UPDATES

കായികം

PREVIEW: പ്രീ ക്വാർട്ടര്‍ ലക്ഷ്യമിട്ട് ഡെന്‍മാര്‍ക്ക്; ഓസ്‌ട്രേലിയയ്ക്ക് നിലനില്‍പ്പിന്റെ പോരാട്ടം

ഓസ്‌ട്രേലിയയും ഡെന്മാർക്കും 3 തവണ ഏറ്റുമുട്ടിയപ്പോൾ ഡെൻമാർക്ക്‌ രണ്ടു കളികളിലും ഓസീസ് ഒരു കളിയിലും വിജയിച്ചു.

പെറുവിനെതിരെ ആവേശകരമായ വിജയം നേടിയ ഡെന്മാർക്കും, ശക്തരായ ഫ്രാൻസിനെതിരെ പൊരുതി തോറ്റ ഓസ്‌ട്രേലിയയും തമ്മിലാണ് ഇന്നത്തെ ആദ്യ മത്സരം. കങ്കാരുക്കളെ ഭക്ഷിച്ചു കൊണ്ട് പ്രീ ക്വാർട്ടറിലേക്കുള്ള യാത്ര സുഗമമാക്കാൻ ആണ് ഡെന്മാർക്ക് ഇറങ്ങുന്നതെങ്കിൽ, ഓസ്‌ട്രേലിയൻ ടീമിന് ഇന്നത്തെ മത്സരം നിലനിൽപ്പിന്റെ പ്രശ്നമാണ്. ഇന്ന് ഡെന്മാർക്കിനോട് തോറ്റാൽ ഓസീസിന് മെൽബണിലേക്കു വിമാനം കയറാം. ഗ്രൂപ് സി യിൽ മൂന്നു പോയിന്റുമായി ഫ്രാൻസ് ഒന്നാമതും അത്രയും പോയിന്റുള്ള ഡെൻമാർക്ക്‌ ഗോൾ വ്യത്യാസത്തിൽ രണ്ടാമതുമാണ്, ഓസ്‌ട്രേലിയയും പെറുവും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിൽ.

നേരത്തേ തങ്ങളുടെ ആദ്യ മത്സരത്തിൽ വാശിയേറിയ പോരാട്ടത്തിന് ഒടുവിൽ ആണ് ഡെൻമാർക്ക്‌ പെറുവിനെ മറി കടന്നത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം പൗൾസെൺ നേടിയ ഗോളിനാണ് ഡെൻമാർക്ക് വിജയം കണ്ടത്. നിരവധി തവണ സമനില ഗോളിന് അടുത്തെത്തിയ പെറുവിന്റെ മുന്നിൽ തടസമായി നിന്നത് ഡെൻമാർക്ക് ഗോൾ കീപ്പർ കാസ്പർ ഷ്മൈക്കിൽ ആയിരുന്നു.

ടോട്ടൻഹാമിന്റെ മാസ്റ്റർമൈൻഡ് എറിക്ൺ തന്നെയാണ് ഓസീസിനെതിരെ പടയ്ക്കിറങ്ങുമ്പോൾ ഡെന്മാർക്കിന്റെ തുറുപ്പു ചീട്ട്. പെറുവിനെതീരെ പോൾസൺ നേടിയ ഗോളിന്റെ സൂത്രധാരൻ എറിക്‌സൺ ആയിരുന്നു. ഡെന്മാർക്കിന്റെ അവസാന 19 ഗോളിൽ 13 ഗോളിലും എറിക്സന്റെ പങ്കുണ്ടായിരുന്നു. 8 ഗോളുകളും മൂന്ന് അസിസ്റ്റും. ഡെന്മാർക്കിന്റെ അവസാന മൂന്ന് ഗോളുകളിൽ രണ്ടെണ്ണം എറിക്സൺ അസിസ്റ്റ് ചെയ്തതും ഒന്ന് എറിക്സൺ സ്കോർ ചെയ്തതുമാണ്.

പെറുവിനെതിരെയുള്ള മത്സരത്തിൽ ഡിഫൻസ് സ്ട്രാറ്റജി തന്നെ ഇന്നും തുടർന്നാൽ ഓസീസ് മുന്നേറ്റ നിര വിയർക്കും. ഗോൾ കീപ്പർ കാസ്പർ ഷ്മൈക്കിലും മികച്ച ഫോമിലാണെന്നത് കോച്ച് അഖേ ഹര്‍ഡയുടെ ആത്മവിശ്വാസം വർധിപ്പിക്കും.

മുന്‍ ലോകചാംപ്യന്മാരായ ഫ്രാൻസിനെ ശരിയ്ക്കും വിറപ്പിച്ചാണ് ഓസ്ട്രേലിയ ആദ്യ മത്സരത്തിൽ തോൽവി സമ്മതിച്ചത്. ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. 58ാം മിനിറ്റില്‍ അന്റോണിയോ ഗ്രീസ്മാനാണ് ഫ്രാന്‍സിനു വേണ്ടി ആദ്യ ഗോള്‍ നേടിയത്. 64ാം മിനിറ്റില്‍ എം ജെഡിനാക്കിലൂടെ ഓസ്‌ട്രേലിയ തിരിച്ചടിച്ചെങ്കിലും മത്സരം അവസാനിക്കാൻ പത്ത് മിനിറ്റ് ശേഷിക്കെ പോഗ്ബ നേടിയ ഗോളിൽ ഫ്രഞ്ച് പട ഓസീസിനെ മറി കടന്നു. എങ്കിലും ഏഷ്യന്‍ വന്‍കരയിലെ കരുത്തരായ ഓസ്ട്രേലിയ ലോകഫുട്ബോളിലെ കരുത്തരെ നേരിട്ട രീതി തീര്‍ത്തും അവിസ്മരണീയം ആയിരുന്നു.

അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരത്തില്‍ എതിരാളിയെ 31-0ന് തോല്പിക്കുക. അപൂര്‍വമായ ആ റെക്കോഡ് കൈവശമുള്ള ടീമാണ് ഓസ്‌ട്രേലിയ, അതുകൊണ്ട് തന്നെ അവരെ ഇനിയും എഴുതി തള്ളാൻ സാധിക്കില്ല, ഇനിയും ഒന്നാഞ്ഞു പിടിച്ചാൽ പ്രീ ക്വർട്ടറിൽ പ്രവേശിക്കാവുന്നതേയുള്ളൂ. അതിനു മുൻപ് പരിഹരിക്കപ്പെടേണ്ട പ്രശ്നം പ്രധാനമായും ടീം കാഹിൽ തന്റെ ഫോം വീണ്ടെടുക്കേണ്ടതുണ്ട് എന്നതാണ്. ഒപ്പം മധ്യനിരയിൽ നിന്ന് ഉള്ള ചടുലമായ നീക്കങ്ങളുടെ അഭാവവും പരിഹരിക്കണം. കൃത്യമായ ഇടവേളകളിൽ കൗമാര താരം ഡാനിയേല്‍ അര്‍സാനിക്ക് ലക്കിയും കൂട്ടരും പന്തെത്തിച്ചാൽ എതിർ ഗോൾവല ചലിപ്പിക്കാൻ ബുദ്ധിമുട്ടില്ല. ഫ്രാൻസിനെതിരെ കളിച്ച അതെ ടീമിനെ തന്നെ ഇന്നും ഇന്നും കോച്ച് മാർവിക് നില നിർത്താൻ ആണ് സാധ്യത.

ഓസ്‌ട്രേലിയയും ഡെന്മാർക്കും 3 തവണ ഏറ്റുമുട്ടിയപ്പോൾ ഡെൻമാർക്ക്‌ രണ്ടു കളികളിലും ഓസീസ് ഒരു കളിയിലും വിജയിച്ചു. ഇന്ത്യൻ സമയം 5.30 ന് സമാറ സ്റ്റേഡിയത്തിൽ ആണ് മത്സരം.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍