അരീനയിൽ ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ ഫൈനൽ സ്‌കോർ ബെൽജിയം 2 ബ്രസീൽ 1.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍